UPDATES

ട്രെന്‍ഡിങ്ങ്

സുന്ദരിയാകാന്‍ സ്ത്രീയുടെ അഴകളവുകള്‍ പഠിപ്പിക്കലാണോ സിബിഎസ്ഇയുടെ പണി?

സൗന്ദര്യറാണിമാരുടെ നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ സ്ത്രീ ജീവിതത്തിന് എന്തര്‍ത്ഥം എന്ന വ്യാഖ്യാനമാണ് പാഠം മുന്നോട്ട് വെക്കുന്നത്

നമ്മള്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണെന്ന് അവകാശപ്പെടുമ്പോഴും ഇവിടെ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ വളരെ ജുഗുപ്‌സാവഹമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വെളുത്ത ചര്‍മ്മവും നീണ്ടമുടിയുമാണ് സ്ത്രീകളുടെ സ്വത്വമെന്ന് വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നമ്മോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. അത്തരം പരസ്യങ്ങള്‍ വാണിജ്യ താത്പര്യങ്ങളുടെ പേരിലാണെന്ന് വ്യാഖ്യാനിക്കപ്പെടാമെങ്കിലും സ്ത്രീ ശരീരത്തെ ഉത്പന്നവത്കരിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും മുന്നില്‍ തന്നെയാണ്. ഇപ്പോഴിതാ സിബിഎസ്ഇ അവരുടെ പാഠപുസ്തകത്തിലൂടെ തന്നെ രാജ്യത്തെ സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ്.

നമ്മുടെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായി ഡോ. വി.കെ ശര്‍മ്മ തയ്യാറാക്കി ന്യൂ സരസ്വതി ഹൗസ് പ്രസിദ്ധീകരിച്ച ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്ന പുസ്തകത്തിലെ സ്ത്രീകളുടെ ‘അഴകളവുകളെ’ക്കുറിച്ചുള്ള പാഠമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ‘ഉദാത്തമായ സ്ത്രീ ശരീരത്തിന്റെ’ അളവ് 36-24-36 ആയിരിക്കും എന്നാണ് വി.കെ ശര്‍മ്മ പന്ത്രണ്ടാം ക്ലാസിലെ കുട്ടികളോട് പറയുന്നത്. ലോക സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തവരുടെ അഴകളവുകള്‍ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

ഈ ഉദാത്തമായ അളവുകള്‍ അങ്ങനെ വെറുതെ കിട്ടുന്നതല്ലെന്നും പാഠത്തില്‍ സൂചിപ്പിക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ഇത് നേടിയെടുക്കാനാവു എന്നാണ് വിശദീകരിക്കപ്പെടുന്നത്. സൗന്ദര്യറാണിമാരുടെ നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ സ്ത്രീ ജീവിതത്തിന് എന്തര്‍ത്ഥം എന്ന വ്യാഖ്യാനമാണ് പാഠം മുന്നോട്ട് വെക്കുന്നത്. ‘നീണ്ട നട്ടെല്ലും’ ‘കുറുകിയ കൈകാലുകളും’ ‘വീതിയേറിയ ഇടുപ്പെല്ലും’ നിമിത്തം സ്ത്രീകള്‍ക്ക് മര്യാദയ്ക്ക് ഓടാനാവില്ലെന്നാണ് മറ്റൊരു കണ്ടുപിടിത്തം. വി ആകൃതിയില്‍ ശരീരമുള്ളവരാണ് ഉത്തമപുരുഷന്മാരെന്നും ഡോക്ടര്‍ വാദിക്കുന്നു.

16നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നത് എന്നതാണ് അപകടകരം. ഇത് പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്ക് പുറമെ സൗന്ദര്യമുള്ള ശരീരം നിലനിറുത്തുന്നതിനായി ഭക്ഷണം കഴിക്കാന്‍ അവര്‍ മടിക്കുന്നത് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഏത് അളവും ഏത് നിറവും ഏത് വലിപ്പവും ഉദാത്തമാണ് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥാനത്താണ് ഇത്തരം അസംബന്ധങ്ങള്‍ക്ക് പാഠപുസ്തകരൂപത്തില്‍ തന്നെ പുറത്തിറങ്ങുന്നത്. അതും സിബിഎസ്ഇ പോലെയുള്ള ഒരു സ്ഥാപനമാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത് എന്നത് ഒരു രാജ്യത്തിന്റെ ദയനീയ സ്ഥിതിയാണ് വെളിവാക്കുന്നത്. ശതകോടി രൂപയുടെ വ്യാപാരം നടക്കുന്ന സൗന്ദര്യമേഖല ഇത്തരം അരക്ഷിതാവസ്ഥ മുതലെടുത്താണ് നിലനില്‍ക്കുന്നത്. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസ പാഠപുസ്തകങ്ങളില്‍ നിന്നും കുറച്ച് കൂടി ഉത്തരവാദിത്വപൂര്‍ണമായ ഒരു സമീപനം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍