UPDATES

പെമ്പിള ഒരുമൈ നേതാവ് ഗോമതി ആശുപത്രിയില്‍; ആത്മഹത്യാശ്രമമെന്ന് സംശയം

അഴിമുഖം പ്രതിനിധി

പെമ്പിള ഒരുമൈ നേതാവും മൂന്നാര്‍ പഞ്ചായത്ത് അംഗവുമായ ഗോമതിയെ അമിതമായ തോതില്‍ ഗുളികള്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അവശതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയാതാണന്ന വാര്‍ത്തയുണ്ട്. എന്നാല്‍ അറിയാതെ കൂടുതല്‍ ഗുളികകള്‍ കഴിച്ചുപോയതാണെന്നും താന്‍ ആത്മഹത്യശ്രമം നടത്തിയിട്ടില്ലെന്നുമാണ് ഗോമതി പറയുന്നത്.

മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയാക്കിയ സമരമായിരുന്നു പെമ്പിള ഒരുമൈയുടേത്. എന്നാല്‍ സമരത്തിന്റെ ആദ്യഘട്ടത്തിനുശേഷം സമരനേതാക്കള്‍ക്കിടയില്‍ തന്നെ തര്‍ക്കങ്ങള്‍ ഉയരുകയും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഗോമതിയടക്കം മൂന്നുപേര്‍ പെമ്പിള ഒരുമൈയുടെ പ്രതിനിധികളായി ജയിച്ചു. എന്നാല്‍ ഗോമതിക്കെതിരെ സമരസംഘടനയുടെ മറ്റൊരു നേതാവായ ലിസി സണ്ണി രാഷ്ട്രീയാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ഗോമതി മൂന്നാറില്‍ നിന്ന് പെട്ടെന്നു അപ്രത്യക്ഷയായത് തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുമായി ചര്‍ച്ചകള്‍ നടത്താനായി പോയതാണെന്ന കിംവദന്തിയും പരുന്നു. ഈ ആരോപണങ്ങളെല്ലാം ഗോമതി നിഷേധിക്കുകയാണുണ്ടായത്.

ഇന്നലെ നടന്ന മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പെമ്പിള ഒരുമൈ അംഗങ്ങള്‍ നല്‍കിയ പിന്തുണയോടെ യുഡിഎഫ് അധികാരം ഏറ്റെടുത്തിരുന്നു. ഇതിനെതുടര്‍ന്ന് ചില നാടകിയരംഗങ്ങള്‍ പഞ്ചായത്തില്‍ ഉണ്ടാവുകയും ചെയ്തു.

ഇന്നലെ വൈകിട്ടു കൂടി പത്രസമ്മേളനം വിളിച്ചുകൂട്ടി ഗോമതിയെ വ്യക്തിഹത്യ ചെയ്യാന്‍ ലിസി ശ്രമിച്ചിരുന്നുവെന്നും ഇവര്‍ നടത്തിയ അപവാദപ്രചരണങ്ങളില്‍ മനംനൊന്തു ഗോമതി ആത്മഹത്യശ്രമം നടത്തുകയായിരുന്നുവെന്നുമാണ് ഗോമതിയുടെ ഭര്‍ത്താവിന്റെ ആരോപണം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോമതി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനു നടവുവേദനയ്ക്കു നല്‍കിയിരുന്ന അലുമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദനസംഹാരി ആറെണ്ണമാണ് ഗോമതി കഴിച്ചതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍