UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടലാസ് പെന്‍സിലുകളും കൊല്ലവും; ഒരു ആത്മഹത്യ കുറിപ്പ്

വി ഉണ്ണികൃഷ്ണന്‍

പരവൂര്‍ വെടിക്കെട്ട് വാര്‍ത്ത പരക്കുന്നതിനിടെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒരു മരണം കൂടി കൊല്ലത്തുണ്ടായി, കേരളപുരം സ്വദേശിയും പെന്‍സില്‍ സ്ലാട്ട് യൂണിറ്റ് ഉടമ പ്രകാശിന്റെ. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത മൂലമായിരുന്നു അയാള്‍ ആത്മഹത്യ ചെയ്തത്. ഓരോ ദിവസവും  ചരമക്കോളത്തിലെ പുതിയ ആത്മഹത്യാവാര്‍ത്തകള്‍ നിര്‍വ്വികാരതയോടെ വായിച്ചു തള്ളുന്ന മലയാളികളും രാഷ്ട്രീയക്കാരും അതേക്കുറിച്ച് അന്വേഷിക്കാനും മെനക്കെട്ടില്ല. പറവൂര്‍ ദുരന്തത്തിന് കാരണം ക്ഷേത്ര ഭാരവാഹികളാണെങ്കില്‍ പ്രകാശിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണെന്ന് തന്നെ പറയേണ്ടി വരും.

പെന്‍സില്‍ സ്ലാട്ടും കൊല്ലവുമായുള്ള ബന്ധം എന്തെന്ന് ആര്‍ക്കും പെട്ടന്നു മനസ്സിലാവണം എന്നില്ല. ഇവരില്‍ ഒരാളുടെ മരണത്തിന് സര്‍ക്കാര്‍ എങ്ങനെ കാരണക്കാരാകും എന്നും. അത് അറിയുന്നതിനു മുന്‍പ് മള്‍ട്ടി നാഷണല്‍ കമ്പനികളും കൊല്ലവും തമ്മിലുള്ള കണക്ഷനെക്കുറിച്ച് ഒരു ചെറു കുറിപ്പ്.

അപ്സരയ്ക്കും, ഡോംസിനും, നടരാജ് പെന്‍സിലിനും ചുറ്റുമുള്ള തടി കൊണ്ടുള്ള ആവരണം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. നമ്മളില്‍ പലരും കുട്ടിക്കാലത്തും ഇപ്പോഴും ഷാര്‍പ്പ്നര്‍ ഉപയോഗിച്ച് പൂവിന്റെ ആകൃതിയില്‍ പെന്‍സില്‍ വെട്ടിയിട്ടും ഉണ്ടാവും. പൂവായി വിരിയുന്ന ആ തടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തുന്നത് കൊല്ലത്തു നിന്നുമാണ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും തയ്യാറാക്കിയ പെന്‍സില്‍ സ്ലാട്ടുകള്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ടെങ്കിലും നിലവാരത്തില്‍ മുന്‍പന്തിയില്‍ കേരളത്തില്‍ നിന്നുള്ളതാണ് എന്ന് ഈ മേഖലയിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വന്‍കിട പെന്‍സില്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് ലിമിറ്റഡിനു കീഴിലുള്ള പല ബ്രാന്‍ഡ്‌ പെന്‍സിലുകള്‍ക്കും ഗ്രിപ്പ് നല്‍കുന്നത് കൊല്ലത്തു നിന്നുള്ള തടിയാണ്. 5.5 മില്ലിമീറ്റര്‍ കനത്തിലും യഥാക്രമം 77, 186 മില്ലി മീറ്റര്‍ വീതിയും നീളവും ഉള്ള ഒരു തടിക്കഷ്ണമാണ് സ്ലാട്ട്.  കൊല്ലത്ത് ഇതിന്റെ യൂണിറ്റ് നടത്തുന്നവര്‍ അറിയപ്പെടുന്നത് സ്ലാട്ട് കമ്പനിക്കാര്‍ എന്നും. സ്ലാട്ട് കമ്പനിയുടെ പ്രവര്‍ത്തനം ഇങ്ങനെയാണ്

വട്ടത്തടിയില്‍ നിന്നും സ്ലാട്ടിലേക്ക്

മരം മുറിച്ചു കൊണ്ടുവന്നാല്‍ ആദ്യം ചെയ്യുക തൊലി കളഞ്ഞ് ചെറിയ ബ്ലോക്കുകള്‍ ആക്കി മാറ്റുക എന്നതാണ്. നിശ്ചിത അളവില്‍ ഹോളോബ്രിക്സിനു സമാനമായ വലിപ്പത്തില്‍ മുറിച്ചെടുക്കുന്ന തടി പിന്നീട് പന്ത്രണ്ടോളം സ്ലാട്ടുകള്‍ ആയി മാറും. തുടര്‍ന്ന് സ്ലാട്ട് വെയിലില്‍ ഉണക്കിയെടുക്കും. ഒടിവ് വരാതിരിക്കാനും എളുപ്പത്തില്‍ ഉണങ്ങുന്നതിനും വൃത്താകൃതിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വച്ചാണ് സ്ലാട്ട് ഉണക്കുക.തുടര്‍ന്ന് ക്വാളിറ്റിക്കനുസരിച്ചുള്ള തരം തിരിക്കല്‍ നടക്കും.

സ്ലാട്ടിനെ കെമിക്കല്‍ പ്രോസസ്സിലൂടെ സ്മൂത്ത്‌ ആക്കിയാണ് പെന്‍സിലിനു വേണ്ടി ഉപയോഗിക്കുക. രണ്ടു സ്ലാട്ടില്‍ നിന്നും 9 പെന്‍സില്‍ ഉണ്ടാക്കാന്‍ കഴിയും. 

1984ല്‍ ആണ് കൊല്ലത്ത് പെന്‍സില്‍ സ്ലാട്ട് ബിസിനസ് ആരംഭിച്ചത് എന്ന് തുടക്കം മുതല്‍ ഈ രംഗത്ത് നില്‍ക്കുന്ന അശോകന്‍ എന്ന തടി മില്ലുടമ പറയുന്നു. കൊല്ലം മുഖത്തല ഡീസന്റ് ജംഗ്ഷന് സമീപമാണ് അശോകന്റെ ഷിനു ഇന്‍ഡസ്ട്രീസ്.

‘വെങ്കട്ട, ഇലവ് മരങ്ങളുടെ തടിയായിരുന്നു ആദ്യം സ്ലാട്ടിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അന്ന് അതൊക്കെ അവൈലബിള്‍ ആയിരുന്നു. ഇപ്പോള്‍ വട്ടയുടേതാണ് കൂടുതലും എടുക്കുക. അച്ചന്‍കോവില്‍, തെന്മല, റാന്നി, കോന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നാണ് തടി എത്തിക്കുക. അക്കാലത്ത് കമ്പനി നേരിട്ടു വന്നാണ് ഓര്‍ഡര്‍ തരിക. 38 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ടായിരുന്നു’– അശോകന്‍ ഓര്‍ക്കുന്നു.

ഇനി നേരത്തേ പറഞ്ഞ ആത്മഹത്യയിലേക്ക് വരാം.

വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ഉയരങ്ങളില്‍ നിന്നും പെന്‍സില്‍ കമ്പനികള്‍ ഇവരെ കടങ്ങളുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിട്ടു കാലമേറെയായി. ബാധ്യതകള്‍ തീര്‍ക്കാനും ബിസിനസ് നിലനിര്‍ത്താനും ആവശ്യമായ തുകയ്ക്കായി നെട്ടോട്ടമോടുകയാണ് ഇവര്‍.

ഒന്നുകില്‍ ജപ്തി അല്ലെങ്കില്‍ ആത്മഹത്യ

1995ന് മുന്‍പുള്ള സമയം ഇവരുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. കമ്പനി പ്രതിനിധികള്‍ കാണാന്‍ എത്തുമായിരുന്നു. ഓരോ ലോഡിന്‍റെയും കണക്കുകള്‍, വിലയില്‍ വന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ ചര്‍ച്ച ചെയ്ത് വ്യാപാരബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിച്ച ശേഷമാവും പ്രതിനിധി തിരികെ പോവുക. എന്നാല്‍ 1995ല്‍ ഇറക്കുമതി നിയമത്തില്‍ ഭേദഗതി വന്നതോടെ മുഴങ്ങിയത് കൊല്ലത്തെ പെന്‍സില്‍ സ്ലാട്ട് കയറ്റുമതിയുടെ മരണമണിയായിരുന്നു. അന്നത്തെ ഭേദഗതിയോടെ ബെല്‍ജിയത്തില്‍ നിന്നും ചൈനയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് പെന്‍സില്‍ സ്ലാട്ടുകള്‍ ഇന്ത്യയിലെത്താന്‍ തുടങ്ങി.

എന്നാല്‍ കൊല്ലത്തു നിന്നും കയറ്റുമതി ചെയ്യുന്ന സ്ലാട്ടുകളെക്കാള്‍ നിലവാരം ഏറെ കുറഞ്ഞതാണ് ഇറക്കുമതി ചെയ്യുന്നവ എന്ന് അശോകന്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ നിന്നുമുള്ള സ്ലാട്ട് വളരെ ചെറിയ സമയം കൊണ്ട് പ്രോസസ് ചെയ്തെടുക്കാന്‍ സാധിക്കും. കൂടാതെ പോളിഷ് ചെയ്തെടുക്കുമ്പോള്‍ ഉണ്ടാവുന്ന പെര്‍ഫെക്ഷന്‍ മറ്റുള്ളവയ്ക്ക് ലഭിക്കുന്നുമില്ല എന്നും അശോകന്‍ വ്യക്തമാക്കുന്നു.  ഇതിനായി അവിടെ നിന്നുള്ള സ്ലാട്ടുകള്‍ അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ വിലയിലുള്ള വ്യത്യാസം കാരണം പെന്‍സില്‍ കമ്പനികള്‍ ഇവരെ തഴയുകയാണ്. കൊല്ലത്തുള്ള യൂണിറ്റുകളുടെ എണ്ണം വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്‌.

ഒരു ലോഡില്‍ 300 ബാഗുകള്‍ ആണ് കയറ്റി അയക്കുക. അങ്ങനെയുള്ള ഒരു ലോഡില്‍ നിന്നും കമ്പനികള്‍ക്ക് 135000 പെന്‍സില്‍ ഉണ്ടാക്കാന്‍ സാധിക്കും. നിര്‍മ്മാണ ചെലവ് ഒരു രൂപ 70 പൈസ ആവുന്നുവെന്ന് കണക്കാക്കുകയാണെങ്കില്‍ 1000 പെന്‍സിലുകള്‍ക്ക് 1700 രൂപ. എന്നാല്‍ വില്‍ക്കുന്നത് മൂന്നര രൂപ മുതല്‍ മുകളിലോട്ടും. ലെഡ് മാറുന്നതിനും വുഡ് ക്വാളിറ്റി മാറുന്നതിനും അനുസരിച്ച് റേറ്റ് കൂടും. അങ്ങനെ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ സാധ്യതകള്‍ ഏറെ. പക്ഷേ പെന്‍സില്‍ സ്ലാട്ട് കമ്പനികള്‍ക്ക് നല്‍കുന്ന കൊല്ലത്തെ ചെറുകിട വ്യവസായികള്‍ ഇന്നും  കടത്തിന്‍റെ നടുവിലും.

2012ല്‍ ഉണ്ടായിരുന്ന റേറ്റ് തന്നെയാണ് നാലുവര്‍ഷമായി തുടരുന്നത്. വിലയില്‍ മാറ്റം വരാത്തതിനെക്കുറിച്ച് അന്വേഷിച്ചാല്‍ ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ അയച്ചാല്‍ മതി, കൊള്ളാമെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍  മാത്രം പണം തരാം’ എന്നാണ് കമ്പനികളുടെ മറുപടി. ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് അടക്കമുള്ള വന്‍കിട കമ്പനികളാണ് ഈ നിലപാട് എടുക്കുന്നതിലൂടെ ഒരു വ്യവസായ മേഖലയെത്തന്നെ തകര്‍ക്കുന്നത്.

ഇവിടം കൊണ്ടും തീരുന്നില്ല പ്രശ്നങ്ങള്‍. പെന്‍സില്‍ സ്ലാട്ട് രൂപത്തില്‍ തടി എത്തുന്നത് വരെയുള്ള ചിലവ് കണക്കുകൂട്ടുകയാണെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ വച്ച് ഇതൊരു നഷ്ടക്കച്ചവടം തന്നെയെന്ന് സ്ലാട്ട് കമ്പനി ഉടമകള്‍ പറയുന്നു. ഓരോ ഘട്ടത്തിലും പണിക്കാര്‍ക്ക് നല്‍കേണ്ട കൂലി, മരത്തിന്റെ വില എന്നിവ മുഴുവന്‍ കൈയ്യില്‍ നിന്നും പോയിക്കഴിയുമ്പോള്‍ പിന്നെ ബാക്കിയുണ്ടാവുക വളെരെ തുച്ഛമായ തുക. ഒരു ലോഡ് കയറ്റിയയയ്ക്കുമ്പോള്‍ ലഭിക്കുന്നത് നാലു ലക്ഷം രൂപയാണ് എന്ന് അശോകന്‍ പറയുന്നു. മിച്ചം പിടിക്കല്‍ എന്നത് പലപ്പോഴും അസാധ്യമായ ഒന്നാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പെന്‍സില്‍ സ്ലാട്ട് ക്വാളിറ്റി അനുസരിച്ച് വേര്‍തിരിച്ചതിനു ശേഷമുള്ള വേസ്റ്റ് വുഡ് വാങ്ങാന്‍ തമിഴ്നാട്ടില്‍ നിന്ന് പോലും  ആളെത്തുമായിരുന്നു. ചെറിയ വരുമാനം അതില്‍ നിന്നും ലഭിക്കുന്നുണ്ടായിരുന്നു ഇവര്‍ക്ക്. എന്നാല്‍ ഇന്ന്  ആരും വാങ്ങാനില്ലാതെ കൂടിക്കിടക്കുകയാണ് വേസ്റ്റ് വുഡ്.  

‘ഇപ്പോള്‍ മരം മുറിക്കുന്നതിനു റേറ്റ് കൂടുതലാണ്. തൊലി കളയുന്ന തൊഴിലാളികള്‍ മുതല്‍ സ്ലാട്ട് തരം തിരിക്കുന്ന വനിതകള്‍ക്ക് വരെ വരുമാനം നല്‍കിക്കഴിഞ്ഞാലും അടുത്ത ചെലവ് പിറകേ വരും, ടാക്സിന്റെ രൂപത്തില്‍. ഓരോ മാസവും കിട്ടുന്നതിന്റെ ഇരട്ടി അടയ്ക്കണം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍  സെയില്‍സ് ടാക്സുകാര്‍ കേറി വരും. അവര്‍ക്കും കൊടുക്കണം ചില്ലറ. ഇതെല്ലാം കൂടി കഴിഞ്ഞാല്‍ അടുത്ത മാസത്തേക്കുള്ള മരം ഒപ്പിക്കണം. അതിനു വല്ലയിടത്തു നിന്നും മറിച്ചും തിരിച്ചുമൊക്കെയാണ് തുക കണ്ടെത്തുക. ലാഭമില്ലെങ്കിലും കടമില്ലാതെയിരുന്നാല്‍ അതുമതി. കമ്പനികള്‍ ഒരുതരത്തില്‍ അടുക്കുന്നുമില്ല. അവര്‍ക്ക് ബെല്‍ജിയം, ചൈന സാധനങ്ങള്‍ എളുപ്പം കിട്ടും. ആവശ്യത്തിനു സ്റ്റോക്കുമുണ്ട്. നേരത്തെ ടാര്‍ഗറ്റ് ബേസിസില്‍ ആയിരുന്നു സ്ലാട്ട് അയച്ചിരുന്നത്. കൂടുതല്‍ അയക്കുന്ന യൂണിറ്റുകള്‍ക്ക് കമ്പനി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു. ഇപ്പോള്‍ അയക്കുന്ന ലോഡില്‍ തന്നെ നല്ലൊരു ശതമാനം അവര്‍ ഡാമേജ് ആണെന്നും പറഞ്ഞു തള്ളും. ബാക്കിയുള്ളതിന്റെ വിലയേ കിട്ടൂ. ഒരു സമയത്ത് 150നു മേല്‍ ലോഡുകള്‍ അയച്ചിരുന്ന ആളാണ് ഞാന്‍. ഇന്ന് മാസത്തില്‍ ഒന്നോ മൂന്നോ ഒക്കെയാണ്’- അശോകന്‍ വിശദീകരിച്ചു.

അശോകന്റെ തടിമില്ലില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരെയാണ് ഷാജിയുടെ കരുവാ ഇന്‍ഡസ്ട്രീസ്. ഇപ്പോള്‍ കൊല്ലത്തുള്ള സ്ലാട്ട് യൂണിറ്റുകളില്‍ രണ്ട് എണ്ണം ഷാജിയുടെതാണ്. ‘വര്‍ഷങ്ങള്‍ക്കു മുന്പ് 400 ന് മുകളില്‍ യൂണിറ്റുകള്‍ ഉണ്ടായിരുന്നത് ഇന്ന് കഷ്ടി 30 എണ്ണം ആയി ചുരുങ്ങി. അവരിപ്പോ ഞങ്ങളെ ഒരു സ്റ്റെപ്പിനി പോലെ ഉപയോഗിക്കുന്നു എന്നേയുള്ളൂ. എപ്പോഴെങ്കിലും ഇറക്കുമതിയില്‍ പ്രശ്നമുണ്ടായാല്‍ ഞങ്ങളുടെ സ്ലാട്ടുകള്‍ ഉപയോഗിക്കാമല്ലോ’- ഷാജി പറയുന്നു.

‘ഞാന്‍ ഈ ബിസിനസിലോട്ടു വന്നിട്ട്  9 വര്‍ഷമായി. മറ്റുള്ള തടി എടുത്ത് വില്‍ക്കുന്നതിലും തടിമില്ലുള്ളതിനാലും ആണ് ഇപ്പോഴും അല്‍പ്പമെങ്കിലും പിടിച്ചു നില്ക്കാന്‍ പറ്റുന്നത്. എന്നോടൊപ്പം ബിസിനസ് തുടങ്ങിയ പലരും പിന്‍വാങ്ങി. കമ്പനികള്‍ ചതിച്ചതോടെ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണ്‌. ഞാനും അധികം താമസിയാതെ തന്നെ ഇത് നിര്‍ത്തും. എന്നെപ്പോലെ സ്ലാട്ട് കയറ്റുമതി ചെയ്തിരുന്ന പ്രകാശാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്. മറ്റു പലരും ജപ്തിയുടെ വക്കില്‍. ആരെ കണ്ടിട്ടും ഒരു ഫലവുമുണ്ടായില്ല. ഈ മേഖലയില്‍ നില്‍ക്കുന്നവരുടെ എണ്ണം എടുത്താല്‍ ആകെ കുറച്ചു പേരല്ലേയുള്ളൂ. അവരില്‍ നിന്നും കാര്യമായ ലാഭം ഉണ്ടാവാന്‍ സാധ്യതയില്ല എന്നുള്ള കണക്കുകൂട്ടലില്‍ ആവും അത്. ഇന്ന് ഒരാളുടെ ആത്മഹത്യ, ഇനി അടുത്തത് ആരാവും എന്ന് കണ്ടറിയാം– ഷാജി തങ്ങള്‍ നേരിടുന്ന വെല്ലുവിളി  ചൂണ്ടിക്കാട്ടുന്നു.

ഇവിടെത്തന്നെയുള്ള ശ്രീലേഖ സാമില്‍ ഇപ്പോള്‍ അടയ്ക്കാനും തുറക്കാനും പറ്റാത്ത അവസ്ഥയാണ്‌. 50 ലക്ഷം രൂപയുടെ കടത്തിലാണ് അതിന്റെ ഉടമ. തുറന്നാല്‍ കൂടുതല്‍ ബാധ്യത, അടച്ചാല്‍ നിലവില്‍ ഉള്ള ബാധ്യത തീര്‍ക്കാനുള്ള പ്രയാസം. അശോകനേയും ഷാജിയും പോലെയുള്ളവര്‍ സ്ലാട്ട് വിപണനത്തിലെത്തുന്നതിനു മുന്‍പ് കൊല്ലം ജെറോം നഗറിനു പിന്നില്‍ ഉണ്ടായിരുന്ന  പെന്‍സില്‍ ഫാക്ടറി പൂട്ടിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി. അതിന്റെ ഉടമ എവിടെയാണ് എന്നുപോലും ആര്‍ക്കും അറിയില്ല. 

മേല്‍പ്പറഞ്ഞതുപോലെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ ആരും മെനക്കെടാറില്ല എന്നത് തന്നെയാണ് സത്യം. ഓരോ ഇലക്ഷന്‍ വരുമ്പോഴും പിരിവിനായി ഒരു കെട്ടു രസീതിയുമായി എല്ലാ പാര്‍ട്ടിക്കാരും ഇവരെ സമീപിക്കും. അതിന് ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല. എന്നാല്‍ പ്രശ്നപരിഹാരത്തിനായി സമീപിച്ചാല്‍ ‘അതങ്ങ് കേന്ദ്രസര്‍ക്കാര്‍ അല്ലേ തീരുമാനിക്കുന്നത്‌, നമ്മള്‍ വിചാരിച്ചാല്‍ എന്തു സംഭവിക്കാനാ’ എന്നാണ് പ്രതികരണം എന്ന് സ്ലാട്ട് കമ്പനി ഉടമകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അടക്കം സംസ്ഥാനത്തെ പ്രമുഖരെ പലരെയും ഇവര്‍ സമീപിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായതുമില്ല. പ്രത്യേകിച്ച് മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലെങ്കിലും സ്ഥാനാര്‍ഥികളോട് തങ്ങളുടെ വിഷമതകള്‍ മാറ്റിയാലേ വോട്ടുള്ളൂ എന്ന നിബന്ധന വയ്ക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.   

കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ മറ്റുരാജ്യങ്ങളില്‍ നിന്നും ഇറക്കുമതിയിലെ തടസ്സങ്ങള്‍ നീങ്ങിയതോടെ കമ്പനികള്‍ക്ക് ഇവരെ അവഗണിച്ചാലും കുഴപ്പമില്ല എന്നുള്ള അവസ്ഥയായി. പല തവണ  കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിട്ടും അനുകൂലമായ തീരുമാനം എവിടെ നിന്നും  ഉണ്ടായതുമില്ല.

ഇന്നും കൊല്ലം അറിയപ്പെടുന്നത് കശുവണ്ടി കയറ്റുമതി മേഖലയുടെ പേരിലാണ്. എന്നാല്‍ ജില്ലയുടെ അടിത്തട്ടിലേക്ക് ഇറങ്ങിയാല്‍ അറിയാം അതിന്റെ സത്യാവസ്ഥ. കൊല്ലത്തിന്റെ കശുവണ്ടി മേഖല ഇന്ന് ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പല ഫാക്ടറികളും  പൂട്ടി, തൊഴിലാളികള്‍ മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. ആ പട്ടികയില്‍ അടുത്തതായി എത്താന്‍ പോകുന്നത് പെന്‍സില്‍ സ്ലാട്ട് കയറ്റുമതി മേഖലയാണ്. ചിലപ്പോള്‍ ഒരു പിടി ആത്മഹത്യകളുടെ അകമ്പടിയോടെ. പ്രകാശിന്റെത് അതിനൊരു തുടക്കവും.

കൂടുതല്‍ ചിത്രങ്ങള്‍

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍