UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദ്ഭുതമില്ല; കാന്തപുരത്തിന്റെ ശിഷ്യനാണല്ലോ ഈ പേരോട് സഖാഫി പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്ക് ഒരു തുറന്ന കത്ത്; താങ്കള്‍ നില്‍ക്കേണ്ടത് ശരികളുടേയും ഇരകളുടേയും കൂടെ

Avatar

കെ.പി.എസ്. കല്ലേരി

മാസങ്ങള്‍ക്ക് മുന്‍പ് ബുഹുഭാര്യത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. സ്ത്രീകള്‍ക്ക് മാസമുറപോലുള്ളവ ഉണ്ടാകുന്ന സമയങ്ങളില്‍ അടക്കിവെക്കാനാവാത്ത പുരുഷന്റെ ലൈഗിംകദാഹം തീര്‍ക്കാന്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല…..കുറച്ചുനാള്‍ ഈ വിവാദ പരാമര്‍ശം ഏറെ കോലാഹലങ്ങള്‍ക്കിടയാക്കിയെങ്കിലും സാക്ഷര കേരളത്തിന് എപിയെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല. കാന്തപുരത്തിന്റെ ഒരു രോമത്തിനുപോലും ഇളക്കം തട്ടിയില്ലെന്നുമാത്രമല്ല അതിലും വലിയ ബോംബായ മുടിപ്പള്ളിയുമായി പൂര്‍വാധികം ശക്തിയോടെ അദ്ദേഹം രംഗത്തിറങ്ങുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകള്‍. രാഷ്ട്രീയ കേരളത്തിലെ സകലമാന രാഷ്ട്രീയക്കാരും കാന്തപുരത്തിനു പിന്നാലെ വട്ടമിട്ട് പറക്കാനുള്ളപ്പോള്‍ മുസല്യാര്‍ ആരെ പേടിക്കണം. 

അങ്ങനെയുള്ള  കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ ജനറല്‍ സെക്രട്ടറിയായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കൗണ്‍സില്‍ അംഗവും അതിന്റെ യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ഇപ്പോള്‍ വിവാദ പുരഷനായിരിക്കുന്ന പേരോട് പി.എം.അബ്ദുറഹ്മാന്‍ മുസല്യാര്‍. മാത്രമല്ല സംഘടനാകാര്യങ്ങളില്‍ കാന്തപുരത്തിന്റെ വലം കൈയ്യും. എന്നാലും പേരോട് സഖാഫി, ഒരു പിഞ്ചുകുട്ടിയെക്കുറിച്ച് ഇത്രയും അപഹസിക്കാമോ? ഈ നാട്ടില്‍ ചോദിക്കാനാരും വരില്ലെന്നു കരുതി എന്തു തെമ്മാടിത്വവും ആകാമെന്നാണോ. അതിക്രൂരമായ പീഡിപ്പിക്കപ്പെട്ട നാലര വയസ്സുകാരിയെക്കുറിച്ച് താങ്കള്‍ പൊതുജനമധ്യത്തില്‍ വിളിച്ചുപറഞ്ഞത് ഏത് മതഗ്രന്ഥമാണ് ശരിയാണെന്ന് താങ്കള്‍ക്ക് വരവ് വെച്ചുതരിക..?


കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍

നാദാപുരം പാറക്കടവ് ദാറുല്‍ ഹുദ സ്‌കൂളില്‍ പീഡനത്തിനിരയായ നാലര വയസുകാരിയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പേരോട് സഖാഫി നടത്തിവരുന്ന പ്രസംഗമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂളിനോട് ചേര്‍ന്ന മതപാഠശാലയിലെ രണ്ട് യുവാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വെറിപൂണ്ടാണ് സഖാഫിയുടെ പ്രസംഗം. രണ്ടോമൂന്നോ യുവാക്കളുടെ ക്രൂരമായ പീഢനത്തിനിരയായി, നിരവധി ദിവസം ആശുപത്രിയിലും അതിനുശേഷം വീട്ടില്‍ വിശ്രമത്തിലും കഴിയുന്നൊരു കുട്ടിയെക്കുറിച്ചാണ് പേരോടിന്റെ അപഹസിക്കല്‍ എന്ന് ആരും മറന്നുപോകരുത്. 

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞതു മുതല്‍ മാനേജിമെന്റിന്റെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവന്ന സഖാഫി, പ്രതികളാക്കപ്പെട്ടവരെ സരക്ഷിക്കാനുള്ള നിലപാടാണ് എടുത്തിരുന്നത്. പീഢനത്തിനിരയായ നാലരവയസുകാരി പഠിക്കുന്ന പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളും കോമ്പൗണ്ടിലെ മതപാഠശാലയും ഉള്‍ക്കൊള്ളുന്ന സിറാജുല്‍ഹുദ എഡുക്കേഷണല്‍ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയാണ് പേരോട് അബ്ദുറഹ്മാന്‍ മുസല്യാര്‍.

സ്‌കൂളിനേക്കാള്‍ സഖാഫിക്ക് ശ്രദ്ധ മതപാഠശാലയിലായതിനാല്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞ അവിടത്തെ രണ്ട് യുവാക്കളേയും രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് സഖാഫി വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയെ അപഹസിക്കുന്നതിനിടെ പൊലീസിനെ സ്വാധീനിച്ച് സ്‌കൂളിലെതന്നെ പാവപ്പെട്ടൊരു ക്ലീനറെ പ്രതിയാക്കാനുള്ള ശ്രമവും നടത്തി. അത് ജനം ഒന്നടങ്കം സമരം ചെയ്ത് തോല്‍പിക്കുകയും യഥാര്‍ഥ പ്രതികളെന്നുപറയുന്നവര്‍ അറസ്റ്റിലാവുകയും ചെയ്ത സഹാചര്യത്തില്‍ സമനില തെറ്റിയ ആളെപ്പോലെയാണിപ്പോള്‍ സഖാഫി പെരുമാറുന്നത്. അറസ്റ്റിലായ രണ്ടുപേരുടേയും പിതാക്കള്‍  കാന്തപുരത്തിന്റേയും സഖാഫിയുടെയും സംഘടനയിലെ നേതാക്കളാണെന്നതാണ് ഇദ്ദേഹത്തെ ഇത്രയും നീചമായ വഴികളിലേക്ക് നയിക്കുന്നതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.

പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവരും രാഷ്ട്രീയനേതാക്കളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പേരോട് അബ്ദുറ്ഹ്മാന്‍ സഖാഫിക്കെതിരെ എം എന്‍ കാരശ്ശേരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. പീഡനത്തിന് ഇരയായ കുട്ടിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയാണ് ഇപ്പോള്‍ സഖാഫി ചെയ്യുന്നത്.  ഇങ്ങനെ അവരെ അപമാനിക്കാന്‍ ശ്രമിക്കരുത്. പര്‍ദ്ദയിട്ടാല്‍ ബലാത്സംഗം ഉണ്ടാകില്ലെന്ന് പറയുന്നവരാണിവര്‍. ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല കുറ്റക്കാരെന്ന് പറയാന്‍ എന്ത് തെളിവാണ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ കൈയില്‍ ഉള്ളത്”, കാരശ്ശേരി ചോദിച്ചു. 

കുറേ പണം കൈയിലുണ്ടെന്ന് കരുതി എന്തിനെയും വിലക്കെടുക്കാമെന്ന കരുതരുത്. മതപണ്ഡിതര്‍ കല്‍പ്പിക്കുന്ന വിധികേള്‍ക്കാന്‍ അവരുടെ അനുയായികളെ കിട്ടുമായിരിക്കും. അതിന് ഇവിടുത്തെ പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും കിട്ടുമെന്ന് ധരിക്കരുതെന്നും കാരശ്ശേരി പ്രതികരിച്ചു.

പേരോടിന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. നസീര്‍ ചാലിയം പറഞ്ഞു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സഖാഫിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന ഇ.കെ.സുന്നി വിഭാഗവും രംഗത്തുണ്ട്.

 

*Views are personal

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അസ്സലാമു അലൈക്കും പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉസ്താദ്,

എന്‍റെ വല്ല്യുമ്മാനോട് ഇന്ന് രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ പേരോട് ഉസ്താദിനെക്കുറിച്ചു “ഇന്റര്‍നെറ്റില്‍ എഴുതുന്നു” എന്ന് പറഞ്ഞു. പേരക്കുട്ടി “നന്നാവാന്‍ പോകുന്നതറിഞ്ഞു” ആ പാവം എഴുപതുകാരി വല്ല്യ സന്തോഷത്തിലാണ്. താങ്കളുടെ അപദാനങ്ങള്‍ പുകഴ്ത്തി ഞാന്‍ പടച്ചവനു പ്രിയപ്പെട്ടവനാകുകയും അങ്ങനെ കുടുംബത്തിലെ “അസുരപുത്രനാ”യ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവണം. അവരെപ്പോലുള്ള ലക്ഷോപലക്ഷം നിഷ്ക്കളങ്കരായ മനുഷ്യര്‍ ആണ് താങ്കളെപ്പോലുള്ള പുരോഹിതന്മാരെ ഇപ്പോഴും “ഉസ്താദു”മാരായി നിലനിര്‍ത്തുന്നത് എന്നത് കേവല യുക്തികൊണ്ട് മനസ്സിലാക്കാം. ഖുര്‍ആനും, ഹദീസും,ബൈബിളും, ക്രിസ്ത്യന്‍- ഇസ്ലാമിക ചരിത്രവും പഠിക്കാന്‍ ഇന്‍റര്‍നെറ്റും, പുസ്തകങ്ങളും, വിശാല ലൈബ്രറികളും ഉള്ള കാലത്ത് സകല മതങ്ങളും പൌരോഹിത്യങ്ങളെ പിരിച്ചുവിട്ട് സ്വയം ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു കാലം വരിക തന്നെചെയ്യും. അന്ന് നാലര വയസ്സുള്ള പൂമൊട്ടുകള്‍ മുതല്‍, സിസ്റ്റര്‍ അഭയയെപോലുള്ളവര്‍ തുടങ്ങി ചേകനൂര്‍ അബ്ദുള്‍ഖാദര്‍ മൌലവി വരെയുള്ള മനുഷ്യര്‍ മാലാഖമാരെപ്പോലുള്ള ചിത്രശലഭങ്ങള്‍ ആവുകയും, ഈ ലോകം കുറച്ചുകൂടി നീതിയും, സഹിഷ്ണുതയും, സ്വാസ്ഥ്യവും ഉള്ള ഇടമാവുകയും ചെയ്യും. സംശയിക്കേണ്ട, എന്‍റെ തലമുറ ആ പുലരിക്കു തന്നെയാണ് കാത്തിരിക്കുന്നത്. അല്ലാതെ ഈശ്വരനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാര്‍ വേണമെന്നും, സ്വര്‍ഗ്ഗത്തിലേക്ക് പോകുവാനുള്ള ടിക്കറ്റ് ലഭിക്കാന്‍ പൌരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ക്ക് വിധേയരാകണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നതേയില്ല.

താടിയോ, തൊപ്പിയോ, മുസല്‍മാന്റെ പേരോ ഉള്ളവന് ധൈര്യമായി യാത്ര ചെയ്യാനോ, എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാനോ സാധിക്കാത്ത, ഇസ്ലാമിക തീവ്രവാദികളെ കൃത്രിമമായി സൃഷ്ടിക്കുന്ന ഒരു ലോകത്തു കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. അബ്ദുള്‍ നാസര്‍ മഅദനി മുതല്‍, ദേശീയ ഗാന വിവാദത്തില്‍ അറസ്റ്റിലായ സല്‍മാന്‍ തുടങ്ങി, വാഗമണ്‍ “തീവ്രവാദ ക്യാമ്പി”ന്‍റെ പേര് പറഞ്ഞു അറസ്റ്റ് ചെയ്ത, പിന്നീട് പോലീസ് വിട്ടയച്ച നിരപരാധികള്‍ വരെ ചില്ലറ ഉദാഹരണങ്ങള്‍ മാത്രം. യതീം മക്കളെ അന്നവും, വിദ്യയും നല്‍കാന്‍ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ “മനുഷ്യക്കടത്ത്” എന്ന ക്രിമിനല്‍ പ്രവര്‍ത്തനമായി ചിത്രീകരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹവും താങ്കള്‍ കണ്ടതാണല്ലോ ഉസ്താദേ? ഇത്തരം ആസുര നാളുകളില്‍ സമുദായത്തിന് വേണ്ടി പ്രതിരോധത്തിന്റെ പെരുംപടനായകനായി മുന്നില്‍ നില്‍ക്കുന്ന ആളുകളായി നിങ്ങളെയൊക്കെ എന്നെപ്പോലുള്ള യുവാക്കള്‍ ഒരുവേള സ്വപ്നം കണ്ടുപോകുന്നു. പക്ഷേ വലിയ നിരാശയാണ് നിരന്തരമായി നിങ്ങള്‍ സമ്മാനിച്ച്‌ കൊണ്ടിരിക്കുന്നത്.

എത്രമാത്രം ശരിയും, ശാസ്ത്രീയവുമായ രീതിയില്‍, അച്ചടക്കമുള്ള ഒരു സ്ഥാപനമായി മാനേജ് ചെയ്യാന്‍ ശ്രമിച്ചാലും മനുഷ്യര്‍ നടത്തുന്ന ഇടങ്ങളില്‍ പാളിച്ചകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. താങ്കളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സമുദായത്തിന്റെ സല്‍പ്പേരിനേ ആക്രമിക്കുന്നവര്‍ തന്നെയാണ്. അതൊക്കെയായിരിക്കാം. പക്ഷേ നീതി നടപ്പിലാക്കുന്നതില്‍ മഹാനായ ഖലീഫ ഉമര്‍ ഖത്വാബിനെ മാതൃകയാക്കേണ്ട ഒരു സമുദായത്തിന്റെ മുന്നണിയിലുള്ള താങ്കള്‍ ഉള്‍പ്പടെയുള്ളവര്‍ അങ്ങനെ തന്നെയാണോ ചെയ്തത് എന്നത് മാത്രമാണ് ഇന്ന് ഈ സമൂഹം ഉറ്റുനോക്കുന്നതും, ഉത്കണ്ഠപ്പെടുന്നതും. ഒരു ഭാഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സാമുദായിക സംഘടനകളില്‍ ഒന്ന് , മറുഭാഗത്ത് ഒരു പിഞ്ചു പെണ്‍കുട്ടിയും, കുടുംബവും, പരമസാധുവായ ഒരു പട്ടിണിക്കാരന്‍ ബസ് ക്ലീനറും. കൊള്ളാം, നല്ല കാവ്യനീതി; ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പോലീസ്, ഭരണകൂടം, ന്യൂനപക്ഷ പ്രീണനവും, മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയം സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരും കൂടിയായപ്പോള്‍ താങ്കള്‍ ഉമര്‍ ഖത്വാബിനെ മാത്രമല്ല സ്വാഭാവിക നീതിയെപ്പോലും മറന്നുകളഞ്ഞു. താങ്കളുടെ പ്രസംഗം കേട്ട് ഒരു വേള ശ്രീ. എന്‍ . കെ പ്രേമചന്ദ്രന്‍ എം.പി പോലും തെറ്റിധരിച്ചതായും, പിന്നീട് നിലപാട് തിരുത്തിയതായും മാധ്യമങ്ങളില്‍ കണ്ടു.

ഉസ്താദേ, താങ്കളുടെ പ്രസംഗത്തിന്റെ ഓഡിയോ ഇന്നലെ കേള്‍ക്കുകയുണ്ടായി. DYFI നേതാവ് സ്വരാജ് മുതല്‍ അബ്ദുള്‍ നാസര്‍ മഅദനി തുടങ്ങി, കെ എം ഷാജിയെയും, കെ ടി ജലീലിനെയും, അടല്‍ ബിഹാരി വാജ്പെയിയെയും, ബരാക് ഒബാമയെയും വരെ യൂട്യുബിലും നേരിട്ടും കേള്‍ക്കുന്ന ഒരു സ്വഭാവം ഉള്ളതുകൊണ്ട് താങ്കളുടെ ശൈലിയില്‍ ആരാധനയൊന്നും തോന്നിയില്ല. പക്ഷേ ദുഖകരവും, നിര്‍ഭാഗ്യകരവുമായിരുന്നു താങ്കളുടെ വാക്കുകള്‍. അവയില്‍ പലതും ഇവിടെ ഉദ്ധരിക്കാന്‍ പോലും തോന്നുന്നില്ല. ഒരു പിഞ്ചുകുഞ്ഞിനെ കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത് എന്നത് പലപ്പോഴും മറക്കുന്നതായി തോന്നി. അതിലെല്ലാമുപരി ആ വിഷയത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താന്‍ ഒരു വ്യഗ്രതയും താങ്കളുടെ വാക്കുകളില്‍ പ്രകടമായിരുന്നില്ലേ ..?

ചില അമ്മ ദൈവങ്ങളെ പോലെ ഭരണകൂടത്തെയും, രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കാന്‍ കഴിയാത്ത ഈ നാട്ടിലെ ഒരു ഹൈന്ദവ ആശ്രമത്തിലോ മറ്റോ ആണ് ഇത്തരം ഒരു സംഭവം എങ്കില്‍ ഇവിടെയുണ്ടാകുന്ന പുകിലുകള്‍, കമ്യൂണിസ്റ്റുകാരും, മുസ്ലിം മൌലികവാദികളും, മറ്റു സംഘടനകളും നടത്തിയേക്കാവുന്ന സമര വേലിയേറ്റങ്ങള്‍ ചിന്തിച്ചു നോക്കൂ. കോഴിക്കോട്ടു വല്ലതും നടന്നോ, താങ്കള്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യം വല്ലതും ഉണ്ടായോ? ഒരു കല്ലെങ്കിലും ഏതെങ്കിലും ജനല്‍ചില്ലിലേക്ക് എറിയപ്പെട്ടോ? ഇല്ലല്ലോ? അപ്പോള്‍ ഈ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അഹിതമായി പലതും നേടുന്നു എന്ന് പറയുന്നതിലും യുക്തിയില്ലേ? പലരും മൌനം പാലിക്കുന്നത് വോട്ട് ബാങ്കിനെ ഭയക്കുന്നതുകൊണ്ട് മാത്രമല്ലേ. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു, പാസ്പോര്‍ട്ട് എടുത്തു ഗള്‍ഫിലേക്ക് വിമാനം കയറി അവിടെയിരുന്നു ഗവണ്‍മെന്‍റ് സര്‍വീസില്‍ മുഴുവന്‍ നായന്മാരും, സവര്‍ണ്ണരും ആണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടതുകൊണ്ട് കാര്യമുണ്ടോ? പഠിച്ചാലല്ലേ, ഒരു PSC പരീക്ഷ എഴുതിയാലല്ലേ ഇവിടെ പണി കിട്ടൂ? എന്നിട്ടും സമുദായം ശക്തി തെളിയിക്കുന്നത് ഗള്‍ഫ് പണവും, വോട്ട് ബാങ്ക് രാഷ്ട്രീയവും കൊണ്ടല്ലേ? ഇലക്ഷന്‍ സമയത്ത് വെളുക്കെ ചിരിച്ച് പടികയറിവരുന്ന രാഷ്ട്രീയക്കാര്‍ തന്നെയല്ലേ താങ്കളെപ്പോലെയുള്ളവരുടെയും ധൈര്യം?

അരക്ഷിതരോടും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും നീതി ചെയ്യാത്ത ഒരു പ്രത്യയശാസ്ത്രങ്ങളെയും ബഹുമാനിക്കാത്ത ഒരു തലമുറയാണ് ഇന്നിന്‍റേത് . എന്നിരിക്കിലും താങ്കളെപ്പോലെയുള്ളവര്‍ക്ക് ചാവേറുകള്‍ ആകാന്‍ സാധിക്കുന്ന വിഡ്ഢികളെയും സുലഭമായി കാണാം; സൈബര്‍ ഇടങ്ങളില്‍ ഉള്ള വിദ്യാസമ്പന്നരില്‍ പോലും. നാദാപുരം സ്കൂളിലെ പ്രശ്നങ്ങള്‍, അതുമായി ബന്ധപ്പെട്ട താങ്കളുടെ വാക്കുകള്‍ വലിയ മാനക്കേട് ആണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. മുഴുവന്‍ പൌരോഹിത്യത്തോടും വലിയ അവമതിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വ്യാപിക്കുന്നത്.

പാളിച്ചകള്‍ ഉണ്ടെങ്കില്‍ തിരുത്തി, ഇരകളുടെയും, ശരികളുടെയും കൂടെ നില്‍ക്കാന്‍ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ….

ആദരവോടെ ,
ഒരു അഭ്യുദയകാംക്ഷി ….

(ഹൈക്കോടതി അഡ്വക്കേറ്റാണ് ലേഖകന്‍)

വിവാദ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ കേള്‍ക്കാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍