UPDATES

വായന/സംസ്കാരം

എല്ലായിടത്തും ജാതിയുണ്ട്; പക്ഷേ, എഴുത്തുകാരന്റെ പണി അതിനെ ന്യായീകരിക്കലല്ല

Avatar

ഹരിപ്രിയ കെ.എം

എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ വാളോങ്ങിയവരെ കോടതി ഇടപെട്ട് നിശബ്ദരാക്കിയതോടെ ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയ മൌനത്തില്‍ നിന്ന് പെരുമാള്‍ മുരുഗന്‍ വായനക്കാര്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്നു. അദ്ദേഹത്തിന്റെ ഇരുന്നൂറോളം കവിതകളടങ്ങിയ ‘കോഴൈയിന്‍ പാടല്‍കള്‍’ (ഭീരുവിന്റെ പാട്ടുകള്‍) എന്ന തമിഴ് സമാഹാരം ഇന്നലെ പെന്‍ഗ്വിന്‍ പുറത്തിറക്കി. ഡെല്‍ഹി തീന്‍മൂര്‍ത്തി ഭവനിലെ നെഹ്രു മെമ്മോറിയല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി അശോക് വാജ്‌പേയിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

 

വേദികളില്‍ പ്രത്യക്ഷപ്പെടാനും തന്റെ എഴുത്തിനെ കുറിച്ചു സംസാരിക്കാനും പൊതുവേ വിമുഖനാണ് പെരുമാള്‍ മുരുഗന്‍. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമടങ്ങിയ ഡല്‍ഹിയിലെ സാഹിത്യാസ്വാദകരുടെ സദസ്സ് വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞെത്തിയ ആ കുറിയ മനുഷ്യനെ നിറഞ്ഞ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. സമാഹാരത്തിലെ രണ്ടു കവിതകള്‍ തമിഴില്‍ അദ്ദേഹം ചൊല്ലി. അവയുടെ ഇംഗ്ലീഷിലെ മൊഴിമാറ്റം വായിച്ചു കൊണ്ട് അശോക് വാജ്‌പേയ് പറഞ്ഞത് ‘ഭീരുവിന്റെ പാട്ടുകള്‍ എന്ന തലക്കെട്ടു കണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ധീരവും ഭാവനാപൂര്‍ണവുമായ കവിതകളാണിവ. കഴിഞ്ഞു പോയ ഇരുണ്ട കാലത്ത് അദ്ദേഹം കവിതകളാണ് എഴുതിയത് എന്നത് ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഊര്‍ജ്ജം പകരുന്നു,’ എന്നാണ്.

 

‘ഹോം ടൌണ്‍’ ആയിരുന്നു ചടങ്ങില്‍ അദ്ദേഹം ചൊല്ലിയ കവിതകളിലൊന്ന്. ‘നാടേതെന്ന് ഒരുവനോട് നിങ്ങള്‍ ചോദിക്കരുത്. ചിലര്‍ നാടിനെ സ്വപ്നത്തില്‍ മാത്രം കാണുമ്പോള്‍ മറ്റുചിലര്‍ നാട്ടില്‍ താമസിച്ചിട്ടും അവിടെ ജീവിക്കുന്നില്ല.’

 

മറ്റൊന്ന് ‘ഒരു ഭീരുവിന്റെ പാട്ട്’ എന്ന കവിതയായിരുന്നു. ‘ഭീരുവിനെക്കൊണ്ട് ആര്‍ക്കും ഒരുപദ്രവവുമില്ല, അവന്‍ വിപ്ലവങ്ങള്‍ ഉണ്ടാക്കുകയോ ഒന്നും നശിപ്പിക്കുകയോ ചെയ്യുന്നില്ല. തന്റെ വാളൂരി മൂര്‍ച്ച നോക്കുന്നില്ല; എന്തിന്, അവനു വാള്‍ തന്നെയില്ല.’ ഈ കവിത അവസാനിക്കുന്നത്  ‘ഭീരു ഒരിക്കലും ഒരു കൊലപാതകിയാകുന്നില്ല. എന്നാല്‍ അവന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു, അത് ചെയ്യുകയും ചെയ്യുന്നു’ എന്ന വരികളിലാണ്.

 

 

പെരുമാള്‍ മുരുഗന്‍ എഴുതി വായിച്ച പ്രസ്താവനയുടെ ഏകദേശ രൂപം:

 

വണക്കം,
എന്റെ മാതൃഭാഷയില്‍ എഴുതിയ ഒരു പുസ്തകം ഇന്ത്യയുടെ തലസ്ഥാന നഗരത്തില്‍ പ്രകാശനം ചെയ്യപ്പെടും എന്നു ഞാനൊരിക്കലും കരുതിയിരുന്നതല്ല. പലവിധ വികാരങ്ങളാണ് ഇപ്പോഴെന്റെ മനസ്സില്‍. ഇങ്ങനെയൊരു അവസരത്തിലെക്കെത്തിച്ച സാഹചര്യങ്ങളെപ്പറ്റി വിഷമിക്കാതിരിക്കാനാവില്ല; എന്നാല്‍ ആ ദു:ഖത്തോടെ പുറംതിരിഞ്ഞു നടക്കാനും എനിക്കു സാധിക്കില്ല.

 

‘മധോറുഭാഗന്‍’ (One Part Women) എന്ന എന്റെ നോവലിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ജീവിതത്തെ ദു:സ്വപ്നം പോലെ തോന്നിച്ച ഇരുട്ടിലേക്ക് തള്ളി വിട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുനിന്നുമൊക്കെ എഴുത്തുകാര്‍ പലവിധത്തില്‍ എന്നെ പിന്തുണച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ചും അസഹിഷ്ണുതയെ എതിര്‍ത്തും ശബ്ദങ്ങള്‍ ഉയര്‍ന്നു. ആ ശബ്ദങ്ങളാണ് ഇന്ന് എന്നെ ഇവിടെയെത്തിച്ചിരിക്കുന്നത്. അവരോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് സംസാരിക്കാനുള്ള ഈ ക്ഷണം ഞാന്‍ സ്വീകരിച്ചത്.

 

ഒച്ചപ്പാടുകളില്‍ നിന്നും പ്രദര്‍ശനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരാളാണ് ഞാന്‍. കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്നെ രൂപപ്പെടുത്തിയത് ഗ്രാമത്തിലെ സംസ്‌കാരമാണ്. എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്ത് അവിടെ സംതൃപ്തമായ ജീവിതം നയിച്ചു പോന്നു. ആ എന്നെ ഇന്ന് സാഹചര്യങ്ങള്‍ തലസ്ഥാന നഗരത്തില്‍ എത്തിച്ചിരിക്കുന്നു. അതിന്റെ കാരണങ്ങളെ വിഷമത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല.

 

എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോള്‍ എനിക്കു പ്രിയപ്പെട്ടതായിരുന്ന ഒരു പൂച്ചയെ കുറിച്ചെഴുതിയ ചെറു കവിതയാണ് ഓര്‍മയിലെ ആദ്യത്തെ എഴുത്ത്. ആകാശവാണി തിരുച്ചിറപ്പള്ളിയിലെ കുട്ടികളുടെ പരിപാടിയില്‍ ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടു. അന്നു മുതല്‍ എനിക്കെന്നെ പ്രകാശിപ്പിക്കാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴി കവിതയാണ്. ചെറുകഥയും നോവലും മറ്റ് ഗദ്യരൂപങ്ങളും ഒക്കെ വരുന്നത് പിന്നീടാണ്. ഒരു വര്‍ഷത്തെ ഇടവേളയില്‍ ആദ്യ രണ്ട് നോവലുകള്‍ പുറത്തു വന്നപ്പോള്‍ മൂന്നാമത്തേത് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഉണ്ടായത്. ഗദ്യ രചനയില്‍ ഇത്തരം വലുതും ചെറുതുമായ ഇടവേളകള്‍ ഉണ്ടായിക്കൊണ്ടിരുന്നപ്പോഴും കവിതയെഴുതാത്ത ഒരു കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. എന്തെങ്കിലുമൊക്കെ എപ്പോഴും കുത്തിക്കുറിക്കും; അവയില്‍ പലതും പിന്നെ ഞാന്‍ തന്നെ കളയും. ചിലവയുടെ ഭംഗി എന്നെ വിസ്മയിപ്പിക്കും.

 

ആ കടമ്പ കടന്നെത്തിയ നൂറ്റമ്പതോളം കവിതകള്‍ നാലു സമാഹാരങ്ങളായി ഇതുവരെ പുറത്തിറങ്ങി. എന്നാല്‍ ഈ അഞ്ചാമത്തെ സമാഹാരത്തില്‍ ഇരുന്നൂറോളം കവിതകളുണ്ട്. എന്നില്‍ എന്തോ മാന്ത്രിക വിദ്യ പ്രവര്‍ത്തിച്ചതു പോലെ. ഞാന്‍ കവിതയെഴുതുന്നത് എനിക്കുവേണ്ടി മാത്രമാണ്; അതൊരു സ്വകാര്യമായ പ്രവര്‍ത്തിയാണ്. അതുകൊണ്ടു തന്നെ എഴുതിയവയില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് വെളിച്ചം കണ്ടിട്ടുള്ളത്.

 

 

2014 ഡിസംബറിനും 2016 ജൂണിനും ഇടയ്ക്കുള്ള കാലം. ആദ്യ മൂന്നു മാസങ്ങളില്‍ ഒരു വരി പോലും എനിക്ക് എഴുതാനായില്ല. എന്റെ ഹൃദയത്തിന്റെ വിരലുകള്‍ മരവിച്ചതു പോലെ. പത്രം പോലും വായിക്കാനായില്ല; ഒരു നിരക്ഷരനെ പോലെ പേജുകള്‍ മറിച്ച് മടക്കി വയ്ക്കുമായിരുന്നു. എഴുത്തും വായനയുമല്ലാത്ത കാര്യങ്ങളും ലോകത്തുണ്ടല്ലോ എന്നു കരുതി മറ്റെന്തെങ്കിലും ചെയ്യാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു, ഒന്നും സാധിച്ചില്ല. ‘നടൈപ്പിണം’ (നടക്കുന്ന ശവം) എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും എനിക്കു മനസിലായി.

 

2015 ഫെബ്രുവരിയില്‍ മകളേയും പിന്നെ എന്റെ ഒരു സുഹൃത്തിനെയും കാണാന്‍ മധുരയില്‍ പോയിരുന്നു. രാവും പകലും ഒന്നും ചെയ്യാനില്ലാതെ, ആരെയും കാണാനോ സംസാരിക്കാനോ പോലും താല്‍പ്പര്യമില്ലാതെ, ഇരുട്ടു നിറഞ്ഞ മാളത്തിലെന്നവണ്ണം കഴിച്ചു കൂട്ടിയ ആ ദിവസങ്ങളില്‍ ഞാന്‍ എന്നെക്കുറിച്ച് ചിന്തിച്ചു. അങ്ങനെയിരിക്കേ, തടയണകള്‍ തുറന്നു വിട്ടാലെന്ന പോലെയുള്ള അവസ്ഥയുണ്ടായി. ഞാന്‍ എഴുതാന്‍ തുടങ്ങി. വെളിച്ചത്തെ പേടിച്ച് ആയിരമായിരം വഴികളും കുഴികളും നിറഞ്ഞ മാളത്തിലൊളിച്ച എലിയാണ് ഞാനെന്ന് എനിക്കു തോന്നി. ആ കവിത അവസാനിച്ചത് ഇങ്ങനെയാണ്:

ആയിരമായിരം ഇടവഴികള്‍
ആയിരമായിരം കുഴികള്‍
ആര്‍ക്കും കാണാനാവാത്ത ആ കുഴികളില്‍
ഞാന്‍ ഇപ്പോള്‍ എവിടെയാണ്?

 

ഈ തുടക്കത്തിനു ശേഷം മനസ്സില്‍ തോന്നുന്നതൊക്കെ ഞാന്‍ എഴുതാന്‍ തുടങ്ങി. അതോടെ നഖം മുതല്‍, തലമുടി നാരുകള്‍ മുതല്‍, മരവിപ്പ് എന്നെ വിട്ടൊഴിയാന്‍ തുടങ്ങി. കവിതയാണ് എന്നെ രക്ഷിച്ചത്. ആ കവിതകളുടെ പുസ്തകമാണ് ‘കോഴൈയിന്‍ പാടല്‍കള്‍’ (ഭീരുവിന്റെ പാട്ടുകള്‍).

 

ഞാന്‍ എഴുത്ത് വീണ്ടും തുടങ്ങിയത് കവിതയിലൂടെയാണ്. എന്റെ ജീവിതം ചെറുപ്പത്തില്‍ നിന്നു തുടങ്ങിയിരിക്കുന്നു. കവിതയുടെ നല്ലകാലമാണോ ഇതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ എന്റെ നല്ല കാലം കവിതയില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ആദ്യകാലത്ത് സംഭവിച്ചതു പോലെ ഇനി മറ്റു രൂപങ്ങളിലേയ്ക്ക് ഈ എഴുത്തു പടര്‍ന്നേക്കാം. അതെപ്പോള്‍ സംഭവിക്കുമെന്ന് എനിക്കു പറയാനാകുന്നില്ല. ഇനി അതുണ്ടായില്ലെങ്കിലും എനിക്ക് കവിത മാത്രം മതി.

 

മദ്രാസ് ഹൈക്കോടതി പറഞ്ഞത് ‘സമയമാണ് ഏറ്റവും നല്ല വൈദ്യന്‍ എന്നാണ്. ക്ഷമിക്കാനും മറക്കാനും സമയം പഠിപ്പിക്കുന്നു; അനുവദിച്ചാല്‍ അത് നമുക്ക് മനോഹരമായ വീഥികള്‍ തുറന്നു തരുന്നു.’ അറിവുള്ള ജഡ്ജിമാര്‍ പറഞ്ഞത് ‘പെരുമാള്‍ മുരുഗന് എഴുതാനും മുന്നേറാനും സാധിക്കും’ എന്നാണ്. എഴുത്ത് എന്ന വാക്ക് ഒരു ആജ്ഞയായും അനുഗ്രഹമായും തോന്നുകയാണ്. ഒരു കോടതി വിധിയിലെ വാക്ക് ഞാന്‍ എഴുതണോ വേണ്ടയോ എന്നെങ്ങനെ തീരുമാനിക്കും എന്ന ചോദ്യം വരാം. മുഖമില്ലാത്ത ഒരു ശക്തിക്ക് എഴുത്തു നിര്‍ത്തിക്കാമെങ്കില്‍ വിധി ന്യായത്തിലെ ഒരു വാക്കിന് അതു തുടങ്ങിപ്പിക്കാനുമാവില്ലേ? എഴുത്താണ് ഇന്നെനിക്ക് സന്തോഷം. അതിനാല്‍ കോടതിക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുതി തുടങ്ങാനും അത് പ്രസിദ്ധീകരിക്കാനും ഞാന്‍ തീരുമാനിച്ചു. അതിന്റെ തുടക്കമാണ് ഈ പുസ്തകം.

 

എന്റെ ആദ്യകാല രചനകള്‍ ഞാന്‍ പുന:പരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ശരിയാണോ എന്നറിയില്ല. ചുറ്റും നടക്കുന്ന പല കാര്യങ്ങളും ശരിയല്ലെന്നിരിക്കേ ഇതിലെന്ത്? ഇപ്പോള്‍ എന്റെ ഉള്ളിലിരുന്ന് സെന്‍സര്‍ ചെയ്യുന്ന ഒരാളുണ്ട്. ഉള്ളില്‍ ഉടലെടുക്കുന്ന ഓരോ വാക്കും അയാള്‍ പരിശോധിക്കുന്നു. ഈ വാക്ക് തെറ്റിദ്ധരിക്കപ്പെടുമോ, മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമോ എന്ന സംശയത്തോടെ. ആ പരിശോധകനെ ഒഴിവാക്കാന്‍ എനിക്കാകുന്നില്ല. ഇത് തെറ്റാണെങ്കില്‍ ഇന്ത്യയിലെ ബൌദ്ധികലോകം എനിക്കു മാപ്പ് തരട്ടെ. ഭയപ്പെടരുത് എന്ന് പണ്ഡിതന്മാരായ ആ ജഡ്ജുമാര്‍ എന്നോടു പറഞ്ഞെങ്കിലും എന്റെ പണ്ടു മുതലേയുള്ള ഗുരുവായ തിരുവള്ളുവര്‍ പറഞ്ഞത് ഇങ്ങനെയാണ്:

‘ഭയപ്പെടാത്ത ഹൃദയം അവിവേകത്തെ നശിപ്പിക്കുന്നു
എന്നാല്‍ ഭയക്കേണ്ടിടത്ത് ഭയക്കുന്നത് ബുദ്ധിയുടെ ഭാഗമാണ്.’

 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്തോഷരമായ ഒരു വൈകുന്നേരത്ത് എന്റെ രണ്ടു മക്കള്‍ ചോദിച്ചു, ‘അപ്പാ എത്ര പുസ്തകങ്ങള്‍ എഴുതും?’ ഞാന്‍ മറുപടിയായി ‘അതിപ്പോള്‍ എങ്ങനെ പറയാനാകും?’ എന്നു പറഞ്ഞു. അവര്‍ വിട്ടില്ല, ‘ഇപ്പോള്‍ മനസ്സില്‍ എത്ര പുസ്തകങ്ങളുണ്ട്?’ എന്നായി. അങ്ങനെയൊന്ന് ഞാന്‍ അതുവരെ ആലോചിച്ചിരുന്നില്ല. ഹൃദയത്തില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളവ എണ്ണിയപ്പോള്‍ ഏതാണ്ട് അന്‍പത് എന്നു കണ്ടു. അതില്‍ പത്തെണ്ണം നോവലുകളാണ്. എനിക്ക് ആവേശമായി, ഇതൊക്കെ എഴുതുന്നതു വരെ ഞാന്‍ ഉണ്ടാകുമോ? ‘പറ്റുന്നിടത്തോളം എഴുതുക’ എന്നു കരുതി സമാധാനിച്ചു.

 

ആ അന്‍പതു പുസ്തകങ്ങളും ഇനി ഞാന്‍ എഴുതുമോ എന്നറിയില്ല; എഴുതിയാല്‍ത്തന്നെ അന്നു കരുതിയിരുന്നതു പോലെയാകുമോ എന്നുമറിയില്ല. എന്റെ എഴുത്ത് പഴയതു പോലെയാകില്ല എന്നു മാത്രമറിയാം. എന്താണാ മാറ്റം എന്നറിയണമെങ്കില്‍ ന്നിശ്ശബ്ദമായ ചിന്ത ആവശ്യമാണ്. ഒരു കൊക്കൂണിലെ പ്യൂപ്പയ്ക്ക് എന്നതു പോലെ എനിക്ക് സമയം വേണം. വര്‍ണാഭമായ ചിറകുകള്‍ വിരിക്കാനാവശ്യമായ സമയം എനിക്കു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

 

പ്രസംഗ വേദിയില്‍ നില്‍ക്കുന്നതോ അഭിമുഖങ്ങള്‍ നല്‍കുന്നതോ എന്നില്‍ ആവേശമുണ്ടാക്കുന്നില്ല. മൌനമാണ് എനിക്ക് ശക്തി നല്‍കുന്നത്. കൂടുതല്‍ എഴുതി ഞാന്‍ കരുത്താര്‍ജ്ജിക്കും. മാധ്യമങ്ങളോടും സാഹിത്യോല്‍സവ സംഘാടകരോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ‘എന്നോടു സംസാരിക്കാന്‍ പറയരുത്. നിശ്ശബ്ദനായിരിക്കാന്‍ എന്നെ അനുവദിക്കണം. എഴുതാന്‍ അനുവദിക്കണം. എന്റെ എഴുത്ത് നിങ്ങളോടു സംസാരിക്കട്ടെ,’ എന്നാണ്.

 

ഈ ചടങ്ങ് ഒരുക്കിയവര്‍ക്കും ഇതില്‍ പങ്കു ചേരാനെത്തിയവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 

തുടര്‍ന്ന്, മാധ്യമ, പ്രസാധക രംഗത്ത് പ്രശസ്തയായ, എഴുത്തുകാരിയും കോളമിസ്റ്റുമായ നിലാഞ്ജന റോയ്, പെരുമാള്‍ മുരുഗനോട് ചോദ്യങ്ങള്‍ ചോദിച്ചു.

 

 

ആദ്യകാല നോവലുകളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ചെറുകഥ എന്ന മാധ്യമത്തിലൂടെയുള്ള പ്രകാശനം മതിയാകാതെ വന്നതാണ് നോവലിലേയ്ക്ക് വഴി തെളിച്ചത് എന്ന് പെരുമാള്‍ മുരുഗന്‍ വ്യക്തമാക്കി. ആദ്യ നോവല്‍ തുടക്കകാല ചെറുകഥകളുടെ കൂട്ടവും അവയുടെ തുടര്‍ച്ചയുമാണെന്ന് പറഞ്ഞ അദ്ദേഹം നോവലിന്റെ വിശാല കാന്‍വാസ് ആവശ്യമായപ്പോഴാണ് സ്വാഭാവികമായ ആ മാറ്റം ഉണ്ടായതെന്ന് ഓര്‍മിച്ചു.

 

17 വര്‍ഷത്തോളം നീണ്ട അധ്യാപന ജീവിതവും എഴുത്തും തമിഴ് സാഹചര്യത്തില്‍ പരസ്പരം ഒത്തുപോകുന്ന കാര്യങ്ങളല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ എഴുത്തുജീവിതത്തെ പറ്റി അറിഞ്ഞിരുന്നില്ല. പഠിപ്പിച്ചിരുന്ന കുട്ടികള്‍ക്കും അറിയുമായിരുന്നില്ല. ആധുനിക സാഹിത്യത്തില്‍ തല്‍പ്പരരായ ചില കുട്ടികള്‍ മാത്രമാണ് അതു മനസിലാക്കിയത്. സംഘകാല സാഹിത്യം പോലെയുള്ള മഹത്തായ പാരമ്പര്യമുള്ള തമിഴില്‍ ആധുനിക സാഹിത്യത്തിനെ സാഹിത്യമാക്കി കണക്കാക്കുന്നത് കുറവാണ്. അതിന്റെ ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. എന്നാല്‍ തന്റെ ശിഷ്യരെ പുതിയ കാലത്തെ രചനകളിലേയ്ക്ക് നയിക്കാന്‍ കിട്ടിയിട്ടുള്ള അവസരങ്ങള്‍ പാഴാക്കാറില്ല.

 

ജീവിത പരിസരങ്ങള്‍ തന്റെ രചനകളില്‍ ശക്തമാണെന്ന് മുരുഗന്‍ സമ്മതിക്കുന്നു. ഗ്രാമത്തിലെ തുറന്നയിടങ്ങളില്‍ ചെറുപ്പകാലം കഴിച്ചു കൂട്ടിയ തനിക്ക് ഇന്നും അതാണ് ആവേശം. ഒരു എഴുത്തുകാരന്റെ ജീവിതത്തിലെ 20-25 വയസ്സു വരെയുള്ള അനുഭവങ്ങളാണ് അയാളുടെ രചനകളാകുന്നത്. തന്റെ അത്തരം അനുഭവങ്ങള്‍ ആദ്യത്തെ മൂന്നു നോവലുകളായി. പിന്നീടുള്ളവ നേരിട്ട് കണ്ടുമുട്ടിയില്ലാത്ത മനുഷ്യരുടെ കഥകളാണ്. മറ്റുള്ളവരുടെ അനുഭവങ്ങളെ സ്വാംശീകരിക്കുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല.

 

‘മധോറുഭാഗന്‍’ (One Part Women) എന്ന നോവലിനെ വിവാദങ്ങള്‍ക്കപ്പുറം വിശകലനം ചെയ്ത നിലാഞ്ജന റോയ് ജ്യൃല (ചിത) എന്ന നോവലിന്റെ സമര്‍പ്പണം വിജാതീയ വിവാഹത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ മരണമടഞ്ഞ ധര്‍മപുരി ഇളവരസനാണ് എന്നു ചൂണ്ടിക്കാട്ടി. എഴുത്തില്‍ ജാതിയെ കുറിച്ചു പരാമര്‍ശിക്കേണ്ടി വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘ഒരെഴുത്തുകാരന് ജാതിയെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല (കരഘോഷം). എല്ലാ ജീവിതതലങ്ങളിലും ജാതി പ്രകടമാണ്. ഇതിന് മനുഷ്യരെ ഇത്രയധികം വേര്‍തിരിക്കാന്‍ കഴിയുന്നതെങ്ങനെ എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ജാതി വ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ട് ഒരു വാക്കു പോലും എഴുതാന്‍ ഒരെഴുത്തുകാരന് സാധിക്കില്ല (കരഘോഷം). വിവിധ ജാതികളുടെ സംഘട്ടനങ്ങള്‍ എന്റെ എഴുത്തില്‍ എന്നും വിഷയമാകാറുണ്ട്. എന്റെ 32 വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ‘ജാതിയും ഞാനും’ എന്ന വിഷയത്തില്‍ ലേഖനങ്ങള്‍ എഡിറ്റ് ചെയ്ത് സമാഹരിച്ചിട്ടുണ്ട്. മനുഷ്യര്‍ എങ്ങനെ ജീവിക്കണം, എന്തു പണിയെടുക്കണം എന്നതിലെല്ലാം ജാതീയമായ സ്വധീനം വരുന്നതെങ്ങനെ എന്ന തിരച്ചില്‍ എന്റെ എഴുത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

 

ആ ലേഖന സമാഹാരവും മധോറുഭാഗനും നേരിട്ട പ്രതിഷേധങ്ങളെയും വിവാദങ്ങളെയും പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ ആ വിഷമഘട്ടത്തിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഴുത്തിലേയ്ക്ക് തിരിച്ചുവന്നതിന്റെ സന്തോഷം മാത്രമാണ് മനസിലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ തുടര്‍ന്ന് 2014-ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

 

കോടതിവിധി സമൂഹത്തെ പറ്റിയും അവിടെ നിലനില്‍ക്കുന്ന സാഹചര്യങ്ങളെ പറ്റിയുമുള്ള ഭാവിയിലെ എഴുത്തിലേയ്ക്ക് വേണ്ട സ്വാതന്ത്ര്യവും വിടുതലും തരുന്നുണ്ടോ എന്നാരാഞ്ഞപ്പോള്‍ തന്റേത് എന്നും യാഥാര്‍ത്ഥ്യങ്ങളിലൂന്നിയുള്ള എഴുത്തായിരുന്നു എന്നും ഇനിയത് തുടരുമോ അതോ മറ്റു സങ്കേതങ്ങളിലേയ്ക്ക് തിരിയുമോ എന്ന ചോദ്യത്തിന് മറുപടി തരേണ്ടത് കാലമാണെന്നും അദ്ദേഹം പറഞ്ഞു.

 

(എഞ്ചിനീയറും വിവര്‍ത്തകയുമാണ് ഹരിപ്രിയ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍