UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യനെ ഫാഷിസത്തില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

Existence precedes essence. Man exists as a conscious being, and not in accordance with any definition, essence, generalizations or system”- Sartre

മനുഷ്യന്‍റെ അസ്തിത്വത്തിന്റെ സത്ത അടിസ്ഥാനപരമായി സ്വതന്ത്രമാണ്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ, ജാതി-മത-രാഷ്ട്ര സ്വത്വങ്ങളുടെ അടിസ്ഥാനത്തിലോ പൂര്‍ണമായി നിര്‍വചിക്കാന്‍ ആവാത്തതാണ്. എന്നാല്‍, പലപ്പോഴും അത്തരം സ്വത്വബോധങ്ങള്‍ മനുഷ്യാസ്തിത്വത്തെ തളച്ചിടാറുണ്ട്. സ്വത്വബോധങ്ങളില്‍ ഊന്നിയുള്ള തീവ്രവലതുപക്ഷ അധികാരശാസ്ത്രമായ ഫാഷിസം മനുഷ്യനെ ബന്ധിക്കുന്ന ഒന്നാണ്. അതില്‍ നിന്നൊക്കെ മനുഷ്യന്‍ എന്ന ആശയത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആണ് നവോത്ഥാനകാലഘട്ടത്തില്‍ ഉണ്ടായത്. ഫാഷിസത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കപെട്ട മനുഷ്യസംഗമവും അത്തരം ശ്രമങ്ങളുടെ അനിവാര്യതയെയാണ് അടിവരയിട്ടത്.

എന്താണ് ഫാഷിസം?
നരേന്ദ്ര മോദിയുടെ അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ മാധ്യമങ്ങളില്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പദപ്രയോഗങ്ങളാണ് ‘ഫാഷിസം’ ‘അസഹിഷ്ണുത’ ഒക്കെ. സ്ഥിരപ്രയോഗം മൂലം ചില പദങ്ങളുടെ മൂലമായ അര്‍ത്ഥം നാം മറന്നു പോവുകയും, ആയതിനാല്‍ വൃഥാവില്‍ അവ ഉപയോഗിക്കപ്പെടുകയും ചെയ്യാറുണ്ട്. ആയതിനാല്‍, ഫാഷിസ്റ്റു പ്രവണതകളെ കൃത്യമായി നിര്‍വചിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്,കൂടുതല്‍ സാര്‍ഥകമായ പോരാട്ടത്തിനു സഹായിക്കും. എന്തെന്നാല്‍, അസ്ഥാനത്തും അനവസരതിലുമുള്ള പ്രയോഗം, പ്രതിഷേധത്തിന്റെ മൂര്‍ച്ചകുറയ്ക്കും.

പ്രതിലോമകരമായ ഒരു അധികാര പ്രതിഭാസമാണ് ഫാഷിസം. 1920കളില്‍ ഇറ്റലിയില്‍ മുസ്സോളിനിയുടെ നാഷണല്‍ ഫാഷിസ്റ്റ്‌ പാര്‍ട്ടി വിജയകരമായി പരീക്ഷിച്ച, പിന്നീടു ജെര്‍മ്മനിയില്‍ ഹിറ്റ്ലര്‍ പ്രയോഗിച്ച അധികാരരീതി. ഇവരുടെ ദുഷ്ചെയ്തികള്‍ മൂലം, വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന ക്രൂരതയുടെ പര്യായമായി ലോകം ഫാഷിസത്തെ കാണാന്‍ തുടങ്ങി. ഇറ്റാലിയന്‍ എഴുത്തുകാരനായ ഉംബര്‍ട്ടോ ഏകോ(Umberto Eco) ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യനെ, സ്വതന്ത്രനും വിവേചനശേഷിയുമുള്ള ഒരു വ്യക്തിയായി അംഗീകരിക്കാതെ, അവനെ ജാതി-മതം-വംശം-ദേശം എന്നിങ്ങനെയുള്ള ഏതെങ്കിലും ഒരു സ്വത്വത്തില്‍ അധിഷ്ടിതമായ ഒരു കൂട്ടായ്മയുടെ(Collective) അംഗമായി മാത്രം കണ്ടുകൊണ്ട്, അത്തരം കൂട്ടായ്മയുടെ പ്രതിനിധിയായി അവതരിക്കുന്ന അധികാരരീതിയാണ് ഫാഷിസം. സംഘബലത്തിന്‍റെ ഈ രാഷ്ട്രീയം, രാഷ്ട്രത്തെ ദിവ്യത്വവും അപ്രമാദിത്തവുമുള്ള ശക്തിയായി പ്രതിഷ്ടിക്കുന്നു. തീവ്രമായ പാരമ്പര്യവാദം, ഭൂതകാല ആരാധന, ആധുനികതയുടെ നിരാസം- ഇവയൊക്കെ ഈ ചിന്താഗതിയുടെ മുഖമുദ്രകള്‍ ആണ്. കായികശേഷിയെ ആരാധിക്കുന്ന ഫാഷിസ്റ്റ്‌ മനോഭാവം, ചിന്തകരെയും കലാ-സാംസ്കാരിക പ്രവര്‍ത്തകരെയും അവമതിക്കുന്നു. സ്ത്രീകളെ പ്രസവിക്കാനും ശിശുപാലനത്തിനും മാത്രമുള്ള രണ്ടാംതരക്കാരായി കാണുന്നു. ഭിന്നതകളും വൈവിധ്യങ്ങളും എതിര്‍പ്പുകളും തുടച്ചുനീക്കി ഏകശിലാ രൂപത്തിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഫാഷിസത്തിന്റെ ലക്‌ഷ്യം. ഭൂരിപക്ഷത്തിന്റെ ഉപബോധത്തില്‍ നിന്നുള്ള സമ്മതിയോടെയാണ് ഇതൊക്കെ നടപ്പിലാക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. വികസനത്തിന്റെയും രാജ്യസുരക്ഷയുടെയും മറ്റും മോഹനവാഗ്ദാനങ്ങളിലൂടെ ഭൂരിപക്ഷത്തെ മാസ്മരികതയിലാക്കിയാണ് ഫാഷിസ്റ്റ്‌ ശക്തികള്‍ അധികാരം കൈയാളുന്നത്. ഏതെങ്കിലും അപരസ്വത്വത്തിലുള്ള ഒരുവനെ ശത്രുവായി സൃഷ്ടിച്ച്, അവന്‍റെ ആക്രമണത്തില്‍ നിന്നുള്ള ഏകരക്ഷ ഭരണകൂടമാണ്‌ എന്ന് പ്രഘോഷിച്ചു ഫാഷിസം ജനമനസ്സുകളില്‍ അധികാരം ശക്തിപ്പെടുത്തുന്നു.

ഇന്ത്യയില്‍ ഫാഷിസ്റ്റ്‌ ഭീക്ഷണി ഉണ്ടോ?
മേല്‍ പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സമൂഹത്തില്‍ ഫാഷിസ്റ്റ്‌ ഭീക്ഷണി ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 2014 മെയ് മാസത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചു അധികാരത്തിലെതിയത്തിനു ശേഷമാണ് ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ പ്രബലമായത്. കാരണം, അപകടകരവും പ്രതിലോമകരവുമായ നിരവധി ആശയങ്ങള്‍ വഹിക്കുന്ന രാഷ്ട്രീയ സ്വയം സേവ സംഘിന്റെ രാഷ്ട്രീയ ശ്രേണിയാണ് ബി.ജെ.പി എന്നതാണ്. രാഷ്ട്രത്തിന്റെ വികസനപുരുഷനായി അവതരിപ്പിക്കപ്പെട്ട നരേന്ദ്ര മോടിയാകട്ടെ കറകളഞ്ഞ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായിരുന്നു. ഫാഷിസ്റ്റ്‌-നാസി രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌, ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്‌ എന്ന് ചരിത്രത്തില്‍ നിന്ന് സ്പഷ്ടമാണ്. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കന്മാരായ ഹെഗ്ദോവാര്‍, ഗോള്‍വോള്‍കര്‍, സവര്‍കര്‍ മുതലായവരുടെ രചനകളില്‍ നിന്ന് ഇതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം വ്യക്തമാകുന്നുണ്ട്. ഹിന്ദു മതത്തെ ഒരു വംശമായി തെറ്റിദ്ധരിച്ചു, അതിന്‍റെ അടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിക്കുകയാണ് അത് ചെയ്യുന്നത്. ഭാരതീയന്‍ ആയിരിക്കുക എന്നത് ഹിന്ദു ആയിരിക്കുന്നതിനു സമം. ഭാരതത്തിന്റെ ശത്രുക്കളായി അപരന്മാരായ മുസ്ലിങ്ങളെയും, കൃസ്ത്യാനികളെയും, മാര്‍ക്സിസ്റ്റ്‌കാരെയും നിസ്സങ്കോചം അടയാളപ്പെടുത്തുന്നുണ്ട് അവരുടെ രചനകള്‍. അവര്‍ക്ക് ഭാരതത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഹിന്ദു സംസ്കാരം സ്വീകരിക്കണമെന്നും വെട്ടിത്തുറന്നു പറയുകയും ചെയ്യുന്നു. (“Our one supreme goal is to bring to life the all round glory and brightness of our Hindu Rashtra. Those only are Nationalists, Patriots, who with the aspiration to glorify the Hindu race and nation next to their heart are prompted into activity and strive to achieve the goal. All others are traitors and enemies to the nation. From the point, the non-Hindu people in Hindustan must adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no ideas but may stay in the Country wholly subordinated to the Hindu nation,claiming nothing,deserving no privileges, far less any preferential treatment- not even citizen’s rights- M.S Golwalkar, We: Our Nationhood Defined). നാനാവിധ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഹിന്ദുസംസ്കാരത്തിന്റെ ബഹുലതയെയും നിരാകരിക്കുന്ന ഈ ചിന്താഗതി, തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ബ്രാഹ്മണ്യത്തെയാണ്. ദളിത്‌-ഗോത്ര സ്വത്വങ്ങള്‍ക്കും അംഗീകാരം നല്‍കുന്നില്ല.(ഗോത്രസംസ്കാരങ്ങളെ സൂചിപ്പിക്കുന്ന ‘ആദിവാസി’ എന്ന പദം ആര്‍.എസ്.എസ് ശബ്ദകോശത്തിലില്ല എന്നതു ശ്രദ്ധേയം. പകരം ‘വനവാസി’ എന്നാണ് ഉപയോഗിക്കുക. അങ്ങനെ ഗോത്രങ്ങളുടെ പൈതൃകവും സംസ്കൃതിയും നിഷേധിക്കുന്നു)

തങ്ങളുടെ പ്രത്യയശാസ്ത്രത്തിനു ലഭിച്ച അംഗീകാരവും അത് നടപ്പിലാക്കാനുള്ള അവസരവുമായാണ് ബി.ജെ.പിയുടെ അധികാരലബ്ധിയെ ആര്‍.എസ്.എസ് കാണുന്നത്. ‘ഘര്‍ വാപസി’, ഗോവധതിന്റെ പേരില്‍ അരങ്ങേറിയ ആക്രമണങ്ങള്‍, ദളിത്‌-ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, സംവരണനയം പുനരവലോകനം ചെയ്യണമെന്ന ആഹ്വാനം, പ്രാചീന ഭാരതസംസ്കാരമായിരുന്നു ഏറ്റവും മികവുറ്റതെന്നും പല ആധുനികസാങ്കേതിക വിദ്യകളും അന്ന് ഉപയോഗത്തില്‍ ഉണ്ടായിരുന്നു എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍, സ്ത്രീകള്‍ പ്രസവയന്ത്രങ്ങളെ പോലെ പ്രവര്‍ത്തിച്ചു ഹിന്ദുജനസംഖ്യ കൂട്ടണമെന്ന ആഹ്വാനം, ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കുമെതിരെയുള്ള അസഹിഷ്ണുത, എതിര്‍പ്പ് പ്രകടിപ്പിക്കുനവരുടെ സ്ഥലം പാകിസ്താന്‍ ആണെന്ന മട്ടിലുള്ള പ്രതിവാദങ്ങള്‍- ഇവയൊക്കെ ആര്‍.എസ്.എസ് ഭരണയന്ത്രം ഉപയോഗിച്ച് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.

ഉംബര്‍ടോ ഏകോ (Umberto Eco) ഫാഷിസത്തിന്റെ ലക്ഷണങ്ങളായി അടയാളപ്പെടുത്തിയ പലതും ഇവിടെ പ്രത്യക്ഷമാകുന്നുണ്ട്. ഫാഷിസവും മുതലാളിത്തവും തമ്മില്‍ നല്ല ചങ്ങാത്തത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. കാരണം, ഫാഷിസ്റ്റ്‌ ശക്തികള്‍ക്കു തങ്ങളുടെ നയങ്ങള്‍ വ്യാപിപ്പിക്കാന്‍ മൂലധനം ആവശ്യമുള്ളതും, മുതലാളിത്തശക്തികള്‍ക്കു തങ്ങളുടെ ലാഭേച്ഛ നിറവേറ്റാന്‍ ഇതൊരു അവസരമൊരുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ ഒരു പാരസ്പര്യം ഉണ്ടാകുന്നു. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍, തൊഴില്‍-പരിസ്ഥിതി നിയമങ്ങള്‍ പലതും ലഘൂകരിക്കപ്പെട്ടിടുണ്ട്. അതുപോലെ ആദാനി-അംബാനിമാര്‍ക്ക് ലഭിക്കുന്ന വഴിവിട്ട സഹായങ്ങളും ഫാഷിസം മുതലാളിത്തത്തെ എത്ര മാത്രം പ്രീണിപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ്. ‘അച്ചേ ദിന്‍’ ‘സ്വഛ് ഭാരത്’ ‘സബ്കാ സാഥ് സബ് കെ വികാസ്’ ‘മന്‍ കീ ബാത്ത്’ മുതലായ ആകര്‍ഷകങ്ങള്‍ ആയ പദാവലികള്‍ ഉപയോഗിച്ച്, ജനങ്ങളെ മാസ്മരികതയില്‍ ആഴ്ത്തിയാണ് ഇവിടെ അധികാരം ദൃഢമാക്കപ്പെടുന്നത്. ഇതിന്റെ ഒക്കെ വെളിച്ചത്തില്‍ അവലോകനം ചെയ്യുമ്പോള്‍, കോര്‍പ്പറേറ്റുകളെ കൂട്ട് പിടിച്ചുള്ള ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ്‌ രൂപം ഇന്ത്യയില്‍ തലപൊക്കി തുടങ്ങി എന്ന് പറയാം.

ചെറുത്തുനില്‍പ്പിന്റെ ആവശ്യകത
ഫാഷിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയുള്ള സമരങ്ങള്‍ അനാവശ്യവും അതിശയോക്തി കലര്‍ന്നതുമാനെന്നുള്ള ഒരു മറുവാദം വലതുപക്ഷത്തുനിന്നുണ്ട്. ഏതാനും ചില കുബുദ്ധികള്‍ നടത്തുന്ന ഒറ്റപെട്ട പ്രസ്താവനകളും ആക്രമങ്ങളും പര്‍വതീകരിച്ച് അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും അതു വഴി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

തീവ്രഹിന്ദുത്വത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ നിലവില്‍ ഒരു നിരന്തര സംഭവമല്ല എന്നത് ശരി തന്നെ. പക്ഷെ അതുകൊണ്ട് അത്തരം പ്രതിഭാസം ഇവിടെ ഇല്ല എന്ന് വാദിക്കുന്നത് ശരിയായി വസ്തുതകളെ കാണാത്തത് കൊണ്ടാണ്. ഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികള്‍ പ്രധാനമായും ഒരു ആശയസംഘട്ടനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിലോമകരമായ നയങ്ങള്‍ നടപ്പിലാക്കുന്നതിനു വിലങ്ങുതടിയായിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ തന്നെയാണ്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സാമൂഹ്യനീതിയും മതനിരപേക്ഷതയും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആധാരശിലകളാണ്. ഇവയൊക്കെ നമ്മുടെ സമൂഹത്തിന്റെ പൊതുബോധത്തില്‍ ഉറച്ചുനില്‍ക്കുന്ന മൂല്യങ്ങളാണ് താനും. സോഷ്യലിസ്റ്റ്‌ മാനവിക വീക്ഷണങ്ങള്‍ ഉണ്ടായിരുന്ന നെഹ്‌റു അംബേദ്‌കര്‍ മുതലായ ലിബറല്‍ നേതാക്കന്മാര്‍ വിഭാവനം ചെയ്ത രീതിയിലാണ് നമ്മുടെ ഭരണഘടന രൂപകല്പന ചെയ്യപ്പെട്ടിട്ടുളത്. ഇതിനെയൊക്കെ നിരാകരിക്കാതെ ആര്‍.എസ്.എസ് സങ്കല്‍പത്തിലുള്ള ഹിന്ദുരാഷ്ട്ര നിര്‍മിതി സാധ്യമല്ല.

ലിബറല്‍ മാനവിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹത്തിന്റെ പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള ആശയസമരത്തിലാണ് ഹിന്ദുത്വശക്തികള്‍. നെഹ്രുവിന്റെ പൈതൃകത്തെ തേച്ചുമായ്ച്ചു കളയാനും അദ്ദേഹത്തിന്റെ സംഭാവനകളെ നിഷ്പ്രഭമാക്കാനും അവര്‍ ശ്രമിക്കുന്നതിനു അതിനാലാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമൂല്യമല്ല എന്ന തരത്തില്‍ രാജ്യത്തിന്റെ നിയമമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ ചര്‍ച്ചകളും അതിന്‍റെ ഭാഗമായാണ്. FTII, UGC, ICHR, സെന്‍സര്‍ ബോര്‍ഡ്‌, സാഹിത്യ അക്കാദമി, മുതലായ വിദ്യാഭാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങളുടെ ആളുകളെ പ്രതിഷ്ഠിച്ചു, ഹിന്ദുത്വആശയങ്ങള്‍ സമൂഹമധ്യത്തില്‍ കൂടുതല്‍ സ്വീകാര്യം ആക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഗാന്ധിഘാതകനു വേണ്ടി അമ്പലങ്ങള്‍ പണിതു അയാളെ ധീരരക്തസാക്ഷിയാക്കുന്നു. ചരിത്രത്തിന്‍റെ കാവിവത്കരണം നടത്തുന്നു. ബാബറും, ഔറംഗസേബും, ടിപ്പു സുല്‍ത്താനും ഹിന്ദുത്വത്തെ ആക്രമിച്ച മുസ്ലിം മൌലികവാദികളായി മാത്രം ചിത്രീകരിക്കപ്പെടുന്നു. മിഷണറിസ്ഥാപനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള സ്ഥലങ്ങള്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്നു. പാഠപുസ്തകങ്ങള്‍ തങ്ങള്‍ക്കു അനുയോജ്യമായ രീതിയില്‍ മാറ്റിഎഴുതുന്നു. 

പൂര്‍ണമായ മേധാവിത്വം (Hegemony) നേടാന്‍ അധികാരത്തിന്‍റെ ബലപ്രയോഗം മാത്രം പോര, ആശയപരമായ മേല്‍ക്കോയ്മയും വേണമെന്ന് ഗ്രാംഷി (Gramsci) നിരീക്ഷിച്ചിട്ടുണ്ട്. അത്തരം ആശയപരമായ മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വശക്തികള്‍. ഇത്രയും നാള്‍ തുടര്‍ന്നു കൊണ്ടുപോന്ന ന്യൂനപക്ഷസംരക്ഷണവും, ദളിത്‌-പട്ടികജാതി സംവരണവും, സോഷ്യലിസ്റ്റ്‌ നയങ്ങളുമാണ് ഭാരതം ഒരു ലോകശക്തിയാകതിരിക്കാന്‍ കാരണമെന്നും, സുദൃഢമായ ഒരു രാഷ്ട്രനിര്‍മ്മിതിക്ക് ഹിന്ദുത്വതത്വങ്ങള്‍ സ്വീകരിക്കണം എന്നും ഭൂരിപക്ഷത്തെ കൊണ്ട് ചിന്തിപ്പിക്കാനുള്ള ആശയസമരത്തിലാണ് അവര്‍ നിലവില്‍ മുഴുകിയിരിക്കുന്നത്. അതിനു കുറെയൊക്കെ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്. ഉദാഹരണത്തിന്, ദാദ്രി സംഭവത്തിനും കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനും ശേഷം അതിനെ അനുകൂലിക്കുന്ന തരത്തിലുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ നവമാധ്യമങ്ങളിലും മറ്റും സാധാരണക്കാരില്‍ നിന്ന് ഉണ്ടായത് ഞെട്ടിപ്പിക്കുന്നതാണ്.

അതിനാല്‍, പ്രകടമായ ഹിംസാത്മകത നിലവില്‍ ഇല്ല എന്നതുകൊണ്ട് മാത്രം ഇത്തരം സമരങ്ങള്‍ അപ്രസക്തമാകുന്നില്ല. ഫാഷിസ്റ്റ്‌ ശക്തികള്‍ എന്നും ക്രമേണയാണ് പൂര്‍ണമായ രൂപം കൈകൊള്ളുന്നത്‌. അതും ഭൂരിപക്ഷജന സമ്മതിയോട് കൂടെ തന്നെ. സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കാനുള്ള അവരുടെ ശ്രമങ്ങളെ തുടക്കത്തിലേ തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനെ ചെറുക്കേണ്ടത്, എല്ലാ സ്വത്വങ്ങള്‍ക്കും അതീതമായ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള ഉത്തരം ന്യൂനപക്ഷവര്‍ഗീയതയല്ല. അത് സമൂഹത്തെ കൂടുതല്‍ ശിഥിലമാക്കുകയും, ഫാഷിസ്റ്റ്‌ പ്രവണതകളെ ശക്തിപ്പെടുത്തുകയും ചെയ്യും. അതിനാല്‍, ഹിംസയുടെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സവര്‍ണഹിന്ദുത്വ ഫാഷിസ്റ്റ്‌ ശക്തികള്‍ക്കെതിരെ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ സര്‍ഗാത്മകതയിലൂടെയും കലയിലൂടെയും പ്രചരിപ്പിക്കുന്ന ഇത്തരം മനുഷ്യസംഗമങ്ങള്‍ ഉചിതവും പ്രസക്തവുമായ ഒരു സമരമുറ തന്നെ.

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍