UPDATES

ഹിന്ദുമതമൗലികവാദികളുടെ ഭീഷണി; പെരുമാള്‍ മുരുകന്‍ എഴുത്തുജീവിതം ഉപേക്ഷിച്ചു


അഴിമുഖം പ്രതിനിധി

പി കെ എന്ന ഹിന്ദി ചിത്രത്തിന് നേരെ ഉയര്‍ത്തിയ ഭീഷണിക്ക് പിറകെ പ്രമുഖ തമിഴ് സാഹിത്യകാരന്റെ നോവലിന് നേരെയും ഹിന്ദു മതമൗലികവാദികളുടെ ആക്രമണം. ഭീഷണിയെ തുടര്‍ന്ന് എഴുത്ത് തന്നെ ഉപേക്ഷിക്കുകയാണെന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ അറിയിച്ചു. ഷാര്‍ളി എബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയ്ക്ക് നേരെ ഇസ്ലാമിക മൗലികവാദികള്‍ നടത്തിയ ആക്രമണത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ മോദിയുടെ ശിഷ്യന്മാര്‍ സാംസ്‌കാരിക ഗുണ്ടായിസവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 

പെരുമാള്‍ മുരുകന്റെ ‘ മാതൊരുഭഗന്‍’ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെയാണ് നാമക്കലിലെ ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അക്രമത്തിന്റെ വഴി സ്വീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച നാമക്കല്‍ ജില്ല റവന്യൂ ഓഫീസര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത ഒത്തുതീര്‍പ്പുകള്‍ക്ക് മൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പെരുമാള്‍ മുരുകന് വഴങ്ങേണ്ടി വന്നു. നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള പ്രതികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. ഇതേ തുടര്‍ന്നാണ് എഴുത്ത് തന്നെ ഉപേക്ഷിക്കുകയാണെന്നും എല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. 

പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചതായി അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ദൈവമല്ലാത്തതിനാല്‍ ഇനി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യമല്ല. പുനര്‍ജന്മത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ അതും സാധ്യമല്ല. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ഇനി മുതല്‍ താന്‍ വെറും പി മുരുകനായി ജീവിതം ജീവിച്ച് തീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ക്രിയാത്മക രചനകള്‍ ഒന്നും വില്‍ക്കരുതെന്ന് മുരുകന്‍ തന്റെ പ്രസാധകരോട് അഭ്യര്‍ത്ഥിച്ചു. തന്റെ പുസ്തകങ്ങള്‍ കത്തിച്ചുകളയാം. ഇതിനുള്ള നഷ്ടപരിഹാരം പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നല്‍കാന്‍ തയ്യാറാണെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു. കാലച്ചുവട്, അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ തമിഴ് സമാന്തര പ്രസിദ്ധീകരണങ്ങളാണ് പെരുമാള്‍ മുരുകന്റെ കഥകളും നോവലുകളും പ്രസിദ്ധീകരിക്കുന്നത്. മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ക്രിയാത്മകലോകത്ത് നിന്ന് തന്നെ ഒരാള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നിരിക്കുന്നത് വന്‍പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍