UPDATES

ഓഫ് ബീറ്റ്

നിങ്ങള്‍ വലിയ ബുദ്ധിയുള്ള ആളായിട്ടും ധനികരാവാത്തത് എന്തുകൊണ്ടാണ്?

ഒരു കുഞ്ഞിന്‍റെ ഭാവിയിലെ വിജയങ്ങളും അവന്‍റെ/അവളുടെ ജന്മസിദ്ധമായ ബുദ്ധിശക്തിയും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു?

ഫെയ് ഫ്ലാം

ഒരു കുഞ്ഞിന്‍റെ ഭാവിയിലെ വിജയങ്ങളും അവന്‍റെ/അവളുടെ ജന്മസിദ്ധമായ ബുദ്ധിശക്തിയും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു? ആളുകള്‍ വിചാരിക്കുന്നതു പോലെയല്ല ഇതിന്‍റെ വാസ്തവമെന്ന് എക്കണോമിസ്റ്റായ ജെയിംസ് ഹെക്ക്മാന്‍ പറയുന്നു. ശാസ്ത്രജ്ഞന്മാരല്ലാത്ത, വിദ്യാഭ്യാസമുള്ള ആളുകളോട്- പ്രത്യേകിച്ചും രാഷ്ട്രീയക്കാരോടും നയരൂപീകരണങ്ങള്‍ നടത്തുന്നവരോടും- ആളുകളുടെ വരുമാനവും അവരുടെ ബുദ്ധിശക്തിയും (IQ) തമ്മില്‍ എത്രത്തോളം ബന്ധമുണ്ടെന്ന ചോദ്യം അദ്ദേഹം ചോദിച്ചു. ചിലര്‍ 25 ശതമാനം എന്നു പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ 50 ശതമാനമെന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ ഡേറ്റ കാണിക്കുന്നത് ഒന്നു മുതല്‍ രണ്ടു ശതമാനം വരെ മാത്രമാണ് ഈ രണ്ടു ഘടകങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധമെന്നാണ്.

അപ്പോള്‍ IQ അല്ല നിര്‍ണ്ണായക ഘടകമെങ്കില്‍ കുറഞ്ഞ വരുമാനമുള്ളവരെ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്നു വേര്‍തിരിക്കുന്നത് എന്താണ്? നിങ്ങള്‍ അത്ര സമര്‍ത്ഥനാണ് എങ്കില്‍ എന്തുകൊണ്ട് അതുപോലെ സമ്പന്നനല്ല?

ഭാഗ്യത്തിന് ഒരു പരിധി വരെ ഇതില്‍ പങ്കുണ്ടെന്ന് പറയാമെങ്കിലും ശാസ്ത്രത്തിന് കൃത്യമായൊരുത്തരം തരാനില്ല. പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച, ഹെക്ക്മാന്‍ കൂടെ ചേര്‍ന്നെഴുതിയ പേപ്പറില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത് വ്യക്തിത്വം ഇക്കാര്യത്തില്‍ വലിയൊരു ഘടകമാണെന്നാണ്. അശ്രാന്തപരിശ്രമം, ജാഗ്രത, അച്ചടക്കം എന്നിവയോടൊപ്പം കളങ്കമില്ലാത്ത മനസ്സാക്ഷിയും ചേരുന്ന വ്യക്തിത്വം സാമ്പത്തിക ഉന്നമനവും വിജയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

ഈ പഠനങ്ങള്‍ക്കായി അദ്ദേഹവും സഹപ്രവര്‍ത്തകരും നാലു വ്യത്യസ്ഥ സെറ്റ് ഡേറ്റയാണ് പരിശോധിച്ചത്. ഇതില്‍ യു‌കെയിലും യു‌എസ്സിലും നെതര്‍ലാന്‍ഡ്സിലുമുള്ള ആയിരക്കണക്കിനാളുകളുടെ IQ, ഒരേപോലെ ക്രമപ്പെടുത്തിയ ടെസ്റ്റുകളുടെ ഫലങ്ങള്‍, ഗ്രേഡുകള്‍, വ്യക്തിത്വ പരിശോധനാ ഫലങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.

അവയില്‍ ചിലത് ചില വ്യക്തികളുടെ പല വര്‍ഷങ്ങളിലൂടെ തുടര്‍ച്ചയായുള്ള വിവരങ്ങളായിരുന്നു. അതില്‍ വരുമാനത്തോടൊപ്പം കുറ്റകൃത്യങ്ങളുടെ ചരിത്രം, ശരീരഭാരം, സ്വയം രേഖപ്പെടുത്തിയ ജീവിത സംതൃപ്തിയുടെ നിലവാരം എന്നിവയൊക്കെ ഉണ്ടായിരുന്നു.

IQ നിലവാരത്തേക്കാള്‍ ഗ്രേഡുകളും വിവിധ ടെസ്റ്റുകളിലെ നേട്ടങ്ങളുമെല്ലാം ജീവിത വിജയത്തിന്‍റെ മെച്ചപ്പെട്ട സൂചകങ്ങളാണ് എന്നാണ് ഈ നിരീക്ഷണങ്ങള്‍ തെളിയിച്ചത്. ഇതൊക്കെ അളക്കുന്നത് ബുദ്ധി തന്നെയല്ലേ, എന്താണ് വ്യത്യാസം എന്നു തോന്നാം. അങ്ങനെയല്ല എന്നതാണു സത്യം. നിതാന്ത പരിശ്രമം, ശരിയായ പഠന ശീലങ്ങള്‍, മറ്റുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവ കൂടിയാണ് ഗ്രേഡുകള്‍ രേഖപ്പെടുത്തുന്നതെന്ന് ഹെക്ക്മാന്‍ പറയുന്നു. ഏറെക്കുറെ ടെസ്റ്റ് സ്കോറുകളും ഇതു തന്നെയാണ് പരിശോധിക്കുന്നത്; ചുരുക്കത്തില്‍ വ്യക്തിത്വത്തിലാണ് കാര്യം.

2000ലെ നൊബേല്‍ പുരസ്കാരം പങ്കിട്ടവരില്‍ ഒരാളായ ഹെക്ക്മാന്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ Center for the Economics of Human Development സ്ഥാപകനാണ്. ജന്മസിദ്ധമായ പ്രത്യേകതകള്‍ മാത്രമല്ല, ജീവിതത്തിലെ വിജയങ്ങള്‍ക്ക് ആര്‍ജ്ജിച്ചെടുക്കുന്ന കഴിവുകളും ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. ചെറുപ്പകാലങ്ങളില്‍ ലഭിക്കുന്ന പരിശീലനം ഇക്കാര്യത്തില്‍ സഹായകമാണെന്നാണ് അദ്ദേഹം സ്വന്തമായി നടത്തിയ ചില പഠനങ്ങളില്‍ നിന്നു മനസിലാക്കുന്നത്. ബുദ്ധിശക്തിയേക്കാള്‍ പരിശീലനത്തിലൂടെ മെച്ചപ്പെടുത്തി എടുക്കാവുന്നവയാണ് ശരിയായ സ്വഭാവ രീതികള്‍. തുറന്ന മനസ്സിന് ജിജ്ഞാസ പോലെയുള്ള സവിശേഷതകളുണ്ടാവുക സ്വാഭാവികമാണ്. ഗ്രേഡുകളും ടെസ്റ്റ് ഫലങ്ങളും ഈ ഘടകങ്ങളെയും കണക്കിലെടുക്കുന്നു.

IQ ഒട്ടും അപ്രധാനമല്ല. IQ 70 ആയ ഒരാള്‍ക്ക് അത് 190 ഉള്ള ഒരാള്‍ ചെയ്യുന്നത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനാവില്ല. എന്നാല്‍ ഇത്തരം ബുദ്ധിപരീക്ഷകളില്‍ അളക്കാനാകാത്ത മറ്റു ചില കഴിവുകള്‍ ഇല്ലാത്തതു കൊണ്ടാണ് ആളുകള്‍ക്ക് നല്ല ജോലികളിലേയ്ക്കുള്ള വഴി ബുദ്ധിമുട്ടേറിയതാവുന്നത് എന്നാണ് ഹെക്ക്മാന്‍ പറയുന്നത്. ഇന്‍റര്‍വ്യൂകളില്‍ എങ്ങനെ പെരുമാറ്റ മര്യാദകള്‍ പാലിക്കണമെന്ന് അവര്‍ക്കറിയില്ല. പറഞ്ഞ സമയത്തിലും വൈകിയെത്തുന്നതും വേണ്ട രീതിയില്‍ ഡ്രസ് ചെയ്യാത്തതുമൊക്കെ സാധാരണയായി ആളുകള്‍ വരുത്തുന്ന തെറ്റുകളാണ്. അതുപോലെ ജോലിയില്‍ കയറിയാല്‍, ഏറ്റവും അത്യാവശ്യം വേണ്ടതു മാത്രമേ തങ്ങള്‍ ചെയ്യൂ എന്നും അതിനപ്പുറത്തേയ്ക്കുള്ള സംഭാവനകള്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നും പ്രവൃത്തികളിലൂടെ തെളിയിക്കും.

ഒരു വ്യക്തിയുടെ കഴിവ് എന്ന സങ്കീര്‍ണ്ണമായ, പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ആശയത്തെ ഒന്നുകൂടെ വ്യക്തമായി വിശദീകരിക്കാന്‍ തങ്ങളുടെ പഠനങ്ങള്‍ക്ക് കഴിയുമെന്നു കരുതുന്നതായി ഹെക്ക്മാനോടൊപ്പം റിസര്‍ച്ച് പേപ്പറില്‍ പങ്കാളിയായിരുന്ന ജോണ്‍ എറിക് ഹംഫ്രീസ് പറഞ്ഞു. പ്രശ്ന-പരിഹാര (Problem solving) മേഖലയിലെ സാമര്‍ത്ഥ്യം അളക്കുന്ന IQ ടെസ്റ്റുകളില്‍ പോലും അതിലേറെ വിവരങ്ങള്‍ വെളിപ്പെടുന്നുണ്ട്. IQ ടെസ്റ്റെടുക്കുന്ന ആളുടെ പ്രചോദനത്തിന്‍റെ സ്വഭാവവും പരിശ്രമശീലവും കൂടെ അതില്‍ വിലയിരുത്തപ്പെടുന്നതായി പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റ് ഏഞ്ചല ഡക്ക്വര്‍ത്ത് 2011ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടിരുന്നു. പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ പരിശ്രമികളും തല്‍പ്പരരുമായ കുട്ടികള്‍ അതേപോലെ തന്നെ കഴിവുള്ള, എന്നാല്‍ മടിയന്‍മാരായവരേക്കാള്‍ കൂടുതല്‍ ശ്രമിക്കും.

വ്യക്തിത്വ വികസനവും സ്വഭാവ സവിശേഷതകളും സ്കൂള്‍ തലത്തില്‍ പരിശീലിപ്പിക്കുക എളുപ്പമാവില്ല. ഒരു പ്രത്യേക സ്വഭാവ രീതിയുടെ കൂടുതല്‍ അല്ലെങ്കില്‍ കുറവ് എത്രത്തോളം നല്ലതാണെന്ന് തറപ്പിച്ചു പറയാന്‍ ബുദ്ധിമുട്ടാണ്. സ്വഭാവശുദ്ധി, IQ ഇവയൊക്കെ കൂടുതല്‍ ആയാല്‍ നല്ലതു തന്നെ. പക്ഷേ സ്വഭാവത്തിലെ മറ്റു പ്രത്യേകതകള്‍ക്ക് മിതമായ തലത്തിലാണ് കൂടുതല്‍ ശോഭിക്കാനാകുക എന്നു ഗവേഷകര്‍ പറയുന്നു. അങ്ങേയറ്റം അന്തര്‍മുഖനായാല്‍ നിങ്ങള്‍ക്ക് ആശയപ്രകടനം പോയിട്ട് സംസാരം തന്നെ ബുദ്ധിമുട്ടായി തോന്നും. വളരെ ബഹിര്‍മുഖനായാല്‍ സംസാരം ഒന്നു നിര്‍ത്തി മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാകും പ്രയാസം.

എക്കണോമിക്ക്സുമായി ഇതിനൊക്കെ എന്തു ബന്ധം എന്നാണോ? “മനുഷ്യരുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം,” ഹെക്ക്മാന്‍ പറയുന്നു. ഇതു നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം വൈദഗ്ദ്ധ്യവും മിടുക്കുമാണ്.

Nature Human Behaviour ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പുതിയൊരു പഠനത്തില്‍ വിജയത്തിന്‍റെ മറുവശത്തെ പറ്റിയാണ് പരാമര്‍ശിക്കുന്നത്- കഷ്ടപ്പാട്. ആയിരത്തിലധികം ന്യൂസീലാന്‍ഡുകാരെ മുപ്പതു വര്‍ഷത്തിലധികം നിരീക്ഷിച്ച ശേഷം ഗവേഷകര്‍ പറയുന്നത് കുട്ടികള്‍ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അവരുടെ ഭാഷാ പാടവം, പെരുമാറ്റ രീതികള്‍, ധാരണാ ശക്തി ഇവയൊക്കെ വിശകലനം ചെയ്താല്‍ ആര്‍ക്കൊക്കെ ഭാവിയില്‍ ദാരിദ്ര്യം മൂലമുള്ള സഹായധനം ആവശ്യമായി വരാം, ആരൊക്കെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാം, ആര്‍ക്കൊക്കെ ഗുരുതരമായ രോഗങ്ങള്‍ ബാധിക്കാം എന്നൊക്കെ പ്രവചിക്കാനാകുമെന്നാണ്.

ആ റിസര്‍ച്ച് പേപ്പര്‍ എഴുതിയവരില്‍ ഒരാളായ ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രഫസര്‍ ടെറി മോഫിറ്റ് പ്രതീക്ഷിക്കുന്നത് ഈ പഠനഫലങ്ങള്‍ സമൂഹത്തില്‍ അവശരായ ആളുകളെ കൂടുതല്‍ കരുണയോടെ കാണാന്‍ ഇടയാക്കുമെന്നും വിവേചനം ഇല്ലാതാക്കുമെന്നുമാണ്. ഡയപ്പര്‍ കെട്ടി നടക്കുന്ന പ്രായത്തില്‍ തന്നെ മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് ഗുണപരമായ പല മാറ്റങ്ങളും കുട്ടികളുടെ സ്വഭാവത്തില്‍ കൊണ്ടു വരാന്‍ സഹായിക്കുമെന്നും അവരുടെ പഠനം പറയുന്നു.

(ബ്ലൂംബെര്‍ഗ് വ്യൂ കോളമിസ്റ്റാണ് ലേഖകന്‍. സയന്‍സ് മാഗസിനിലെ സ്റ്റാഫ് എഴുത്തുകാരിയും ഫിലാഡല്‍ഫിയ ഇന്‍ക്വൈററിലെ കോളമിസ്റ്റും ആയിരുന്നു. “The Score: How the Quest for Sex Has Shaped the Modern Man” എന്ന പുസ്തകത്തിന്‍റെ രചയിതാവു കൂടിയാണ് ഫ്ലാം.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍