UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുമാള്‍ മുരുഗനും വ്രണവികാരപോലീസും

Avatar

അയ്യപ്പന്‍ മൂലേശ്ശെരില്‍

ഒരെഴുത്തുകാരന് എഴുതാനാവാത്ത അവസ്ഥയെ അല്ലാതെ മറ്റെന്തിനെയും അതിജീവിക്കാന്‍ സാധിക്കും. പെരുമാള്‍ മുരുഗനെപ്പോലെ എഴുത്ത് തപസ്യയാക്കിയ ഒരാള്‍ എഴുത്തുനിര്‍ത്തുകയെന്ന തീരുമാനത്തിലേക്ക് എത്തപ്പെട്ടെങ്കില്‍ അദ്ദേഹം അഭിമുഖീകരിച്ച സമ്മര്‍ദ്ദം അത്രമേല്‍ തീവ്രമായിരിക്കാം. ഏറ്റവും ആനന്ദത്തോടെ അഭിനിവേശത്തോടെ എഴുത്തിലൂടെ നടക്കുന്നൊരാള്‍ പാതിവഴിയില്‍ സ്വയം ഉള്‍വലിയണമെങ്കില്‍ അതിനു പ്രേരിപ്പിച്ചവര്‍ പകര്‍ന്ന വേദന എത്രത്തോളമെന്ന്‍ നമുക്കൂഹിക്കാനാവില്ല.

വിമര്‍ശനവും പൊരുത്തക്കേടുകളുമൊക്കെ എഴുത്തുകാരന് മുതല്‍ക്കൂട്ടാണ് പക്ഷേ സൃഷ്ടിയെ നിഷേധിക്കുകയെന്നാല്‍ അത് എഴുത്തുകാരനെ കൊലപ്പെടുത്തുന്നതിനു സമമാണ്. തന്നെ കൊല്ലാന്‍ ശ്രമിച്ചുക്കൊണ്ടിരുന്ന വ്യവസ്ഥിതിയ്ക്ക് മുന്നില്‍ ആത്മഹത്യ പ്രഖ്യാപ്പിച്ച മുരുഗന്‍ പരാജയപ്പെട്ടുപോയവരുടെ വക്താവല്ല. യാത്രാമദ്ധ്യേ വഴിപിളര്‍ന്ന് കൊള്ളക്കാരാല്‍ കപ്പലിലുള്ളതെല്ലാം അപഹരിക്കപ്പെട്ട് തോക്കിന്‍മുനയില്‍ നിസ്സഹായമായി മരണം കാത്തുനില്‍ക്കുമ്പോള്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് സ്വയം കുത്തി വീരചരമം പ്രാപിക്കുന്ന ധീരന്മാരുണ്ട്. കൊടിയ സമ്മര്‍ദ്ദങ്ങളിലും തല കുനിക്കാത്ത  വ്യവസ്ഥിതിയോട് സമരസപ്പെടാത്ത സര്‍ഗ്ഗനാവികന്റെ പ്രതിരൂപമാണിവിടെ മുരുഗനും.

ഇത്രയും കാലത്തെ ജീവിതം വ്യര്‍ത്ഥമായിരുന്നുവെന്നും ഇവിടെ നിലനില്‍ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നു മനസ്സിലാക്കുന്ന നിമിഷത്തിലാണ് പലരും ആത്മഹത്യയിലേക്ക് തിരിയുക. ആത്മാവും ആര്‍ജ്ജവങ്ങളും പകര്‍ത്തിവെച്ച് താന്‍ സൃഷ്ടിച്ചതിനെയൊന്നും മാനിക്കാതെയൊരു ജനത തനിക്ക് നേരെ മുന്നിട്ടിറങ്ങുമ്പോള്‍ ഇത്രയും കാലമെഴുതിയതിന്റെ വ്യര്‍ത്ഥത അദ്ദേഹത്തിനും അനുഭവപ്പെട്ടിട്ടുണ്ടാവും.

ഇന്നത്തെ കാലത്തിന്‍റെ സാമൂഹ്യാന്തരീക്ഷം മത-രാഷ്ട്രീയ  ചിന്താഗതികളുടെ അതിപ്രസരത്താല്‍ മലിനമാണ്‌. കാലത്തിന്റെ ചുറ്റുപാടുകള്‍ സ്വതന്ത്രചിന്തയുള്ള കലാകാരന്മാരെ വഴിനടത്തില്ല. അലിഖിത നിയന്ത്രണരേഖകള്‍ സ്ഥാപിച്ച് ഓരോ സൃഷ്ടിയേയും വിലയിരുത്തി തങ്ങള്‍ക്ക് ഹാനികരമല്ലെന്നുറപ്പ് വരുത്തി മാത്രം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ താല്പര്യപ്പെടുന്നൊരു കൂട്ടം നിലവിലുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യമവിടെയൊരു ചരിത്രാതീത സങ്കല്പം മാത്രമായവസാനിക്കുന്നു.

‘പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുഗന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക’-

ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ മുരുകനെ പ്രേരിപ്പിച്ച മാനസികാവസ്ഥ നൈരാശ്യത്തിലധിഷ്ഠിതമാണ്. എഴുത്തുകാരനെന്ന അവസ്ഥ ചൂഷണം ചെയ്യപ്പെട്ടപ്പോള്‍  അണപൊട്ടിയ രോഷം ഇതില്‍ നിന്ന് വായിച്ചെടുക്കാം.

2010 ല്‍ പുറത്തിറങ്ങിയ മുരുഗന്റെ ‘മാതൊരുഭഗന്‍’ (അര്‍ധനാരീശ്വരന്‍) എന്ന നോവലില്‍ തന്റെ ജന്മദേശമായ നാമക്കല്‍ തിരുച്ചങ്കോട്ടിലെ ക്ഷേത്രത്തില്‍ നടന്നുപോന്നിരുന്നൊരു ആചാരത്തെക്കുറിച്ച് മുരുകന്‍ പ്രതിപാദിച്ചിരുന്നു. കുട്ടികളുണ്ടാവാത്ത സ്ത്രീകള്‍ വൈകാശി വിശാഖം രഥോല്‍സവ രാത്രിയില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെ മറ്റൊരു പുരുഷനുമായി ഇണചേര്‍ന്നു ഗര്‍ഭിണികളാകുകയും ചെയ്തിരുന്നൊരു ആചാരം തിരുച്ചങ്കോട്ടിലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. ഇങ്ങനെ ജനിക്കുന്ന കുട്ടികളെ സ്വാമിപുള്ളെയ് എന്നാണ് വിളിച്ചിരുന്നത്. നോവലിലെ മുഖ്യകഥാപാത്രമായ പൊന്നക്കും ഭര്‍ത്താവ് കാളിക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ രഥോത്സവരാത്രിയില്‍ പരപുരുഷനെ പ്രാപിക്കാന്‍ പൊന്ന പോവുന്നതാണ് നോവലിലെ പ്രമേയം. ഈ ആചാരത്തെ കുറിച്ച്‌ പരാമര്‍ശിച്ചതാണ് പ്രതിഷേധം ആളിക്കത്തിച്ചത്. തിരുച്ചങ്കോട്ടിലെ സ്ത്രീകളെ വ്യഭിചാരികളായി ചിത്രീകരിച്ചുവെന്നും നോവല്‍ ക്ഷേത്രാചാരങ്ങളെയും വിശ്വാസികളെയും അപമാനിക്കുന്ന തരത്തിലാണെന്നുമാണ് സംഘടനകള്‍ ആരോപിക്കുന്നത്. കുട്ടികളില്ലാത്ത സ്ത്രീകള്‍ ഭര്‍തൃകുടുംബത്തിന്റെ അനുമതിയോടു കൂടി അന്യപുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന “നിയോഗധര്‍മം’ എന്ന അനുഷ്ഠാനം മഹാഭാരതത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും ഭാരതീയപാരമ്പര്യത്തിന് അന്യമല്ല.

ചരിത്രത്തിലും പുരാണത്തിലും അടയാളപ്പെട്ടിട്ടുള്ളൊരു ആചാരം തന്റെ നോവലില്‍ പ്രതിപാദിച്ചതോടെ ഭീഷണിയുടെ നിഴലിലായിരുന്നു മുരുഗന്റെ ദിനങ്ങള്‍. പുസ്തകത്തിന്റെ പ്രതികള്‍ കത്തിച്ചും വധഭീഷണി മുഴക്കിയും പ്രതിഷേധം വ്യാപിച്ചപ്പോള്‍ നാടുവിടുകയും വിപണിയിലുള്ള പ്രതികള്‍ ഒന്നടങ്കം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തൊരു എഴുത്തുകാരന്റെ അപമാനഭാരം എത്രത്തോളമായിരിക്കും.

നിലവിലെ സാമൂഹ്യാവസ്ഥ ചരിത്രത്തെ, പുരാണങ്ങളെ അംഗീകരിക്കാന്‍ തയ്യാറുള്ളതല്ല.  നേര്‍ത്ത ശബ്ദങ്ങള്‍ കൊണ്ടുപോലും വികാരം അണപൊട്ടുന്ന ഭക്തിയെന്ന പുകമറയുടെ പിന്നിലിരുന്ന് കാലഘട്ടത്തെ നിയന്ത്രിക്കുന്ന മതമേധാവികളുടെ കയ്യിലാണ്. അവര്‍ സ്വതന്ത്രചിന്തകരെ ഭയക്കുന്നു, പുത്തന്‍ ആശയങ്ങളെ ഭീതിയോടെ നോക്കികാണുന്നു. ജനതയെ ഇരുട്ടിന്‍റെ മറവില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ ഒരുക്കമല്ല

നേര്‍ത്ത, ദുര്‍ബലമായ നിലയിലേക്ക് മതങ്ങളും വ്യവസ്ഥിതിയുമൊക്കെ ചുരുങ്ങിത്തുടങ്ങുമ്പോള്‍ ഒരുപക്ഷെ,  നാളെ മഹാഭാരതവുമൊക്കെ പ്രതിക്കൂട്ടില്‍ വന്നേക്കും. അഭിനവ ഭാരതസ്ത്രീ സങ്കല്‍പ്പത്തിനു പാഞ്ചാലിയൊക്കെ വിരുദ്ധമായിരുന്നുവെന്ന് മതമേലാളന്‍മാര്‍ അഭിപ്രായപ്പെട്ടേക്കും. മതാന്ധഭക്തര്‍ അതുകേട്ടിറങ്ങിപ്പുറപ്പെടും.

മറ്റൊരുതലത്തില്‍ കാര്യങ്ങളെ മാറിനിന്ന് വീക്ഷിക്കുമ്പോള്‍, ഈ പ്രതിഷേധങ്ങളുടെ രാഷ്ട്രീയം നമുക്ക് കാണാനാവും. മുരുഗന്റെ കഴിഞ്ഞ നോവല്‍ ‘പൂക്കുളി’ സമര്‍പ്പിച്ചിരിക്കുന്നത്‌ ജാതിവിദ്വേഷത്തില്‍ കൊല്ലപ്പെട്ട ദളിതനായ ധര്‍മപുരി ഇളവരശന്റെ പേരിലാണ്‌. ആ വിഷയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റൊന്നുമല്ല,  മുന്നേ പറഞ്ഞ അലിഖിതരേഖകള്‍ പരിമിതിക്കുള്ളില്‍ നിന്ന് ലംഘിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല 

സാംസ്കാരികഭാരതമേ ലജ്ജിക്കുക

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍