UPDATES

വിദേശം

ജര്‍മനിയിലെ ഇസ്ലാമിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് പിന്നില്‍ നവനാസികള്‍?

Avatar

ലിയോണ്‍ മങ്കാസറിയാന്‍
(ബ്ലൂംബര്‍ഗ്)

ജർമനിയിലെ രാഷ്ട്രീയ നേതാക്കളുടെ അഭ്യർത്ഥന മാനിക്കാതെ രണ്ടു മാസം മുന്‍പ് തുടങ്ങിയ ഒരു ഇസ്ലാം വിരുദ്ധ സംഘടന അവരുടെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത റാലി ജർമനിയിലെ കിഴക്കൻ നഗരമായ ട്രെസ്ടെൻ നഗരത്തിൽ സംഘടിപ്പിച്ചു. 15,000 പ്രതിഷേധകർ പങ്കെടുത്ത റാലിയും മാർച്ചും ഈ സംഘത്തിനെതിരെ 5,500 ലധികം പേർ നടത്തിയ മറ്റൊരു പ്രകടനവും നഗരത്തിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.

“പുരോഗമനവാദികളായ ഇസ്ലാമിസ്റ്റുകൾക്കീ രാജ്യത്ത് സ്ഥാനമില്ല, ഞങ്ങളെ നാസികളെന്നു മുദ്രകുത്താൻ ചിലർ ശ്രമിക്കുന്നുണ്ട് -പക്ഷെ ഞങ്ങൾ നാസികളല്ല. അസ്വസ്ഥരായ വെറും സാധാരണ പൌരന്മാർ മാത്രമാണ് ഞങ്ങൾ.” ജർമൻ പതാക തോളിൽ ചേർത്തു പിടിച്ചുകൊണ്ട്  53 കാരനായ തോമസ്‌ ഷ്മിറ്റ് പറഞ്ഞു. 

Pegida (Patriotic Europeans Against the Islamization of the West) എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘടന ശക്തമായ കുടിയേറ്റ നിയമം, ഹിംസാത്മകമായ സ്‌ത്രീവിദ്വേഷ രാഷ്ട്രീയ പ്രത്യയശാസ്‌ത്രങ്ങൾക്കെതിരെയുള്ള പ്രതിരോധം, ക്രിസ്തുമതത്തിന്റെ ‘പടിഞ്ഞാറൻ സംസ്‌കാരത്തിന്റെ’ സംരക്ഷണം എന്നീ ആവശ്യങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. കഴിഞ്ഞ വാരങ്ങളിൽ ദുസ്സേൽഡോർഫ് പോലുള്ള മറ്റു പല നഗരങ്ങളിലും സമാനമായ ചെറു പ്രതിഷേധ പ്രകടനങ്ങൾ സംഘടിക്കപ്പെട്ടിരുന്നു. 

ബ്രിട്ടന്‍, ഫ്രാൻസ്,സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ കുടിയേറ്റ വിരുദ്ധ പാർട്ടികൾ രൂപീകരിച്ചിരിക്കുന്ന സ്വദേശികളുടെ ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് പെഗൈഡ. കുടിയേറ്റക്കാരുടെ ജിവിതത്തിൽ നിര്‍ണ്ണായകമായിരുന്ന anti- Euro Alternative for Germany(AfD) പാർട്ടിയുടെ വിജയത്തിന്റെ ചുവടു പിടിച്ചു രൂപീകരിച്ച പെഗൈഡ ചാൻസിലർ ആഞ്ചെല മെർകെലയുടെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റേയും അവരുടെ മുൻ ഫ്രീ ഡെമോക്രാറ്റിക് സഖ്യകക്ഷികളുടേയും വോട്ടർമാരെയാണ് ലക്ഷ്യമിടുന്നത്. 

“അടിസ്ഥാന മാനുഷിക വികാരമായ ഭയമാണ് (Fear) ഈ സംഘത്തിന്റെ കാതൽ, അവരുടെ ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങൾ തേടുന്നവരാണ് ഭൂരിപക്ഷം പിന്തുണക്കാരും. അല്ലാതെയവർ നാസികളല്ല.” നഗരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹോഫ്ക്രിഷെ പള്ളിയുടെ മുന്നിൽ തിങ്കളാഴ്ച പെഗൈഡക്കെതിരായ് നടന്ന പ്രകടനത്തിൽ പങ്കെടുത്ത 57 വയസ്സുകാരനായ ജൊആചിം ഷ്കാർഫെ പറഞ്ഞു. 

ജർമനിയിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം ഈ വർഷം 60 ശതമാനം വർദ്ധിച്ചിരിക്കയാണ്. 200,000 പേർ ഈ വർഷം  രാജ്യത്തെത്തുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 127,000 പേർ അഭയത്തിനു വേണ്ടി അപേക്ഷിച്ചപ്പോൾ അമേരിക്കയെ പിന്തള്ളി ജർമനി അന്താരാഷ്ട്ര  അഭയ കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാമതായ് മാറി. 

“ആലിബാബയേയും നാൽപത് മരുന്ന് കച്ചവടക്കാരേയും ഉടനടി നാടുകടത്തുക” പ്രകടനത്തിന് വന്ന രണ്ടു പേർ ഉയർത്തിപ്പിടിച്ച ബാനറിലെ സന്ദേശമാണിത്. 1989 ൽ കിഴക്കൻ ജർമനിയിലെ ഭരണകൂടത്തിനെതിരെ തെരുവിലുയർന്ന മുദ്രവാക്യം വീണ്ടുമാ തെരുവുകളിൽ മുഴങ്ങി “We are the People “. തെറ്റായ വാർത്ത പുറത്തു വിടുന്നുവെന്ന കുറ്റം ചുമത്തി ടെലിവിഷനേയും പത്രങ്ങളേയുമവർ വിമർശിച്ചു.

ഒരു പരസ്യ ഏജൻസിയും Bratwurst ഫാക്ടറിയും സ്വന്തമായുള്ള ലുറ്റ്സ് ബാക്മന്റെ നേതൃത്തിലുള്ള പെഗൈഡ ഫേസ് ബുക്ക്‌ പോലുള്ള  സോഷ്യൽ മീഡിയകളാണ് തങ്ങളുടെ കളിക്കളമായ്‌ ഉപയോഗിക്കുന്നത്. 

“ഇസ്ലാമുമായ് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷെ ഇസ്ലാമിസ്റ്റുകൾക്കും ഇസ്ലാം വൽക്കരണത്തിനുമെതിരാണ് ഞങ്ങൾ. പെഗൈഡ ഹിംസയുടെ പാത ഒരിക്കലും തിരഞ്ഞെടുക്കില്ല.” ഒരു ജർമ്മൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ബാക്മൻ പറഞ്ഞു. 

രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ നിന്നും സംഘടന കടുത്ത വിമർശനം ഏറ്റു വാങ്ങിയിട്ടുണ്ട്. “പെഗൈഡക്കു പിറകിൽ നവയുഗ നാസികൾ നിലയുറപ്പിച്ചിട്ടുണ്ട്, അഭയാർഥികൾക്കെതിരെ പുതിയൊരു നയം നിർമ്മിക്കാൻ പ്രതിഷേധം സംഘടിപ്പിക്കുന്നത് ജർമ്മൻ സംസ്കാരത്തിന് നിരക്കാത്തതാണ്. പ്രകടനം നടത്താനുള്ള അവകാശം ഓരോ ജർമ്മൻ പൌരനുമുണ്ട്, പക്ഷെ മറ്റൊരു രാജ്യത്ത് നിന്നും അഭയം തേടിയെത്തിയവരെ ആട്ടിയോടിക്കാനുള്ള അധികാരം ആർക്കുമില്ല. ഇത്തരത്തിലുള്ള സംഘടനകൾ ദുഷ്ട ശക്തികൾ സ്വാര്‍ഥതാൽപര്യത്തിനു വേണ്ടി ഉപയോഗിക്കുന്നതിനെതിരെ നമ്മൾ ജാഗരൂഗരായിരിക്കണം.” രാജ്യത്തെ ഏറ്റവും ജനസാന്ദ്രമായ വടക്കൻ റയ്ൻ വെസ്റ്റ്ഫേലിയ പ്രവിശ്യയുടെ അഭ്യന്തര മന്ത്രിയായ റാൽഫ് യെഗർ സംഘടനയെ വിമർശിച്ചുകൊണ്ട് പറഞ്ഞു. 

ജർമനിയിലെ മുസ്ലിം കൌണ്‍സിലിന്റെ കണക്കു പ്രകാരം രാജ്യത്തെ81 മില്ല്യൻ  ജനങ്ങളിൽ 4 മില്ല്യൻ മുസ്ലിംകളാണ്. പൊതുമേഖലാ ടെലിവിഷൻ ചാനലായ ZDF കഴിഞ്ഞാഴ്ച പുറത്തു വിട്ട അഭിപ്രായ വോട്ടെടുപ്പ് ഫല പ്രകാരം 25 ശതമാനം ജർമ്മൻ പൌരന്മാർ വിദേശികൾ രാജ്യത്തിന്‌ ഗുണം ചെയ്യുമെന്നും 24 ശതമാനം പ്രതികൂല ഫലം കൊണ്ടു വരുമെന്നും 45 ശതമാനം ഗുണവും കുറ്റവും തുല്യമായിരിക്കുമെന്നും ചിന്തിക്കുന്നുവെന്നാണ് തെളിയുന്നത്.  

ഒക്ടോബർ 20 ന് ട്രെസ്ടെനിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഒരു മുറിയിലൊതുങ്ങാവുന്ന പെഗൈഡയുടെ അംഗസംഖ്യ ഒക്ടോബർ 26 ന് പടിഞ്ഞാറൻ നഗരമായ കോലോഗ്നെയിൽ സലഫികൾക്കെതിരെ റാലി നടത്തിയപ്പോൾ 4,000 കവിഞ്ഞു. നവ നാസികളും ഫുട്ബോൾ ഭ്രാന്തന്മാരും കൂട്ടത്തിൽ ചേർന്നതോടെ റാലി അക്രമാസക്തമാവുകയും 40 പോലീസുകാർക്ക് പരിക്കേൽക്കുകയും 17 പേരുടെ അറസ്റ്റിൽ കലാശിക്കുകയും ചെയ്തു.

” സ്വയം ഇസ്ലാം വിരുദ്ധരെന്നു വിളിക്കുന്നുണ്ടെങ്കിലും അവർ അമേരിക്കക്കും മുഖ്യധാര മാധ്യമങ്ങൾക്കും കൂടി എതിരാണ്. ഭയമുളവാക്കുന്ന രീതിയിലാണ് സംഘത്തിന്റെ അംഗസംഖ്യ വർദ്ധിച്ചു വരുന്നത്.” ജർമൻ ഭരണകൂടത്തിന്റെ വക്താവായ കാൾ ഹൈൻ കംപ് പറഞ്ഞു. 

വലതുപക്ഷ തീവ്രവാദി പാർട്ടികളിൽ നിന്നും അംഗങ്ങൾ കൊഴിഞ്ഞു പോകുകയാണെങ്കിലും, നവ നാസികൾ ഈ വർഷം പല പ്രമുഖ സ്ഥാപനങ്ങൾക്കു നേരെയും അക്രമങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്. ജർമൻ വാർത്താ ഏജൻസിയായ DPA നൽകിയ വിവരപ്രകാരം പാർലമെന്‍റ് സ്ഥിതി ചെയ്യുന്ന ബെർലിനിലെ റെയ്ഷ്റ്റാഗിലെ ഒരു പാർലമെന്റ് ഓഫീസ് കെട്ടിടത്തിനു നേരെയും മെർകലിന്റെ CDU ആസ്ഥാനത്തിനു നേരെയും ഈ ഓഗസ്റ്റു മുതൽ മൂന്നു ഫയർബോംബിംഗ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ആളപായമൊന്നു സംഭവിക്കാതിരുന്ന മൂന്നു ആക്രമണ പരിസരത്തുനിന്നും ഉത്തരവാദിത്ത്വം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. 

“ബവേറിയൻ പട്ടണമായ വൊറയിൽ അഭയാർഥികൾക്കുവേണ്ടി മാറ്റി വെച്ചിരുന്ന മൂന്നു കെട്ടിടങ്ങൾ ഡിസംബർ 11ന് വലതുപക്ഷ തീവ്രവാദികൾ തീയിട്ടു നശിപ്പിച്ചിരുന്നു, ചുമരുകളിൽ സ്വസ്‌തിക ചിഹ്നം മുദ്ര കുത്തിയിട്ടാണ് അക്രമികൾ കടന്നു കളഞ്ഞത്.” സംസ്ഥാനത്തിന്റെ അഭ്യന്തര മന്ത്രിയായ ജൊഅകിം ഹെർമൻ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.

“ജർമ്മൻ തെരുവുകളിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളോടെനിക്ക് യാതൊരു സഹതാപവുമില്ല, പെഗൈഡയുടെ  കൊടിക്കീഴിൽ ജനങ്ങൾ തങ്ങളുടെ വെറുപ്പും ഭയവും എല്ലാം നഷ്ടപ്പെട്ട അഭയാർഥികളുടെ മേൽ തീർക്കുകയാണ്. പ്രകടനങ്ങളിലെ അംഗസംഖ്യ എത്ര തന്നെ  കൂടിയാലും ഭൂരിപക്ഷം ജർമ്മൻ പൌരന്മാരും അഭയാർഥികളെ കൈവിടില്ലെന്ന വിശ്വാസമെനിക്കുണ്ട്.” ജർമ്മൻ നിയമ മന്ത്രിയായ ഹൈകൊ മാസ് ബെർലിനിൽ പറഞ്ഞു. 

2011 ൽ 38,000 അംഗങ്ങളുണ്ടായിരുന്ന സലഫിസത്തിന്റേയും റാഡിക്കൽ ഇസ്ലാമിസത്തിന്റേയും അംഗസംഖ്യ കഴിഞ്ഞ വർഷം 43,000മായ് അധികരിച്ചിട്ടുണ്ട്. അഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മൌലിക വാദ ചിന്തകൾ പ്രചരിപ്പിക്കുന്ന സലഫിസത്തിലെ ഒരു വിഭാഗമായ  സുന്നി ഇസ്ലാമിൽ 6,000 ഇസ്ലാമിസ്റ്റ് തീവ്രവാദികൾ അംഗങ്ങളായുണ്ട്. സലഫികളും അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട്. സിറിയയിലെ യുദ്ധത്തിന്റെ സമ്മര്‍ദ്ദം ജർമനിയിലേക്ക് പടർന്നപ്പോൾ കുർദുകൾ ഇസ്ലാമിക് സ്റ്റേററിനെതിരെ ഹാംബർഗിൽ നടത്തിയ പ്രകടനം റാഡിക്കൽ ഇസ്ലാമിസ്റ്റുകളുമായുള്ള മൂന്നു രാത്രി നീണ്ടു നിന്ന യുദ്ധത്തിലാണ് അവസാനിച്ചത്. 

ജർമനിയിൽ നിന്നും യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നും സിറിയയിലെ യുദ്ധത്തിൽ പങ്കെടുക്കാൻ പോയ 5,000 ലധികം പേരിൽ ചിലർ പരിശീലനം ലഭിച്ച പോരാളികളായ് ആക്രമണം നടത്താൻ തിരിച്ചു വരുന്നത് പെഗൈഡക്കും മറ്റു വലതു പക്ഷ തീവ്രവാദി സംഘങ്ങൾക്കുമുള്ള  പിന്തുണ കുതിച്ചുയരാൻ കാരണമാവുമെന്നാണ് ജർമ്മൻ ഓഫീസർമാർക്ക് സുരക്ഷാ പോളിസികളിൽ നിര്‍ദ്ദേശങ്ങൾ നൽകുന്ന കാംപ്( Kamp) പറയുന്നത്. 

“സ്വരാജ്യത്ത് തന്റെ സേവനം നിർബന്ധമുള്ള സാഹചര്യമുള്ളപ്പോൾ ഒരു സിറിയൻ ഡോക്‌ടർ ജർമനിയിലേക്ക് വരേണ്ട ആവശ്യമെന്താണ് ? കുടിയേറ്റക്കാർക്ക് കുറഞ്ഞ കൂലി നൽകി എനിക്ക് ലാഭമുണ്ടാക്കാം.  പക്ഷെ എന്റെ കമ്പനി നടത്തിക്കൊണ്ടുപോകാൻ കൂലിവേലക്കാരുടെ ആവശ്യമെനിക്കില്ല.” കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന 52 വയസ്സുകാരനായ മാർട്ടിൻ ഷോട്ടിന്റെ വാക്കുകളിൽ ഭയവും വെറുപ്പും നിറഞ്ഞു തുളുമ്പുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍