UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവസ് നഷ്ടപ്പെട്ട മോദി ഭരണവും പുനര്‍ജീവനം കൊതിക്കാത്ത കോണ്‍ഗ്രസും

Avatar

ജിജി ജോണ്‍ തോമസ്

1989 മുതലുള്ള ഓരോ ലോക്‌സഭാ തെരെഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും ഈ മന്ത്രിസഭ കാലാവധി തികയ്ക്കുമോ എന്നായിരുന്നു ജനം ചോദിച്ചതെങ്കില്‍, ഇക്കഴിഞ്ഞ വര്‍ഷം മോദി അധികാരമേറ്റപ്പോള്‍ ആരുമത് ചോദിച്ചില്ല. ഏവരുടെയും ചോദ്യം കോണ്‍ഗ്രസ്സിനു തിരിച്ചു വരാനാകുമോ എന്നതായിരുന്നു. മോദി മന്ത്രിസഭ അനായാസേന കാലാവധി പൂര്‍ത്തിയാക്കുമെന്നും 2019-ല്‍ ബി.ജെ.പി. തുടര്‍ഭരണത്തിനുള്ള വിധി നേടുമെന്നും വരെ മിക്കവരും ഉറപ്പിച്ചു. ബിജെപി നേടിയ ആധികാരിക വിജയവും, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അര്‍ഹരാകാത്ത വിധം പിന്തള്ളപ്പെട്ടു എന്നതുമായിരുന്നു ഈ വിലയിരുത്തലുകള്‍ക്കൊക്കെ അടിസ്ഥാനം. എന്നാല്‍ അധികാരമേറ്റ് 20 മാസം പിന്നിടുമ്പോള്‍, ജനങ്ങള്‍ക്കു നല്‍കിയ പ്രതീക്ഷകളില്‍ നിന്നും കാതങ്ങള്‍ അകലെയാണ് നരേന്ദ്ര മോദിയുടെ പ്രകടനം.

കഠിനാദ്ധ്വാനം ചെയ്യുന്നതു കുറ്റമാണെങ്കില്‍ താനത് തുടര്‍ന്നും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ മുന്‍ പ്രധാനമന്ത്രിമാര്‍ ചെയ്തിട്ടില്ലാത്ത എന്തു കഠിനാദ്ധ്വാനമാണ് മോദി കൂടുതലായി ചെയ്യുന്നത്? യു.പി.എ. സര്‍ക്കാരിന്റെ ആസൂത്രണം ചെയ്ത മികച്ച പദ്ധതികളുടെ നേട്ടം അധികാരത്തിലിരുന്നു കൊയ്യുന്നു എന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നൂതനപദ്ധതിയും ഇക്കാലയളവില്‍ അവതരിക്കപ്പെട്ടിട്ടില്ല. വിദേശത്തെ കള്ളപ്പണം രാജ്യത്തേയ്ക്കു കോണ്‍ണ്ടുവന്ന് ഓരോ പൗരന്റേയും ബാങ്ക് അകൗണ്ടില്‍ 15 ലക്ഷം രൂപ വരുമെന്നു വാഗ്ദാനം നല്‍കിയ നരേന്ദ്ര മോദി, കോടികള്‍ തട്ടിച്ചു മുങ്ങിയ സാമ്പത്തിക കുറ്റവാളിയായ ലളിത് മോദിയെ വഴിവിട്ടു സഹായിച്ചവരെയൊക്കെ സംരക്ഷിയ്ക്കുന്നതാണ് വര്‍ത്തമാനകാല കാഴ്ച്ച. എന്തിനും ഏതിനും ‘ട്വീറ്റ്’ ചെയ്യുന്ന മോദി സാബിന് ഇതിനെ പറ്റിയൊന്നും ‘ട്വീറ്റാ’നില്ല. ബി.ജെ.പി. ഭരിക്കുന്ന മദ്ധ്യപ്രദേശില്‍ അമ്പതിനടുത്ത് ദുരൂഹ മരണങ്ങള്‍ക്ക് വഴിമരുന്നിട്ട ‘വ്യാപം’ അഴിമതിയും പ്രധാനമന്ത്രിയെ സ്പര്‍ശിക്കുന്നില്ല. ‘അച്ഛാ ദിന്‍’ വരാന്‍ സമയമെടുക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത്.

ഫലത്തില്‍ ഒരു വര്‍ഷം മുന്‍പ് അധികാരത്തിലേറുമ്പോള്‍ മോദിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷ അതേപടി ഇപ്പോഴും ഉണ്ടെന്ന് കടുത്ത ബി.ജെ.പിക്കാര്‍ തന്നെ പറയാനിടയില്ല. അതായത്, 2019-ല്‍ ബി.ജെ.പി. തന്നെ അധികാരത്തില്‍ തുടരുമെന്ന പ്രവചനം ഇപ്പോഴും ആവര്‍ത്തിക്കുന്നവര്‍ ചുരുക്കമായിരിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറി മറിയുമ്പോഴും കോണ്‍ഗ്രസ്സിന്റെ തുടരുന്ന നിസംഗതയാണ് ആശ്ചര്യകരമായിരിക്കുന്നത്്. പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാനുതകുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഇപ്പോഴും ഉണ്ടാകുന്നില്ല. കോണ്‍ഗ്രസ്സ് എന്താണ് പ്രതീക്ഷിക്കുന്നത്; മുന്‍പ് വിവിധ ജനതാ സര്‍ക്കാരുകള്‍ അധികാരത്തിലേറിയപ്പോള്‍ തകര്‍ന്നടിഞ്ഞ പോലെ ഈ സര്‍ക്കാറും തകരുമെന്നോ? അതല്ലെങ്കില്‍, മോദിയുടെ ഭരണം ജനങ്ങള്‍ മടുക്കുമ്പോള്‍ സ്വാഭാവിക പകരക്കാരായി കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തിരികെ കൊണ്ടു വരുമെന്നോ? ഇതിലേതെങ്കിലുമൊക്കെ സംഭവിക്കണമെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനകളെങ്കിലും നല്‍കണ്ടേ?

കോണ്‍ഗ്രസിന്റെ തിരിച്ചുവരവു സാദ്ധ്യതകള്‍ പരിശോധിക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ വിശകലന വിധേയമാക്കണം. ഒന്നാമതായി കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണപരാജയത്തിന്റെ കാരണങ്ങള്‍, പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറുണ്ടോ എന്നത്. ഒപ്പം ബി.ജെ.പി.യുടെ വിജയകാരണങ്ങളും. രണ്ടാമത് ദേശീയ രാഷ്ട്രീയത്തില്‍ പരാജിതരായവര്‍ മുന്‍കാലങ്ങളില്‍ എങ്ങിനെയാണ് തിരിച്ചു വരവു നടത്തിയിട്ടുള്ളത്; ഒപ്പം അത്തരമൊരു സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുമോ എന്നതും.

രാജീവ് ഗാന്ധിയുടെ കാലം മുതല്‍ക്ക് കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയ പ്രബലരായ സംസ്ഥാന നേതാക്കളെ തിരികെ കൊണ്ടുവരാന്‍ ചെറിയ ശ്രമംപോലും പാര്‍ട്ടി നടത്താതിരുന്നത് വിവിധ സംസ്ഥാനങ്ങളില്‍ ജനകീയാടിത്തറയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിക്കുണ്ടാക്കി. നെഹ്‌റുവും ഇന്ദിരയും അതിപ്രതാപത്തോടെ ദേശീയ രാഷ്ട്രീയം അടക്കിവാണ കാലത്ത് കേന്ദ്ര നേതൃത്വത്തിന്റെ ജനപിന്തുണകൊണ്ടുമാത്രം കോണ്‍ഗ്രസ് വോട്ട് നേടിയിട്ടുണ്ടാവാം. എന്നാല്‍ ഇന്നിപ്പോള്‍ നെഹ്‌റുവിനോടോ, ഇന്ദിരയോടൊ തുലനം ചെയ്യാവുന്ന കരുത്തുറ്റ കേന്ദ്ര നേതൃത്വം പാര്‍ട്ടിയ്ക്കില്ലെന്ന യാഥാര്‍ത്ഥ്യം നിരാകരിച്ചു പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടു കാര്യമില്ല. ശക്തമായ ദേശീയ നേതൃത്വത്തിന്റെ അഭാവത്തില്‍, അതിശക്തമായ വ്യാപക ജനപിന്തുണയുള്ള സംസ്ഥാന നേതാക്കളുണ്ടെങ്കിലേ പെട്ടിയില്‍ വോട്ടു വീഴൂ എന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി ഉള്‍ക്കൊള്ളണം.

വി.പി.സിങ്ങില്‍ തുടങ്ങി, ബംഗാരപ്പ, ശരദ് പവാര്‍ മമത ബാനര്‍ജി, ജഗ്‌മോഹന്‍ റെഡ്ഡി എന്നിങ്ങനെ ഓരോ നേതാക്കള്‍ ദേശീയ നേതൃത്വത്തോടു കലഹിച്ച് പാര്‍ട്ടി വിട്ടപ്പോഴും അവരെക്കൂടാതെ തന്നെ ശക്തിയാര്‍ജ്ജിക്കും എന്ന് കോണ്‍ഗ്രസ് ഊറ്റം കൊണ്ടു. ഇന്ദിരാഗാന്ധിപോലും അടിയന്തിരാവസ്ഥയെ തുടര്‍ന്നേറ്റ രാഷ്ട്രീയ തിരിച്ചടിയില്‍ നിന്നു തിരിച്ചുവരാന്‍ അക്കാലത്ത് പാര്‍ട്ടി വിട്ട പവാര്‍ – ആന്റണി തുടങ്ങിയ നിരവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെകൊണ്ടു വരാന്‍ ശ്രദ്ധിച്ചിരുന്നു എന്നതോര്‍ക്കുമ്പോഴാണ് രാജീവ് – സോണിയ കാലഘട്ടത്തിലെ പിഴവിന്റെ ആഴം ബോദ്ധ്യമാവുക.

സമന്മാരായ സംസ്ഥാന നേതാക്കള്‍ക്ക് ഇതരനെ തന്റെ നേതാവായി അംഗീകരിക്കുന്നതിലുള്ള വൈമുഖ്യമാണ് പലപ്പോഴും കാര്യങ്ങള്‍ നെഹ്‌റു കുടുംബത്തിന് അനുകൂലമാക്കിവരുന്നത്. അതിനുമപ്പുറം തങ്ങള്‍ക്കു വെല്ലുവിളി സൃഷ്ടിച്ചേക്കാവുന്ന നേതാക്കള്‍ പിളര്‍ന്നു മാറുന്നതിന് സോണിയാ കുടുംബം ഗൂഢ സമ്മതം നല്‍കിപോന്നു എന്നും അനുമാനിക്കാം. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ദിരയ്ക്കുണ്ടായിരുന്ന അനിഷേധ്യ മേല്‍ക്കോയ്മയും, രാഷ്ട്രീയ ഔന്നിത്യവും തലയെടുപ്പും കാരണം പാര്‍ട്ടിയിലേക്ക് തിരികെയെത്തുന്നവര്‍ വെല്ലുവിളിയാകില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. മറിച്ച് പിളര്‍ന്നുപോയവര്‍ മടങ്ങിയെത്തുന്നത് തങ്ങള്‍ക്കു വെല്ലുവിളി സൃഷ്ടിച്ചേക്കാം എന്ന യാഥാര്‍ത്ഥ്യത്തെയാണ് രാജീവിനും അതിലേറെ സോണിയക്കും അഭിമുഖീകരിക്കേണ്ടിവന്നത്. തിരിച്ചടി നേരിടുമ്പോഴും പാര്‍ട്ടിവിട്ട പ്രബലരെ തിരികെ കൊണ്ടുവരാന്‍ രാജീവ് കുടുംബം താല്‍പര്യപ്പെടാത്തതിനുകാരണം വേറൊന്നുമാകില്ല.

നെഹ്‌റു കുടുംബാംഗങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ (അതില്‍ കഴമ്പുണ്ടായാലും, ഇല്ലെങ്കിലും) എതിര്‍ക്കാന്‍ പാര്‍ട്ടി സംവിധാനം കാട്ടാറുള്ള ജാഗ്രതയും ആര്‍ജ്ജവവും (രണ്ടാം) മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെയുയര്‍ന്ന ആരോപണങ്ങളെ (അവയില്‍ അവാസ്തവമായവയെപ്പോലും) പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്കുണ്ടായില്ല എന്നതും കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായി. സര്‍ക്കാറിന്റെ നല്ല ചെയ്തികളുടെ മുഴുവന്‍ പിതൃത്വം സോണിയ-രാഹുല്‍ ദ്വയങ്ങള്‍ കവര്‍ന്നെടുക്കുകയും എല്ലാ പിഴവുകളുടെയും ഉത്തരവാദിയായി മന്‍മോഹന്‍ സിംഗിനെ ചിത്രീകരിക്കപ്പെടുന്നതിന് പാര്‍ട്ടി നിശബ്ദ പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ നെഹ്‌റുവിനും – ഇന്ദിരയ്ക്കുശേഷം പത്തുവര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിച്ച ഏക പ്രധാനമന്ത്രി ജനമദ്ധ്യത്തില്‍ ഒന്നിനും കൊള്ളാത്തവനായി. ഭരണപരിചയവും നേതൃപാടവവുമുള്ള ഏതെങ്കിലുമൊരു നേതാവിനെ ഉയര്‍ത്തികാട്ടി, എന്തിനധികം – പൊതുജന മധ്യത്തില്‍ കാര്യശേഷിയില്ലാത്തവനായി ഇകഴ്ത്തപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രിപദ സാദ്ധ്യത കൊട്ടിയടയ്ക്കാതെ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ സ്ഥിതി ഇതിലും ഭേദമാകുമായിരുന്നില്ലേ എന്നത് ഇരുത്തി ചിന്തിക്കേണ്ടതു തന്നെയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പുവരെ കേവലം ഒരു സംസ്ഥാന നേതാവു മാത്രമായിരുന്ന നരേന്ദ്ര മോദിയെ, ചിട്ടയായ പദ്ധതിയിലൂടെ ദേശീയ നേതാവായി ഉയര്‍ത്തികൊണ്ടു വന്ന ബി.ജെ.പി.യുടെ രാഷ്ട്രീയ വൈദഗ്ധ്യം കോണ്‍ഗ്രസ് മാതൃകയാക്കേണ്ടതാണ്. ഭരണനിപുണതയായാലും രാഷ്ട്രീയ സൗമ്യതയായാലും പാര്‍ട്ടിയ്ക്കു പുറത്തും പിന്തുണ നേടിയ അടല്‍ ബിഹാരി വാജ്‌പേയി – അദ്ദേഹത്തിനു സമനെന്നോണം പാര്‍ട്ടിയില്‍ സമാന്തര ശക്തിയായി വര്‍ത്തിച്ചു വന്നിരുന്ന അദ്വാനി എന്നീ ദ്വയങ്ങള്‍ക്കു ഏക സ്വരത്തില്‍ – ഭിന്നതയില്ലാതെ – പിന്‍ഗാമിയെ കണ്ടെത്തുക എന്നത് അത്യന്തം ദുഷ്‌കര ദൗത്യമായിരുന്നു. പാര്‍ട്ടിയുടെ ലോക്‌സഭാ / രാജ്യസഭാ നേതാക്കള്‍ അതല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷന്‍ എന്നിവരൊക്കെ സ്വാഭാവികമായി ജനമനസ്സുകളില്‍ രൂപപ്പെടാവുന്ന പിന്‍ഗാമികള്‍. പക്ഷേ പരസ്പരം അംഗീകരിക്കാന്‍ വിമുഖരായേക്കാവുന്ന ഈ രണ്ടാം നിരയെ അതേ തലത്തില്‍ നിലനിര്‍ത്തി സംഘപരിവാര്‍ മോദിയെ അവര്‍ക്കുമീതെ അവരോധിച്ചു. ഒപ്പം അതിന്റെ പേരില്‍ പടലപിണക്കങ്ങള്‍ ഉടലെടുക്കുന്നത് ഒഴിവാക്കുവാന്‍ വേണ്ട ജാഗ്രത പുലര്‍ത്തുകയും ചെയ്തു. ഇത്തരത്തില്‍ നേതാക്കളെ വളര്‍ത്തികൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒരു കാലത്തും ശ്രമിച്ചിട്ടില്ല. മറിച്ച് വളര്‍ന്നു വരുന്നവരുടെ കൂടി ചിറകരിഞ്ഞ്, നെഹ്‌റു കുടുംബനേതാക്കള്‍ക്കു കീഴിലെന്നുറപ്പാക്കുകയാണ് ചെയ്തു പോന്നിട്ടുള്ളത്.

വിവിധ കാരണങ്ങളാല്‍ ഓരോ ഘട്ടങ്ങളില്‍ പാര്‍ട്ടി വിട്ടുപോയ ചെറുതും വലുതുമായ ഓരോ വിഘടിത വിഭാഗങ്ങളെയും നേതാക്കളെയും തിരികെ കൊണ്ടുവരാന്‍ ബി.ജെ.പി. പ്രത്യേകം ശ്രദ്ധിച്ചു. ബി.ജെ.പി. അനുഭാവവോട്ടുകള്‍ ചെറിയ തോതിലെങ്കിലും ഭിന്നിച്ച് രാഷ്ട്രീയ എതിരാളികള്‍ നേട്ടം കൊള്ളുവാനുള്ള എല്ലാ പഴുതുകളും അവര്‍ അടച്ചു. ഉമാഭാരതി, കല്യാണ്‍സിങ്ങ്, .കേശുഭായ്പട്ടേല്‍, മദന്‍ലാല്‍ ഖുറാന, യെദ്യൂരപ്പ തുടങ്ങി പാര്‍ട്ടിവിട്ട പ്രമുഖന്മാരെല്ലാം മടങ്ങിയെത്തി. ചിട്ടയായ പദ്ധതികളിലൂടെ, ബി.ജെ.പി. നേതാക്കളെ വളര്‍ത്തിയെടുത്തപ്പോള്‍ നേതാക്കള്‍ ഓരോരുത്തരായി പടിയിറങ്ങുന്നതിനു മൂകസാക്ഷിയായി നില്‍ക്കുക മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.

1984-ല്‍ നാനൂറിലധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ അടുത്തവട്ടം അവര്‍ പകുതിയില്‍ താഴെ സീറ്റുകളിലേക്ക് കൂപ്പുകുത്തുമെന്ന് ആരും കരുതിയിരുന്നില്ല. പ്രതിപക്ഷവോട്ടുകള്‍ വിഭജിക്കപ്പെടരുതെന്ന വിശാല തത്വത്തില്‍ അധിഷ്ഠിതമായി വിശ്വനാഥ് പ്രതാപ് സിങ്ങ് രൂപപ്പെടുത്തിയ രാഷ്ട്രീയ സഖ്യമാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നു താഴെയിറക്കിയത്. രാജീവുമായി ഭിന്നിച്ച് കോണ്‍ഗ്രസ് വിട്ട വി.പി.സിംഗ് ആദ്യം ജനമോര്‍ച്ച എന്ന പാര്‍ട്ടിയുണ്ടാക്കി, പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ പഴയ സോഷ്യലിസ്റ്റ് /ജനത കഷണങ്ങളെ ജനമോര്‍ച്ചയില്‍ ലയിപ്പിച്ച് ജനദാതള്‍ രൂപീകരിച്ചു. ജനതാദളും – ഭാരതീയ ജനതാപാര്‍ട്ടിയും കൈകോര്‍ത്ത് ദേശീയ മുന്നണി രൂപീകരിച്ചു. ബി.ജെ.പി.യുള്ള സഖ്യത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ച ഇടതുപക്ഷം അപ്പോഴും സഖ്യത്തിനു പുറത്തായിരുന്നു. അവസാനം ദേശീയ മുന്നണി – ഇടതുമുന്നണി സഖ്യത്തിലൂടെ കോണ്‍ഗ്രസിന് ബദലായി രാജ്യമെമ്പാടും ഒരൊറ്റ മുന്നണി രൂപപ്പെട്ടു. അതു കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ പര്യാപ്തമാവുകയും ചെയ്തു.

കേന്ദ്രഭരണത്തില്‍ എല്ലാത്തവണയും പരാജയമായിരുന്ന ജനത/ജനതാദള്‍ സര്‍ക്കാരുകള്‍ക്കും, 1991-ലെ കോണ്‍ഗ്രസ് സര്‍ക്കാരിനുമൊഴികെ അധികാരമേറ്റവര്‍ക്കെല്ലാം രണ്ടുവട്ടമെങ്കിലും തുടര്‍ച്ചയായി അവസരം നല്‍കിയിട്ടേ ജനങ്ങള്‍ മാറി ചിന്തിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. 13 മാസം കൊണ്ടു നിലംപതിച്ചെങ്കിലും ഭരിക്കാനറിയാം എന്നു സൂചന നല്‍കാനായ വാജ്‌പേയിക്കും 1999-ല്‍ ജനങ്ങള്‍ രണ്ടാം വട്ടത്തിന് അനുമതി നല്‍കിയതോര്‍ക്കുക. ഇതു സൂചനയായി കണക്കാക്കിയാല്‍ ഭേദപ്പെട്ട ഭരണത്തിന്റെ കണികയെങ്കിലും പ്രകടമായാല്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ജനവിധി ലഭിക്കാനുള്ള സാദ്ധ്യത ഏറെയാണ് എന്നു പറയേണ്ടിവരും – ബിജെപി സര്‍ക്കാറിന്റെ നിലവിലെ പ്രകടനം ആ വിധമെന്നു പറയാനാകില്ലയെങ്കില്‍ക്കൂടി. അതുകൊണ്ടു തന്നെ 1989-ല്‍ വി.പി.സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷമൊന്നാകെ കോണ്‍ഗ്രസിനെതിരെ ഒരൊറ്റ മുന്നണിയായി മത്സരിച്ചതുപോലെ അടുത്ത തെരഞ്ഞെടുപ്പില്‍ (2019-ല്‍) ബി.ജെ.പി. – എന്‍.ഡി.എ.യ്‌ക്കെതിരെയുള്ള വോട്ടുകള്‍ വിഭജിക്കപ്പെടാതെ പ്രതിപക്ഷകക്ഷികള്‍ ഒരൊറ്റ മുന്നണിയായി മത്സരിക്കുന്നതിന് രാഷ്ട്രീയ നേതൃത്വം നല്‍കാനാകുമോ എന്നതാവും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ, അതിലുപരി ബി.ജെ.പി. അധികാരത്തിനു പുറത്തു പോകാനുള്ളതിന്റെ സാധ്യത നിര്‍ണ്ണയിക്കുക.

400-ലധികം സീറ്റു തനിച്ചുനേടി അധികാരത്തിലേറിയ കക്ഷിയെ (1984- കോണ്‍ഗ്രസ്) അടുത്തവട്ടം 200 സീറ്റിനകത്തു തളച്ചിടാമെങ്കില്‍ 300നകത്തുമാത്രം സീറ്റുകള്‍ നേടിയ ബി.ജെ.പി.യെ തളച്ചിടുക അസാധ്യമെന്നു പറയുക വയ്യ. പക്ഷേ പറയുന്നതുപോലെ ലളിതമല്ല വസ്തുതകള്‍ എന്നതു മറന്നാവരുത് അതിനുള്ള ശ്രമങ്ങള്‍. ലയനങ്ങളിലൂടെ നടപ്പു ലോക്‌സഭയില്‍തന്നെ അംഗസംഖ്യ നൂറിന് അടത്തേയ്ക്ക് ഉയര്‍ത്താന്‍ പാര്‍ട്ടിയ്ക്കു കഴിഞ്ഞാല്‍ തിരിച്ചുവരവു സാദ്ധ്യത വര്‍ദ്ധിയ്ക്കും. ലയനങ്ങള്‍ സാധിക്കാത്തയിടങ്ങളില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ മാതൃകയില്‍ ഓരോ സംസ്ഥാനങ്ങളിലും അവിടുത്തെ പാര്‍ട്ടികളുടെ ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല സഖ്യങ്ങള്‍ക്കു കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയും ശക്തമായ പ്രാദേശിക നേതൃത്വം കരുപിടിപ്പിക്കുകയും വേണം. പ്രാദേശിക തലത്തില്‍ അവസരത്തിനനുസരിച്ച് സഖ്യമാവാം എന്ന നിലപാട് മതേതരകക്ഷികള്‍ തുടര്‍ന്നാല്‍ ബി.ജെ.പി.യ്ക്കു കാര്യങ്ങള്‍ എളുപ്പമാകും.

കോണ്‍ഗ്രസില്‍ കരുത്തു നേടുന്ന സോണിയ കുടുംബേതര നേതാക്കളെ ഒരു പരിധിക്കപ്പുറം വളരാനനുവദിക്കാതെ ചിറകരിയുകയും പാര്‍ട്ടിയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് പ്രബല സംസ്ഥാന നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ ശോഷിപ്പിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തോടു നിസംഗത പുലര്‍ത്തിവന്നതും കോണ്‍ഗ്രസിന്റെ പതനത്തിനു പ്രധാന കാരണമായപ്പോള്‍ മോദിയെപ്പോലെയൊരു നേതാവിനെ ദേശീയ നേതൃത്വത്തിലേക്കുയര്‍ത്തിക്കൊണ്ടു വരാന്‍ സംഘപരിവാര്‍ കാട്ടിയ കുശാഗ്രതയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടുപോയ ചെറുതും വലുതുമായ ഓരോ നേതാക്കളെയും പാര്‍ട്ടിയിലേക്കു തിരികെ കൊണ്ടുവരാന്‍ അവര്‍ കാട്ടിയ ജാഗ്രത ബി.ജെ.പി. – എന്‍.ഡി.എ. യുടെ കുതിപ്പിനു കളമൊരുക്കി.

കോണ്‍ഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കണം എന്നു തുടങ്ങിയ ഒരു വാക്‌ദ്ധോരണിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവു സാദ്ധ്യതയെ ലഘൂകരിക്കാനാവില്ല. ഈ അടിമുടി ഉടച്ചുവാര്‍ക്കല്‍ സോണിയ കുടുംബനേതൃത്വം സംരക്ഷിച്ചു നിര്‍ത്തി മാത്രമേ ഉണ്ടാകൂ എന്നു വന്നാല്‍ പ്രത്യേകിച്ചും. പരിണിത പ്രജ്ഞനായ നരേന്ദ്രമോദിയെപ്പോലൊരു നേതാവിനെതിരെ, ഭരണ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള കുശാഗ്രബുദ്ധികളായ നേതാക്കളെ മുന്നിട്ടിറക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവവും ഔന്നത്യവും കോണ്‍ഗ്രസ് പ്രകടിപ്പിക്കണം. കാലാകാലങ്ങളില്‍ പാര്‍ട്ടി വിട്ട പവാര്‍ – മമത തുടങ്ങി എല്ലാ നേതാക്കളെയും പാര്‍ട്ടിയിലേക്കു തിരികെ കൊണ്ടുവരികയും, പാര്‍ട്ടിയിലെ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ആരെങ്കിലുമോ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്ന ആരെങ്കിലുമോ ആണ് മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ മികച്ചതെന്നു ബോദ്ധ്യപ്പെട്ടാല്‍ അതിനു പാര്‍ട്ടി തയ്യാറാവുകയും വേണം. ഭരണശേഷിയും നേതൃഗുണവും ഒരു കുടുംബത്തിനുമാത്രം ജന്മം കൊണ്ടു കിട്ടുകയും മറ്റാര്‍ക്കും കര്‍മ്മംകൊണ്ടുപോലും നേടാനാവില്ലെന്നും ശഠിക്കുന്നത് ബാലിശമാണ്.

പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കാതിരിക്കാനുള്ള വിശാല രാഷ്ട്രീയ സഖ്യത്തിനു ഫലപ്രദമായ നേതൃത്വം നല്‍കുന്നതും, സോണിയ കുടുംബത്തിനപ്പുറവുമുള്ള പ്രബല നേതാക്കളെ വളര്‍ത്താനും ഉയര്‍ത്തിക്കാട്ടാനുമുള്ള രാഷ്ട്രീയാര്‍ജ്ജവം കൈവരിക്കുന്നതുമാകും കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ ഗതിയും വേഗതയും നിര്‍ണ്ണയിക്കുക. കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കെല്‍പ്പുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ട്. അവരെ മുന്‍ നിരയിലേക്ക് ഉയര്‍ത്തി പോര്‍ നയിക്കാന്‍ (സോണിയ കുടുംബം) പാര്‍ട്ടി തയ്യാര്‍ ഉണ്ടോ എന്നതാണ് കാതലായ ചോദ്യം. കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് സാധ്യത നിര്‍ണ്ണയിക്കുന്നതില്‍ പ്രഥമ കാര്യവും ഇതുതന്നെയാണ്.

മോദി ഭരണത്തില്‍, ലളിത് മോദി – സുഷമ – വസുന്ധര, വ്യാപം അഴിമതി തുടങ്ങി നിരവധി കരിനിഴല്‍ വീഴുമ്പോഴും, കോണ്‍ഗ്രസ്സ് പുതു ജീവനായി ശ്രമിക്കുന്നതേയില്ല. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍ കിരീടം ചൂടാന്‍ പാകപ്പെടും വരെ പാര്‍ട്ടിയ്ക്കു പുന:ജീവനു താല്പ്പര്യമില്ലെന്നതാണോ ഈ നിസംഗതയ്ക്കു കാരണം? ആ ഒരു കാലത്തിനായി ജനങ്ങള്‍ കാത്തിരിക്കണമെന്നാണോ പാര്‍ട്ടി പറയുന്നത്? ഒരു കുടുംബത്തിന്റെ താല്‍പര്യത്തിലുപരി രാഷ്ട്രത്തിന്റെ താല്‍പര്യം സംരക്ഷിക്കുവാന്‍ ഉത്തരവാദിത്ത്വമുള്ള ഒരു ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ് എന്നതു പാര്‍ട്ടി വിസ്മരിച്ചുകൂടാ.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്കു തിരിച്ചു വരാനാകണമെങ്കില്‍, നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ ഉതകുന്ന നടപടികളും ജനങ്ങളില്‍ മതിപ്പുളവാക്കുന്ന നേതൃത്വവും ഉണ്ടാകണം. അതിനു ശ്രമിക്കാതെ ബി.ജെ.പി.യെ മടുക്കുമ്പോള്‍ തങ്ങള്‍ സ്വാഭാവിക പകരക്കാരാകുമെന്നു പ്രതീക്ഷിച്ചിരിക്കുന്നത് ശരിയായ തീരുമാനം ആകില്ല. അഴിമതി മുക്ത ഭാരതം വാഗ്ദാനം നല്‍കി അധികാരാത്തിലേറിയ മോദിയുടെ ഭരണത്തില്‍ വീഴുന്ന കരിനിഴല്‍ തങ്ങളുടെ തിരിച്ചു വരവു പാത വെട്ടിത്തുറന്നോളും എന്നു കരുതി കോണ്‍ഗ്രസ്സ് നിസംഗത തുടരുകയാണെങ്കില്‍ അതു തികഞ്ഞ അബദ്ധമായിരിക്കും. വിവിധ ജനതാ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴത്തെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയല്ല പാര്‍ട്ടിയ്ക്കിന്നെന്നു മറക്കരുത്.

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍