UPDATES

അരുണ്‍ ജെയ്റ്റ്‌ലി: തുടക്കം മുതല്‍ മോദിയുടെ വിശ്വസ്തന്‍, തീവ്ര നിലപാടിലേക്കുള്ള ബിജെപിയുടെ പരിണാമത്തെ തന്ത്രപരമായി ആവിഷ്‌ക്കരിച്ച നേതാവ്

മോദിയെ തിരിച്ചറിഞ്ഞുവെന്നതാണ് ജയ്റ്റ്‌ലിയിലെ രാഷ്ട്രീയക്കാരന്റെ സാമര്‍ത്ഥ്യത്തിന്റെയും വിജയത്തിന്റെയും ഏറ്റവും വലിയ ഉദാഹരണം.

ബിജെപിയുടെ തലമുറ മാറ്റത്തെ നേരത്തെ തന്നെ ആവിഷ്‌ക്കരിച്ച നേതാവായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. പല മേഖലകളിലും നിലനിര്‍ത്തിയ വ്യക്തിബന്ധങ്ങളിലുടെയും തന്ത്രങ്ങളിലൂടെയുമാണ് അരുണ്‍ ജയ്റ്റ്‌ലി ആദ്യം ബിജെപിയുടെ ആദ്യ തലമുറ നേതാക്കളുടെയും പിന്നീട് മോദി – അമിത് ഷാ ദ്വന്ദ്വത്തിന്റെയും ഏറ്റവും വിശ്വസ്തനായി മാറിയത്. രാജ്യത്തെ എണ്ണം പറഞ്ഞ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളുമായിരുന്നു.

ലാഹോറില്‍നിന്ന് ഇന്ത്യയിലെത്തിയ കുടുംബമായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെത്. അടിയന്തരാവസ്ഥക്കാലത്ത് ഡ്ല്‍ഹി യുണിവേഴ്‌സിറ്റിയില്‍ എബിവിപിയുടെ നേതാവായി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് 19 മാസം ജയിലിലായതാണ് അരുണ്‍ ജയ്റ്റിലിയുടെ പൊതുജീവിതത്തില്‍ മാസ് പൊളിറ്റിക്സുമായി നേരിട്ട് ഇടപഴകിയ ഘട്ടം.

അടിയന്തരാവസ്ഥാ കാലത്തിന് ശേഷം ഡല്‍ഹി ലഫ്. ഗവര്‍ണറായിരുന്ന ജഗ്മോഹന്‍ ഇന്ത്യന്‍ എക്‌സപ്രസിന്റെ കെട്ടിടം തകര്‍ക്കാനുള്ള ശ്രമം തടഞ്ഞതിന് പിന്നില്‍ ജയ്റ്റ്‌ലി ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തെ രാംനാഥ് ഗോയങ്കയുടെ വിശ്വസ്തനാക്കി. അങ്ങനെ മാധ്യമങ്ങളുടെ പരിലാളനയും ജയ്റ്റ്‌ലിക്ക് തുടക്കം മുതല്‍ ലഭിച്ചു.

ഇതാണ് വി.പി സിംഗിന്റെ ശ്രദ്ധയിലേക്കും ജയ്റ്റ്ലിയെ എത്തിച്ചത്.  അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമാക്കി, വി.പി സിംഗ് അദ്ദേഹത്തിൻ്റെ കഴിവിന് അംഗീകാരം നൽകി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറാലായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. ഇക്കാലത്ത് അരുണ്‍ ഷൂരിയുടെയും വിശ്വാസ്തനായിരുന്നു. മോദി കാലത്ത് ധനമന്ത്രി മോഹമുണ്ടായിരുന്നു ഷൂരിക്ക് പാരയായത് ജയ്റ്റ്ലിയാണെന്നത് മറ്റൊരു കാര്യം.

ബോഫോഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വി.പി സിംഗിനെ അധികാരത്തിലെത്തിച്ച പ്രധാനപ്പെട്ട ഘടകം. സോളിസിറ്റര്‍ ജനറലായതിന് ശേഷം ബോഫോഴ്‌സ് അന്വേഷണത്തിലും നിര്‍ണായക പങ്ക് ജയ്റ്റ്ലി വഹിച്ചു. അന്ന് ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജയ്റ്റ്ലി ഉള്‍പ്പെട്ട മുന്നംഗ സംഘം സ്വീഡൻ സന്ദര്‍ശിച്ചു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടര്‍ ഭൂരെ ലാല്‍, സിബിഐ ഡയറക്ടര്‍ എം.കെ രാഘവന്‍ എന്നിവരായിരുന്നു സംഘത്തില്‍. എന്നാല്‍ അന്വേഷണത്തില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ ബോഫോഴ്‌സ് കേസ് വീണ്ടും ചര്‍ച്ച ആയിരുന്നു. ബോഫോഴ്‌സ് ഇടപാടില്‍ അഴിമതി നടന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി അന്നും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സ്വയം നടത്തിയ അന്വേഷണത്തില്‍ ബോധ്യമാകാത്ത കാര്യമാണ് ജയ്റ്റ്ലി ഉന്നയിക്കുന്നതെന്ന വിമര്‍ശനത്തിന് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയാതെ പോയതും ഇതുകൊണ്ടായിരുന്നു.

വി.പി സിംഗ് കാലഘട്ടത്തിന് ശേഷം പിന്നീടുള്ള കാലഘട്ടം മുഴുവന്‍ രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞ് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുകയായിരുന്നു ജയ്റ്റ്‌ലി ചെയ്തത്. ബിജെപിയുടെ അധികാര രാഷട്രീയ സമവാക്യങ്ങളില്‍ എപ്പോഴും അതിജിവിക്കുന്നവരുടെ കൂടെ നില്‍ക്കാനും അവര്‍ക്ക് ആവശ്യമായ തന്ത്രങ്ങള്‍ ഉപദേശിക്കാനും ജയ്റ്റ്‌ലിക്ക് കഴിഞ്ഞു. അത് അദ്ദേഹത്തെ സാധ്യമായിടത്തോളം വളര്‍ത്തി. മോദിയെ തിരിച്ചറിഞ്ഞുവെന്നതാണ് ജയ്റ്റ്‌ലിയിലെ രാഷ്ട്രീയക്കാരന്റെ സാമര്‍ത്ഥ്യത്തിന്റെയും വിജയത്തിന്റെയും ഏറ്റവും വലിയ ഉദാഹരണം.

ഗുജറാത്തിലെ ബിജെപിയില്‍ മോദിക്ക് വേണ്ടി നടന്ന അധികാര തര്‍ക്കത്തില്‍ പോലും ജയ്റ്റ്ലിയുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നാണ് നിരിക്ഷകര്‍ കരുതുന്നത്. കേശുഭായി പട്ടേലിനെതിരെ ഉണ്ടായ നീക്കങ്ങളും അതിന് ശേഷം അന്ന് അത്രയൊന്നും പ്രമുഖനാല്ലാതിരുന്ന നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കുന്നതിലും അരുണ്‍ ജയ്റ്റ്ലി വലിയ പങ്ക് വഹിച്ചു. അതുകൊണ്ട് തീര്‍ന്നില്ല. ഗുജറാത്തില്‍ 2002-ല്‍ നടന്ന വംശഹത്യക്ക് ശേഷമുള്ള കാലത്ത് മോദിയുടെ കൂടെ നിന്നുവെന്നതാണ് പിന്നീടുള്ള ജീവിതത്തില്‍ അരുണ്‍ ജയ്റ്റ്‌ലിക്ക് തുണയായത്. ജയ്റ്റ്‌ലി ആദ്യമായി രാജ്യസഭാംഗമാകുന്നതും ഗുജറാത്തില്‍നിന്നു തന്നെയാണ്. പിന്നീട് അതേ സഭയില്‍ പ്രതിപക്ഷ നേതാവും സഭാ നേതാവുമായി ജയ്റ്റ്‌ലി മാറി. മോദിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി പോലും ആലോചിച്ച ഘട്ടത്തില്‍, മോദിക്ക് പിന്നില്‍ നില്‍ക്കുകയും നേതാക്കളെ സ്വാധീനിച്ചും അധികാര മത്സരത്തില്‍ മോദിയെ നിലനിര്‍ത്തുന്നതിലും വലിയ പങ്ക് വഹിച്ചു.

ആപത്കാലത്ത് കൂടെ നിന്ന ജയ്‌റ്റ്ലിയെ എല്ലാ കാലത്തും മോദിയും വിശ്വസിച്ചു, പ്രോത്സാഹിപ്പിച്ചു. 2013 ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ തെരഞ്ഞെടുക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. അന്ന് അതിനെ എതിര്‍ത്ത എല്‍.കെ അദ്വാനി, സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ താത്പര്യങ്ങളെ മറികടക്കുന്നതില്‍ വലിയ പങ്കാണ് ജയ്റ്റ്ലി വഹിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കും ഏറ്റുമുട്ടല്‍ കൊലകള്‍ അടക്കമുള്ള കേസുകളില്‍ അമിത് ഷായ്ക്കും വേണ്ടി സുപ്രീം കോടതി നിയമയുദ്ധം നയിച്ചതിലും ജയ്‌റ്റ്ലിക്ക് വലിയ പങ്കുണ്ട്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഫലത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ജയ്റ്റ്‌ലി. ധനവകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തതിന് പുറമെ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ നാവായും അദ്ദേഹം വര്‍ത്തിച്ചു. റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങള്‍ തുടര തുടരെ പുറത്തുവന്നപ്പോള്‍ പ്രതിരോധത്തിനെത്തിയത് അരുണ്‍ ജയ്റ്റിലി ആയിരുന്നു.

രണ്ടാം തവണ മോദി അധികാരത്തിലെത്തിയപ്പോള്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ ജയ്റ്റ്‌ലി സ്വയം പിന്മാറുകയായിരുന്നു.

മോദിയുടെയും അമിത് ഷായുടെയും അതിതീവ്രമായ ആര്‍എസ്എസ് ശൈലിക്ക് സൗമ്യതയുടെയും മാന്യതയുടെയും ആവരണം അണിയിച്ച് അവതരിപ്പിച്ച് നിര്‍ത്തിയ നേതാവു കൂടിയാണ് കടന്നുപോകുന്നത്. ബിജെപി എന്ന സംഘടനയെ സംബന്ധിച്ച് ഒരു നേതാവിന്റെ തിരോധാനം നികത്താനാവാത്ത നഷ്ടമാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും, ഹിന്ദുത്വ നയങ്ങള്‍ തീവ്രതയോടെ ആവിഷ്‌ക്കരിക്കുന്ന ഘട്ടത്തില്‍ പൊതു സമൂഹത്തിന് മുന്നില്‍ അതിനെ ന്യായീകരിച്ച് അവതരിപ്പിക്കാന്‍ ശേഷിയുളള നേതാവിന്റെ നഷ്ടം സര്‍ക്കാരിനെ ബാധിക്കുക തന്നെ ചെയ്യും. ജയ്റ്റ്‌ലിയുടെ നഷ്ടം അത്തരം ഘട്ടങ്ങളിലാണ് മോദിയും സംഘവും കൂടുതല്‍ അനുഭവിക്കുക.

Also Read: അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍