UPDATES

വായന/സംസ്കാരം

കോഴയിന്‍ പാടല്‍കള്‍; പെരുമാള്‍ മുരുഗന്‍ തിരിച്ചെത്തുന്നു

Avatar

അഴിമുഖം പ്രതിനിധി

എഴുത്തുകാരനും അദ്ധ്യാപകനുമായ പെരുമാള്‍ മുരുഗന്‍ 2014 ഡിസംബര്‍ ഒന്നിന് തന്റെ ഫേസ്ബുക് പേജില്‍ ഇങ്ങനെ ഒരു കുറിപ്പ് ഇട്ടു: ‘എഴുത്തുകാരായ പെരുമാള്‍ മുരുഗന്‍ മരിച്ചു. അയാള്‍ ദൈവമല്ല. അതുകൊണ്ട് അയാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കില്ല. ഇനിമുതല്‍ പി മുരുഗന്‍ എന്ന ഗുരു മാത്രമാകും ജീവിക്കുക’

ഇരുപതു മാസങ്ങള്‍ക്കുശേഷം ആ കുറിപ്പ് കീറിക്കളഞ്ഞിട്ടു പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ വീണ്ടും ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് വധഭീഷണികള്‍ക്ക് മുമ്പില്‍ വിറങ്ങലിച്ചു നിന്ന ആ മനുഷ്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ (ഒരു മാധ്യമത്തിന് അനുവദിച്ച ആദ്യ അഭിമുഖം) താന്‍ വീണ്ടും എഴുത്തും പ്രസിദ്ധീകരണവും തുടരാന്‍ തീരുമാനിച്ചു എന്നു വ്യക്തമാക്കിയിരിക്കുന്നു.

താന്‍ സ്വയം ബഹിഷ്‌കൃതനായി മാസങ്ങളോളം കഴിഞ്ഞപ്പോള്‍ വായനക്കു വേണ്ടി എഴുതിയ 200-ഓളം ‘രഹസ്യ’ കവിതകളുടെ ഒരു സമാഹാരമാണ് ആദ്യമായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകം എന്ന് മുരുഗന്‍ സൂചിപ്പിച്ചു. കവിത സമാഹാരത്തിന്റെ പേര് ‘കോഴയിന്‍ പാടല്‍കള്‍'(Songs of a coward).

മാതൊരുഭഗന്‍ എന്ന നോവലിനെതിരെ പടിഞ്ഞാറന്‍ തമിഴ് നാട്ടിലെ പ്രബല ജാതി സംഘടനയായ കൊങ് വെള്ളാള ഗൗഡര്‍ സമുദായം, തങ്ങളുടെ സ്ത്രീകളെയും ഹിന്ദു ആരാധന മൂര്‍ത്തിയെയും നോവലിലൂടെ അവഹേളിച്ചു എന്നാരോപിച്ച് രംഗത്തു വന്നതോടെയാണ് മുരുഗന്‍ എഴുത്തില്‍ നിന്നും പിന്‍വലിയാന്‍ കാരണം. ആര്‍എസ്എസ് അടക്കമുള്ള ഹിന്ദു സംഘടനകളും മുരുഗനെതിരെ രംഗത്തുവന്നിരുന്നു. ഭീഷണികളും പുസ്തകം കത്തിക്കലുമൊക്കെയായി മുരുഗനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ നാമക്കല്‍ ജില്ല ഭരണ നേതൃത്വം വിളിച്ചു ചേര്‍ത്ത സമാധാന കൂടിക്കാഴ്ചയിലാണ് മുരുഗന്‍ 2010-ല്‍ എഴുതിയ നോവല്‍ മാതൊരുഭാഗന്‍ (One Part Woman) പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിന്നീടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് എഴുത്തില്‍ നിന്നും പിന്മാറുന്നതായി മുരുഗന്‍ അറിയിച്ചത്.

2016 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി മുരുഗന്റെ പുസ്തകം പിന്‍വലിക്കാന്‍ സാഹചര്യം ഒരുക്കിയ ‘സമാധാന കൂടിക്കാഴ്ച’ നിയമവിരുദ്ധമാണെന്നു വിധി പുറപ്പെടുവിച്ചു, കൂടാതെ മുരുഗനെതിരെ ജാതി സംഘടന ഫയല്‍ ചെയ്ത എല്ലാ കേസുകളും തള്ളി.

‘എഴുത്തുകാരന്‍ ഉയിര്‍ത്തെഴുന്നേറ്റ് തനിക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമായ എഴുത്തു തുടരുക’ എന്നും കോടതി പരാമര്‍ശിച്ചു…

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മുരുഗന് ചെന്നൈ പ്രെസിഡന്‍സി കോളേജില്‍ നിന്നും വട സെന്നി മലയുടെ അടിവാരത്തിലുള്ള ആറ്റൂര്‍ എന്ന സ്ഥലത്തെ സര്‍ക്കാര്‍ കോളേജിലേക്ക് സ്ഥലം മാറ്റം നല്‍കി, തമിഴ് ഭാഷ വിഭാഗം തലവന്‍ എന്ന തസ്തികയില്‍. അധ്യാപികയായ ഭാര്യക്കും ഇതേ കോളേജിലേക്ക് സ്ഥലം മാറ്റം നല്‍കിയിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ അവര്‍ ചെന്നൈയില്‍ വരികയും വീട് മാറ്റത്തിനുള്ള ക്രമീകരങ്ങള്‍ നടത്തി തിരികെ ആറ്റൂരില്‍ മടങ്ങി എത്തി താമസം തുടങ്ങുകയും ചെയ്തു.

ജാതി ശക്തികളുടെ ഉപദ്രവങ്ങള്‍ക്ക് ശേഷം മുരുഗന്‍ ആദ്യമായി എഴുതിയ കവിതയിലെ വരികളാണ് ”I am entering into the body of a poisoned dead mouse. It wakes up with a jolt as if from a bad dream, with fears filled within,’ 

ഒറ്റപ്പെടലിന്റെ കാലത്തു എഴുതിയ മറ്റൊരു കവിതയിലെ വരികള്‍.. ‘നാന്‍ എലി താന്‍, പരിസോധനൈ എലി (Yes, I am a mouse, a laboratory mouse)’

അഭിമുഖത്തില്‍ താന്‍ സ്വയം നിശബ്ദനാകേണ്ടി വന്നതിനെ കുറിച്ചു സംസാരിക്കാന്‍ താത്പര്യം കാണിക്കാതിരുന്ന മുരുഗന്‍ ‘ഞാന്‍ എഴുതുന്നത് നിങ്ങളോടു സംസാരിക്കും’ എന്നുമാത്രമാണ് ആ സംഭവങ്ങളോട് പ്രതികരിച്ചത്.

ചെന്നൈയിലെ കാലത്ത് മുരുഗന് അനുഭവിക്കേണ്ടി വന്ന ചില പ്രതികൂല സാഹ്ചര്യങ്ങളെക്കുറിച്ച് പ്രസിഡന്‍സി കോളേജ് ഫാക്കല്‍റ്റിയിലെ ഒരംഗം പറയുന്നുണ്ട്. മുരുകനെ സംശയത്തോടെയാണ് പ്രസിഡന്‍സി കോളേജ് അധികൃതര്‍ കണ്ടിരുന്നത്. ഏതോ തീവ്ര വിദ്യാര്‍ത്ഥി സംഘടന കോളേജില്‍ നടത്തിയ സമരത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കോള്ജ് സംശയിച്ചിരുന്നു. ഒരിക്കല്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുണ്ടായി.

എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനോടും മുരുഗന്‍ പ്രതികരിച്ചില്ല. ‘എനിക്ക് അത്തരം ചിന്തകള്‍ ഉണ്ടായിരുന്നാല്‍ പോലും കുട്ടികളോട് സമരം ചെയ്യാനോ അക്രമം നടത്തണോ ഞാന്‍ ആഹ്വാനം ചെയ്യില്ല. മാര്‍ക്‌സിസ്റ്റുകളും ഇടതു രാഷ്ട്രീയക്കാരും ഇത്തരം അലസമായ ആശയങ്ങള്‍ ഉപേക്ഷിക്കണം. ഈ കാലഘട്ടം ആവശ്യപ്പെടുന്നത് പുരോഗമനപരമായ പ്രതിഷേധങ്ങളും സമര മുറകളും അല്ലേ’ മുരുഗന്‍ തിരിച്ചു ചോദിക്കുന്നു.

‘എനിക്ക് ഇപ്പോള്‍ കവിതയെ കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയൂ.. ഞാന്‍ കവിത എഴുതുന്നതിനായി സാവകാശം ചിന്തിക്കുകയും തയാറെടുപ്പ് നടത്തുകയുമാണ്. കഴിഞ്ഞ ഇരുപതു മാസത്തോളം കവിത അല്ലാതെ മറ്റൊന്നും എഴുതാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല..’ മുരുകന്‍ പറഞ്ഞു..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍