UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെമ്പിളൈ ഒരുമൈ, ആം ആദ്മി പാര്‍ട്ടിയിലെത്തുമ്പോള്‍ – സി.ആര്‍ നീലകണ്ഠന്‍ സംസാരിക്കുന്നു

Avatar

സി.ആര്‍ നീലകണ്ഠന്‍

കേരളത്തെ പുതിയ കാലത്തെ രാഷ്ട്രീയം പഠിപ്പിക്കുന്നതാരാണ്? മുന്‍കാലങ്ങളില്‍ രാഷ്ട്രീയ കക്ഷികളാണ് ഇത് ചെയ്തിരുന്നത്. ഇടതുപക്ഷക്കാര്‍ സ്ഥിരമായി സ്റ്റഡി ക്ലാസുകള്‍ നടത്തുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയൊന്നും അവരും ചെയ്യാറില്ല. കാരണം വ്യക്തം. അവര്‍ക്ക് പഠിപ്പിക്കാനുള്ളത് പഴയ കാര്യങ്ങള്‍ തന്നെയാണ്. ചില പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത്തെ പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയാതെ വരുന്നു. മുമ്പിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം പ്രതിസന്ധികള്‍ മറികടക്കുന്നതിന് ക്ലാസുകള്‍ തന്നെ വേണ്ടെന്നു വയ്ക്കുകയാണവര്‍. ഇനി ഏതെങ്കിലും ഒഴിവാക്കാനാവാത്ത ഘട്ടം വന്നാല്‍ അതിനെ നേരിടുന്നത് പ്രതിക്രിയാ വാദമെന്നും മറ്റും പറഞ്ഞുകൊണ്ടുമാണ് (സന്ദേശം സിനിമയില്‍ ശങ്കരാടി എന്ന പോലെ). 

പച്ചവെള്ളം പണം കൊടുത്തു കുപ്പിയില്‍ വാങ്ങുന്നതിനെയോ വില്‍ക്കുന്നതിനെയോ തെറ്റായി കാണാന്‍ വിപ്ലവ കക്ഷികള്‍ക്ക് പോലും കഴിയാതിരുന്ന കാലത്താണ് പ്ലാച്ചിമടയില്‍ മയിലമ്മയും കൂട്ടരും സമരം ചെയ്തു കേരളത്തെ ജലത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചത്. അവിടെ ബഹുരാഷ്ട്ര കോളക്കമ്പനിക്ക് അനുമതി നല്‍കിയത് ഇടതു സര്‍ക്കാരായിരുന്നല്ലോ. മയിലമ്മക്ക് പ്രത്യയശാസ്ത്രം പോയിട്ട് ശരിയായി അക്ഷരമെഴുതാന്‍ പോലും അറിയുമായിരുന്നില്ലല്ലോ.

കേരളത്തില്‍ ഭൂപരിഷ്‌കരണമെല്ലാം അവസാനിച്ചു എന്നും ആകെയുള്ള പ്രശ്നം ദരിദ്രര്‍ക്ക് വീട് (അല്ല കൂര) വയ്ക്കാന്‍ മൂന്നു സെന്റ് നല്‍കാന്‍ ഭൂമിയില്ലാത്തതാണെന്നും ഇടതു, വലതു കക്ഷികള്‍ ഉറപ്പിച്ചു പറഞ്ഞിരുന്ന കാലത്തതാണല്ലോ മുത്തങ്ങയിലും ചെങ്ങറയിലും മറ്റും ഭൂസമരങ്ങള്‍ നടന്നത്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകുമെന്നു പാടി നടന്നവര്‍ക്ക് ഒരു തുണ്ട് കൃഷി ഭൂമി പോലും കിട്ടിയില്ലെന്ന സത്യം ഇവര്‍ മനപ്പൂര്‍വം മറക്കുക അല്ല, മറയ്ക്കുക തന്നെയായിരുന്നു. ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ പാടില്ലെന്ന നിയമം ഉണ്ടായിട്ടും അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്ന് നിയമം അനുശാസിച്ചിട്ടും അതൊന്നും സാധ്യമല്ലെന്നാണല്ലോ എല്ലാ കക്ഷികളും വിശ്വസിച്ചിരുന്നത്. തങ്ങള്‍ വാങ്ങുന്ന എല്ലാ വാഹനങ്ങളും ഓടിക്കാന്‍ കഴിയുന്നത്ര വീതിയുള്ള റോഡുകള്‍ വേണമെന്ന് വാശി പിടിക്കുകയും അതിനു വേണ്ടി പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടില്ലാതാകുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളും വാഴുന്ന നാടാണിത്. ബിഒടി ടോള്‍ സംവിധാനങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ വിശകലനം നടത്താന്‍ ഇടതുപക്ഷം പോലും തയ്യാറാകാതിരുന്നപ്പോള്‍ അത് ചെയ്തത് പാതയോരത്തെ മനുഷ്യരുടെ സംഘടനകളും അവരെ സഹായിക്കുന്നവരുമാണ്. എക്‌സ്പ്രസ് ഹൈവേ, ആലപ്പുഴ തീരത്തെ കരിമണല്‍ ഖനനം, ആറന്മുള വിമാനത്തവളം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി തുടങ്ങിയവ വികസനമല്ല, വിനാശമാണെന്നു മുഖ്യധാരക്കാരെ ബോധ്യപ്പെടുത്തിയതും സമരം നടത്തിയ സാധാരണ ജനങ്ങളാണ്. കേരളമാകെ ദുരന്തം വിതക്കുന്ന ഖരമാലിന്യ പ്രതിസന്ധിയും കീടനാശിനി ദുരന്തത്തിന്റെ രൂക്ഷതയും കേരളത്തെ ബോധ്യപ്പെടുത്തിയതും പരിഹാരം തേടാന്‍ പ്രേരിപ്പിച്ചതും വിളപ്പില്‍ശാല, ലാലൂര്‍ തുടങ്ങിയ സമരങ്ങളും കാസര്‍ഗോട്ടെ ഒരു സംഘം മനുഷ്യരുമാണ്. ചുരുക്കത്തില്‍ ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധികള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കല്ല മറിച്ച്, ജനകീയ സമരങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമാണ്.

ഇതിനു സമാനമായ ഒരു സംഭവമാണ് മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പെമ്പിളൈ ഒരുമൈ’ എന്ന പുതിയ തൊഴിലാളി യുണിയന്‍. കേരളം ഇടതുപക്ഷത്തിനും തൊഴിലാളി വര്‍ഗത്തിനും മേല്‍ക്കയ്യുള്ള പ്രദേശമാണെന്നും ഇവിടെ ഭരിച്ച സര്‍ക്കാരുകളെല്ലാം (വലതുപക്ഷമടക്കം) തൊഴിലാളികള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നുമാണ് പലരും ധരിച്ചിരിക്കുന്നത്. താരതമ്യേന മെച്ചപ്പെട്ട വരുമാനമുള്ള സംഘടിത യൂണിയനുകളും അവരെ സഹായിക്കുന്ന രാഷ്ട്രീയ കക്ഷികളും അവരുടെ ഭരണവുമെല്ലാം ഈ ധാരണകളെ ബലപ്പെടുത്തി. ഇത്തരം യുണിയനുകള്‍ക്കുള്ള മേധാവിത്തം മൂലം സാമുഹ്യമായി പിന്നണിയിലുള്ള വിഭാഗങ്ങള്‍ക്ക് ഇവര്‍ക്കു കീഴില്‍ അടങ്ങി ഒതുങ്ങി ജീവിക്കാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയില്ലെന്ന ധാരണയില്‍ പലപ്പോഴും ഇവരെ വഞ്ചിക്കാന്‍ പോലും നേതാക്കള്‍ ശ്രമിച്ചു. ഇത്തരം കുത്തക യുണിയന്‍ പ്രവര്‍ത്തനത്തെ തുറന്നു വെല്ലുവിളിക്കാന്‍ തയാറായി എന്നതാണ് പെമ്പിളൈ ഒരുമൈയുടെ പ്രസക്തി. അവര്‍ക്കു നേരിടേണ്ടി വന്നത് ചെറിയ ശക്തികളെ ആയിരുന്നില്ല. അതിശക്തരായ യുണിയന്‍ നേതാക്കള്‍ക്കു പുറമേ അവര്‍ക്കു ശക്തമായി പിന്തുണ നല്‍കുകയും അവരില്‍ നിന്നും ആനുകൂല്യം പറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും നേതാക്കള്‍ക്കു പിന്നണിയില്‍ നിന്നും സഹായം നല്‍കി സ്വന്തം ലാഭം വര്‍ദ്ധിപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയും ഐക്യമുന്നണിയായി നിന്നു കൊണ്ടാണ് ഇവരെ എതിര്‍ത്തത്. ഇതുവഴി ട്രേഡ് യുണിയന്‍ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം രചിക്കുകയായിരുന്നു അവര്‍.

സമരത്തെ അതിശക്തമായി എതിര്‍ക്കുമ്പോഴും ഇവര്‍ സമരത്തിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യങ്ങള്‍, അതിനുള്ള കാരണങ്ങള്‍ പൂര്‍ണമായും ശരിയാണെന്നു (ഗതികേട് കൊണ്ടാണെങ്കിലും) മുഖ്യധാര യുണിയനുകളും അംഗീകരിക്കുന്നു. ഈ യുണിയനുകള്‍ക്ക് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതെന്തു കൊണ്ടെന്ന ചോദ്യത്തില്‍ നിന്നവര്‍ ഒഴിഞ്ഞു മാറുന്നു. അല്ലെങ്കില്‍ യുക്തിരഹിതമായ മറുപടികള്‍ നല്‍കുന്നു. കമ്പനിക്കു നഷ്ടമാകും എന്ന വാദം ഒരു യുണിയനും അങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. കാരണങ്ങള്‍ നിലനില്‍ക്കുന്നു എന്നറിയാമായിരുന്നിട്ടും ഈ പ്രതിരോധ പെണ്‍കൂട്ടായ്മയെ, അവരുടെ സമരത്തെ മുന്‍കുട്ടി കാണാന്‍ മറ്റു പ്രബലര്‍ക്കു കഴിയാതിരുന്നതെന്തുകൊണ്ട്? ഈ സമരത്തിനു പിന്നില്‍ നിഗൂഢ ശക്തികളോ താല്പര്യങ്ങളോ ആണെന്ന പ്രചരണത്തിലൂടെ ഇതിനെ തകര്‍ക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ എന്ത് കൊണ്ട്? ഇത് ഈ സമരത്തിന്റെ മാത്രം ഗതിയല്ല. മുത്തങ്ങയിലും ചെങ്ങറയിലും പ്ലാച്ചിമടയിലും മറ്റു നിരവധി സമരങ്ങളിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ശരിയായ രീതിയില്‍ ഒരു സമരം നടത്താന്‍ തങ്ങളെപ്പോലെ സഘടിതരായവര്‍ക്കു മാത്രമേ കഴിയു എന്ന ധാരണ ഇവര്‍ക്കുണ്ട്.

ഇവര്‍ ഉന്നയിക്കുന്ന കൂലിക്കൂടുതല്‍ അംഗീകരിച്ചാല്‍ തോട്ടങ്ങള്‍ പൂട്ടിപ്പോകും എന്ന വാദം എത്രമാത്രം ശരിയാണ്? തോട്ടമുടമകള്‍ നല്‍കുന്ന കണക്കുകള്‍ അപ്പടി അംഗീകരിക്കുന്ന യൂണിയനുകള്‍ തൊഴിലാളികളോട് നീതി പുലര്‍ത്തുകയാണെന്നു പറയാനാവില്ല. തോട്ടമുടമകള്‍ക്ക് (പത്ത് ശതമാനം ഭൂമി ടൂറിസത്തിനു നല്‍കാനുള്ള അനുവാദം മുതല്‍) നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ യൂണിയനുകള്‍ പിന്താങ്ങുന്നതെന്തുകൊണ്ട്? ഇവരെ കൂലിക്കുറവിന്റെ പ്രശ്‌നത്തെക്കാള്‍ അലട്ടുന്നത് അധികം നുള്ളുന്ന തേയിലക്കുള്ള ഇന്‍സെന്റീവ് നിര്‍ണയിക്കുന്നതിലെ അപാകതകളാണ് ഇന്‍സന്റീവിലെ തട്ടിപ്പുകള്‍ പുറത്ത് വരുന്നതും ഇപ്പോള്‍ മാത്രം. മാസത്തില്‍ 21 ദിവസം നുള്ളുന്ന അധിക കൊളുന്തിന്റെ കൂലിയാണ് ഇന്‍സെന്റീവ്. അത് കിട്ടണമെങ്കില്‍ ഒരൊറ്റ ദിവസം പോലും മുടങ്ങാന്‍ പാടില്ല. രാവിലെ അഞ്ചു മണിക്ക് മുമ്പ് കടുത്ത തണുപ്പിലും മഴയിലും അനേക കിലോമിലിറ്റര്‍ നടന്നു മലകള്‍ കയറി ഇറങ്ങി കൊളുന്തു നുള്ളി അത് ചുമന്നു തിരിച്ചു കയറി വരുന്ന ഈ സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി യൂണിയന്‍ നേതാക്കള്‍ക്കറിയില്ല. മിക്കവര്‍ക്കും ഗര്‍ഭപാത്ര സംബന്ധിയായതോ എല്ലിന്റെ തേയ്മാനം മൂലമുള്ളതോ ആയ രോഗങ്ങള്‍ വ്യാപകമാണ്. അതുകൊണ്ട് തന്നെ ചില ദിവസങ്ങളില്‍ ജോലിക്കു പോകാന്‍ കഴിയില്ല. മറ്റാവശ്യങ്ങളും ഉണ്ടാകാം. ഇതിലെ അനീതി കുറച്ചൊന്നുമല്ല ഈ സ്ത്രീ തൊഴിലാളികളെ വിഷമിപ്പിക്കുന്നത്. ഈ അപാകതകള്‍ക്കെതിരെയെങ്കിലും യൂണിയനുകള്‍ മിണ്ടാത്തതെന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ ചിലപ്പോഴെങ്കിലും ഒരു അനുഷ്ഠാനമെന്ന രീതിയില്‍ ഇവര്‍ ചെയ്യുന്നില്ല എന്നല്ല. പക്ഷെ നേടേണ്ട ഒരു ലക്ഷ്യമായി അവര്‍ പരിഗണിച്ചിട്ടേയില്ല. യൂണിയന്‍ നേതാക്കള്‍ക്ക് നിരവധി സൗജന്യങ്ങള്‍ കമ്പനി നല്‍കുന്നു എന്നത് ഒരു സത്യമാണെന്നു അത് നേരില്‍ക്കാണുന്ന അവര്‍ക്കറിയാം. കേവലം കൂലി ബോണസ് എന്നിവക്കപ്പുറം ഈ തൊഴിലാളികളുടെ വീട്, ആരോഗ്യ സൗകര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ മുതലായ വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയും. സ്വന്ത കുട്ടികള്‍ക്കോ മറ്റു വീട്ടുകാര്‍ക്കോ ഒരു അസുഖം വന്നാല്‍ കമ്പനിയുടെ സൗജന്യത്തിനു കാത്തു നിന്നാല്‍ മാത്രമേ ഒരു വാഹനം കിട്ടൂ എന്ന അവസ്ഥ ഇവരെ വല്ലാതെ വേദനിപ്പിക്കുന്നു. സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. അക്കാര്യത്തിലും യുണിയനുകള്‍ ഒന്നും മിണ്ടാത്തതെന്തു കൊണ്ട്? ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ് ഈ സമരത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. 

എന്തു കൊണ്ടാണ് ഇവര്‍ ബോണസിനു വേണ്ടി ഇത്രമാത്രം വാശി പിടിച്ചത്? തുച്ഛമായ കൂലി കൊണ്ടു ജീവിക്കുമ്പോള്‍ ഇവര്‍ക്ക് വലിയ കടബാധ്യത വരുന്നു. വീട്ടു ചെലവ് നടത്താന്‍ പോലും പലപ്പോഴും സ്വന്തം ആഭരണങ്ങള്‍ പണയം വെക്കേണ്ടി വരുന്നു. അത് തിരിച്ചെടുക്കാന്‍ അവര്‍ക്കു കിട്ടുന്ന ഏക അവസരമാണ് ബോണസ്. അതു കുറഞ്ഞു പോയാല്‍ അവരുടെ വാര്‍ഷിക ബജറ്റ് തകിടം മറിയും. പ്രതിമാസം രണ്ടായിരവും മൂവായിരവും മാത്രം കയ്യില്‍ കിട്ടുന്നവര്‍ക്ക് ആറായിരം മുതല്‍ എണ്ണായിരം വരെ വരുന്ന ബോണസ് ഒരു നിധി തന്നെയാണ്. അത് കുറച്ചപ്പോള്‍ യൂണിയനുകള്‍ നിസംഗത പാലിച്ചു. ഈ വേദനയാണ് അവരെ സമരാവേശത്തില്‍ എത്തിച്ചത്. 

ദേശീയ പണിമുടക്കില്‍ പോലും ടാറ്റയിലെ തൊഴിലാളികള്‍ പണി മുടക്കാറില്ല. തങ്ങള്‍ പഴയ കാലത്ത് ചെയ്ത വീര സാഹസിക യൂണിയനുകള്‍ കൊണ്ട് ഇന്നൊരു ഗുണവുമില്ല എന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അന്ന് യൂണിയനുകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം ഇതായിരുന്നില്ലല്ലോ. ഒടുവില്‍ പെമ്പിളൈ ഒരുമൈ ഉന്നയിച്ച ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറ്റു യൂണിയനുകള്‍ കൂടി സമരത്തിനെത്തി. ഗതികേട് കൊണ്ടാണ്. സ്ത്രീ കൂട്ടായ്മയുടെ നേരെ ചൊരിയാത്ത അസഭ്യ വാക്കുകളില്ല. കയികമായി തന്നെ അവര്‍ ഇതിനെ നേരിട്ടൂ. ഒടുവില്‍ സമരം ഒത്തു തീര്‍ന്നൂ. കൂലിയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായി. ബോണസ് പഴയ തോതില്‍ നില നിര്ത്തി . പിന്നീട് അവിടെ എന്തു നടന്നു? അതിനെ പറ്റി കാര്യമായ അന്വേഷണങ്ങള്‍ ആരും നടത്തിയില്ല. 

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. മൂന്ന് മുന്നണികളെയും നേരിട്ടു കൊണ്ട് ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റും ചില ഗ്രാമ പഞ്ചായത്ത് സീറുകളും ഇവര്‍ പിടിച്ചു. അതൊരു വാര്‍ത്തയായി. പിന്നെ വരുന്നത് ഈ കൂട്ടായ്മയിലെ അനൈക്യത്തെ പറ്റിയുള്ള വാര്‍ത്തകളാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് ജയിച്ച ഗോമതിയും മറ്റും പിരിഞ്ഞു മാതൃയുണിയനിലേക്ക് പോയി. ഇവരെ തമ്മില്‍ തെറ്റിക്കാന്‍ മറ്റു യൂനിയനുകള്‍ നടത്തിയ ശ്രമം വിജയിച്ചു. അസത്യജടിലമായ ചില കാര്യങ്ങള്‍ പ്രചരിപ്പിച്ചാണ് ഈ പിളര്‍പ്പുണ്ടാക്കിയത്.

പിന്നെ ഇവരെ പുറത്തുള്ളവര്‍ ശ്രദ്ധിക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വേളയിലാണ്. ഇവര്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിച്ചു. സാമ്പത്തികമായി ആകെ തളര്‍ന്നു കടബാധ്യതയിലുള്ള ഇവര്‍ക്ക്, ജയിക്കാന്‍ വേണ്ടി വന്‍ തോതില്‍ പണമൊഴുക്കുന്ന എതിര്‍ കക്ഷികളോട് മത്സരിക്കുക എളുപ്പമല്ല. സ്ത്രീകള്‍ക്ക് സാരിയും പണവും നല്‍കി വോട്ടു പിടിക്കുന്ന എഐഎഡിഎംകെ യുടെ സ്ഥാനാര്‍ഥിക്കു തമിഴ് ജനതയില്‍, പ്രത്യകിച്ചും സ്ത്രീ തൊഴിലാളികളില്‍ വന്ന സ്വാധീനത്തെ മറികടക്കാന്‍ അവര്‍ക്കായില്ല. ആളുകളെ കൊണ്ട് പോയി വോട്ടു ചെയ്യിക്കാനുള്ള സംവിധാനവും ഇവര്‍ക്കില്ലായിരുന്നു. പ്രചാരണം നാമമാത്രമായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ സ്ഥാനാര്‍ത്ഥിയുടെ പേര് ഏറ്റവും താഴെയായിരുന്നു. അത്തരത്തില്‍ അവര്‍ വോട്ടര്‍മാരെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും താഴെ നോട്ട ആയിരുന്നു, അങ്ങനെ നോട്ടക്ക് ആയിരത്തിലധികം വോട്ട് ഇവരുടെ ബൂത്തുകളില്‍ നിന്നും കിട്ടി. 

ഇതിനിടയില്‍ ഇവരോട് ചെയ്ത മറ്റൊരു കൊടിയ വഞ്ചന കേരളം അറിഞ്ഞതേയില്ല. കൂലി വര്‍ദ്ധനവിന് പത്തുമാസത്തെ മുന്‍കാല പ്രാബല്യമുണ്ടായിരുന്നു. അതിന്റെ കുടിശ്ശിക മൂന്നു മാസത്തിനകം കൊടുക്കാമെന്നു ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേവലം മൂന്ന് മാസത്തെ കുടിശ്ശിക മാത്രം കൊടുത്തു. ഇത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കഴിവായി ചിത്രീകരിച്ചു. എന്നാല്‍ പിന്നീട് അതിനെ പറ്റി യാതൊരു വിധ ചര്‍ച്ചകളുമില്ല. ശരാശരി ഒരു തൊഴിലാളിക്ക് 18,000 രൂപ കിട്ടേണ്ടതാണ്. പക്ഷെ ജയിച്ചപ്പോള്‍ ഇടതുപക്ഷവും കൈമലര്‍ത്തുകയാണ്. ഇതെല്ലാം കാണുന്ന വിട്ടു പോയ തൊഴിലാളികള്‍ ഈ കൂട്ടായ്മയിലേക്ക് തിരിച്ചു വരാന്‍ തയ്യാറായിരിക്കുകയാണ്.

തുടക്കം മുതല്‍, മേല്‍പറഞ്ഞ കാലത്തേയടക്കം ഇവരുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. ഇവര്‍ സമരം തുടങ്ങിയപ്പോള്‍ തന്നെ ഇതിന്റെ ജനപക്ഷ രാഷ്ട്രീയം പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. അന്ന് കടുത്ത എതിര്‍പ്പുകളെ നേരിട്ടു കൊണ്ട് തന്നെ ഇവര്‍ക്ക് ഭക്ഷണവും പണവും എത്തിച്ചു കൊടുക്കാന്‍ പാര്‍ട്ടി തയ്യാറായി. അതുകൊണ്ടു തന്നെ അച്യുതാനന്ദന്‍ ഒഴിച്ച് അവരുടെ സമരവേദിയില്‍ പ്രവേശനം കിട്ടിയ ഏക കക്ഷി ആം ആദ്മി പാര്‍ട്ടിയാണ്.

നിലവിലുള്ള രാഷ്ട്രീയ സംസ്‌കാരം മാറ്റുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. ആ രാഷ്ട്രീയ ഘടനക്കു ചേര്‍ന്ന വിധമുള്ള തൊഴിലാളി സംഘടനാ പ്രവര്‍ത്തനം എന്നതും പാര്‍ട്ടി ലക്ഷ്യം വച്ചിരിക്കുന്നു. പരമ്പരാഗത രീതിയില്‍ പാര്‍ട്ടിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു യൂണിയന്‍ എന്നതല്ല ആം ആദ്മി പാര്‍ട്ടിയുടെ സമീപനം. സ്വന്തം കക്ഷി ഭരിക്കുമ്പോള്‍ അതിനെ പിന്താങ്ങുകയും അവര്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും പ്രതിപക്ഷത്താകുമ്പോള്‍ എതിര്‍ക്കുകയും ചെയ്യാന്‍ യുണിയനുകള്‍ക്കു ഇന്ന് ബാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി ഒരു വിധ നിയന്ത്രണവും യൂണിയനുമേല്‍ ചെലുത്തില്ല. അവര്‍ക്കിഷ്ടമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാം. രാഷ്ട്രീയമായി പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കും യൂണിയന്‍ നേതാവാകാം. പാര്‍ട്ടി ഫ്രാക്ഷന്‍ സംവിധാനം ഉണ്ടാകില്ല. സമരകാലം മുതല്‍ നിരന്തരം പിന്തുണച്ചിട്ടും യുണിയനിലോ പാര്‍ട്ടിയിലോ ചേരാന്‍ ഇവര്‍ക്ക് മേല്‍ പാര്‍ട്ടി ഒരു വിധ പ്രേരണയും ചെലുത്തിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഒരു സഹായം മാത്രം ചെയ്യാനെ പാര്‍ട്ടിക്കു കഴിഞ്ഞുള്ളു.

പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്ന ആവശ്യം അവരുടെ പക്ഷത്ത് നിന്നും വന്നപ്പോഴും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി ഒരു തീരുമാനം എന്നാണു പാര്‍ട്ടി എടുത്ത നിലപാട്. ഇന്നത്തെ കക്ഷി രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു കക്ഷിയുടെയും പിന്തുണയില്ലാതെ മുന്നോട്ടു പോകുക എന്നത് അത്ര ബുദ്ധിപൂര്‍വകമല്ലെന്നായിരുന്നു അവരുടെ ഉറച്ച തീരുമാനം. മറ്റു കക്ഷികളില്‍ നിന്നുള്ള എതിര്‍പ്പ് നേരിടാന്‍ ഇത് അനിവാര്യമാണ്. പല കക്ഷികളും ഒരു സഖ്യത്തിനായി അവരെ സമീപിച്ചിരുന്നു. പലവിധ ഓഫറുകളും നല്‍കിയിരുന്നുവെന്നും പറയുന്നു. എന്നാല്‍ നീണ്ട കാലം ഒരു വിധ സമ്മര്‍ദ്ദങ്ങളുമില്ലാതെ സഹായിച്ച ഒരു പാര്‍ട്ടി എന്ന നിലയില്‍ മാത്രമല്ല അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ടു വയ്ക്കുന്ന സംശുദ്ധ രാഷ്ട്രീയമാണ് തങ്ങള്‍ക്കു യോജിച്ചതെന്ന തീരുമാനത്തില്‍ അവര്‍ എത്തുകയായിരുന്നു. ഈ ഏകോപനം ഏതു നിലക്ക് സാധ്യമാക്കാമെന്ന ചര്‍ച്ചകളിലാണ് യൂണിയന്‍ തലത്തില്‍ ഔപചാരികമായി അഫിലിയേറ്റു ചെയ്യുക എന്ന തീരുമാനത്തില്‍ എത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രമിക് വികാസ് സംഘടന (എസ് വി എസ്) യുമായിട്ടാണ് അഫിലിയേറ്റ് ചെയ്തത്. പതിവ് സമര രീതികള്‍ക്കപ്പുറത്ത് തൊഴിലാളികള്‍ക്ക് നിയമപരമായി കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കലാണ് യൂണിയന്റെ പ്രാഥമിക കടമ. ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിരവധി നടപടികള്‍ തൊഴിലാളി കക്ഷികളെന്നവകാശപ്പെടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ്. മിനിമം കൂലി നിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ സിഐടിയു തന്നെ പരസ്യമായി പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്ര കൂടിയ നിരക്കില്ല. തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആരോഗ്യം വിദ്യാഭ്യാസം തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നടപടികളും മാതൃകാപരമാണ്. അവരുടെ റജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ പോലും പലയിടത്തും ഫലപ്രദമല്ല. ഡല്‍ഹിയില്‍ അതു കര്‍ശനമായി നടപ്പാക്കുകയാണ്. 

കേരളത്തില്‍ തന്നെ തോട്ടം തൊഴിലാളികള്‍ക്ക് ബാധകമായ നിയമം 1951 ല്‍ തയ്യാറാക്കിയതാണ്. 65 വര്‍ഷം പിന്നിട്ടിട്ടും ഇത്ര ശക്തമായ യൂണിയനുകള്‍ ഉണ്ടായിട്ടും ഈ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യം പ്രസക്തമല്ല? തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉണ്ടെന്നവകാശപ്പെടുന്ന കേരളത്തിലെ 80 ലേറെ ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്. നിര്‍മാണ മേഖലയില്‍ ഇന്ന് സിംഹഭാഗവും ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. ഇവരുടെ റജിസ്‌ട്രേഷന്‍ പോലും ഫലപ്രദമല്ല. ഇവര്‍ക്ക് അപകടം പറ്റുകയോ മരിക്കുകയോ ചെയ്താല്‍ പോലും തൊഴിലുടമയ്ക്കു കാര്യമായ യാതൊരു ഉത്തരവാദിത്തവുമില്ല. പൊതു പ്രവര്‍ത്തകരോ സന്നദ്ധ സംഘടനകളോ ഇടപെട്ടു സര്‍ക്കാരില്‍ നിന്നും കൊടുപ്പിക്കുന്ന സഹായങ്ങള്‍ കൊണ്ട് മരിച്ച തൊഴിലാളിയുടെ ശരീരം നാട്ടിലെത്തിക്കേണ്ടി വന്ന സംഭവങ്ങള്‍ ഈ ലേഖകന് നേരിട്ടറിയാം. 

അത് പോലെ സ്വകാര്യ ആശുപത്രികളിലെയും അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വ്യാപാരസ്ഥാപന ങ്ങളിലെയും മറ്റും തൊഴിലാളികളുടെ അവസ്ഥയും മോശമാണ്. ഒരു പകല്‍ മുഴുവന്‍ ഒന്നിരിക്കാന്‍ പോലും അവകാശമില്ലാത്ത പെണ്‍കുട്ടികളുടെ സമരം കേരളത്തെ ഒരിക്കല്‍ ഞെട്ടിച്ചതാണ്. പക്ഷെ അതിനു രാഷ്ട്രീയ പിന്‍ബലം കിട്ടാതിരുന്നതിനാല്‍ അവയെല്ലാം നാം മറന്നു. നഴ്‌സുമാര്‍ അതിശക്തമായി പോരാടിയെങ്കിലും കാര്യമായ വിജയം അവര്‍ക്കു നേടാന്‍ കഴിയാതിരുന്നതും കക്ഷി രാഷ്ട്രീയത്തിന്റെ പിന്‍ബലം ഇല്ലാത്തതിനാലാണ്. ഏറെ ഗ്ലാമര്‍ ഉണ്ടെന്നു നാം കരുതുന്ന ഐ ടി മേഖലയുടെ കാര്യവും അത്ര ശുഭകരമല്ല. പല സ്ഥാപനങ്ങളിലും സംഘടിത യൂണിയനുകള്‍ ഉണ്ട്. പക്ഷെ വലിയൊരു വിഭാഗം തൊഴിലാളികള്‍ അവിടെയും അസംതൃപ്തരാണ്. എന്നാല്‍ ഇന്നത്തെ പ്രമുഖ കക്ഷികള്‍ക്കൊന്നും ഇവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ശരിയായി ഇടപെടാന്‍ കഴിയുന്നില്ല. ഈ സ്ഥാപനങ്ങളുമായി ആ കക്ഷികള്‍ക്കുള്ള ബന്ധവും അഴിമതിയും മാത്രമല്ല പ്രശനം. മുമ്പ് സൂചിപ്പിച്ച പോലെ ഇതിന്റെ രാഷ്ട്രീയം പ്രധാന കക്ഷികള്‍ക്ക് സ്വീകാര്യവുമല്ല. ഇവരെയൊന്നും തൊഴിലാളി വര്‍ഗമായി യൂണിയനുകള്‍ പരിഗണിക്കാറേയില്ല. ഇവിടെയാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയസമീപനം പ്രസക്തമാകുന്നത്. നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഇന്ന് ക്ഷേമ നിയമങ്ങള്‍ക്കു കീഴിലല്ലാ ഉള്ളത്. അവര്‍ക്കു അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാനായാല്‍ തന്നെ അത് വലിയ കാര്യമാണ്. ഈ നിഷേധങ്ങളെയും മറ്റൊരു അഴിമതി തന്നെയായിട്ടാണ് ആം ആദ്മി പാര്‍ട്ടി കാണുന്നത്.

തോട്ടം മേഖലയിലെ തൊഴിലാളി പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കേണ്ടതുണ്ട്. കേവലം തോട്ടം അധികാരികള്‍ (ഇവിടെ കപടമായി തൊഴിലാളികള്‍ തന്നെ ഉടമസ്ഥരാണെന്ന പ്രചരണതട്ടിപ്പാണ് നടക്കുന്നത്) നല്‍കുന്ന ലാഭനഷ്ടക്കണക്ക് വിശ്വസിക്കുന്ന സര്‍ക്കാരും മറ്റു യൂണിയനുകളും ചൂഷണത്തെ സഹായിക്കുകയാണ്. ഈ വ്യവഹാരത്തില്‍ യഥാര്‍ത്ഥ ലാഭം ഉണ്ടാക്കുന്നത് തേയില വില്‍ക്കുന്ന കമ്പനികളാണ്. കൊളുന്തിന്റെ വില (അത് വഴി കൂലിയും) വളരെ കുറവായി ഇരിക്കുമ്പോഴും നാം കുടിക്കുന്ന ചായയ്ക്കുപയോഗിക്കുന്ന തേയിലയുടെ വില കുറയുന്നതേയില്ല എന്നോര്‍ക്കുക. ഉയരം കൂടുമ്പോള്‍ ചായയുടെ രുചിയും കൂടുമെന്നു സൂപ്പര്‍ സ്റ്റാര്‍ പരസ്യത്തില്‍ കൂടി നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഉയരം കൂടുംതോറും കൊളുന്തു നുള്ളുന്ന തൊഴിലാളികളുടെ ജോലിഭാരം കൂടുന്നു എന്നും കൂലി കുറയുന്നു എന്നും അദ്ദേഹത്തിനു അറിയുന്നുണ്ടാകില്ല. അത് പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയും, കഴിയണം.

സര്‍ക്കാരിന് നികുതിയിനത്തില്‍ ഇവിടെ നിന്നും കിട്ടുന്ന പണത്തിന്റെ നല്ലൊരു ഭാഗം യഥാര്‍ത്ഥത്തില്‍ അദ്ധ്വാനിക്കുന്നവര്‍ക്കു കിട്ടണം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചെറിയ വീടുകളില്‍ യാതൊരു വിധ സൗകര്യങ്ങളുമില്ലാതെ ജീവിക്കുന്ന ഇവരെ കാണാന്‍ പൊതുസമൂഹവും സര്‍ക്കാരുകളും തയ്യാറാകണം. ഇതെല്ലാം പഠിച്ചു വിലയിരുത്താന്‍ ഒരു വിദഗ്ധസംഘത്തെ അയക്കാമെന്നു ഡല്‍ഹിയിലെ തൊഴില്‍ മന്ത്രിയും മികച്ച ഒരു തൊഴിലാളി നേതാവുമായ ഗോപാല്‍ റായ് ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ തൊഴിലാളികള്‍ക്ക് മുന്നാറില്‍ ഒരു ഓഫീസ് അടിയന്തരമായി ഉണ്ടാകണം. രോഗബാധിതരായാല്‍ ചികിത്സ ലഭ്യമാക്കാന്‍ കൊണ്ട് പോകുന്നതിനു ഒരു വാഹനം വേണം. ഇത്രയു കാലത്തെ പ്രവര്‍ത്തനം ഇവരില്‍ പലരെയും വലിയ കടബാധ്യതയില്‍ എത്തിച്ചിട്ടുണ്ട്. അതിലും നമ്മള്‍ സഹായിക്കണം. ഇതൊക്കെ ചെയ്യുമ്പോഴും അവരുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം പൂര്‍ണമായി നിലനിര്‍ത്തണം. ഇവരുടെ കൂടി പിന്‍ബലത്തോടെ മറ്റു അസംഘടിതരെ സംഘടിപ്പിക്കണം. ഇതൊരു ബൃഹത്തയ ബാധ്യതയാണെന്ന് വ്യക്തമായ ബോധ്യം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. ഇത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇത്തരം ഒരു പാര്‍ട്ടി എന്തിന്? രാഷ്ട്രീയം എന്തിന്?

(ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി കണ്‍വീനര്‍ ആണു സി. ആര്‍. നീലകണ്ഠന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍