UPDATES

ട്രെന്‍ഡിങ്ങ്

ചിലതു നാം കാണാറേയില്ല; ഒരു പുഴയ്ക്കുവേണ്ടി ജീവന്‍ കളയാന്‍ തയ്യാറായവരുടെ സമരം

ഒരു പുഴയെ അകാലമൃത്യുവിനു വിട്ടുകൊടുക്കാതെ, നാളത്തെ തലമുറയ്ക്കു വേണ്ടി സംരക്ഷിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന മനുഷ്യരുടെ നിരന്തരമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്‌

കുറച്ചു മനുഷ്യര്‍, ചെറു വള്ളങ്ങളിലായി പതാളം ബണ്ടിന്റെ ഷട്ടറുകള്‍ക്കു മുന്നില്‍ ആ രാത്രിയിലും കാത്തു നിന്നു. അവര്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. ഷട്ടറുകള്‍ തുറന്നാല്‍ ഒരുപക്ഷേ തങ്ങളുടെ ശവം പൊങ്ങുന്നത് കടലില്‍ ആയിരിക്കുമെന്നറിയാം. കുതിച്ചൊഴുകുന്ന പെരിയാറില്‍ അവസാനിച്ചേക്കാവുന്ന ജീവിതത്തെയോര്‍ത്ത് അവര്‍ പക്ഷേ ഭയപ്പെട്ടില്ല. മരിച്ചു ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഒരു പുഴയേയും അതിലെ ജീവജാലങ്ങളേയും ഒരു നാടിനെയും അവിടുത്തെ മനുഷ്യരെയും രക്ഷിക്കാന്‍ സാധിച്ചാല്‍ ഈ രക്തസാക്ഷിത്വം അംഗീകരമായിരിക്കുമെന്നു മാത്രം അവര്‍ വിശ്വസിച്ചു.

ഒടുവില്‍ ആ നിശ്ചദാര്‍ഢ്യത്തിനു മുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു.

ആലുവ ഏലൂരിലെ പാതാളം ബണ്ടില്‍ നടന്ന ഈ സമരം കേരളം എത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല. ഒരു പുഴ നശിക്കുമ്പോള്‍ കൂടെയൊരു നാടും നശിച്ചുപോകുന്നൂവെന്ന്‍ വിശ്വസിക്കുന്നവരുടെ കേരളത്തില്‍ പെരിയാറിന്റെ അന്ത്യമെഴുതുന്ന കമ്പനി മുതലാളിമാരുടെയും അവര്‍ക്കുകൂട്ടു നില്‍ക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥരുടെയും ധാര്‍ഷ്ട്യത്തിനു മുന്നില്‍ സ്വന്തം ജീവന്‍വച്ചു വെല്ലുവിളിച്ചവരെ അറിയാതെ പോകുന്നത് നാളെ ഇതേ പ്രതിസന്ധികളെ നേരിടേണ്ടി വരുന്നവര്‍ തന്നെയാണ്.

പതിനഞ്ചു ദിവസത്തോളം നീണ്ട പ്രതിഷേധ സമരങ്ങള്‍ക്കു ശേഷമായിരുന്നു സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പെരിയാറില്‍ ഇറങ്ങിയത്. ബണ്ട് തുറന്നു വിടുന്നതിലെ അപകാതകള്‍ പരിഹരിക്കുക മാത്രമായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ ആവശ്യം. ബണ്ടിന്റെ മുകള്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന റിഫൈനറി മുതലായ കമ്പനികള്‍ക്കു വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഷട്ടര്‍ തുറക്കാന്‍ അധികാരികള്‍ മുന്നിട്ടറങ്ങിയത്. വെള്ളത്തില്‍ ക്ലോറൈഡിന്റെ അളവ് കൂടുതല്‍ ആണെന്ന കമ്പനികളുടെ വാദം മാത്രം അംഗീകരിച്ചാണു ബന്ധപ്പെട്ട അധികാരികള്‍ രംഗത്ത് വന്നത്. ഇപ്പുവെള്ളം കയറാതിരിക്കാന്‍ കെട്ടിയ ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തിയിട്ടിരിക്കുന്ന സമയത്ത് എങ്ങനെ ഉപ്പുവെള്ളം കയറി എന്നാണു പുരുഷന്‍ ഏലൂരിനെ പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒന്നുകില്‍ ബണ്ടിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ട്, അതല്ലെങ്കില്‍ കമ്പനികള്‍ ക്ലോറൈഡ് കലര്‍ന്ന എഫഌവന്റുകള്‍ പുഴയില്‍ തള്ളുന്നുണ്ട്. ഇതില്‍ പരിശോധന നടത്താതെ, കമ്പനികളുടെ വാക്കുമാത്രം കേട്ട് അവര്‍ക്കാവശ്യമായ വെള്ളം കിട്ടാന്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍, സമീപത്തുള്ള കുടിവെള്ള പദ്ധതികളില്‍ മാലിന്യം കലരില്ലേ എന്ന സംശയം പോലും ദൂരികരിക്കാന്‍ അധികാരികള്‍ തയ്യാറകുന്നില്ല എന്നാണു സമരസമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.


21 ആം തീയതിയിലെ പ്രതിഷേധം ഫലം കണ്ടെങ്കിലും തങ്ങളുടെ ആശങ്കകള്‍ പരിഹാരിക്കാന്‍ തയ്യാറായാല്‍ ആറു മണിക്കൂര്‍ ഷട്ടര്‍ തുറക്കുന്നത് അനുവദിക്കാം എന്നതായിരുന്നു സമരപ്രവര്‍ത്തകരുടെ നിലപാട്. പിറ്റേദിവസം രാവിലെ ജില്ല കളക്ടര്‍ തന്നെ നേരിട്ട് സ്ഥലത്ത് എത്തി സമരക്കാരുമായി സംസാരിക്കുകയും അവരുടെ ആവശ്യങ്ങള്‍ കേട്ട് മനസിലാക്കുകയും ചെയ്തു. പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. പിസിബി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഫാക്ടറി ഉടമകള്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയാകും നിലവില്‍ വരിക.

ഒരു പുഴയെ അകാലമൃത്യുവിനു വിട്ടുകൊടുക്കാതെ, നാളത്തെ തലമുറയ്ക്കു വേണ്ടി സംരക്ഷിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന മനുഷ്യരുടെ നിരന്തരമായ പോരാട്ടങ്ങള്‍ക്കിടയിലെ ഒരു വിജയം മാത്രമായി ഈ സംഭവത്തെ കാണാമെങ്കിലും ഇവരുടെ ആശങ്കകള്‍ ഇനിയും ബാക്കിയാണ്. പെരിയാറിനെ കാണുന്നവര്‍ക്കെല്ലാം മനസിലാക്കാവുന്ന ആശങ്കകള്‍…

ബണ്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് മുപ്പത്തടം പമ്പ് ഹൗസ്. ഇവിടെ നിന്നാണ്, ആലങ്ങോട്, കരുമാലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. പത്തു കിലോമീറ്റര്‍ അപ്പുറമാണ് ആലുവ പമ്പ് ഹൗസ്. ആലുവ, പറവൂര്‍ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നാണു വെള്ളം പമ്പു ചെയ്യുന്നത്. ബണ്ടില്‍ നിന്നും അധികം അകലയല്ലാതെ തന്നെ വേറെയും പമ്പു ഹൗസുകള്‍ ഉണ്ട്. അതായത് കുറെ ജനങ്ങളുടെ കുടിവെള്ളം സംവിധാനം തന്നെയാണ് ഈ പുഴ. ഇതിലൂടെ ഒഴുകുന്ന മാലിന്യം ജനങ്ങളെ നേരിട്ട് ബാധിക്കുന്നത് എങ്ങനെയാണെന്നു മനസിലാക്കാന്‍ മറ്റു വഴികള്‍ തേടേണ്ടതില്ലല്ലോ. എടയാര്‍ ചാല്‍ കൃഷി വീണ്ടും സജീവമാകുന്ന ഒരു സമയം കൂടിയാണിത്. എന്നാല്‍ പെരിയാറിലെ വെള്ളം മിനിമം ലെവലില്‍ നിന്നാല്‍ മാത്രമെ എടയാറിലേക്ക് വെള്ളം കിട്ടൂ. ബണ്ട് തുറക്കുമ്പോള്‍ ഇല്ലാതാവുന്നത് ഈ പ്രദേശത്തേക്കുള്ള വെള്ളം കൂടിയാണ്. കൃഷി നശിക്കുന്നതു മാത്രമല്ല, കിണറുകളില്‍ വെള്ളം ഇല്ലാതാകും. കടുത്ത വേനല്‍ വരുന്ന സാഹചര്യത്തില്‍ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ടി വരും.

280 ഓളം ഫാക്ടറികള്‍ പെരിയാറിനു കരയിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ മാലിന്യം പുഴയിലേക്ക് തള്ളുകയാണെന്നു പറയുന്നില്ലെങ്കിലും ഒട്ടുമിക്ക ഫാക്ടറികളിലും നിന്നും മാലിന്യം പുറന്തള്ളുന്നത് പെരിയാറിലേക്കാണ്. എത്രയോ കാലങ്ങളായി പുഴയില്‍ മീനുകള്‍ ചത്തുപൊങ്ങുന്നതും വെള്ളം നിറം മാറി ഒഴുകുന്നതും സംഭവിക്കുന്നു. എന്നിട്ടും കാരണം കണ്ടിപിടിക്കാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍.

കമ്പനികള്‍ പുഴയിലേക്ക് മാലിന്യം തള്ളുന്നതിന് വ്യക്തമായ തെളിവുകള്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കിട്ടിയിട്ടില്ലെങ്കിലും നാട്ടുകാരുടെ കൈവശം ഉണ്ട്. പുഴയോരത്തു കൂടി ഒരു റോഡു നിര്‍മിക്കണം. എങ്കില്‍ ഈ മാലിന്യം തള്ളല്‍ കണ്ടു പിടിക്കാം. വിവരം കിട്ടി പിസിബി ഉദ്യോഗസ്ഥര്‍ വന്നാല്‍ കമ്പനിയുടെ ഗേറ്റ് കടന്ന് ഉള്ളില്‍ വരാന്‍ പത്തു മിനിട്ടെങ്കിലും കഴിഞ്ഞേ അവിടെയുള്ളവര്‍ അനുവദിക്കൂ. ഇതിനകം മാലിന്യം തള്ളുന്നത് നിര്‍ത്തി ആ ഭാഗത്ത് ശുദ്ധജലം ഒഴിച്ചു വൃത്തിയാക്കി തെളിവുകളെല്ലാം കമ്പനി ഇല്ലാതാക്കിയിരിക്കും. പുഴയുടെ വശത്തുകൂടി ഒരു പാത ഉണ്ടെന്നിരിക്കട്ടെ, മാലിന്യം തള്ളല്‍ കമ്പനികള്‍ സ്വാഭാവികമായി കുറയ്ക്കും. അവര്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതു തന്നെ കാരണം. ആള്‍ സഞ്ചാരം ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ പുഴയിലേക്കുള്ള മാലിന്യമൊഴുക്കല്‍ കമ്പനികള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. പിസിബി ഉദ്യോഗസ്ഥര്‍ക്കും വേഗം സ്ഥലത്ത് എത്താന്‍ റോഡ് മാര്‍ഗം സാധിക്കുകയും ചെയ്യും; പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ സംരക്ഷണ സമിതി അംഗവുമായ മഹേഷ് ചൂണ്ടിക്കാണിക്കുന്ന കാര്യമാണിത്.

പുഴ മാലിന്യബാധിതയാണെന്നതിന് സ്വന്തം കണ്ണുകള്‍ തന്നെ മതി തെളിവായിട്ട് എന്നിരിക്കിലും കമ്പനികളാണ് ഇക്കണ്ട മാലിന്യങ്ങളെല്ലാം പെരിയാറിലേക്ക് ഒഴുക്കുന്നതിന് തെളിവുകള്‍ ഒന്നും കിട്ടുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് മഹേഷിനെ പോലുള്ള നാട്ടുകാര്‍ തന്നെ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ തെളിവുകള്‍ വച്ച് നടപടിയില്ലാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല. തെളിവുകള്‍ ഇല്ലാതെ ആര്‍ക്കും എതിരേ നടപടിയെടുക്കാന്‍ സാധിക്കില്ല എന്നുമാത്രം അവര്‍ വീണ്ടും പറയും.

തെളിവുകള്‍ കിട്ടുന്നില്ല എന്നത് വാസ്തവമാണ്. അതില്ലാതാക്കാന്‍ കമ്പനികള്‍ക്ക് അറിയാം. ഓരോ കമ്പനിയില്‍ നിന്നും പുഴയിലേക്ക് മഴവെള്ളം ഒഴുക്കി വിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പുഴയിലേക്ക് തുറന്നിരിക്കുന്ന ഭാഗം കണ്ടു കഴിഞ്ഞാല്‍ പിന്നെ അത് ദൃശ്യമാകുന്നത് 400 മീറ്ററോളം പിന്നിലായി കമ്പനിയുടെ അകത്തായിട്ടായിരിക്കും. ബാക്കി ഭാഗം മുഴുവന്‍ മണ്ണിട്ടു മൂടിയിരിക്കും. മണ്ണിനടയില്‍ മറ്റേതെങ്കിലും പൈപ്പുകള്‍ ഇതുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്നു എങ്ങനെ കണ്ടു പിടിക്കാന്‍. മാത്രമല്ല, പിസിബിയില്‍ നിന്നും ആളെത്തുന്നതു മുന്‍കൂട്ടി അറിയുമ്പോള്‍ തന്നെ വേണ്ട മുന്‍കരുതലുകള്‍ കമ്പനികള്‍ സ്വീകരിക്കുകയും ചെയ്യും. ഞങ്ങള്‍ നാട്ടുകാരാണു പലപ്പോഴും ഇവരുടെ കള്ളത്തരങ്ങള്‍ കണ്ടെത്തുന്നത്. സിഎംആര്‍എല്ലിന്റെതടക്കം തെളിവുകള്‍ സഹിതം മാലിന്യം തളളല്‍ ഞങ്ങള്‍ കണ്ടെത്തി. പക്ഷേ കമ്പനിയും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടിക്കാരും എല്ലാം ചേര്‍ന്ന് ഞങ്ങളെ ഓരോരോ കേസില്‍ പെടുത്തുകയാണ്. പൊലീസും അവര്‍ക്കൊപ്പമാണ്. കുടിവെള്ളത്തിലോ പൊതുജലാശയങ്ങളിലോ മാലിന്യം കലര്‍ത്തിയാല്‍ സ്വമേധയ കേസ് എടുക്കാന്‍ പൊലീസിന് അവകാശമുണ്ട്. അങ്ങനെയുള്ള പൊലീസ് പുഴയിലെ മാലിന്യം തള്ളല്‍ അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ട് സമരം ചെയ്ത ഞങ്ങളെയാണു കുറ്റവാളികളായി കാണാന്‍ നോക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഏതെങ്കിലുമൊരു കേസില്‍ ഞങ്ങളെ അവര്‍ പിടികൂടുമെന്ന് അറിയാം. എന്നാലും ഭയന്നു പിന്മാറില്ല; മഹേഷ് പറയുന്നു.

പൊതുവില്‍ മാലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കുറിച്ച് ജനങ്ങള്‍ക്കു പറയാന്‍ കുറ്റങ്ങളെയുണ്ടായിരുന്നുള്ളൂ. കാരണം, പെരിയാറിനെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരുടെ നിരുത്തരവാദപരമായ രീതകളാണ് വര്‍ഷങ്ങളായി മാലിന്യം തള്ളല്‍ തുടരുന്ന കമ്പനികള്‍ യാതൊരു തടസവും കൂടാതെ പ്രവര്‍ത്തിച്ചുപോരാന്‍ കാരണവും. നടപടിയെടുക്കേണ്ടവര്‍ അനങ്ങുന്നില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എലൂര്‍, എന്‍വയണ്‍മെന്റല്‍ സര്‍വൈലന്‍സ് സെന്ററിലെ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എംപി തൃദീപ് കുമാര്‍ നേരിടുന്നത്. മാലിന്യം തള്ളുന്ന കമ്പനികള്‍ക്കെതിരേ നടപടിയെടുത്തതിനു പകരമായി തൃദീപിനെതിരേ ഇപ്പോള്‍ അന്വേഷണ കമ്മിഷഷനെ നിയോഗിച്ചിരിക്കുകയാണ്. അതും മലനീകരണ നിയന്ത്രണ ബോര്‍ഡ്. കമ്പനികളും അവരുടെ ഭാഗത്തു നില്‍ക്കുന്ന മാധ്യമങ്ങളും ഒപ്പം പിസിബിയുടെ തലപ്പത്തിരിക്കുന്നവരും ചേര്‍ന്നാണ് ഈ ഉദ്യോഗസ്ഥനെതിരേ പടയൊരുക്കം നടത്തുന്നത്.

കൃത്യമായ തെളിവുകള്‍ ഉള്ളതിനാലാണ് സിഎംആര്‍എല്ലിന് ഞാന്‍ കത്തെഴുതിയത്. ഇതിനു മുമ്പ് മൂന്നു കാരണം കാണിക്കല്‍ നോട്ടീസുകള്‍ കമ്പനിക്കു നല്‍കിയിരുന്നതാണ്. അതൊന്നും കാര്യമാക്കിയെടുക്കാതിരുന്നവര്‍ ഇപ്പോഴത്തെ കത്തില്‍ വിളറി പിടിച്ചെങ്കില്‍ അവരുടെ തെറ്റ് കണ്ടുപിടിക്കുമെന്ന് ഭയന്നു തന്നെയാണ്. കത്ത് കൊടുത്തശേഷം മൂന്നു മാസത്തോളം പെരിയാറിലേക്കുള്ള മാലിന്യമൊഴുക്കല്‍ നിര്‍ത്തിയിരുന്നു. അതിന്റെ വ്യത്യാസം പുഴയിലും കാണാമായിരുന്നു. നിറവ്യത്യാസമില്ലാതെയാണ് പെരിയാര്‍ ഒഴുകുന്നത്. പക്ഷേ തങ്ങളുടെ ഭാഗത്തു നിന്നും പിഴവുകളൊന്നും വന്നിട്ടില്ലെന്നു വാദവുമായി ഏതാനും മാധ്യമങ്ങളെയും കൂട്ടിപിടിച്ച് എന്നെ തേജോവധം ചെയ്യുകയാണ് കമ്പനി. കപടപരിസ്ഥിവാദികളുടെ സഹായി ആണു ഞാനെന്നും വയനാട്ടില്‍ റിസോര്‍ട്ട് ഉണ്ടെന്നുമൊക്കെയാണ് എനിക്കെതിരേ ഉയരുന്ന ആക്ഷേപം. അതിന്റെ ഭാഗമാണ് ഇപ്പോള്‍ വന്നിരിക്കുന്ന അന്വേഷണ കമ്മിഷന്‍ പോലും; എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ തൃദീപ് പറയുന്നു.

ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നതാണ് പിസിബി ചെയര്‍മാന്റെ ഉള്‍പ്പെടെയുള്ളവരുടെ വാശി. സിഎംആര്‍എല്‍ പോലുള്ള കമ്പനികള്‍ മാലിന്യം ഒഴുക്കുന്നുണ്ടെന്നതിന് ഒന്നിലേറെ തവണ തെളിവുകള്‍ കിട്ടിയതാണ്. അതിനെതിരേ നടപടിയെടുത്തതിന് ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ പലവിധത്തില്‍ വേട്ടയാടപ്പെടുന്നു.

ശ്രീശക്തി എന്ന കമ്പനിയില്‍ നിന്നുള്ള മാലിന്യം പെരിയാറിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമായി കണ്ടെത്തി അവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. പിന്നീടു ജില്ല ഭരണകൂടം പറഞ്ഞത് അങ്ങനെയൊരു പരാതി തന്നെ കിട്ടിയിട്ടില്ലെന്നാണ്. പിന്നീട് പിസിബി ഉപരോധിച്ചതിന്റെ ഫലമായി ആര്‍ഡിഒ ഇടപെടുകയും കമ്പനി മാലിന്യം പുറന്തള്ളുന്നത് കണ്ടെത്തിയതിനാല്‍ മാലിന്യനിര്‍മാര്‍ജനത്തിനുള്ള ശാസ്തീയ വഴികള്‍ സ്വീകരിച്ചു പ്രാവര്‍ത്തികമാകുന്നതുവരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിരുന്നു. കമ്പനി ഇപ്പോഴും നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ഫാക്ടറി പൂട്ടിച്ചെന്നാണു ചില ഭാഗത്തു നിന്നും ഉയരുന്ന ആരോപണം. യാഥാര്‍ത്ഥ്യം എന്താണെന്നു മാത്രം ആരും അന്വേഷിക്കുന്നില്ല. സിഎംആര്‍എല്ലിന്റെ കാര്യത്തിലും നടക്കുന്നത് ഇത്തരം പ്രചരണങ്ങള്‍ തന്നെയാണ്; സമരസമതി പ്രവര്‍ത്തകര്‍ പറയുന്നു.

രൂക്ഷമായ മലിനീകരണമാണ് പെരിയാര്‍ നേരിടുന്നത് എന്നതില്‍ ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. 44 നദികളില്‍ ഏറ്റവും മികച്ച നദിയായിരുന്നു പെരിയാര്‍, ഇന്നതിന്റെ അവസ്ഥ ഏതൊരു മനുഷ്യന്റെയും ഹൃദയം നുറുക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ നിന്നും പെരിയാറിനെ രക്ഷിക്കാന്‍ ഇനിയും നമുക്ക് കഴിയും. അതിനായി നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

പരാതി കിട്ടിയാല്‍ മാത്രം നടപടിയെടുക്കാം എന്ന നിലപാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാറ്റണം. പിസിബി അവരുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഏജന്‍സികളുടെയും സഹായം തേടണം. മലിനീകരണവുമായി ബന്ധപ്പെട്ട് ഏതു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹായം പിസിബിക്കു തേടാവുന്നതാണ്. നടപടിയെടുക്കാന്‍ ആവിശ്യപ്പെടാനും ബോര്‍ഡിന് അധികാരമുണ്ട്. മലിനീകരണത്തിനെതിരേ കോര്‍ഡിനേഷന്‍ റോള്‍ ആണ് പിസിബിക്ക് വേണ്ടത്. ലോക്കല്‍ ബോഡി അംഗങ്ങളെ പിസിബിയില്‍ ഉള്‍പ്പെടുത്തും. വേണ്ടത് ഇവരെ ഉപയോഗിച്ച് ഓരോയിടത്തേയും മലിനീകരണപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയാണ്. ജനപ്രതിനിധികള്‍ എന്ന നിലയിക്ക് അവര്‍ക്ക് ഇത്തരം ഇടപെടലുകള്‍ക്ക് കൂടുതല്‍ സാധിക്കും. എന്നാല്‍ ബോര്‍ഡില്‍ അംഗങ്ങളാകുന്ന ജനപ്രതിനിധികളെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലും മറ്റും ആദ്യമേ നിയമിക്കുകയാണ് പതിവ്.

ബോര്‍ഡിന് മറ്റു സഹായങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ ജനങ്ങളുടെ പിന്തുണ തേടാം. മലിനീകരണവും മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങളും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ട്. വിവരാവകാശ നിയമം നിലവില്‍ വരുന്നതിനും മുന്‍പ് തന്നെ അന്താരാഷ്ട്ര നിയമം അനുസരിച്ച് തന്നെ ഈ ചുമതല നിലവില്‍ വന്നിട്ടുണ്ട്. കാരണം, മലിനീകരണം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. പക്ഷേ ഇതൊന്നും ഇവിടെ നടക്കുന്നില്ല എന്നുമാത്രം.

ബോര്‍ഡിന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നു സമ്മത്തിക്കുമ്പോള്‍ തന്നെ കമ്പനികളുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണമാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. മാലിന്യനിര്‍മാര്‍ജനത്തില്‍ സുതാര്യമായ ഒന്നും തന്നെ കമ്പനികള്‍ നടത്തുന്നില്ല. മഴവെള്ളം ഒഴുക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍ക്കു മുന്നിലായി ഒരു തടയണ ഉണ്ടാക്കാന്‍ അവര്‍ തയ്യാറായാല്‍ തന്നെ മാലിന്യങ്ങള്‍ പുഴയിലെത്തുന്നതു തടയാം. ഭൂമിക്കടയിലൂടെയുള്ള പൈപ്പുകളാണ് പുഴയിലേക്ക് വയ്ക്കുന്നത്. അതില്‍ മാലിന്യത്തിന്റെതുള്‍പ്പെടെ ഏതൊക്ക പൈപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നു മനസിലാകില്ല. ഇപ്പോള്‍ പല മേജര്‍ കമ്പനികള്‍ക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെല്‍ഫ് ചെക്കിംഗ് മെഷീന്‍ വയ്ക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ആ മെഷീന്‍ നല്‍കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സിപിസിബിയുടെ സെര്‍വറില്‍ എത്തും. ഇവിടെയും ഏതാനും കമ്പനികളില്‍ ഈ സംവിധാനം ഉണ്ട്. ഇത് എല്ലാവരും പ്രാവര്‍ത്തികമാക്കണം. എന്നാല്‍ കമ്പനികള്‍ തങ്ങളുടെ ഒളിച്ചു കഴികള്‍ തുടരുമ്പോഴാണ് പുഴ നശിക്കുന്നത്. മനുഷ്യന്‍ രോഗികളാകുന്നത്. ഇതിനെതിരെയാണു പോരാടേണ്ടത്. എന്നാല്‍ പോരാടുന്നവര്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും, എന്നെപ്പോലെ; തൃദീപ് പറയുന്നു.

പതാളം ബണ്ടിനു മുകളില്‍ നിന്നും നോക്കിയാല്‍ ഒറു ഭാഗത്ത് പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞ പുഴകാണാം. ഇപ്പുറം കറുത്തും നിറം മാറിയും ഒഴുകുന്ന പെരിയാറിന്റെ മറ്റൊരു മുഖവും. ചുറ്റും കറുത്ത പുക തുപ്പിനില്‍ക്കുന്ന ഫാക്ടറി കുഴലുകള്‍. ആകാശത്തിനും പുഴയ്ക്കും ആ കറുപ്പിന്റെ വാങ്ങല്‍ ഏറ്റപോലെ. പുഴയോരത്തുകൂടി നടന്നാല്‍ അസ്വസ്ഥയുണ്ടാക്കുന്ന ഗന്ധം. മുളം കമ്പുകൊണ്ട് ഒഴുകി വരുന്ന പായല്‍കെട്ടുകളെ തള്ളി മാറ്റുന്നതിനിടയില്‍ സമീപവാസികളായ സത്രീകള്‍ പറഞ്ഞതുപോലെ പെരിയാറും ഞങ്ങളുമൊക്കെ ഏതാണ്ട് മരിക്കാറായി. എന്നാലും വ്യവസായം വളരട്ടെ…

വ്യവസായം വളരണം, അതു രാജ്യത്തിന്റെ ആവശ്യമാണ്. പുഴകളായ പുഴകളെയും പ്രകൃതിയേയും കൊന്നിട്ട്, ഒരു നാട് വളരണോ? എന്നതാണു ചോദ്യം.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

 

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍