UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുത്തനും എനിക്ക് വിലയിടേണ്ട; പെരുമാള്‍ മുരുഗന്‍ മലയാളികളെ പഠിപ്പിക്കുന്നത്

Avatar

വി കെ അജിത്‌ കുമാര്‍

‘പെരുമാള്‍ മുരുഗന്‍’ രണ്ട് ദിവസങ്ങളായി നമ്മള്‍ ആ പേരിനുപിന്നാലെയാണ്.

സര്‍ഗാത്മക ആത്മഹത്യ നടത്തി ഭുരിപക്ഷ വര്‍ഗ്ഗീയതയെ വെല്ലുവിളിക്കുകയായിരുന്നു മുരുഗന്‍. ഉയരെ പറന്നു കൊണ്ടിരിക്കുന്ന പക്ഷിക്ക് ഒരു നിമിഷം ചിറകുകള്‍ നഷ്ടമാകുന്നത് പോലെയാണിത്. ഒരുപക്ഷെ മുരുകന്‍ തിരഞ്ഞെടുത്ത പാത തന്നെയാണ് ശരി. ലബനന്‍ തെരുവില്‍ കാര്‍ ബോംബു സ്ഫോടനത്തില്‍ പലസ്തീന്‍ എഴുത്തുകാരന്‍ ഹസ്സന്‍ ഖനാഫനി മരിച്ചു വീണപ്പോഴും കൂട്ട ആക്രമണത്തിലുടെ ചെറുത്തുനില്‍പ്പിനൊടുവില്‍ മാല്‍കം എക്സ് വെടിയേറ്റു വീഴുമ്പോഴും, സബര്‍മതിയില്‍ ഒരു ബുള്ളറ്റു പ്രൂഫ് പോയിട്ട് തുളച്ചു കയറാന്‍ ഒരു പരുത്തിതുണിയുടെ മറപോലും ഇല്ലാതിരുന്ന ഒരു സന്യാസിയുടെ നെഞ്ചില്‍ നിറയൊഴിക്കുമ്പോഴും നമ്മള്‍ക്ക് മുന്‍പില്‍ തുറന്നു കിട്ടിയത് ഒരു പാഠപുസ്തകത്തിന്‍റെ താളായിരുന്നു. ഈ വായന തന്നെയാണ് പെരുമാള്‍ മുരുകന്‍, പി മുരുകന്‍ എന്ന വാദ്ധ്യാരായി മാത്രം ഇനി തുടരും എന്ന് മാലോകരെ അറിയിക്കാന്‍ കാരണം.

അക്ഷരങ്ങളിലെ വളവും തിരിവും മറ്റാരും കാണാത്ത തലത്തില്‍ കാണുന്നവനാണ് യഥാര്‍ത്ഥ വിപ്ലവകാരി. അത് മറ്റൊരാള്‍ നിറച്ചു തരുന്ന പേനയിലൂടെയാകുമ്പോള്‍ അവിടെ സര്‍ഗ്ഗാത്മക വിപ്ലവം അവസാനിക്കുന്നു. അവിടെ എഴുത്തുകാരന്‍റെ നിയോഗം അവസാനിക്കുന്നു. പിന്നെ എഴുതുന്നത്‌ കൂലിയെഴുത്തായിമാറുന്നു. ലോകമാസകലം ഈ നിയോഗത്തിന്‍റെ കര്‍മ്മപഥം നഷ്‌ടമായ പലരും ജീവഹത്യയാണു തെരഞ്ഞെടുത്തിട്ടുള്ളത്. പലസ്തീന്‍ കവി ഖലില്‍ ഹവി ഇപ്രകാരം ആത്മഹത്യയിലേക്ക് ചേക്കേറി പ്രതിഷേധിച്ചതും നമ്മള്‍ കണ്ടിരുന്നു.


ഖലില്‍ ഹവി

ജിവഹത്യയെന്ന ഇല്ലാതാകല്‍ ഉപേക്ഷിച്ച് സര്‍ഗാത്മക മരണം സ്വയം തെരഞ്ഞെടുക്കുന്ന പെരുമാള്‍ മുരുഗന്‍ ഇതില്‍ കുടുതല്‍ എന്താണ് ചെയ്യേണ്ടത്? ഒരു എഴുത്തുകാരന്‍റെ, കലാകാരന്‍റെ നിലപാട് തറയിലേക്ക് നിരന്തരം ആയുധങ്ങള്‍ അയക്കപ്പെടുമ്പോള്‍, കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോള്‍, എഴുത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെയുള്ള പ്രതിഷേധവും നഷ്ടമാകുമ്പോള്‍ പിന്നെ മുറിച്ചുകളയാനുള്ളത് ഉടമ്പടികളില്ലാത്ത എഴുത്ത് ജിവിതം തന്നെ. മുരുഗന്‍റെ ആലോചിച്ചുറപ്പിച്ച ആ തീരുമാനം തന്നെയാണ് അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും നല്ല പ്രതിഷേധമാര്‍ഗ്ഗവും. അതുകൊണ്ട് തന്നെയാണ് അത് ചര്‍ച്ച ചെയ്യപ്പെടുന്നതും.

ഇത് സംഭവിച്ചിരിക്കുന്നത് തമിഴ് സാഹിത്യ ലോകത്താണ് എന്നത് അവരെ ദുഃഖിപ്പിക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീനാ കന്ദസാമിയുടെ വിലയിരുത്തല്‍ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. നമ്മള്‍ ആരാധിക്കുന്ന രാമബിംബത്തെപ്പോലും തിരുത്തിയെഴുതിയ കമ്പര്‍ മുതലായവരുടെ പാരമ്പര്യം വച്ചുപുലര്‍ത്തുന്ന തമിഴിന് ഇന്ന് ഹിന്ദുത്വത്തിന്‍റെ വക്താക്കള്‍ ചോദിക്കാനും പറയാനും ആളുണ്ടെന്നു പറഞ്ഞു രംഗത്തിറങ്ങുമ്പോള്‍ ഇനി തിരുത്തപ്പെടുന്നതോ തിരസ്കരിക്കപ്പെടുന്നതോ ഭാരതിയോ, കമ്പരോ, പെരിയോരോ ആയിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചില ചെറുത്തുനില്‍പ്പിന്‍റെ സ്വരം ഉണ്ടാക്കിയെടുക്കാന്‍ പെരുമാള്‍ മുരുകന്‍റെ തീരുമാനത്തിന് കഴിഞ്ഞു എന്നതാണു ഈ സര്‍ഗ്ഗാത്മക സ്വയംഹത്യയുടെ ഏറ്റവും പോസിറ്റീവായ വശം.

പൊതുവേ സെക്കുലര്‍ എന്നവകാശപ്പെടുന്ന എല്ലാ സമൂഹത്തിലും മതപരമായ കൈകടത്തലുകള്‍ അതിന്‍റെ പാരമ്യതയില്‍ സംഭവിക്കുന്നു എന്നതാണു പുതിയ കാലത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പ്രോഗ്രസ്സിവ് ഐഡിയോളജിയുടെ മറവില്‍ തികച്ചും ഫണ്ടമെന്റല്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത് പുത്തന്‍ മാധ്യമലോകത്തിന്‍റെ തന്ത്രങ്ങളായി മാറുന്നു. ന്യൂനപക്ഷ വര്‍ഗ്ഗിയത അതിന്‍റെ പിടി മുറുക്കുന്നത് ഇത്തരം പുരോഗമനാത്മക കുപ്പായം അണിയുന്ന മാധ്യമങ്ങളിലുടെയാണ്. ഇവിടെ നാം തെറ്റിദ്ധരിക്കപ്പെടുന്നു. കേരളത്തില്‍ ഇത്തരം ഒരു മൂവ്മെന്‍റ് കാലങ്ങളായി നടന്നുവരുന്നു. പല പ്രസിദ്ധീകരണങ്ങളും ഇതിന്റെ ഭാഗമായി നമ്മെ അവരുടെ പക്ഷത്തേക്ക് കോണ്ടുപോകുകയും ചെയ്യുന്നു.

നമ്മള്‍ ചര്‍ച്ചചെയ്യുന്നത് തമിഴ് ലോകത്ത് പെരുമാള്‍ മുരുഗന്‍റെ  ഭുരിപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരേയുള്ള സര്‍ഗ്ഗാത്മക പ്രതികരണമാണെങ്കില്‍ ഇന്ന് കേരളത്തില്‍ പല കള്‍ട്ട് ഫിഗേഴ്സും വര്‍ഗ്ഗീയതയുടെ വക്താക്കളായി മാറുന്നു. ജാതിയെന്ന വികാരം അത്രതന്നെ തിരസ്കരികപ്പെട്ട ഒരു തലമുറയെ കണ്ട് പഠിച്ച നമ്മള്‍ നാം ആരാധിക്കുന്ന പലരും ഇന്ന് പൊതു ഇടങ്ങള്‍  മറന്ന് ജാതി മതങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് കൊതിയോടെ പലായനം ചെയ്യുന്ന കാഴ്ച. മോഹന്‍ലാല്‍ ഒരു പ്രത്യക ജാതിയുടെ വക്താവാകുമ്പോഴും സുരേഷ്ഗോപി ഒരു മതത്തിന്‍റെ കുപ്പായത്തിലേക്ക് കടക്കുമ്പോഴും അവര്‍ വിസ്മരിക്കുന്നത് ഈ ചട്ടക്കുടുകള്‍ നല്‍കിയ സംവരണത്തിലല്ല അവരുടെ യശസ് ഉയര്‍ന്നത് എന്നാകണം. ഇവിടെയാണ് പെരുമാള്‍ മുരുകന്‍ എന്ന നല്ല അധ്യാപകന്‍ ഒരു പാഠം പറഞ്ഞുതരുന്നത്‌. ഒരുത്തനും എന്നെ വിലയിടണ്ട ഞാന്‍ എന്‍റെ കലാപരതയില്‍ ആനന്ദിച്ചവനാണ്. ഇനി അത് സാധ്യമല്ലെങ്കില്‍ അതിവിടെ ഉപേക്ഷിക്കുന്നുവെന്നുള്ള പുതിയ പാഠം.

* Views are Personal

(ഐ എച്ച് ആര്‍ ഡിയിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍