UPDATES

വിദേശം

അകി അബെ ഇംഗ്ലീഷ് അറിയില്ലെന്ന് നടിച്ചത് ട്രംപിനോട് സംസാരിക്കാതിരിക്കാനോ?

അകി അബെയുടെ നിശബ്ദതയുടെ യഥാര്‍ത്ഥ കാരണം അറിയില്ലെങ്കിലും അവരാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം

ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ഈ മാസം ആദ്യം നടന്ന ജി-20 ഉച്ചകോടിക്കിടയില്‍ ജപ്പാന്റെ പ്രഥമവനിത ഇംഗ്ലീഷ് അറിയില്ല എന്ന് നടിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സംസാരിക്കുന്നത് ഒഴിവാക്കാനാണോ? ഉത്തരം വ്യക്തമല്ലെങ്കിലും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഭാര്യ അകി അബെയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ഉച്ചകോടിക്കിടയില്‍ ലോക രാഷ്ട്ര തലവന്മാര്‍ക്കും ഭാര്യമാര്‍ക്കും വേണ്ടി നടത്തിയ അത്താഴ വിരുന്നിനെ കുറിച്ച് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത് ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന അത്താഴവിരുന്ന് കഠിനമായിരുന്നു എന്നാണ്.

അകി അബെയാണ് ട്രംപിന്റെ തൊട്ടടുത്തിരുന്നിരുന്നത്. അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ‘ഹലോ’ പോലും പറയില്ലെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ വെറുതെ വിടാന്‍ ട്വിറ്റര്‍ താരങ്ങള്‍ തയ്യാറായില്ല. അകി അബെ ഇംഗ്ലീഷില്‍ പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റു ചെയ്തുകൊണ്ട് അവര്‍ രംഗത്തെത്തി. ട്രംപിനോട് സംസാരിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇംഗ്ലീഷ് അറിയില്ലെന്ന് നടിച്ചതെന്നാണ് ട്വിറ്റാറികളുടെ നിഗമനം.

ഇംഗ്ലീഷ് അറിയില്ലെന്ന് അകി അബെ നടിച്ചതാണെങ്കില്‍ ട്രംപിന് ശരിക്കും ഇംഗ്ലീഷ് അറിയില്ല എന്നായിരുന്നു ഒരു രസികന്‍ അഭിപ്രായപ്പെട്ടത്. ട്രംപിനോട് സംസാരിക്കുന്നത് ഒഴിവാക്കുന്നതിനായി എല്ലാവരും ഇംഗ്ലീഷ് അറിയില്ല എന്ന് നടിക്കണമെന്ന ഉപദേശവും ഉണ്ട്. അകി അബെയും മെലാനിയ ട്രംപും ഫ്‌ളോറിഡയിലെ മോരികാമി മ്യൂസിയത്തിലും ജാപ്പനീസ് പൂന്തോട്ടത്തിലും സന്ദര്‍ശനം നടത്തുമ്പോള്‍ ഇരുവരും ഇംഗ്ലീഷില്‍ സംസാരിക്കുന്നതും ഗൈഡ് ഇരുവരോടും ഇംഗ്ലീഷില്‍ സംസാരിക്കുന്നതും വ്യക്തമാവുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അകി അബെയുടെ നിശബ്ദതയുടെ യഥാര്‍ത്ഥ കാരണം അറിയില്ലെങ്കിലും അവരാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍