UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് സൂചന

രണ്ടാം പെമ്പിളൈ ഒരുമൈ സമരത്തെ അട്ടിമറിക്കുകയായിരുന്നു മണിയുടെ പ്രസ്താവനയുടെ ലക്ഷ്യമെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍

മൂന്നാറില്‍ നിരാഹാര സമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് സൂചന. ഇവരുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇത്. അതേസമയം തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയാലും തങ്ങള്‍ സമരം തുടരുമെന്നാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറയുന്നത്.

തങ്ങളുടെ സമരം മന്ത്രി എംഎം മണിക്കെതിരെയല്ലെന്നും പകരം ഓരോ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമിയെന്ന ആവശ്യം ഉന്നയിച്ചാണെന്നും തൊഴിലാളികള്‍ പറയുന്നു. ഭൂമി പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയുള്ള രണ്ടാം പെമ്പിളൈ ഒരുമൈ സമരം ആരംഭിക്കാനിരിക്കെ മണി നടത്തിയ വിവാദ പ്രസ്താവന സമരത്തെ അട്ടിമറിക്കാനാണെന്നാണ് സമര നേതാക്കള്‍ പറയുന്നത്. അതേസമയം എംഎം മണി പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ അതിക്ഷേപകരമായ വാക്കുകള്‍ പ്രയോഗിക്കുന്നത് ആദ്യമായല്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഇത്തവണത്തെ പ്രസ്താവന കരുതിക്കൂട്ടിയുള്ളതാണെന്നും അതിന് പിന്നെലെ ലക്ഷ്യം ഒരേക്കര്‍ ഭൂമിയെന്ന ആവശ്യം ഉന്നയിച്ചുള്ള സമരത്തെ പൊളിക്കലായിരുന്നെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറയുന്നു. പക്ഷെ ഈ സമരം മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയത് എംഎം മണിക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ്. 22ന് ഇവര്‍ സമരപ്രഖ്യാപനം നടത്താനായി പോലീസിനോട് അനുമതി വാങ്ങിയെങ്കിലും മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ അവഹേളനമാണ് നേരിടേണ്ടി വന്നത്. കൂടാതെ മൈക്ക് ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്തില്ല.

ഇതിന് പിന്നാലെ 23ന് ആണ് എംഎം മണിയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്. അതോടെ പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുകയായിരുന്നു. ഒരേക്കര്‍ ഭൂമി എന്ന ആവശ്യത്തിന് പുറമെ മിനിമം കൂലി 600 രൂപയാക്കുക, 20 ശതമാനം ബോണസ് വര്‍ദ്ധനവ് എന്നീ ആവശ്യങ്ങളും ഇവര്‍ സമരത്തില്‍ ഉന്നയിക്കുന്നു. സമര പ്രഖ്യാപനത്തിന് അനുമതി തേടി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ തങ്ങളെ വംശീയമായി അധിക്ഷേപിച്ച സിഐ ജോസഫിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.

മെയ് മാസത്തില്‍ സമരപ്രഖ്യാപനം നടത്താനും ഒരേക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരം ശക്തിപ്പെടുത്താനുമാണ് ഇവര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് നീക്കുന്നതിലൂടെ താല്‍ക്കാലികമായി മാത്രമാണ് സമരം അവസാക്കുന്നതെന്നു അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍