UPDATES

ട്രെന്‍ഡിങ്ങ്

നിരാഹാരം നിര്‍ത്തി; ഇനി സമരം മണി രാജിവയ്ക്കും വരെയെന്ന് പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍

നിരാഹാര സമരം ഇന്നലെ അവസാനിപ്പിച്ചിരുന്നു.

മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍. അഞ്ചു ദിവസമായി തുടര്‍ന്ന നിരാഹര സത്യാഗ്രഹം ഇന്നലെ അവസാനിപ്പിച്ചെങ്കിലും അതേ പന്തലില്‍ തന്നെ സത്യാഗ്രഹം തുടരുകയാണ് പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍. നിരാഹാരം അനുഷ്ഠിച്ചിരുന്ന ഗോമതി, രാജേശ്വരി, കൗസല്യ എന്നിവരും ഇവര്‍ക്കൊപ്പം ശ്രീലത ചന്ദ്രനും ചേര്‍ന്നാണു സത്യാഗ്രഹ സമരം തുടരുന്നത്. പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകരെ മാത്രമല്ല, എല്ലാ സ്ത്രീകളെയുമാണ് മണി അപമാനിച്ചിരിക്കുന്നതെന്നും മണി രാജിവയ്ക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗോമതി, പൊമ്പുളൈ ഒരുമൈ ജനറല്‍ സെക്രട്ടറി രാജേശ്വരി, വൈസ് പ്രസിഡന്റ് കൗസല്യ എന്നിവര്‍ മൂന്നാര്‍ ടൗണില്‍ ഗാന്ധി സ്‌ക്വയറിനു സമീപത്തായി എം എം മണിക്കെതിരേ സമരം ആരംഭിച്ചത്. ചൊവ്വാഴ്ചമുതല്‍ ഇവര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. സമരത്തിനു പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ്, ബിജെപി നേതാക്കളും എത്തി. ആം ആദ്മി പ്രവര്‍ത്തകര്‍ പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കൊപ്പം സമരത്തില്‍ പങ്കുചേരുകയും ഉണ്ടായി. ഇന്നലെയോടെ നിരാഹരമിരുന്നവരുടെ ആരോഗ്യനില തീരെ വഷളായതോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയത്. എന്നാല്‍ ആശുപ്രതിയില്‍ നിന്നും ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ച സമരപ്രവര്‍ത്തകര്‍ അടിമാലി ആശുപത്രിയില്‍ നിന്നും ബസ് മാര്‍ഗം തിരികെ സമരപന്തലില്‍ എത്തുകയും ചെയ്തു. ഇവിടെ തിരിച്ചെത്തിയശേഷമാണ് നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതായി ഇവര്‍ പ്രഖ്യാപിക്കുന്നത്. ആരോഗ്യനില വഷളായതിനാലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നു സമരക്കാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സമരപന്തലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചാണ് ഇവര്‍ അഞ്ചു ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചത്.

നാടകീയമായ സംഭവങ്ങള്‍ക്കിടയിലായിരുന്നു ഇന്നലെ സമരപ്രവര്‍ത്തകരെ പൊലീസ് പന്തലില്‍ നിന്നും നീക്കിയത്. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമായിരുന്ന ഇന്നലെ മൂവരുടെയും ആരോഗ്യനില തീരെ വഷളായതായി ഇവരെ പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു പൊലീസ് സമരപന്തലില്‍ എത്തി ഗോമതിയേയും രാജേശ്വരിയേയും കൗസല്യയേയും ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ തങ്ങള്‍ക്കു ചികിത്സ വേണ്ടെന്നു വാശിപിടിച്ച കൗസല്യയേയും ഗോമതിയേയും സമരം തുടരാന്‍ അനുവദിച്ച പൊലീസ് രാജേശ്വരിയെ അടിമാലി ആശുപത്രിയിലേക്കു മാറ്റി. പക്ഷേ ഉച്ച കഴിഞ്ഞു പൊലീസ് വീണ്ടും സമരപന്തലില്‍ എത്തി ഗോമതിയേയും കൗസല്യയേയും കൂടി ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമം നടത്തി. ഇതിനെതിരേ ഇരുവരും ശക്തമായി പ്രതിരോധിച്ചു. ഈ സമയം സമരപന്തലില്‍ ഉണ്ടായിരുന്ന ആം ആദ്മി, കോണ്‍ഗ്രസ് നേതാക്കളും ഗോമതിക്കും കൗസല്യയ്ക്കും പിന്തുണയുമായി പൊലീസിന്റെ നീക്കത്തിനെതിരേ പ്രതിഷേധിച്ചു. ഒടുവില്‍ വളരെ ബുദ്ധിമുട്ടി ഗോമതിയേയും കൗസല്യയേയും പൊലീസ് ആംബുലന്‍സിലേക്ക് കയറ്റി. ഇവരുമായി പോയ ആംബുലന്‍സ് അടിമാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതും ചെറിയതോതിലുള്ള സംഘര്‍ഷത്തിനു കാരണമായി. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആശുപത്രിയില്‍ എത്തിയ ഗോമതി ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ചെങ്കിലും രാജേശ്വരിക്കും കൗസല്യക്കും പ്രാഥമിക ചികിത്സകള്‍ നല്‍കി.ഇതിനുശേഷമാണ് മൂവരും കെഎസ്ആര്‍ടിസി ബസ് കയറി തിരികെ മൂന്നാറിലേക്ക് പോരുകയും സത്യാഗ്രഹം തുടരുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍