UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവളുടെ യോനിയിലൂടെ കയറി പോയ കമ്പിപ്പാര അടിവയറ് നോവിക്കുന്നു; കെ കെ ഷാഹിന എഴുതുന്നു

Avatar

കെ കെ ഷാഹിന

ഒട്ടും വൈകാരികമാവാതെ എഴുതണം എന്നുണ്ട്. വൈകാരികമാവുകയല്ല ,വസ്തുനിഷ്ഠമാവുകയാണ് ഇപ്പോള്‍ വേണ്ടത് എന്നുറപ്പുണ്ട്. എന്റെ മോളുടെ കൂടെ പഠിച്ചതാണല്ലേ എന്ന് എന്നെയും ഹസ്‌നയെയും കെട്ടിപ്പിടിച്ചു കരഞ്ഞ ആ അമ്മയുടെ കണ്ണീര്‍ വീണ് മേലാകെ പൊള്ളിയിട്ടുണ്ട്. ഇറുകി പിടിച്ച ആ കൈകളില്‍ നിന്നും ബലമായി ഞങ്ങള്‍ ഞങ്ങളെ വിടുവിച്ചെടുത്തു, രാത്രി ഏറെ വൈകി ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ‘മക്കളിനി എങ്ങനെ പോകും, സൂക്ഷിച്ചു പോണേ, ആരെയും വിശ്വസിക്കരുതേ’ എന്ന വേവലാതി പുറകെ വന്ന് പിടിച്ചു വലിക്കുന്നുണ്ട്. എല്ലാത്തിലുമുപരി, ഞാന്‍ പഠിച്ച അതേ കോളേജില്‍, സ്വന്തമായി കക്കൂസ് പോലുമില്ലാത്ത ഒരു ഒറ്റമുറി വീട്ടില്‍ നിന്നും ഒരു ദളിത് പെണ്‍കുട്ടി ഒരുമിച്ചുണ്ടായിരുന്നു എന്ന അറിവ് നീറിപ്പിടിക്കുന്നുണ്ട്. അവളുടെ യോനിയിലൂടെ കയറി പോയ കമ്പിപ്പാര അടിവയറ് നോവിക്കുന്നുണ്ട് .

ഒരു കലുങ്കിന്റെ കരയിലെ പുറമ്പോക്ക് ഭൂമിയില്‍ ഒരു ഒറ്റ മുറി വീട്. ഇരുപത്തഞ്ചു വര്‍ഷത്തോളമായി അവര്‍ അവിടെ താമസിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. അച്ഛന്‍ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. കടുത്ത ദാരിദ്ര്യമാണ്. നാട്ടുകാര്‍ക്ക് ഈ കുടുംബവുമായി ഒരു സമ്പര്‍ക്കവുമില്ല. തൊട്ടടുത്ത് താമസിക്കുന്ന ഒരു അദ്ധ്യാപകന്‍ ഒഴികെ പരിസര വാസികള്‍ മുഴുവന്‍ പറഞ്ഞത് ആ അമ്മയുടെ മാനസിക നില ശരിയല്ല എന്നാണ്. അവര്‍ എല്ലാവരോടും വഴക്കുണ്ടാക്കുമത്രേ. എന്നാല്‍ രണ്ടു പെണ്‍മക്കളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള വേവലാതി കൊണ്ട് നാട്ടുകാരെ അകറ്റി നിര്‍ത്താന്‍ വേണ്ടി അവര്‍ അങ്ങനെ ചെയ്യുന്നതാവമെന്നും അതിനെ ഭ്രാന്ത് എന്ന് വ്യാഖ്യനിക്കരുതെന്നും അദ്ദേഹം പറയുന്നു.

വൈകുന്നേരമാണ് സംഭവം നടന്നിട്ടുള്ളത്. പരിസരത്തുള്ള എല്ലാ വീടുകളിലും ഞങ്ങള്‍ കയറിയിറങ്ങി. പലരും വാതില്‍ തുറക്കാനോ സംസാരിക്കാനോ തയ്യാറാവുന്നില്ല. ഭയവും സംശയവുമാണ് സര്‍വത്ര വിറങ്ങലിച്ചു നില്‍ക്കുന്നത്. പിന്നെ, ഞങ്ങള്‍ക്ക് ഒന്നുമറിയില്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയും. വൈകിട്ട് അഞ്ചരക്ക് ശേഷമാണ് സംഭവം നടന്നത് എന്നാണു അനുമാനം. പരിസരവാസികളാരും ഒരു ശബ്ദം പോലും കേട്ടിട്ടില്ല. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മൃതദേഹം കണ്ട ജിഷയുടെ ഒരു ബന്ധു ഞങ്ങളോട് പറഞ്ഞു. ജിഷയുടെ ചേച്ചിയും ആന്റിയും നാട്ടുകാര്‍ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല. വിവാഹമോചിതയായ ചേച്ചി ദീപ മറ്റൊരിടത്താണ് താമസം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജിഷയുടെ അമ്മയെ ബൈക്ക് ഇടിച്ചതുമായി ബന്ധപ്പെട്ടു നാട്ടുകാരായ ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. കേസ് പിന്‍വലിച്ചു ഒത്തു തീര്‍പ്പാക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ജിഷ അതിനു വഴങ്ങിയില്ല എന്നും അതിന്റെ പേരില്‍ അവരില്‍ ചിലര്‍ക്ക് വൈരഗ്യമുണ്ടായിരുന്നു എന്നും ജിഷയുടെ ചേച്ചിയും ആന്റിയും പറയുന്നു. ‘നിങ്ങള്‍ പട്ടികജാതിക്കാരല്ലേ, നിങ്ങളെ അങ്ങ് കൊന്നു കളഞ്ഞാലും ആരും ചോദിക്കാന്‍ വരില്ല എന്നും അവര്‍ പറഞ്ഞതായി പറയുന്നു. ഈ അരുംകൊല ചെയ്തത് അവരാകാം എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. പക്ഷെ ദളിതരോടുള്ള പൊതു സമൂഹത്തിന്റെ കൊലവിളി തന്നെയാണ് ഇത്തരം ഭീഷണികള്‍. വര്‍ഗപരമായും ജാതീയമായും ഏറ്റവും താഴ്ന്ന തട്ടില്‍ ജീവിക്കുന്നവരെ കൊന്നു കളഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് എല്ലാവര്‍ക്കും നന്നായിട്ടറിയാം .

അന്യസംസ്ഥാന തൊഴിലാളികളാണിത് ചെയ്തത് എന്ന നിഗമനത്തിലേക്ക് എടുത്തു ചാടി കയ്യില്‍ കിട്ടിയ ആരെയെങ്കിലും പ്രതിയാക്കി പൊതുസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ പോലീസ് തുനിയുമോ എന്നറിയില്ല. തെരഞ്ഞെടുപ്പായത് കൊണ്ട് ആ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചിടത്തോളം അവര്‍ അതീവ ഗൗരവമായി തന്നെ അന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നുണ്ട് എന്നാണറിഞ്ഞത്. പോലീസിനു മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നത് കേസിനെ പ്രതികൂലമായി ബാധിച്ചേക്കാം. പക്ഷെ പോലീസിന്റെ ഭാഗത്ത് നിന്നും വന്നിട്ടുള്ള വീഴ്ച്ചകളെ കുറിച്ച് പറയാതിരിക്കാനാവില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഇത് ഗുരുതരമായ വീഴ്ചയാണ്.

പലതരത്തിലുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പ്രതിയെ/ പ്രതികളെ കുറിച്ച് യാതൊരു സൂചനയുമില്ലാതെ, അന്വഷണം എവിടെയുമെത്താത്ത സാഹചര്യത്തില്‍ മൃതദേഹം അന്ന് തന്നെ ദഹിപ്പിച്ചു കളയുന്നതെങ്ങനെ ? ശരീരാവശിഷ്ടങ്ങള്‍ പിന്നീട് പുറത്തെടുത്തു വീണ്ടും ഒരു പരിശോധന നടത്തേണ്ടി വരാന്‍ ഇടയില്ല എന്ന് പോലീസ് എങ്ങനെ ഉറപ്പിച്ചു? പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ വെയിറ്റ് ചെയ്യുകയാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തല്‍കാലം മാധ്യമങ്ങളെ ഒഴിവാക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് അതെങ്കില്‍ കുഴപ്പമില്ല. അതല്ല എങ്കില്‍ നിരവധി ചോദ്യങ്ങള്‍ക്ക് അവര്‍ സമാധാനം പറയേണ്ടതുണ്ട് . ക്രിമിനല്‍ നടപടി നിയമം 174 പ്രകാരം, ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമാണ് പോസ്റ്റ് മോര്‍ട്ടം. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അത് നടക്കേണ്ടത്. അപ്പോള്‍ തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. അങ്ങനെ ഒന്നുമല്ലേ ഉണ്ടായത് ? പ്രഗല്‍ഭരായ ഡോക്ടര്‍മാരാണോ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ? ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം പോലീസിനും സര്‍ക്കാരിനുമുണ്ട് .

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തത് കൊണ്ടാണ് പൊതു ശ്മശാനത്തില്‍ ദഹിപ്പിച്ചത്. ഇക്കാര്യത്തെ കുറിച്ച് പോലീസ് ഒന്നും പറഞ്ഞിരുന്നില്ലായെന്നു ജിഷയുടെ ബന്ധുക്കള്‍ പറയുന്നു .

ജിഷക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട്, വരുംദിവസങ്ങളില്‍ നിരവധി സമരങ്ങള്‍ നടക്കാനിരിക്കുന്നു. ജിഷയുടെ ചേച്ചിക്ക് സര്‍ക്കാര്‍ ജോലി കൊടുക്കണമെന്നും അവര്‍ക്ക് ഭൂമിയും വീടും നല്‍കണമെന്നും ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി നമ്മള്‍ ആവശ്യപ്പെടേണ്ടതുണ്ട്.

ഒറ്റ ചവിട്ടിനു തുറക്കാത്ത അടച്ചുറപ്പുള്ള ഒരു വീട് പെണ്‍കുട്ടികളുടെ മൌലികാവകാശമാക്കേണ്ടതാണ്. അടച്ചുറപ്പുള്ള വീടുകള്‍ക്കുള്ളില്‍ സ്വന്തം അച്ഛനാലും സഹോദരനാലും ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ കാണാതെയല്ല ഇത് പറയുന്നത്. പുറമ്പോക്ക് ഭൂമിയില്‍ കുടില് കെട്ടി താമസിക്കുന്ന ദളിത് കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് അരുംകൊല ചെയ്യുന്നത് പുരുഷാധികാരത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമല്ല മുന്നോട്ടു വെക്കുന്നത്. അത് ഭൂമിയുടെ രാഷ്ട്രീയം കൂടിയാണ്. ഭൂമിയില്‍ നിന്നും മേല്‍ജാതി സമൂഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യപ്പെടുന്നവര്‍ ഉയര്‍ത്തുന്ന ജാതി രാഷ്ട്രീയമാണ്. ജിഷയുടെ ഘാതകരെ കണ്ടെത്തിയത് കൊണ്ട് മാത്രം ഒരു പരിഹാരവും ഉണ്ടാകില്ല.

(കെ.കെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍