UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങളുടെ ജീവിതമാണ് വലുത്, പെപ്‌സിയുടെ ജലചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കും; പുതുശ്ശേരി പഞ്ചായത്ത്

വിഷ്ണു എസ് വിജയന്‍

ചുട്ടുപഴുത്ത ഒരു ദോശക്കല്ല് പോലയാണ് കേരളത്തിന്റെ അവസ്ഥ. വേനല്‍ അതിന്റെ സകല ഭീകരതയും കൈവരിച്ചു കഴിഞ്ഞു. ഇങ്ങനെയൊരു അവസ്ഥയിലേക്ക് കേരളം അടുത്തകാലത്തൊന്നും എത്തിയിരുന്നില്ല. 41 ഡിഗ്രി സെല്‍ഷസും കടന്നു ചൂട് താപനില ഉയരുകയാണ്. മിക്ക ജില്ലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കഴിഞ്ഞു. എല്ലാത്തവണത്തേയും പോലെ പാലക്കാട് തന്നെയാണ് ഇപ്രാവശ്യവും കുടിവെള്ള ക്ഷാമത്തില്‍ ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട്ടില്‍ നിന്നും ചുരം കടന്നെത്തുന്ന ചൂടുകാറ്റ് കരിമ്പനകള്‍ക്ക് തീ പടര്‍ത്തുന്നതോര്‍ത്ത് ഭയപ്പെട്ടിരിക്കുകയാണ് പാലക്കാട് ജില്ലയിലെ ഉള്‍ഗ്രാമങ്ങള്‍. മലമ്പുഴ ഡാം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ മുഖാമുഖം നോക്കി നില്‍ക്കുന്നു.

ഇതെല്ലാമാണെങ്കിലും അവിടെയൊരു കൂട്ടര്‍ ആവശ്യത്തിലധികം ജലം കൈവശം വെച്ച് സുഖിക്കുന്നുണ്ട്. തലപുകയ്ക്കാതെ തന്നെ കാര്യം മനസ്സിലാക്കാന്‍ സാധിക്കും. പാലക്കാട് ജില്ലയിലെ പെപ്‌സി കമ്പനി.

നാട്ടുകാര്‍ക്ക് വെള്ളം കിട്ടാതാകുന്നതും, മലമ്പുഴ ഡാം വറ്റി വരളുന്നതും ഒന്നുമീ ആഗോള കുത്തക ഭീമന് പ്രശ്‌നമല്ല. ദാഹിക്കുന്ന നാട്ടുകാര്‍ പെപ്‌സി വാങ്ങി കുടിക്കണം.

കുടിക്കാന്‍ ആണല്ലോ പെപെസി ഉണ്ടാക്കുന്നത്. 30 രൂപ മുടക്കിയാല്‍ നല്ല തണുത്ത പെപ്‌സി കിട്ടും. അത് വാങ്ങി കുടിച്ചാല്‍ ദാഹം മാറുമല്ലോ, പിന്നെന്തിനാണീ കേസും വയ്യാവേലിയും, പ്രമേയം പാസാക്കലും?

തങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ പുതുശ്ശേരി പഞ്ചായത്തിനോട് കമ്പനി ചോദിക്കാന്‍ പോകുന്ന മറുചോദ്യം ഇതായിരിക്കണം!

കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ അനുവദിച്ചതിലും കൂടുതല്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്ത് ആണ് പെപ്‌സിക്കെതിരെ അടിയന്തര പ്രമേയം പാസാക്കിയിരിക്കുന്നത്. വേനല്‍ ശമിക്കുന്നത് വരെ പ്ലാന്റ് ജലമെടുക്കുന്നത് നിര്‍ത്തിവെയ്ക്കണം എന്നാണ് പഞ്ചായത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കമ്പനി തയാറല്ല.

പെപ്‌സി കമ്പനി 2001ല്‍ ആണ് പുതുശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴില്‍ വരുന്ന കഞ്ചിക്കോട് പ്ലാന്റ് സ്ഥാപിക്കുന്നത്. അന്ന് രണ്ടരലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ ജലം എടുക്കാനാണ് അനുവാദം നല്‍കിയത്. എന്നാല്‍ അഞ്ചുലക്ഷം ലിറ്ററിന് മുകളില്‍ ആണ് ഇപ്പോള്‍ കമ്പനി പ്രദേശങ്ങളില്‍ നിന്ന് ഊറ്റിയെടുക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പ് കമ്പനി്ക്ക് നോട്ടീസ് അയച്ചിരുന്നു, എന്നാല്‍ കമ്പനി അതൊന്നും മുഖവിലയ്ക്ക് പോലും എടുത്തില്ല. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് നടപടികളിലേക്ക് നീങ്ങിയത്.

‘ഞങ്ങള്‍ക്ക് ജനങ്ങളുടെ ജീവിതമാണ് വലുത്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷ കക്ഷികളും ഭരണകകഷിയും എല്ലാം ഒരുമിച്ചു നില്‍ക്കുകയാണ്.’ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഇതുവരെയായിട്ടും കമ്പനി തൊഴില്‍ നികുതി, പഞ്ചായത്ത് നികുതി തുടങ്ങി ഒരു തരത്തില്‍ ഉള്ള നികുതികളും അടച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് പറയുന്നത്.

പ്ലാന്റ് നിലകൊള്ളുന്ന പ്രദേശം ഉള്‍പ്പെടെ പത്ത് വാര്‍ഡുകളില്‍ കനത്ത ജലക്ഷാമമാണ് അനുഭവിച്ചുവരുന്നത്. മലമ്പുഴ ഡാമിലെ വെള്ളത്തിന്റെ അളവ്കൂടി കുറഞ്ഞത്തോടുകൂടി മരുഭൂമിയില്‍ ജീവിക്കുന്നവരുടെ അവസ്ഥയാണ് ഇവിടുള്ളവര്‍ക്ക്.

വെള്ളവുമായെത്തുന്ന പഞ്ചായത്തിന്റെ ടാങ്കര്‍ ലോറികളേയും പ്രതീക്ഷിച്ചു നില്‍ക്കുന്നവരുടെ നിര ദിനംപ്രതി നീണ്ടു വരികയാണ്. അതിനിടയിലാണ് വേനലിന്റെ കാഠിന്യം വകവയ്ക്കതെയുള്ള കമ്പനിയുടെ അനധികൃത ഭൂഗര്‍ഭ ജലചൂഷണം.

അടുത്ത മൂന്നു മാസത്തേക്ക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണം എന്നാണ് പഞ്ചായത്ത് പ്രമേയം മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് സ്റ്റേ ഓഡര്‍ നല്‍കാനാണ് തീരുമാനം.

അതേസമയം, തങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല എന്നാണ് കമ്പനിയുടെ പക്ഷം. കോടതിയില്‍ പോകാനും കമ്പനി ഒരുക്കമാണ്.
ഇതൊരു ധീരമായ ചെറുത്തുനില്‍പ്പിന്റെ തുടക്കമായി വേണം കരുതാന്‍. അല്‍പം വൈകിയെങ്കിലും പുതുശ്ശേരി ഗ്രാമപഞ്ചായത്തിന് നല്ല ബുദ്ധി തോന്നിയിരിക്കുന്നു!

പെപ്‌സി പ്ലാന്റ് കഞ്ചിക്കോട് വരുന്നത് വരെ ജലസമൃദ്ധമായിരുന്നു കഞ്ചിക്കോടും പരിസര പ്രദേശങ്ങളും. എന്നാല്‍ ആവശ്യത്തിലധികം ജലം ഊറ്റിയെടുത്ത് ഈ ആഗോളകുത്തക ഭീമന്‍ ഒരു നാടിനെ മുഴുവന്‍ വറുതിയിലേക്ക് തള്ളിയിട്ടു.

മഴക്കാലത്ത് പോലും ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായി മാറാന്‍ കഞ്ചിക്കോടിന് അധിക നാളുകള്‍ വേണ്ടിവരില്ല.

വേനലിലും മഴയിലും ശീതീകരിച്ച ഈ മധുര പാനിയത്തിനു പുറകെ പോകുന്ന ആഗോള മലയാളിയുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ കുടിച്ചിറക്കുന്ന ഓരോ ഇറക്ക് പെപ്‌സിയിലും ഇന്നാട്ടുകാരുടെ കണ്ണുനീര്‍ ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍