UPDATES

പെരുമാള്‍ മുരുകന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം

അഴിമുഖം പ്രതിനിധി

ജാതിക്കോമരങ്ങളുടേയും ഹിന്ദു തീവ്രവാദികളുടേയും ഭീഷണി മൂലം എഴുത്തവസാനിപ്പിച്ച തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും ഭാര്യ എഴിലരസിക്കും ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവുകള്‍ ഇരുവര്‍ക്കും ഇന്നലെ ലഭിച്ചു. 

പെരിയാര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള നാമക്കലിലെ അറിഞ്ജര്‍ അണ്ണാ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജിലാണ് ഇരുവരും അദ്ധ്യാപകരായി ജോലി ചെയ്തിരുന്നത്. രണ്ട് പേര്‍ക്കും മറ്റന്നാള്‍ കോളേജില്‍ യാത്രയയപ്പ് നല്‍കും. പതിനെട്ടാം തിയതിയാണ് ഇരുവരും ചെന്നയില്‍ ചുമതലയേല്‍ക്കുക. പെരുമാള്‍ മുരുകന്‍ പ്രസിഡന്‍സി കോളേജിലും, ഭാര്യ എഴിലരസി ക്യൂന്‍ മേരീസ് കോളേജിലും ആയിരിക്കും ചുമതലയേല്‍ക്കുക. 

സ്ഥലംമാറ്റം വേണമെന്ന തങ്ങളുടെ അപേക്ഷയില്‍ വേഗത്തില്‍ തീരുമാനമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു. സാധാരണയായി ഒരു സര്‍വ്വകലാശാലയില്‍ നിന്ന് മറ്റൊരു സര്‍വ്വകലാശാലയിലേക്ക് സ്ഥലം മാറ്റം അനുവദിക്കാറില്ല. എന്നാല്‍ പെരിയാറില്‍ നിന്ന് മദ്രാസ് സര്‍വ്വകലാശാലയിലേക്കാണ് ഇരുവര്‍ക്കും മാറ്റം ലഭിച്ചത്. മുരുകന്റെയും ഭാര്യയുടേയും സ്ഥലംമാറ്റത്തിനുള്ള അപേക്ഷകളില്‍ അനുകൂല തീരുമാനത്തിന് സംസ്ഥാന സര്‍ക്കാരും വ്യക്തമായ നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരുന്നതായാണ് സൂചന. 

തന്റെ എഴുത്തുജീവിതം നിര്‍ത്തിയതായുള്ള പ്രഖ്യാപനത്തിന് ശേഷവും നാമക്കലില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ വന്നതാണ് പെരുമാള്‍ മുരുകനേയും കുടുംബത്തേയും സ്ഥലംമാറ്റത്തിന് പ്രേരിപ്പിച്ചത്. പ്രത്യക്ഷത്തിലുള്ള പ്രക്ഷോഭങ്ങള്‍ അവസാനിച്ചെങ്കിലും മുരുകനേയും കുടുംബത്തേയും സാമൂഹികമായി ഒറ്റപ്പെടുത്തുന്നതില്‍ ഹിന്ദു തീവ്രവാദികള്‍ വിജയിച്ചു. മുരുകനോടും കുടുംബത്തോടും സഹകരിക്കുന്ന അയല്‍ക്കാരേയും, സഹപ്രവര്‍ത്തകരേയുമെല്ലാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍