UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ ഒപ്പം നിന്നു; കൊക്ക കോളയുമായുള്ള കേസ് നടത്തിപ്പിന് പെരുമാട്ടി പഞ്ചായത്തിന് രണ്ടു ലക്ഷം രൂപ ഉപയോഗിക്കാം

പ്ലാച്ചിമട കൊക്കകോള ഫാക്ടറിക്കെതിരേയുള്ള നിയമയുദ്ധം ശക്തമാക്കി പെരുമാട്ടി ഗ്രാമപഞ്ചായത്ത്. സുപ്രീം കോടതയില്‍ കേസ് നടത്തുന്നതിനായി പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിക്കാനുള്ള അനുമതി കിട്ടിയതോടെ ആഗോളഭീമന്‍ കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരേ നിയമപോരാട്ടം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ പഞ്ചായത്തിനു സാധിക്കും.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് കേസുകള്‍ നടത്താന്‍ നിലവില്‍ വെറും മൂവായിരം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത്ര ചെറിയ തുക കൊണ്ട് കോടതിവ്യവഹാരത്തില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല. കൊക്ക കോള പോലൊരു കമ്പനിക്കെതിരേ നിയമപോരാട്ടം നടത്തുമ്പോള്‍, അതും സുപ്രീം കോടതിയില്‍ എത്തിനില്‍ക്കുമ്പോള്‍ വക്കീല്‍ ഫീസിനത്തിലും മറ്റും നല്ലൊരു തുക ആവശ്യമായി വരും. ഇതിനായി പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ഥലം എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്നു പെരുമാട്ടി പഞ്ചായത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ ഉപയോഗിച്ചു കേസ് നടത്താനുള്ള അനുവാദം പഞ്ചായത്ത് ഡയറക്ടര്‍ നല്‍കി കഴിഞ്ഞു. വക്കീല്‍ ഫീസ് ഇനത്തില്‍ ഈ തുക ഡല്‍ഹിയിലെ അഭിഭാഷകന്‍ അഡ്വ. രഘുനാഥിന് കൈമാറിയതായും പെരുമാട്ടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സുരേഷിനെ ഉദ്ധരിച്ച് സുപ്രഭാതം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊക്ക കോളയും പഞ്ചായത്തും തമ്മിലുള്ള നിയമയുദ്ധം
ഗ്രാമപഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് കൊക്ക കോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതോടെയാണു പഞ്ചായത്തും കമ്പനിയും തമ്മിലുള്ള നിയമപോരാട്ടം തുടങ്ങുന്നത്. പഞ്ചായത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ പരാതി ഫയലില്‍ സ്വീകരിച്ചു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അവര്‍ക്ക് അനുകൂലമായി ഉത്തരവിറക്കി.

ഇതേ തുടര്‍ന്ന് കമ്പനി തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പത്തു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കി. എന്നാല്‍ പഞ്ചായത്ത് മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നും നിയമപ്രകാരം തന്നെ പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കമ്പനി പഞ്ചായത്തിനെ പ്രതിയാക്കി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്ന് 2005 ല്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ (കേസ് നമ്പര്‍ 938505) നല്‍കി. ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷം തികയുമ്പോഴും കേസ് കോടതിയില്‍ തന്നെയാണ്. പഞ്ചായത്തിനൊപ്പം കോള വിരുദ്ധ സമരസമിതിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

സുപ്രീം കോടതയില്‍ കൊക്ക കോളയെ പോലൊരു കമ്പനിയ്‌ക്കെതിരേ നിയമപോരാട്ടം നടത്തുന്നതില്‍ പഞ്ചായത്തിന് ഏറ്റവും വലിയ പരിമിതിയായി നിന്നിരുന്നത് പണം തന്നെയായിരുന്നു. മറുവശത്ത് മണിക്കൂറില്‍ ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകരെയാണു കമ്പനി തങ്ങള്‍ക്കു വേണ്ടി കൊണ്ടുവന്നുകൊണ്ടിരുന്നത്. പഞ്ചായത്തിന്റെ വക്കീലായ രഘുനാഥ് ആകട്ടെ വിഷയത്തിന്റെ തീവ്രത മനസിലാക്കിയിട്ടു തന്നെ കാര്യമായ ഫീസ് വാങ്ങാതെ പഞ്ചായത്തിന്റെ കേസ് വാദിക്കുകയായിരുന്നു. പണം ഇല്ലാത്തതും മറ്റു ബുദ്ധിമുട്ടുകളും കേസില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണമാകരുതെന്ന ദൃഡനിശ്ചയത്തിലാണ് പഞ്ചായത്ത് മുന്നോട്ടു പോയിരുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന സഹായവും കോള കമ്പനികള്‍ക്കെതിരേയുള്ള പ്രവര്‍ത്തനം നടത്തുന്ന അമിത്‌ ശ്രീവാസ്തവയെ പോലുള്ളവരുടെ പിന്തുണയും കിട്ടുന്നതോടെ കൊക്ക കോളയുടെ ജലചൂഷണത്തിനെതിരേയുള്ള നിയമ പോരാട്ടം ജയിക്കാന്‍ കഴിയുമെന്ന വിശ്വാസം കൂടിയിരിക്കുകയാണ് പെരുമാട്ടി പഞ്ചായത്തും അവിടുത്തെ ജനങ്ങളും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍