UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസത്തിനെതിരെ മനുഷ്യര്‍ കൈകോര്‍ക്കുമ്പോള്‍

അഴിമുഖം പ്രതിനിധി

ഫാസിസത്തിനെതിരെ മനുഷ്യസംഗമം ഈ മാസം 19-നും 20-നും എറണാകുളം ടൌണ്‍ഹാളില്‍ വച്ച് നടക്കും. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും വര്‍ഗ്ഗീയ അക്രമങ്ങള്‍ക്കും എതിരെ വിപുലമായ പ്രതിഷേധപരിപാടികളാണ് പീപ്പിള്‍ എഗൈനിസ്റ്റ് ഫാസിസം എന്ന പ്ലാറ്റ്ഫോമിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. 40-ലധികം മതേതര സാമൂഹിക സംഘടനകള്‍ ഒത്തുചേര്‍ന്നാണ് ഈ പുതുപ്രതിഷേധമുറയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്‌. ഇത് കേരളത്തില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ കൂടി സംഗമമാണെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

ഫാസിസം അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിനാല്‍ സംഘടിതമായി പ്രതിരോധിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിലെ പ്രതിഷേധസമരങ്ങളുടെ രൂപത്തിലും ഭാവത്തിലും ഒതുങ്ങിനില്‍ക്കാതെ ഔട്ട്‌ ഓഫ് ദി ബോക്സ് ചിന്താഗതിയിലുള്ള സമരരീതികളാണ് മനുഷ്യസംഗമത്തിന്റെ പ്രത്യേകത. പാട്ട്, പറച്ചില്‍, വര, രുചി, നടത്തം, എല്ലാരും ആടണ് എന്നിങ്ങനെ പ്രതിഷേധ മുറകള്‍ നീളുന്നു.

‘തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയത് മുതല്‍ വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസംഗം വരെയുള്ള വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോഴുള്ളത്. ധബോല്‍ക്കറുടെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും അഖ് ലാഖിന്റെയും ഉയിരെടുത്തും ഗിരീഷ്‌ കര്‍ണ്ണാടിനെയും ഷാരൂഖ്-ആമിര്‍ ഖാന്മാരെയും കെഎസ് ഭഗവാനെയും ചേതന തീര്‍ത്ഥഹള്ളിയെയും ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിച്ചും അവര്‍ അഴിഞ്ഞാടുമ്പോള്‍ രാഷ്ട്രീയ നേതൃത്വം അതിനു മൌനാനുവാദം നല്‍കുകയാണ്. അതേസമയം പ്രഖ്യാപിതമായ ഈ ദേശരാഷ്ട്രത്തില്‍ നിന്ന് ആദിവാസികളും ദലിതരും മതന്യൂനപക്ഷങ്ങളും ഭിന്നലൈംഗികതയുള്ളവരും പാവപ്പെട്ടവരും പതിയെപ്പതിയെ പുറത്താക്കപ്പെടുകയുമാണ്‌ ‘- കൂട്ടായ്മയുടെ ചെയര്‍മാന്‍, ജോയിന്‍റ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഡോ. കെഎസ്. ഡേവിഡ്, എന്‍പി ജോണ്‍സണ്‍ എന്നിവര്‍ പറയുന്നു.

ആട്ടത്തെ ആയുധമാക്കുന്ന, എല്ലാരും ആടണ്‌ എന്ന പ്രതിഷേധമുറയാണ്‌ മനുഷ്യസംഗമത്തിന്റെ മറ്റൊരു ആകര്‍ഷണീയത. നടി റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് മനുഷ്യസംഗമവേദിയില്‍ എല്ലാരും ആടണ് എന്ന പേരില്‍ നൃത്തച്ചുവടുകള്‍ അവതരിപ്പിക്കുന്നത്. റിമയാണ് ഈ പ്രതിഷേധ ആട്ടത്തിനു നേതൃത്വം നല്‍കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ചുവടുകള്‍ പരിശീലിക്കാന്‍ വീഡിയോയും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം മൈഥിലി, ശ്രിന്ദ, മുത്തുമണി എന്നിവരും മനുഷ്യസംഗമവേദിയില്‍ ചുവടു വെക്കും. ഡിസംബര്‍ 16ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിനു പിന്‍വശത്തു വച്ച് പബ്ലിക് റിഹേഴ്സല്‍ ചെയ്യാനുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 

ബസിനു കല്ലെറിയലും ഹര്‍ത്താലും മാത്രമല്ല ഡാന്‍സും പ്രതികരണത്തിനും പ്രതിഷേധത്തിനും ഉചിതമായ കലാരൂപമായതിനാലാണ് എല്ലാരും ആടണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഏതുതരം പ്രതിഷേധത്തിനും പറ്റിയ കലാരൂപമാണ് ആട്ടം. ശരീരം മുഴുവന്‍ ഒരു പ്രതിഷേധത്തിന്റെ ഭാഗമാകുമല്ലോ. മുദ്രാവാക്യം മുഴക്കുമ്പോള്‍ കൈകള്‍ മാത്രമല്ലേ ചലിപ്പിക്കാനാകൂ. ഇതാകുമ്പോള്‍ ശരീരം മുഴുവന്‍ ഉപയോഗിച്ച് മുദ്രാവാക്യം അവതരിപ്പിക്കാനാകും. ഇനിയുള്ള സമരങ്ങളില്‍ എല്ലാരും ചേര്‍ന്ന് ആടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- റിമ പറയുന്നു.

19ന് വൈകിട്ട് രാജേന്ദ്ര മൈതാനത്ത് നിന്നും ഫ്രീഡം വോക്ക് ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന ഫ്രീഡം വോക്കില്‍ പങ്കെടുക്കുന്നവര്‍ ‘എല്ലാരും ആടണ്’ ചുവടുകള്‍ നിരത്തില്‍ അവതരിപ്പിക്കും. എല്ലാ ഭിന്നതകളോടും കൈകോര്‍ത്ത് നടക്കാം എന്നതാണ് ഫ്രീഡം വാക്ക് എന്നതിന്റെ ആശയം. ഹൈക്കോടതിക്ക് സമീപം ലാലന്‍ ടവറിലാണ് വാക്ക് അവസാനിക്കുക. കലാസാക്ഷിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ചലിക്കുന്ന ശില്പമടക്കം വിവിധ കലാരൂപങ്ങള്‍ ഫ്രീഡം വാക്കിനിടയില്‍ അവതരിപ്പിക്കും.

അസഹിഷ്ണുതയോടുള്ള പ്രതികരണമായി പത്മവിഭൂഷന്‍ തിരിച്ചുനല്കിയ പി.എം ഭാര്‍ഗവയാണ് മനുഷ്യസംഗമം ഉത്ഘാടനം ചെയുക. പോസ്കോ സമരനേതാവ് അഭയ് സാഹു, ജയലളിതക്കെതിരെ കലയിലൂടെ പ്രതികരിച്ച തമിഴ് നാടന്‍പാട്ട് കലാകാരന്‍ കോവന്‍, ആനന്ദ്, സച്ചിദാന്ദന്‍, വിപി സുഹ്റ, അഡ്വ കുലെശര്‍, കെഎം സലിം കുമാര്‍, ലീന മണിമേഖല, സി.കെ ജാനു, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍