UPDATES

സിനിമ

പേരറിയാത്തവരുടെ പൊള്ളുന്ന ജീവിതങ്ങള്‍

Avatar

സഫിയ ഒ സി

ആദ്യ സിനിമ മുതല്‍ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങള്‍ തന്റെ ചലച്ചിത്രങ്ങള്‍ക്ക് പ്രമേയമായി സ്വീകരിച്ചിട്ടുള്ള സംവിധായകനാണ് ഡോ. ബിജു. ആദ്യ ചിത്രമായ സൈറ ഭീകരവാദം പ്രമേയമാക്കിയപ്പോള്‍ പ്രേക്ഷകരില്‍ എത്താത്ത രാമന്‍ ആഗോളവത്ക്കരണത്തിന്റെ നവ അധിനിവേശത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് വന്ന വീട്ടിലേക്കുള്ള വഴിയും, ആകാശത്തിന്റെ നിറങ്ങളും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അതേ പാത പിന്‍തുടര്‍ന്നു. രാഷ്ട്രീയ സിനിമകള്‍ മരിച്ചു എന്നു വിലപിക്കുമ്പോഴും ഡോ. ബിജു തുടര്‍ച്ചയായി അത്തരം വിഷയങ്ങള്‍ തന്നെ തന്റെ സിനിമയ്ക്കു തെരഞ്ഞെടുത്തുകൊണ്ടിരുന്നു. ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിയ പേരറിയാത്തവര്‍ക്ക് ശേഷം ഒരുക്കിയ വലിയ ചിറകുള്ള പക്ഷികള്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയമാണ് അവതരിപ്പിച്ചത്. അത് ഐക്യരാഷ്ട്ര സംഘടനയുടെ അടക്കം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചു എന്നത് ഒരു സിനിമാപ്രാവര്‍ത്തകന്‍ എന്നതിലുപരി താന്‍ ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റും കൂടിയാണ് എന്നു തെളിയിക്കുകയായിരുന്നു ഡോ. ബിജു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച പേരറിയാത്തവര്‍ ചര്‍ച്ചയായത് അതിലെ മുഖ്യ കഥാപാത്രമായ നഗരസഭ തൂപ്പുകാരനെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയതോടെയാണ്. എന്നിട്ടും ഒരു ഓഫ് ബീറ്റ് സിനിമയ്ക്ക് സംഭവിക്കാറുള്ള വിധിതന്നെയാണ് ഈ സിനിമയെയും കാത്തിരുന്നത്. പി വി ആര്‍ സിനിമാസ് അവരുടെ മള്‍ട്ടിപ്ലക്സ് ചെയിനില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്‍പി‌ല്‍ സിനിമ എത്തുന്നത് ഇപ്പോഴാണ് (കൊച്ചിയില്‍ പി വി ആര്‍ സിനിമാസില്‍ നേരത്തെ റിലീസ് ചെയ്തിരുന്നു).

നഗരസഭയിലെ താത്ക്കാലിക തൂപ്പുകാരനാണ് സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം. നഗരത്തിലെ റെയില്‍ പാളത്തിനോട് ചേര്‍ന്ന ഒരു ചേരിയില്‍ ഒറ്റമുറി വാടക വീട്ടിലാണ് അയാളും മകനും ജീവിക്കുന്നത്. ഭാര്യ നേരത്തെ മരണപ്പെട്ടു എന്ന് കുട്ടിയുടെ കഥാഖ്യാനത്തില്‍ നിന്നു വെളിവാകുന്നുണ്ട്. (അവന്‍ ആകാശത്ത് നക്ഷത്രമായി തങ്ങളെ നോക്കുന്ന അമ്മയോടാണ് കഥ പറയുന്നത്.) തൂപ്പുകാരന്റെ വിരസമായ ദൈനം ദിന ജീവിതത്തില്‍ പ്രത്യേക സംഭവ വികാസങ്ങള്‍ ഒന്നുമില്ല. വര്‍ക്ക്ഷോപ്പ് മെക്കാനിക്, ബാന്‍റാശാന്‍, മദ്യപിച്ച് ഭാര്യയെ തല്ലുന്നവന്‍, ചെരിപ്പു കുത്തി, സീരിയല്‍ പ്രേമിയായ അലക്ക് കാരി അങ്ങനെ നിരവധി പേര്‍ അവര്‍ക്ക് ചുറ്റിലുമുണ്ട്. പിന്നെ തെരുവില്‍ ഉറങ്ങുന്നവര്‍, നാടോടികള്‍, പേരില്ലാത്ത അനവധി ആളുകള്‍. തൂപ്പുകാരന്റെയും മകന്റെയും ജീവിത പരിസരത്തിലൂടെ ഇവരൊക്കെ സിനിമയുടെ ആഖ്യാനത്തിലേക്ക് കടന്നു വരികയും നഗര ജീവിതത്തിന്റെ ഓരങ്ങള്‍ എന്ന യാഥാര്‍ത്ഥ്യത്തെ നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

പ്രദേശവാസികളുടെ സമരത്തെ തുടര്‍ന്നു ചവര്‍ തള്ളുന്ന യാര്‍ഡ് അടച്ചു പൂട്ടുന്നതോടെ അയാളുടെ ജോലി നഷ്ടപ്പെടുകയാണ്. അതോടൊപ്പം നഗര വികസനത്തിന്റെ ഭാഗമായി അയാള്‍ താമസിച്ചിരുന്ന ചേരി സര്‍ക്കാര്‍ ഒഴിപ്പിക്കുകയും ചെയ്യുന്നു. കൂടെ ജോലി ചെയ്യുന്ന ചാമിയാര്‍ (ഇന്ദ്രന്‍സ്) സഹായിച്ച് ആയാള്‍ക്കും മകനും മറ്റൊരു താമസ സ്ഥലം കിട്ടുന്നു. എന്നാല്‍ ജോലിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തുടര്‍ന്നു ചാമിയാരുടെ മലയോര പ്രദേശത്തെ നാട്ടിലേക്കുള്ള അയാളുടെ യാത്ര ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളുടെ മറ്റൊരു രാഷ്ട്രീയ ആഖ്യാനത്തിലേക്ക് അയാളെയും മകനെയും കൊണ്ട് ചെന്നെത്തിക്കുന്നു. അത് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്.

ചേരി ജീവിതം മലയാള സിനിമയില്‍ പലപ്പോഴും മികച്ച ദൃശ്യാനുഭവങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമു കാര്യാട്ടിന്റെ ഏഴു രാത്രികള്‍ ആദ്യകാല സിനിമാ ആഖ്യാനങ്ങളില്‍ ഒന്നാണ്. പിന്നീട് മുഖ്യധാര കച്ചവട സിനിമകളില്‍ ഗൂണ്ടകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തുടങ്ങി സമൂഹത്തിന്റെ അധോലോക ജീവിതങ്ങളുടെ കേന്ദ്രമായി ഇരുണ്ട നിറത്തിലാണ് ചേരികള്‍ അവതരിപ്പിക്കപ്പെട്ടത്. വിയറ്റ്നാം കോളനിയും, ഒന്നാമനുമൊക്കെ ഉദാഹരണം. ക്വട്ടേഷന്‍ സിനിമകളുടെ അവിഭാജ്യ ഘടകമാണ് ചേരികള്‍. അവിര റബേക്കയുടെ തകരച്ചെണ്ടയാണ് മറ്റൊരു ചേരി ജീവിതം നമുക്ക് കാണിച്ചു തന്നത്. പേരറിയാത്തവര്‍ അതിനെ കൂറച്ചുകൂടി രാഷ്ട്രീയവത്ക്കരിച്ചു ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള സമീപകാല പ്രക്ഷോഭങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ മുന്‍പി‌ല്‍ അവതരിപ്പിക്കുകയാണ്.

ഈ സിനിമയുടെ ഏറ്റവും പ്രധാന സവിശേഷതയായി പറയേണ്ടത് ഇതിന്റെ ആഖ്യാതാവ് കുട്ടിയാണ് എന്നുള്ളതാണ്. അവന്‍ മരിച്ചു പോയ തന്‍റെ അമ്മയോട് കഥപറയുന്ന രീതിയിലാണ് സിനിമയുടെ അവതരണം. മലയാള സിനിമ മുഖ്യധാര/കലാസിനിമ ഭേദമില്ലാതെ കുട്ടികളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളത് ആഹ്ളാദകരമായ കാര്യമാണ്. (സ്കൂള്‍ ബസ്, ഗപ്പി, ആന്‍മേരി കലിപ്പിലാണ്)

മലയാളത്തില്‍ രാഷ്ടീയ സിനിമ അവസാനിച്ചിട്ടില്ല എന്നു ഒരിക്കല്‍ കൂടി അടിവരയിടുകയാണ് പേരറിയാത്തവര്‍. മുദ്രാവാക്യം വിളിയായി വിമര്‍ശിക്കപ്പെട്ടാലും സംവിധായകന്‍ സമൂഹത്തോട് പുലര്‍ത്തുന്ന പ്രതിബദ്ധത അതിനെയൊക്കെ പൊളിച്ചടുക്കാന്‍ പോന്നത്ര കരുത്തുള്ളതാണ്. അതിന് ശക്തി പകരുന്നതാണ് ലളിതവും വൈകാരികവുമായ ആഖ്യാനം.

ഫിക്ഷന്റെയും ഡോക്യുമെന്‍ററിയുടെയും നേര്‍ത്ത അതിര്‍വരമ്പിലൂടെയാണ് സംവിധായകന്‍ സഞ്ചരിക്കുന്നത്. അത് സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ ഡോ. ബിജുവിന് സാധിക്കുന്നുണ്ട്. ജീവിതത്തെ യഥാതദമായി അവതരിപ്പിക്കുമ്പോള്‍ ‘അതൊരു ഡോക്യുമെന്ററി പോലെയുണ്ട്’ എന്ന് പാമര്‍ശിക്കപ്പെട്ടാലും അത് സിനിമയ്ക്ക് കിട്ടുന്ന ഒരു അഭിനന്ദനം ആയിട്ടുവേണം കരുതാന്‍. (വലിയ ചിറകുള്ള പക്ഷികള്‍ ഡോക്യു ഫിക്ഷന്‍ ഫോര്‍മറ്റിലാണ് ചെയ്തിട്ടുള്ളത്). 

പേരറിയാത്തവര്‍ തിയേറ്ററില്‍ പോയി കാണുന്നതിലൂടെ ലോകമൊട്ടാകെ നടക്കുന്ന എണ്ണമറ്റ പ്രതിഷേധങ്ങളോട് ഐക്യപ്പെടുക കൂടിയാണ് നമ്മള്‍ ചെയ്യുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍