UPDATES

ട്രെന്‍ഡിങ്ങ്

ഒരിക്കല്‍ തോറ്റോടേണ്ടി വന്ന പെരുമാട്ടി പഞ്ചായത്തിലേക്ക് കൊക്ക കോള വീണ്ടും വരുന്നതിനു പിന്നിലെ ലക്ഷ്യം എന്താണ്?

കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിക്കാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അനുമതി തേടിയിരിക്കുന്നത്

[പ്ലാച്ചിമടയിലേക്ക് കോക്ക കോള കമ്പനി വീണ്ടുമെത്തുമ്പോള്‍- ആദ്യ രണ്ട് ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ജലമൂറ്റി മുടിച്ച പ്ലാച്ചിമടയില്‍ ഹൈടെക് മാംഗോ സിറ്റിയുമായി കൊക്ക കോള വീണ്ടും എത്തുന്നു, 

ഞങ്ങക്ക് അവരെ വിശ്വാസമില്ല. സര്‍ക്കാരിനേം വിശ്വാസമില്ല.’; കോക്ക കോള വീണ്ടും പ്ലാച്ചിമടയിലെത്തുമ്പോള്‍]

ഭാഗം 3

വര്‍ഷങ്ങള്‍ക്കിപ്പുറം കൊക്കക്കോള കമ്പനി പെരുമാട്ടി പഞ്ചായത്തില്‍ എത്തിയിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ രൂപത്തില്‍. ലാഭവിഹിതത്തില്‍ നിന്ന് ഒരു പങ്ക് മാറ്റിവച്ച് ജനങ്ങളെ സേവിക്കുന്ന കോര്‍പ്പറേറ്റുകളുടെ പദ്ധതിയുമായി കൊക്കക്കോള വീണ്ടും ഈ നാട്ടില്‍ എത്തിയതെന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഇനീഷ്യേറ്റീവുകള്‍ക്ക് പഞ്ചായത്ത് അനുമതി വേണ്ട എന്നിരിക്കെ കമ്പനി എന്തിനാണ് പഞ്ചായത്തിനെ പ്രോജക്ട് പ്രൊപ്പോസലുമായി സമീപിച്ചത്? പെരുമാട്ടി പഞ്ചായത്തിലെ, പ്ലാച്ചിമടയിലെ സമ്പദ് വ്യവസ്ഥയെ, സാമൂഹ്യജീവിതത്തെ തന്നെ തകര്‍ത്തെറിഞ്ഞ ആഗോള കോര്‍പ്പറേറ്റ് ഭീമന്റെ തിരിച്ചുവരവിന് പിന്നിലെ ഉദ്ദേശമെന്താണ്?

2017ലാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് ലിമിറ്റഡ് പ്ലാച്ചിമട ഇനി വേണ്ടെന്ന് പറഞ്ഞ് നാടുവിട്ടത്. അത്ര എളുപ്പമായിരുന്നില്ല ആ വിടുതല്‍. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ഓടിക്കുകയായിരുന്നു എന്ന് പ്ലാച്ചിമട സമരസമിതിയും ഇനി ഊറ്റിയെടുക്കാന്‍ ഒരു തുള്ളി ജലം ഇല്ലാത്തതിനാല്‍ സ്വയമേവ ഉപേക്ഷിച്ച് പോയതാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. കാരണം ഏത് തന്നെയായാലും ജീവിതം മാറ്റിമറിച്ച കോളക്കമ്പനി വിട്ടുപോവുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചവരാണ് പ്ലാച്ചിമടക്കാര്‍. 2000ത്തില്‍ തുടങ്ങിയ കമ്പനിക്ക് യഥാര്‍ഥത്തില്‍ 2003 മുതല്‍ അവിടെ പ്രവര്‍ത്തിക്കാനായിരുന്നില്ല. അതിന് കാരണക്കാരായത് പെരുമാട്ടി പഞ്ചായത്ത് ആയിരുന്നു. ത്രിതലപഞ്ചായത്ത് സംവിധാനത്തിന്റെ, അധികാരവികേന്ദ്രീകരണം നല്‍കുന്ന അധികാരമുപയോഗപ്പെടുത്തലിന്റെ ആദ്യ ജനകീയ മാതൃകയായിരുന്നു പ്ലാച്ചിമട. സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് മുതല്‍ സുപ്രീംകോടതിയില്‍ കോളക്കമ്പനി താത്പര്യമില്ലായ്മ പ്രകടിപ്പിക്കുന്നതുവരെയുള്ള കാലയളവില്‍ ഒറ്റ നിലപാടെടുത്ത് കമ്പനിയെ കെട്ടുകെട്ടിക്കുന്നതിന് മുന്നില്‍ നിന്നത് പെരുമാട്ടി പഞ്ചായത്ത് ആയിരുന്നു. സുപ്രീംകോടതിയിലടക്കം കേസിന് പോയതും പഞ്ചായത്ത് തന്നെയായിരുന്നു. അതേ പഞ്ചായത്തിന് മുന്നിലേക്കാണ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ പ്രോജക്ട് പ്രൊപ്പോസലുമായി കൊക്കക്കോള കമ്പനി എത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലാതിരുന്നിട്ടുകൂടി അനുമതിക്കായി പ്രോജക്ട് സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി. അതിന്റെ കാരണം പറഞ്ഞത് ഒരു പഞ്ചായത്ത് അംഗമാണ്

“ചരിത്രത്തിലാദ്യമായി ഒരു പഞ്ചായത്ത് തന്നെയാണ് കൊക്കക്കോള എന്ന ആഗോള കമ്പനിക്കെതിരെ സമരം ചെയ്തത്. ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്ന കമ്പനിയെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചത്തോടെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് വന്നതും പഞ്ചായത്താണ്. പഞ്ചായത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അണിനിരന്നവരാണ് പ്ലാച്ചിമടയിലെ പാവപ്പെട്ട ജനത. വിദ്യാഭ്യാസം കുറവായ, അന്നന്ന് തൊഴിലെടുത്ത് ജീവിക്കുന്ന ആദിവാസികളടങ്ങുന്ന ജനത ഇത്രകാലം സമരവുമായി മുന്നോട്ട് പോവേണ്ടി വരും എന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 2003ല്‍ വരള്‍ച്ച കടുത്തപ്പോഴാണ് പഞ്ചായത്ത് തല്‍ക്കാലം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് നല്‍കുന്നത്. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞാല്‍ അവര്‍ തിരികെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പഞ്ചായത്തിനും നാട്ടുകാര്‍ക്കും അറിയാമായിരുന്നു. പഞ്ചായത്തിന്റെ ഇടപെടല്‍ തന്നെയാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഇവിടെയെത്തി പരിശോധിക്കാന്‍ ഇടയായത്. സുപ്രീംകോടതിയുടെ വ്യവസ്ഥകള്‍ പാലിച്ചല്ല കകമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നതെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തി. കൃഷിയ്ക്ക് അനുഗുണമാവുമെന്ന് പറഞ്ഞ് കമ്പനി നല്‍കിയ വെയിസ്റ്റ് മണ്ണിലിട്ടതോടെ ഉള്ള കൃഷിയും നശിച്ചു. മണ്ണിന്റെ ഫലഭൂയിഷ്ടതയും കുറഞ്ഞു. ഇതെല്ലാം കമ്പനിക്ക് തിരിച്ചടിയായി. പിന്നീട് കമ്പനിക്ക് പ്രവര്‍ത്തിക്കാനായിട്ടില്ല. പ്രവര്‍ത്തിപ്പിക്കില്ല എന്ന ഉറച്ച നിലപാടെടുത്തത് പെരുമാട്ടി പഞ്ചായത്താണ്. ദിവസം ചെല്ലുന്തോറും സമരത്തിന് പിന്തുണ കൂടി വന്നു. രാജ്യത്താകമാനമുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരായ പ്ലാച്ചിമടക്കാരോടൊപ്പം ചേര്‍ന്ന് സമരം നയിച്ചു. ഹൈക്കോടതിയില്‍ കേസ് പോയതും പെരുമാട്ടി പഞ്ചായത്ത് തന്നെയാണ്. ഹൈക്കോടതി വിധി കമ്പനിക്ക് അനുകൂലമായിരുന്നു. എന്നാല്‍ അപ്പോഴും പഞ്ചായത്ത് നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കാനാവില്ലെന്ന് പഞ്ചായത്തും കമ്പനിയോട് നിഷ്‌കര്‍ഷിച്ചു. സുപ്രീംകോടതിയിലും പഞ്ചായത്ത് തന്നെയാണ് കേസിന് പോയത്. മറ്റെല്ലാവരും കേസില്‍ കക്ഷി ചേരുകയായിരുന്നു. ഒരു കൊച്ചുപഞ്ചായത്തായിട്ടുകൂടി കോളക്കമ്പനിക്കെതിരെ ശക്തമായ നിലപാടടെത്ത്് നിന്നതാണ് കമ്പനി ഇവിട നിന്ന് പോവാന്‍ കാരണം. പഞ്ചായത്തുകള്‍ക്ക് നല്‍കിയ എല്ലാ അധികാരങ്ങളും ഉപയോഗപ്പെടുത്തി കേരളത്തിന് ഒരു മാതൃക കാണിച്ചുകൊടുക്കുകകൂടിയായിരുന്നു. 2017ലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച് പോവുന്നത്. അതിന് കാരണക്കാരായത് പെരുമാട്ടി എന്ന പഞ്ചായത്ത് തന്നെയാണ്, അത് സംശയമില്ലാത്ത കാര്യമാണ്. അത് കമ്പനിക്കും അറിയാം. ലോകത്ത് എണ്ണൂറോളം പ്ലാന്റുകള്‍ കൊക്കക്കോളയുടേതായി പ്രവര്‍ത്തിക്കുന്നു. പല പ്ലാന്റുകള്‍ക്കുമെതിരെ വര്‍ഷങ്ങളായി ജനകീയ പ്രതിഷേധം നടക്കുന്നുമുണ്ട്. എന്നാല്‍ അവിടെയൊന്നും കോളക്കമ്പനിക്ക് മുട്ടുമടക്കേണ്ടി വന്നിട്ടില്ല. പക്ഷെ ഒരിക്കലും തോല്‍ക്കില്ല എന്നുറപ്പിച്ചിരുന്ന കമ്പനിക്ക് പെരുമാട്ടി പഞ്ചായത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. അത് അവരെ സംബന്ധിച്ചിടത്തോളം നാണക്കേടും അഭിമാന പ്രശ്‌നവും കൂടിയാണ്. പാവപ്പെട്ട ആദിവാസികളോടും ഒരു പഞ്ചായത്തിനോടും പരാജയപ്പെട്ടു എന്നത് അവരുടെ ഇമേജിന് ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇത് നികത്താന്‍ അവരുടെ മുഖം രക്ഷിക്കാന്‍ ഒരു അവസരം നോക്കിനടക്കുകയായിരുന്നു കമ്പനി. സാമൂഹിക പ്രതിബദ്ധത തെളിയിക്കാനുള്ള പദ്ധതികള്‍ക്ക് പഞ്ചായത്തുകളുടെ അനുമതി വാങ്ങണ്ട ആവശ്യമില്ല. പഞ്ചായത്തിന് കൂടി പങ്കാളിത്തമുള്ള പദ്ധതികളാണെങ്കില്‍ മാത്രമേ പ്രൊപ്പോസല്‍ പഞ്ചായത്തിന് നല്‍കേണ്ടതുള്ളൂ. എന്നാല്‍ അവര്‍ പെരുമാട്ടി പഞ്ചായത്തിലേക്ക് തന്നെ പദ്ധതിക്ക് അനുമതി ചോദിച്ചെത്തിയതിന് പിന്നില്‍ ഇമേജ് രക്ഷിക്കാനുള്ള ശ്രമം കൂടിയുണ്ട് എന്നാണ് മനസ്സിലാവുന്നത്.

സാമൂഹിക പ്രതിബദ്ധത പദ്ധതികളായതുകൊണ്ട്, പ്രത്യേകിച്ച് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതല്ലാത്തതുകൊണ്ട്, പഞ്ചായത്തിന് അക്കാര്യത്തില്‍ എതിര്‍പ്പുണ്ടാവില്ല. അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ പഞ്ചായക്ക് ഭരണസമിതി കൂടി പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ തെറ്റില്ല എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഞങ്ങളെപ്പോലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അതുകൊണ്ട് പദ്ധതി നടക്കാതിരിക്കില്ല. പക്ഷെ കമ്പനിക്ക് വേണ്ടത് പഞ്ചായത്തിന്റെ ഒരു ഒപ്പാണ്. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇവര്‍ വരുന്നതില്‍ തടസ്സമില്ല എന്ന ഒരു അനുമതി പത്രമാണ്. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്ന പരിപാടിയാണ് കമ്പനി പ്ലാന്‍ ചെയ്തത്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കോളക്കമ്പനിയോട് പണ്ട് ഉണ്ടായിരുന്ന പോലുള്ള എതിര്‍പ്പ് ഇപ്പോഴത്തെ ഭരണസമിതിക്കില്ല. ഇത്തരമൊരു പ്രൊപ്പോസല്‍ പഞ്ചായത്ത് സമ്മതംമൂളുന്നതോടെ, ഇതാ ഒരിക്കല്‍ ഞങ്ങളെ എതിര്‍ത്തിരുന്നവര്‍ തന്നെ ഞങ്ങളെ വീണ്ടും സ്വീകരിച്ചിരിക്കുന്നു എന്ന തരത്തില്‍ കൊക്കക്കോളയ്ക്ക് കാമ്പയിന്‍ ചെയ്യാന്‍ എളുപ്പമായി. ലോകത്ത് ആദ്യമായി പ്ലാച്ചിമടയില്‍ തോറ്റോടേണ്ടി വന്നവര്‍ക്ക് അത് വീണ്ടും ഊര്‍ജ്ജമാവും. ലോകത്തിന് മുന്നില്‍ അത് ഉയര്‍ത്തിക്കാണിച്ചാല്‍ അവരുടെ ഇമേജ് വര്‍ധിക്കും. അതുകൊണ്ട് മാത്രമാണ് പെരുമാട്ടി പഞ്ചായത്തിന് മുന്നിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എത്തിയതെന്നാണ് ഞാനടക്കമുള്ളവരുടെ പൂര്‍ണ വിശ്വാസം.”

ജനതാദള്‍ ഭരിക്കുന്ന പഞ്ചായത്താണ് പെരുമാട്ടി. ജനതാദള്‍ രണ്ടാവുന്നതിന് മുമ്പും ശേഷവും കൊക്കക്കോള കമ്പനിക്കെതിരെ ശക്തമായ നിലപാടാണ് പാര്‍ട്ടി/ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ളത്. അതേ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിന്തുണയോടെയും അനുവാദത്തോടെയും തിരികെ പ്ലാച്ചിമടയിലേക്ക് എത്താനാവുന്നത് കൊക്കക്കോളയ്ക്ക് മൈലേജ് കൂട്ടുമെന്ന അഭിപ്രായവും പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെയുണ്ട്. തനിക്ക് കൊക്കക്കോളയുടെ വരവ് സംബന്ധിച്ച് കൂടുതല്‍ അറിവില്ല എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുമ്പോഴും ‘അവരെ ഒന്ന് സഹായിക്ക്’ എന്നുള്ള നിര്‍ദ്ദേശം മന്ത്രിയില്‍ നിന്ന് വാക്കാല്‍ ലഭിച്ചിട്ടുള്ളതായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. സര്‍ക്കാരിന്റെയും മന്ത്രിയുടേയും പൂര്‍ണ അറിവോടെയാണ് കൊക്കക്കോളയുടെ തിരിച്ചുവരവെന്ന് തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറച്ച് വിശ്വസിക്കുന്നത്. എന്നാല്‍ ‘ഇതിന് പഞ്ചായത്തിന്റെയും പ്രസ്ഥാനത്തിന്റെയും എതിര്‍പ്പില്ല എന്ന് പൊതുസമൂഹത്തെ ബോധിപ്പിക്കണമെങ്കില്‍ പ്രൊപ്പോസല്‍ പഞ്ചായത്ത് വഴി നീങ്ങണമല്ലോ?’ എന്നാണ് ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ പറഞ്ഞത്.

സാമൂഹ്യപ്രതിബദ്ധത? ഉദ്യോഗസ്ഥര്‍ക്കും സംശയം

കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിക്കാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അനുമതി തേടിയിരിക്കുന്നത്. കൊക്കക്കോള പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന 34 ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് കമ്പനി മുന്നോട്ട് വക്കുന്നത്. ആരോഗ്യസംരക്ഷണ കേന്ദ്രം, കരിയര്‍ ഡവലപ്മെന്റ് സെന്റര്‍, വനിതാ ശാക്തീകരണത്തിനായി സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, എട്ടുമുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ സെന്റര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു വര്‍ഷമാണ് ഒന്നാംഘട്ടം നടപ്പാക്കുന്നതിനുള്ള സമയപരിധിയായി കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ സാമൂഹ്യപ്രതിബദ്ധതയുണ്ടെങ്കിലും പിന്നീടുള്ള രണ്ട് ഘട്ടങ്ങളില്‍ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള പദ്ധതികളാണ് വച്ചിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ ജി വിമല്‍ ആശങ്ക ഉന്നയിക്കുന്നു.

രണ്ടാംഘട്ടത്തില്‍ രാജ്യത്തെ കാര്‍ഷികമേഖലയിലെ സ്വകാര്യഭീമനായ ജയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് കമ്പനിയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ക്കാണ് കൊക്കക്കോള കമ്പനി തയ്യാറെടുക്കുന്നത്. അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്നോളജിയും ഡ്രിപ്പ് ഇറിഗേഷനും തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കി പല സംസ്ഥാനങ്ങളിലും വിജയിച്ച ജെയ്ന്‍ കമ്പനിയുടെ ‘ഉന്നതി’ എന്ന പദ്ധതി പ്ലാച്ചിമടയിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തെലുങ്കാന, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉന്നതി വിജയകരമായി പരീക്ഷിച്ച് ലാഭമുണ്ടാക്കിയ കമ്പനിയാണ് ജെയ്ന്‍. മഹാരാഷ്ട്രയില്‍ കൊക്കക്കോള കമ്പനിയും ജെയ്നും ചേര്‍ന്നാണ് മറാത്തവാഡയിലും വിദര്‍ഭയിലും ഓറഞ്ച് കൃഷിയില്‍ അള്‍ട്രാ ഹൈഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്നോളജി നടപ്പാക്കിയത്. ഇതിന് പുറമെ വന്‍കിട സോഫ്റ്റ്ഡ്രിങ്ക് കമ്പനികള്‍ക്ക് പഴങ്ങള്‍ സംസ്‌കരിച്ച് പള്‍പ്പ് നല്‍കുന്ന വ്യവസാത്തിലും ജെയ്‌നിന്റെ കയ്യുണ്ട്. കേരളത്തില്‍ കൊക്കക്കോളയും ജെയ്‌നും ചേര്‍ന്ന് മാവ്, തെങ്ങ്, വാഴ കൃഷിയില്‍ ഇതേ സാങ്കേതിക വിദ്യാ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. പ്രധാനമായും തോട്ടാപുരി മാമ്പഴ കൃഷിയാണ് ഉദ്ദേശിക്കുന്നതെന്നും നിലവില്‍ 10 മീറ്റര്‍ നീളത്തിലും വീതിയിലും ഇടവിട്ട് വയ്ക്കുന്ന മാവുകളും വാഴകളും 3×2 മീറ്റര്‍ വ്യത്യാസത്തില്‍ വച്ചുപിടിപ്പിച്ച് ഉത്പാദവും ലാഭവും വര്‍ധിപ്പിക്കാനാവുമെന്ന് കമ്പനി പദ്ധതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റും കുളങ്ങളും കിണറുകളും നില്‍ക്കുന്ന പ്രദേശമൊഴികെ 34 ഏക്കറില്‍ 25 മുതല്‍ 27 ഏക്കര്‍ വരെയുള്ള സ്ഥലം കൃഷിക്കായി ഉപയോഗിക്കാം എന്നാണ് കമ്പനിയുടെ ശുപാര്‍ശ. കര്‍ഷകര്‍ക്ക് പുതുതായി ചെയ്യുന്ന കൃഷിരീതി സംബന്ധിച്ച് പ്രത്യേകം പരിശീലനവും നല്‍കും. ഇതിന് പുറമെ നഴ്സറിയും തുടങ്ങും. ജെയ്ന്‍ കമ്പനി തന്നെയായിരിക്കും ഈ ഘട്ടത്തില്‍ പദ്ധതികള്‍ നടപ്പാക്കുക. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിക്കുള്ളില്‍ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒന്നാംഘട്ടവും രണ്ടാം ഘട്ടവും വിജയിച്ചാല്‍ കാപ്പി, പൈനാപ്പിള്‍, സുഗന്ധ്യവ്യഞ്ജനങ്ങള്‍ എന്നിവയിലേക്കും ഉന്നതി വ്യാപിപ്പിക്കാനുള്ള കാര്യങ്ങള്‍ മൂന്നാംഘട്ടത്തില്‍ ചെയ്യും. എന്നാല്‍ നഴ്‌സറി വഴി ഹൈബ്രിഡ് തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതിയെക്കുറിച്ച് അവഗാഹമുണ്ടാക്കുക, തൊഴില്‍ നല്‍കുക എന്നതൊഴിച്ച് നിര്‍ത്തിയാല്‍ പ്രദേശവാസികള്‍ക്ക് ഗുണകരമാവുന്ന പദ്ധതികള്‍ കമ്പനിയുടെ പ്രൊപ്പോസലില്‍ ഇല്ല എന്നും വിമല്‍ പറയുന്നു. “യഥാര്‍ഥത്തില്‍ സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നടത്തേണ്ടത് തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ്. അങ്ങനെ വരുമ്പോള്‍ തദ്ദേശ സ്ഥാപനത്തിന് പദ്ധതിയില്‍ വ്യക്തമായ പങ്കാളിത്തം പദ്ധതി രേഖയില്‍ തന്നെ പറയേണ്ടതാണ്. പക്ഷെ ഇവിടെ അത് പ്രതിപാദിച്ചിട്ടില്ല. അതിന്റെ അര്‍ഥം, കമ്പനി തന്നെ സ്വന്തം നിലക്ക് ആ പദ്ധതി നടപ്പാക്കുകയാണെന്നാണ്. അങ്ങനെയാണെങ്കില്‍ പഞ്ചായത്തിന്റെ അനുമതിക്ക് അപേക്ഷിക്കേണ്ട കാര്യമില്ല. നേരിട്ട് പദ്ധതി നടപ്പാക്കിയാല്‍ മതി. സാധാരണഗതിയില്‍ സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ചെയ്യുന്ന എന്താണെങ്കിലും അതിന്റെ പൂര്‍ണ ഉപഭോക്താക്കള്‍ അവിടുത്തെ ജനങ്ങള്‍ മാത്രമാകണം. പക്ഷെ പല കോര്‍പ്പറേറ്റുകളും അവരുടെ കയ്യില്‍ അസറ്റ് വച്ചുകൊണ്ട് സമൂഹത്തെ സേവിക്കുകയാണെന്ന് വരുത്തും. കോളക്കമ്പനി നല്‍കിയ പ്രൊപ്പോസലിലും അത് തന്നെയാണ് കാണുന്നത്. ട്യൂഷന്‍ സെന്ററും ക്ലിനിക്കും എ്ല്ലാം തുടങ്ങുന്നത് അവരുടെ ബില്‍ഡിങ്ങിലാണ്. അവര്‍ നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാവും എന്നല്ലാതെ അത് ഒരിക്കലും പബ്ലിക്കിന് സ്വന്തമായി വിട്ടുകിട്ടുന്നില്ല. രണ്ടാംഘട്ടവും മൂന്നാംഘട്ടവുമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ പരിശോധിക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയേക്കാള്‍ കമ്പനിയുടെ ബിസിനസ് താത്പര്യം തന്നെയാണ് കാണാനാവുക. നാട്ടുകാര്‍ക്ക് എത്രത്തോളം അവ ഗുണപ്രദമാവുമെന്ന കാര്യത്തില്‍ സംശയമുണ്ട്.’

124 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കമ്പനി പ്രോജക്ട് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യം കമ്പനി പ്രദേശത്തുണ്ടാക്കിയ നഷ്ടത്തിന് പരിഹാരം നല്‍കിയാണ് സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടതെന്നാണ് നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരമടക്കം അഭിപ്രായപ്പെടുന്നത്. സാമൂഹികപ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ പറയുന്നു, “കോളക്കമ്പനി വീണ്ടും പഞ്ചായത്തില്‍ എത്തിയപ്പോള്‍ പഞ്ചായത്ത് ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നത് നഷ്ടപരിഹാരമായിരുന്നു. സാമൂഹിക പ്രതിബദ്ധത തെളിയിക്കാനാണെങ്കില്‍ അത് തെളിയിക്കേണ്ടത് അവര്‍ വരുത്തി വച്ച നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കിയല്ലേ? ഇത്രയും കോടിയുടെ പദ്ധതിയുമായി എത്തുമ്പോള്‍ ആ പണം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം പഞ്ചായത്തിനുണ്ടായിരുന്നു. എന്നാല്‍ അതിന് പകരം ജലാധിഷ്ഠിത പദ്ധതിയല്ലെങ്കില്‍ അനുമതി നല്‍കാം എന്ന തീരുമാനം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും”.

നഷ്ടപരിഹാരം ആവശ്യപ്പെടാതെ പദ്ധതിക്ക് സമ്മതം മൂളിയതിന് പിന്നില്‍ പഞ്ചായത്ത് ഭരിക്കുന്നവരുടെ രാഷ്ട്രീയം ഉണ്ട് എന്നാണ് പ്ലാച്ചിമടക്കാരുടെ പൊതുഅഭിപ്രായം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍