UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ജമ്മു കാശ്മീര്‍ സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

പെല്ലറ്റ് തോക്കുകള്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് നേരെ തോന്നിയ പോലെ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകാശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകാശ്മീരില്‍ വിമത പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസിന്‌റേയും സിആര്‍പിഎഫിന്‌റേയും പെല്ലെറ്റ് തോക്ക് ഉപയോഗം വന്‍ വിവാദമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്‌റെ ഇടപെടല്‍.

ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ജമ്മു കാശ്മീര്‍ സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസില്‍ ജനുവരി 30ന് കോടതി തുടര്‍വാദം കേള്‍ക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പ് സമര്‍പ്പിക്കാന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമാസക്തമായ ജനകീയ പ്രക്ഷോഭത്തെ പെല്ലറ്റ് തോക്കുകള്‍ കൊണ്ട് നേരിട്ട നടപടി വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. നൂറ് കണക്കിന് പേര്‍ക്ക് കണ്ണിനുള്‍പ്പടെ ഗുരുതര പരിക്കേറ്റിരുന്നു. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തിനെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22ന് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ജമ്മു കാശ്മീര്‍ ഹൈക്കോടതി തള്ളി. പെല്ലറ്റ് തോക്കുകള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് കാത്ത് നില്‍ക്കാതെ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍