UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

രാമരാജ്യം ഉണ്ടാക്കിക്കൊള്ളൂ; പക്ഷേ മിനിമം, മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കാമോ?

മായ ലീല

സത്യയുഗത്തില്‍ മനുഷ്യര്‍ക്ക് ഭൌതികമായ ആവശ്യങ്ങള്‍ കുറവായിരുന്നു എന്നും അവര്‍ അതിന്ദ്രീയ തലങ്ങളില്‍ വ്യാപരിച്ചിരുന്നു എന്നും യുഗങ്ങള്‍ മുന്നോട്ടു പോയതോടെ ആത്മീയത ക്ഷയിച്ച് ഭൌതികത അരങ്ങുവാഴാന്‍ തുടങ്ങിയെന്നും ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു. ഭാഷയ്ക്ക് ശബ്ദമാര്‍ഗ്ഗം ഉണ്ടായത് പോലും ആത്മീയത ഇല്ലാതായിടത്ത് നിന്നാണെന്നും അതില്‍ പറയുന്നുണ്ടായിരുന്നു. അതെന്തായാലും കലിയുഗമെന്ന ധാരണയ്ക്ക് ഏറ്റവും പറ്റിയ പേരാണ് കാപ്പിറ്റലിസ്റ്റ് യുഗം എന്നത്.

 

കമ്മ്യൂണിസത്തെ പറ്റിയുള്ള ഏത് ചര്‍ച്ചയിലും മനുഷ്യന് അടിസ്ഥാനമായി വേണ്ട ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, ജോലി എന്ന് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ചിലര്‍ പുച്ഛിക്കാറുണ്ട്; ഇപ്പോഴും ഇതൊക്കെ ഇല്ലാത്ത മനുഷ്യരുണ്ടോ എന്നാണവരുടെ ചോദ്യം! മധ്യവര്‍ഗ്ഗം എന്ന മായാപ്രപഞ്ചത്തില്‍ ആ ചോദ്യം ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ആവശ്യമുള്ളതൊക്കെ ഇഷ്ടം പോലെ ഉള്ളതും എന്നാല്‍ വേണം എന്ന് കരുതുന്നതെല്ലാം കിട്ടാത്തതുമായ മധ്യവര്‍ഗ്ഗ ലോകത്ത് നിന്ന് ഒരിക്കല്‍ പുറത്തിറങ്ങി നോക്കിയാല്‍ കാണാം നിങ്ങളുടെ ജീവിതം ആരുടെയൊക്കെ ജീവനുമേലാണ് പടച്ചു വച്ചിരിക്കുന്നതെന്ന്. മധ്യവര്‍ഗ്ഗത്തിന്റെ നാടകങ്ങള്‍ അസഹനീയമാണ്. എന്തിനും തത്വങ്ങളും ചര്‍ച്ചകളും വാഗ്വാദങ്ങളും കത്തിക്കുത്തും കൊലപാതകവും വരെ ഉണ്ട്. പക്ഷെ കഷ്ടപ്പെടുന്ന മനുഷ്യര്‍ ഇപ്പോഴും വിശന്നു ചാവുന്നു. നിങ്ങളുടെ വീടുകളില്‍ സ്ത്രീകള്‍ അടിമകളായി ജീവിച്ച് ചത്തൊടുങ്ങുന്നു. പുരുഷന്റെ ധാര്‍ഷ്ട്യത്തിനും അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതത്തിനും ഒരു മാറ്റവും ഇല്ല. കണക്കുകള്‍ നിരത്തി ശരാശരി എന്ന് വാദിക്കാനുള്ള അത്ര പോലും മാറ്റങ്ങള്‍ ഇല്ല.
കമ്മ്യൂണിസം പ്രസംഗിക്കുന്ന പുരുഷനും മുതലാളിത്തം പ്രായോഗികമാക്കുന്ന പുരുഷനും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല.

ഭൌതികയുടെ മേലുള്ള ആര്‍ത്തി വളര്‍ന്നു വളര്‍ന്ന് സഹജീവികളെ എങ്ങനെയും നരകിപ്പിച്ചും ലാഭമുണ്ടാക്കിയാല്‍ മതിയെന്ന അവസ്ഥയില്‍ എത്തിയിട്ട് ഇതിപ്പോ കാലം എത്രയായി? എന്നിട്ടും മാറ്റങ്ങളുടെ മന്ത്രജാലങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. ഉണ്ണാനും ഉറങ്ങാനും അതിലും പതിന്മടങ്ങ് സൌകര്യങ്ങളും ഉള്ളവര്‍ അന്തിച്ചര്‍ച്ചകള്‍ നടത്തി മതിയാക്കിയിട്ടില്ല; രാഷ്ട്രീയത്തെ കുറിച്ച്, രാഷ്ട്രത്തെ കുറിച്ച്, സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് ഒക്കെ. നാല്‍ക്കാലികളെ പോലെ പണിയെടുക്കുന്ന മനുഷ്യരുണ്ടല്ലോ, അവരോട് ഒന്ന് ചോദിക്കാമോ ആരെങ്കിലും, നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സമൂഹം എങ്ങനെ മാറണം എന്നാണ് കരുതുന്നതെന്ന്? പുരുഷ പ്രജയുടെ അടിമയായി കഴിയുന്ന പുണ്യജന്മ സ്ത്രീകളോട് ഒന്ന് ചോദിക്കാമോ, നിങ്ങളെ കുറ്റപ്പെടുത്താനും നിങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനും ഒരു സമൂഹം ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്നാണു കരുതുന്നതെന്ന്?

 

 

ഭരിക്കുന്നവരുടെ, അടിച്ചമര്‍ത്തുന്നവരുടെ തത്വങ്ങളും സിദ്ധാന്തങ്ങളും തീയിട്ടു ചുടേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പുതിയ തീവ്രവിഭ്രാന്തിയാണ് രാജ്യസ്‌നേഹവും മതസ്‌നേഹവും. ഇതേ രാജ്യത്ത് ജനിക്കുന്ന മനുഷ്യരുടെ കഷ്ടപ്പാട് കാണാതെ സ്വന്തം മനസ്സില്‍ കാളകൂടവിഷം നിറച്ച് കൊണ്ട് രാമരാജ്യം അസ്ഥികളിലും ശവശരീരങ്ങളിലും കെട്ടിപ്പൊക്കാന്‍ നില്‍ക്കുന്ന മനുഷ്യനും മൃഗവും അല്ലാത്ത ചിലര്‍. സ്വന്തം കാര്യം നേടാന്‍ ചതിക്കും വഞ്ചനയ്ക്കും ദൈവത്തെ കൂട്ടുപിടിച്ച് പരക്കം പായുന്ന തലമുറകള്‍ ഇങ്ങനെ വളരുന്നു. ഇതിനിടയില്‍ ഇതേ സമൂഹ വ്യവസ്ഥിതിയുടെ എച്ചില്‍ തിന്നിട്ടിരുന്ന്‍ ശാസ്ത്രത്തിന്റെയും യുക്തിയുടേയും സിദ്ധാന്തങ്ങള്‍ കൊണ്ട് പല്ലിട കുത്തുന്ന മധ്യവര്‍ഗ്ഗ കോമരങ്ങളും.

എങ്ങനെ മാറ്റം വരണം എന്നാണ് ആരെങ്കിലും കരുതുന്നത്? സ്വന്തം വിശ്വാസം എന്തുതന്നെയായാലും അത് മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കുക എന്നത് മാത്രമാണ് നടക്കുന്നത്. രാഷ്ട്രീയവിശ്വാസികളും മതവിശ്വാസികളും ഒരേതൂവല്‍ പക്ഷികളെ പോലെ ചിലയ്ക്കുന്നു. ആരാണ് ശരി എന്ന യുദ്ധം ഒന്ന് കഴിഞ്ഞു കിട്ടിയിട്ട് വേണോ ചൂഷണത്തിന് ഒരു അറുതി വരുത്താന്‍! സ്ത്രീകളെ തടവറയില്‍ എന്നപോലെ ഇട്ടുകൊണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ അവരുടെ ഗാര്‍മെന്റ് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് വായിക്കാന്‍ ഇടയായി. കണ്ണുനീരും ഗദ്ഗദങ്ങളും വിയര്‍പ്പും കഷ്ടതയും കൊണ്ട് തുന്നിവിടുന്ന കുപ്പായങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സെയില്‍സില്‍ കിട്ടി എന്ന് വീമ്പിളക്കി നിങ്ങളുടെ ശരീരത്തില്‍ പറ്റിച്ചേര്‍ത്ത് വയ്ക്കുമ്പോള്‍ നിങ്ങളുടെ മന:സാക്ഷിയ്ക്ക് യാതൊരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ ആത്മീയതയും ദൈവങ്ങളും കൂടെ ഉള്ളത് നന്നായിരിക്കും.

 

നിങ്ങളുടെ ജീവിതത്തെ വിപണി എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്ന് ഒന്ന് ചിന്തിക്കാമോ? നിങ്ങളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, രീതികള്‍, സ്വഭാവം ഇതിനെയൊക്കെ കണ്ണിലും ചെവിയിലും പെടുന്ന പരസ്യങ്ങള്‍ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് ചിന്തിക്കാമോ? ഒരു വസ്തു കടയില്‍ കയറി വാങ്ങുമ്പോള്‍ അതെവിടെനിന്ന്, എങ്ങനെ വന്നെന്നറിയാതെ നിങ്ങളെത്ര കോണ്‍ഫിഡന്റ് ആയിട്ടാണ് സ്വന്തം കുട്ടികള്‍ക്ക് പോലും ഓരോന്ന് വാങ്ങിക്കൊടുക്കുന്നത്. ഭക്ഷണവും മരുന്നും വസ്ത്രവും അങ്ങനെ എന്തെല്ലാം. പരസ്യങ്ങളില്‍ മധ്യവര്‍ഗ്ഗത്തിനുള്ള വിശ്വാസം ദൈവവിശ്വാസത്തെക്കാളും മുകളിലാണ്. പരസ്യമാണ് യഥാര്‍ത്ഥ ദൈവം, യാതൊരു ചോദ്യവുമില്ലാതെ കണ്ണുമടച്ചു വിശ്വസിക്കാന്‍ യോഗ്യതയുള്ള ദൈവം. ഇപ്പറഞ്ഞ ഫാക്ടറികളില്‍ നടക്കുന്ന ചൂഷണം നിങ്ങള്‍ കാരണമാണ്, നിങ്ങളുടെ ഉപഭോക്തൃ സംസ്‌കാരമാണ് ഇത്തരം ചൂഷണങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ ഭാഗമായ വെള്ളവും അതിന്റെ പ്രകൃത്യാലുള്ള ഉറവിടങ്ങളും പോലും നെസ്റ്റ് ലേ പോലുള്ള വമ്പന്മാര്‍ സ്വന്തമാക്കി വച്ചിട്ടുണ്ട്. തമ്പുരാന്റെ കുടുംബസ്വത്താണ് വെള്ളം. വായുവും സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങേണ്ടി വരുമെന്ന തമാശയുണ്ടല്ലോ, അതിലെ ഹ്യൂമര്‍ ഇല്ലാതാകാന്‍ ഒരുപാട് കാലം വേണ്ടി വരില്ല. തമ്മില്‍ത്തല്ലി ചാവാന്‍ നടക്കുന്നവരുടെ രാമരാജ്യം സ്വന്തം മനസ്സിലെങ്കിലും ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അന്താരാഷ്ട്ര ബ്രാന്‍ഡ് ഷൂസും ഷര്‍ട്ടും ജട്ടിയും ഇട്ട് കമ്മ്യൂണിസം പ്രസംഗിക്കാന്‍ നടക്കുന്നവനോട് സ്വന്തം ജീവിതത്തില്‍ എവിടെയാണ് മുതലാളിത്തവുമായി യുദ്ധം നടക്കുന്നത് എന്ന് കാണിച്ചു തരാന്‍ പറഞ്ഞാല്‍ തിരിച്ചെന്ത് കാണിച്ചു തരും എന്നത് വിധിപോലിരിക്കും.

 

 

എപ്പോഴത്തെയും പോലെ ചോദ്യങ്ങള്‍ മാത്രമാണുള്ളത്. വ്യവസ്ഥിതി മാറാന്‍ സമൂഹം മാറണം, സമൂഹം മാറാന്‍ വ്യക്തികള്‍ മാറണം. വ്യക്തികളെ സമൂഹം കണ്ടീഷന്‍ ചെയ്തു വളര്‍ത്തി വിടുന്നുണ്ട്. ദുഷിച്ച ഈ ചാക്രിക രീതി മാറാന്‍ വ്യക്തികള്‍ തന്നെ മാറേണ്ടി വരും. അടിവേരുകള്‍ പിഴുത് കളയാതെ ചൂഷണം ഒരിക്കലും മാഞ്ഞു പോവില്ല. ചൂഷണത്തെ ചൂഷണം കൊണ്ട് അടിച്ചമര്‍ത്തി വയ്ക്കാം എന്നൊരു ഓപ്ഷന്‍ മാത്രമാണ് ഇപ്പോഴും സമൂഹം അയവിറക്കുന്നത്. ചര്‍ച്ചകള്‍ നടക്കട്ടെ, ‘ഞാനാണ് ശരി’ എന്ന ലോക മഹായുദ്ധം നടക്കട്ടെ, പക്ഷേ ഒരു വലിയ വിഭാഗം മനുഷ്യരേയും മൃഗങ്ങളേയും പിന്നെ പ്രകൃതിയെ തന്നെയും ചൂഷണം ചെയ്യുന്നതിന് ചില്ലറ എറിഞ്ഞു കൊടുക്കാതിരിക്കാമോ? അത്രയെങ്കിലും ഉപകാരം ചെയ്യാമോ?

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍