UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായനക്കാരേ, നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ? പെരുമാള്‍ മുരുകന്‍ ഉയര്‍ത്തിവിട്ട ചിന്തകള്‍

Avatar

പാമരൻ/ശ്രീപതി പദ്മനാഭ

“എഴുത്തുകാരൻ മരിച്ചു പോയി” എന്ന  വാക്യം സാഹിത്യ രംഗത്തിലേക്ക് കടന്ന് വന്നിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. സൃഷ്ടികർത്താവിന്റെ എഴുത്തിലുള്ള ജീവചരിത്രപരമായ അംശങ്ങളെ, അയാളുടെ ഉദ്ദേശ്യങ്ങളായി വ്യാഖ്യാനിക്കരുത് എന്നതാണ് റോളന്റ് ബാർത്ത് തുടങ്ങിവച്ച ഈ സിദ്ധാന്തത്തിന്റെ കാതലായ അംശം.

എഴുത്തുകാരന്റെ അടയാളം, രാഷ്ട്രീയ കാഴ്ചപ്പാട്, ജാതി, മതം മുതലായ വ്യക്തിപരമായ വിവരങ്ങൾ എന്നിവയെ കണക്കിലെടുത്തുള്ള വായന അയാളെ ആ സൃഷ്ടിക്കുള്ളിൽ തളച്ചിടുകയാണ് ചെയ്യുന്നത്. മറിച്ച്, അയാളെ പുറത്തു നിർത്തിയുള്ള വായന മാത്രമേ സ്വതന്ത്രമായ വായന ആവുകയുള്ളു. എഴുത്തുകാരൻ ഇല്ലാതാവുമ്പോൾ വായനക്കാരൻ ഉയിർത്തെഴുന്നേൽക്കുന്നു.

ഇത്രയും കാലം കഴിഞ്ഞിട്ട് ഇതാ ഒരു എഴുത്തുകാരൻ ‘ഞാൻ മരിച്ചു പോയി’ എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ കാരണം എന്താണെന്ന് ആഴത്തിൽ ചിന്തിക്കുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നത് ഇതാണ്: വായനക്കാരൻ ഇനിയും ഉയിർത്തെഴുന്നേറ്റിട്ടില്ല.

‘ഈ ജഗത്തിൽ ഉള്ളവരെല്ലാം എതിർത്തു നിന്നാൽ പോലും ഭയമില്ല’ എന്ന് തന്റെ കവിതയുമായി നെഞ്ച് വിടർത്തി നിന്ന ഭാരതിയുടെ ദേശത്തിൽ നിന്നാണ് പെരുമാൾ മുരുകന്റെ ഈ പ്രസ്താവന. 

പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ താൻ വിചാരിച്ചാലും ഇനി മരിക്കാൻ കഴിയില്ല. ഒരു സൃഷ്ടികർത്താവിന് അപ്പോയിന്റ്മെന്റ് ഓർഡറോ, റിട്ടയർമെന്റോ ഇല്ല. തന്റെ സമൂഹത്തിലെ ജനങ്ങൾതന്നെ തന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന് ഹതാശനായ, സന്തപ്തനായ അവസ്ഥയിൽ പുറത്തു വന്ന വാക്കുകളാണ് ഇത്. 2014ഇൽ ഇദ്ദേഹം ഇങ്ങനെ വ്യാകുലനാണ് എങ്കിൽ, 1930കളിലും 40കളിലും ജാതിയെ, മതത്തെ, ദൈവത്തിനെപ്പോലും തിരസ്കരിക്കുകയും, തള്ളിക്കളയുകയും അതിന് വേണ്ടി തമിഴകത്തിന്റെ മുക്കിലും മൂലയിലുമെല്ലാം പ്രചാരണം നടത്തിയ  പെരിയോർ, എം.ആർ.രാധ തുടങ്ങിയവർ എത്രയധികം കഷ്ടപ്പാടുകൾ അനുഭവിച്ചുണ്ടാകുമെന്ന് ആലോചിച്ച് നോക്കിയാൽ മതി. പെരിയോറിന്റെ ബാഹുല്യമാണ് ആ പെരുമാൾ മുരുകനെയും  ഈ പാമരനെയും രൂപപ്പെടുത്തിയത്.

‘മാതൊരുഭാഗൻ’ നോവലിൽ പെരുമാൾ മുരുകൻ രേഖപ്പെടുത്തിയിട്ടുള്ളത് തിരുച്ചെങ്കോടിലെ കൗണ്ഡർമാർക്കിടയിൽ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ഒരു ആചാരത്തെക്കുറിച്ചു മാത്രമല്ല എന്ന് ഗ്രഹിക്കാൻ ആ നോവൽ മുഴുവൻ വായിക്കുന്ന വായനക്കാർക്ക് കഴിയും. കല്യാണം കഴിഞ്ഞ് പല വർഷങ്ങളായി കുട്ടികൾ ഇല്ലെങ്കിലും പരസ്പരം നിഷ്കളങ്കമായ സ്നേഹവും, ഗ്രാമീണ ദമ്പതിമാരുടെ ലളിതമായ കറയില്ലാത്ത കുറുമ്പുമായ് കാളിയും പൊന്നയും ജീവിതത്തെ ഒരു ആഘോഷമായാണ് കൊണ്ടാടുന്നത്. ‘സാമി കുഴന്തൈ’ എന്ന് പറയപ്പെടുന്ന ഐതിഹ്യം വഴി ആദി മനുഷ്യന്റെ ബോധങ്ങളിലേക്ക് എത്തിനോക്കുകയാണ് എഴുത്തുകാരൻ. സാമി എന്ന് പറയുന്നത് സഹമനുഷ്യൻ തന്നെയാണ്.

സാധാരണമായ ഒരു ദ്രാവിഡ ദമ്പതിമാരുടെ സന്തോഷങ്ങളെയും ദുഃഖങ്ങളെയും അവരുടെ ജീവിത പശ്ചാത്തലത്തിലൂടെ ഒരു എഴുത്തുകാരൻ വരച്ചിടുമ്പോൾ അതിൽ സദാചാരവും മതവും ജാതിയും വ്യാപാരവും രാഷ്ട്രീയവും കടന്ന് വരാൻ അനുവദിക്കുന്നത് വായനയിലൂടെ നല്ല സംസ്കാരം സിദ്ധിക്കാത്ത ഒരു സമൂഹത്തിന്റെ പ്രശ്നമാണ്. 

2010-ഇൽ പുറത്തിറങ്ങിയ നോവലാണ് ‘മാതൊരുഭാഗൻ’. ഇപ്പോൾ പെട്ടെന്ന് തിരുച്ചെങ്കോടിൽ ഉള്ള ജാതി, മതവാദികൾ ‘ഈ പുസ്തകം ഞങ്ങളുടെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കുന്നു’ എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. ഇന്നലെയല്ല; പുസ്തകം പുറത്തിറങ്ങി 4 കൊല്ലങ്ങൾ കഴിഞ്ഞു എന്നതാണ് ഇവിടെ മുഖ്യമായ വിഷയം. ഇതിൽനിന്ന് തന്നെ ഇവർക്ക് ഗൂഡോദ്ദേശ്യം ഉണ്ടെന്ന് മനസ്സിലാക്കാം. ഒരു എഴുത്തുകാരൻ – എവിടുത്തുകാരനായിരുന്നാലും – അവന്റെ സൃഷ്ടിയെ എതിർക്കുന്നതിനും എരിക്കുന്നതിനും മുൻപ് അതിനെ മുഴുവനായി വായിച്ചിരിക്കണം. നാം എതിർക്കുന്ന എഴുത്തുകാരൻ ഇതുവരെ എന്തെല്ലാം എഴുതിയിടുണ്ട്, ഞങ്ങളുടെ മണ്ണിനും മനുഷ്യർക്കും എഴുത്ത് വഴി എന്തെല്ലാം സംഭാവന ചെയ്തിട്ടുണ്ട് എന്ന പൂർവകാല ബോധം നമുക്ക് ഉണ്ടാവണം. ഈ പശ്ചാത്തലത്തിൽ പെരുമാൾ മുരുകനെ വീക്ഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ എഴുത്തുകൾ കൊങ്ക് മണ്ണിന്റെ ജനങ്ങളുടെ ജീവിതം, അവശ്യങ്ങൾ, ദുഃഖങ്ങൾ എന്നിവയെ തമിഴ് പേശും ഉലകത്തിന് പരിചയപ്പെടുത്തിക്കൊടുത്തവയാണ്. അത്തരത്തിലുള്ള ഒരു കലാകാര ന്  എങ്ങനെ തെറ്റ് പറ്റും എന്ന ബോധം  ഉണ്ടായിരുന്നെങ്കിൽ ഈ എതിർപ്പ് ഉണ്ടായിരിക്കില്ല. 

ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വെച്ചാൽ നമുക്ക് അനുകൂലമായ അഭിപ്രായങ്ങൾ മാത്രമല്ല, നമുക്ക് എതിരായ അഭിപ്രായങ്ങൾ പറയാനും മറ്റുള്ളവർക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന ബോധമാണ്. ആ നോവലിൽ ഗർഭധാരണം സംബന്ധമായ പരാമർശങ്ങൾ അവിടുത്തെ ജനങ്ങളെ കരുതിക്കൂട്ടി അപമാനിക്കുന്ന വിധത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ എന്ന് ആ നോവൽ മുഴുവനായ് വായിച്ചറിയണം. അതല്ലാതെ, ആ നോവലിന്റെ രണ്ട് പേജുകളോ, രണ്ട് വരികളോ എടുത്ത് വച്ച് അവലോകനം ചെയ്യുക എന്ന് തുടങ്ങിയാൽ   തികച്ചും നിർഭാഗ്യകരമായ ചുറ്റുപാടാണ് നിർമ്മിക്കുന്നത്. 

ആലോചിച്ച് നോക്കുമ്പോൾ, സത്യത്തിൽ ആ ജനങ്ങളും പാവമാണ്. ആരാണ് അവരുടെ യഥാർഥ സുഹൃത്തുക്കൾ, ആരാണ് അവരെ പിന്നിൽ നിന്നും എരികേറ്റുന്നവർ എന്ന് അറിയാത്ത പാവം ജനങ്ങളായി മാത്രമേ അവരെ കാണാൻ കഴിയുന്നുള്ളു. ഒരു സാഹിത്യ സൃഷ്ടിയെ മനസ്സിലാക്കാനുള്ള അറിവ് ഉണ്ടായിരുന്നെങ്കിൽ അവർ എതിർക്കില്ലായിരുന്നു.   ഇന്ന് അല്ലെങ്കിൽ നാളെ അല്ലെങ്കിൽ എപ്പോഴെങ്കിലും തിരുച്ചെങ്കോട്ടിലെ ജനങ്ങൾ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ തങ്ങൾക്ക് വേണ്ടി എഴുതിയവനാണ് എന്ന് മനസ്സിലാക്കും. കാലം തന്നെയാണ് അതിനുള്ള മരുന്ന്. 

പെരുമാൾ മുരുകൻ മാത്രമല്ല, എല്ലാ എഴുത്തുകാരും സാഹിത്യ ബോധത്തോടെ മാത്രമല്ലാതെ രാഷ്ട്രീയ ബോധത്തോടും കൂടി നിലനിൽകേണ്ടിയിരിക്കുന്നു എന്ന യഥാര്‍ഥ്യത്തെയാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒരു മിത്ത് അടിസ്ഥാനമാക്കി നോവൽ എഴുതുമ്പോൾ എന്തുകൊണ്ട് ആ സ്ഥലത്തിന്റെ പേരും സമൂഹത്തിന്റെ പേരും കൂടി മിത്തായിത്തന്നെ അവതരിപ്പിച്ചുകൂടാ? മുൻപ് പറഞ്ഞത്പോലെ അക്ഷരാഭ്യാസം പോലും ഇല്ലാത്ത സമൂഹത്തിലാണ് നമ്മൾ ജീവിച്ചുപോകുന്നത്. ആ ജനങ്ങൾക്ക് സാഹിത്യം അറിയില്ല എന്ന് വ്യസനിക്കുന്നതിൽ അർത്ഥമില്ല. 

തീർച്ചയായും നമ്മുടേത് പോലുള്ള സങ്കീർണ്ണമായ  സമൂഹങ്ങളിൽ നിലനിൽക്കുന്ന സെൻസർഷിപും  സങ്കീർണ്ണമാണ് . പുറത്തു കാണുന്നത് മഞ്ഞുകട്ടയുടെ മുകളറ്റം മാത്രമാണ് സിംഹ ഭാഗവും സാമൂഹിക ബോധത്തിൽ  പൂഴ്ന്നു കിടക്കുന്നുണ്ട്  ഇതിനെ എങ്ങനെ മറികടക്കുമെന്നതും എഴുത്താളരുടെ സർഗാത്മക പ്രശ്നം തന്നെയാണ്.  

എഴുത്തുകാരൻ മാത്രമല്ല, വായനക്കാരനും ഉയിർത്തെഴുന്നേൽക്കണം. ജാതി, മത, രാഷ്ട്രീയ ശക്തികളുടെ സ്വാധീനതയിൽ നിന്നും പുറത്തുകടന്ന് വരണം. മുഴുവന്‍ പുസ്തകവും നിങ്ങൾക്ക് വായിക്കാൻ തരാതെ, അതിൽ നിന്നും ചില താളുകൾ മാത്രം അടർത്തിയെടുത്ത് ബിറ്റ് നോട്ടീസുകൾ പോലെ നിങ്ങൾക്ക് തന്ന് വായിക്കാൻ പറയും അവർ. ‘മാതൊരുഭാഗനെ’ ‘മാപാതകൻ’ ആയി മാറ്റി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. അങ്ങനെയാണ് നിങ്ങളിലുള്ള യഥാർത്ഥ വായനക്കാരൻ മരിച്ചു പോകുന്നത്. ഇനിയും നിങ്ങൾ ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ, എം. കൃഷ്ണൻ നായർ ചോദിച്ച ഒരു ചോദ്യം ഭാവി തലമുറ നിങ്ങളോട് ചോദിക്കും : “വായനക്കാരാ, നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ?”

(പ്രശസ്ത തമിഴ് സാഹിത്യ-രാഷ്ട്രീയ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് പാമരന്‍. അഹിംസമൂര്‍ത്തി അമേരിക്ക, ബുദ്ധര്‍ സിരിതര്‍, തെരുവോര കുറിപ്പുകള്‍ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. 
സി വി ബാലകൃഷ്ണന്‍റെ ‘ദിശ’ , ഷക്കീലയുടെ ആത്മകഥ  എന്നിവ തമിഴി ലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് ശ്രീപതി പത്മനാഭ)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍