UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര പരിശോധകരോടും, പൊലീസിനോടും; ചെറ്റക്കുടിലിലെ ദളിത് പെണ്ണിനും നീതി കിട്ടേണ്ടതുണ്ട്

Avatar

അഡ്വ. മായ കൃഷ്ണന്‍

ഇതു കേരളമാണ് ഇവിടെ ഇങ്ങനെയൊന്നും നടക്കില്ല, പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ ദുരന്തവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വന്ന പ്രതികരണങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു, പിന്നീടത് മാറി, മലയാളികളാരും ഇങ്ങനെയൊന്നും ചെയ്യില്ലെന്നായി. അന്യസംസ്ഥാനക്കാരനായിരിക്കുമെന്നും തീര്‍ച്ചപ്പെടുത്തി. സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ അഹങ്കാരങ്ങള്‍വച്ചു പുലര്‍ത്തുന്നവരാണ് മലയാളികള്‍, അതു തന്നെയാണ് തങ്ങളുടെ കുറ്റം മറ്റൊരാളുടെ മേല്‍കെട്ടിവച്ച് സ്വയം ശുദ്ധീകരിക്കാന്‍ വ്യഗ്രതപ്പെടുന്നതും.

മലയാളി ഒരു sexualy perverted ആണെന്ന സത്യം ആര് ആരില്‍ നിന്നാണ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്? ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പീഡനക്കേസുകളിലുണ്ടാകുന്ന വര്‍ദ്ധനവ് വ്യക്തമാക്കിത്തരുമത്. എന്നിട്ടും നമ്മള്‍ പറയുന്നത് കേരളത്തില്‍ ഇങ്ങനെയൊരാള്‍ ചെയ്യില്ലെന്ന്.

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കും എന്നു ഭയപ്പെട്ടിരുന്നതാണ് ഇപ്പോള്‍ സംഭവിച്ചത്. സ്ത്രീയെന്നാല്‍ ശരീരം മാത്രമാണെന്നു കരുതുന്നവര്‍ സമൂഹത്തില്‍ അതിഭീകരമാം വിധം വര്‍ദ്ധിച്ചിട്ടുണ്ട്. തന്റെ കുട്ടിക്ക് എറ്റവും മികച്ച വിദ്യാഭ്യാസം കൊടുക്കാന്‍ ആഗ്രഹിക്കുന്നവനാണ് മലയാളി. എന്നാല്‍ ഒരു സ്ത്രീയോട് എങ്ങനെയാണ് പെരുമാറേണ്ടത്, ഒരു സ്ത്രീയെ എങ്ങനെയാണ് കാണേണ്ടത്, ആരാണ് ഒരു സ്ത്രി എന്നൊക്കെ നമ്മുടെ കുട്ടികളെ പഠിപ്പിക്കാന് കഴിയുന്നുണ്ടോയെന്ന് സ്വയം വിമര്‍ശനമായി ചിന്തിക്കേണ്ട വിഷയമാണ്. കുട്ടികള്‍ക്ക് മുന്നില്‍ ഇവിടുത്തെ കുടുംബവ്യവസ്ഥ എങ്ങനെയാണ് സ്ത്രീയോട് പെരുമാറുന്നതെന്ന് വ്യക്തമാക്കി കൊടുക്കുന്നുണ്ട്. അത് സ്ത്രീപക്ഷമായൊരു കാഴ്ചപാട് അവരില്‍ ഉണ്ടാക്കുന്ന തരത്തിലുള്ളതല്ലെന്നതാണ് നിര്‍ഭാഗ്യകരം. പുറത്തേക്കു വ്യാപിക്കുന്നതും ഇതേ കാഴ്ചപ്പാടാണ്. ഒരു സ്ത്രീയോട് സാംസ്‌കാരികമായി എങ്ങനെ പെരുമാറണമെന്നത് നമ്മുടെ കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നതില്‍ സമൂഹം മൊത്തം പരാജയപ്പെടുകയാണ്.

ഭര്‍ത്താവ് ചെയ്യുന്നു എന്ന കാരണത്താല്‍ ബലാത്സംഗം സഹിക്കേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. സ്വന്തം ഇണയോടു പോലും സ്‌നേഹത്തിലൂന്നീയ ലൈംഗികത പ്രകടപ്പിക്കുന്നതില്‍ മലയാളി പുരുഷന്‍ വലിയ പരാജയമാണ്. എന്റടുത്ത് വരുന്ന കേസുകളില്‍ നിന്നാണ് ഞാനിത് പറയുന്നത്. ഭര്‍ത്താവ് ചെയ്യുന്നതുകൊണ്ട് ബലാത്സംഗം അതല്ലാതാകുന്നില്ല. എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കുന്നതല്ല. ആക്ഷേപത്തിന് യോഗ്യരായവരുടെ എണ്ണം വളരെ വലുതാണ്.

പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ ശരീരത്തോട് കാണിച്ചിരിക്കുന്ന ക്രൂരത, സ്ത്രീയുടെ മേലുള്ള പുരുഷാധിപത്യം തന്നെയാണ്. കേവലം ലഹരി മരുന്നിന്റെ വിഭ്രാന്തി കൊണ്ടു മാത്രം ചെയ്തതാവില്ലത്. പുരുഷനിലെ pervertionന്റെ ദൗര്‍ബല്യങ്ങളുമാകാം. ഫെയ്‌സ്ബുക്കിലെ കമന്റുകള്‍ നോക്കിയാല്‍ മനസിലാക്കാം സംസ്‌കാരസമ്പന്നരുടെ മനോവ്യാപാരങ്ങള്‍ എതുനിലയിലുള്ളതാണെന്ന്. പെണ്‍കുട്ടികളുടെ ഇന്‍ബോക്‌സില്‍ വന്ന് എത്തിനോക്കിക്കൊണ്ടിരിക്കുന്ന ആണുങ്ങള്‍ ഒരു സ്ത്രീ ശരീരത്തോട് എന്തും ചെയ്യാന്‍ മടികാണിക്കാത്തവരായിരിക്കും. യാത്രകളിലായാലും വഴിയരികിലായാലും സ്വന്തം ശരീരത്തെ അണുവിട തെറ്റാത്ത ജാഗ്രതയോടെ പൊതിഞ്ഞു പിടിക്കേണ്ട അവസ്ഥയിലേക്കാണ് ആണ്‍മനോവ്യാപാരങ്ങള്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ നിര്‍ഭയ്ക്ക് സംഭവച്ചതിനെക്കാള്‍ ക്രൂരതയാണ് ഇവിടെ നടന്നത്. അതെത്രത്തോളമുണ്ടെന്ന് ഇനിയും പറയാന്‍ ശക്തിയില്ല. ഇന്നിപ്പോള്‍ പൊലീസ് പറയുന്നത് ലഹരി മരുന്ന് ഉപയോഗിച്ചവരായിരിക്കണം പ്രതികളെന്നാണ്. ആഭ്യന്തര മന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആരെയൊക്കെയോ പിടികൂടിയിട്ടുണ്ട്. പിടിച്ചവനാണോ യഥാര്‍ത്ഥ പ്രതി, അതോ മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസിന്റെ മുഖം രക്ഷിക്കലാണോ? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനായുള്ള കളിയാണോ എന്നൊന്നും അറിയില്ല. പിടിയിലാവരെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നുവെന്നുമാത്രമാണ് പൊലീസ് പറയുന്നത്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സൊസൈറ്റിയിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ പരിരക്ഷിക്കേണ്ടവരാണ് പൊലീസ്. പെരുമ്പാവൂര്‍ സംഭവത്തില്‍ പൊലീസ് അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കാതെ, ഒരുതരത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതാണ് കാണേണ്ടി വരുന്നത്. പൊലീസ് ചെയ്ത കുറ്റം ഇത്രമേല്‍ ക്രൂരമായൊരു കൊലപാതകം നടന്നിട്ടും നാലുദിവസം കഴിഞ്ഞിട്ടും അതിന് ഉത്തരവാദികളെ കണ്ടെത്തിയില്ലെന്നതാണ്. വ്യാഴ്ച നടന്ന സംഭവത്തെ കുറിച്ച് അറിയാന്‍ തിങ്കളാച കുറുപ്പംപടി എസ് ഐ യെ വിളിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് തങ്ങള്‍ക്കിതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല, എറണാകുളത്ത് നില്‍ക്കുന്ന എനിക്ക് എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാനാണ്. ആ പെണ്‍കുട്ടിയുടെ മൃതദേഹം കാണുമ്പോള്‍ തന്നെ, അല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞിട്ടെങ്കിലും ആ കൊലയുടെ ഭീകരത പൊലീസിന് മനസിലാകുന്നതാണ്. എന്നിട്ടും ഒരേ നിസംഗത. പൊലീസ് എന്തുകൊണ്ടിത്ര നിസാരമായി ഈ സംഭവം കൈകാര്യം ചെയ്തു. ഭരിക്കുന്ന മുന്നണിയോടുള്ള കൂറോ? ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് സ്ത്രീകളോടുള്ള അതിക്രമത്തില്‍ വര്‍ദ്ധനവെ ഉണ്ടായിട്ടേയുള്ളൂ. അതുകൊണ്ട് തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഈയൊരു സംഭവം തിരിച്ചടിയാകേണ്ടെന്നു കരുതി, ഒഴിവായി പോകുന്നെങ്കില്‍ പോയിക്കോട്ടെയെന്ന യജമാനഭക്തി പൊലീസിന് ഉണ്ടായതുമാകാം. സോഷ്യല്‍ മീഡിയ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ കേസും എങ്ങനെയെങ്കിലുമൊക്കെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. ഒരു ചെറ്റക്കുടിലിനോട് എന്തു തരം നീതിയാണ് കാണിക്കേണ്ടതെന്ന് ഇവിടുത്തെ നിയമപാലകര്‍ക്ക് കൃത്യമായി അറിയാവുന്നതാണല്ലോ.

ചെറ്റക്കുടില്‍ കഴിയുന്നവനെയും മാളികയുള്ളവനെയും രണ്ടുതരത്തില്‍ കാണുന്ന കണ്ണുകള്‍ തന്നെയാണ് എത്രമേല്‍ സംസ്‌കാരം ഉണ്ടെന്നു പറഞ്ഞാലും മലയാളിക്ക് ഇന്നുമുള്ളത്. പെരുമ്പാവൂരിലെ ആ പെണ്‍കുട്ടിയുടെ മേല്‍ നടക്കുന്ന സദാചാര പരിശോധനയും അതാണ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിക്ക് ആരോടെങ്കിലും പ്രേമം ഉണ്ടായിരിക്കും, ആ കാമുകനായിരിക്കും ചെയ്തതെന്നു പറയുന്നവരുണ്ട്. അതല്ല, വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അവള്‍ ആരെയോ വിളിച്ചു വരുത്തിയെന്നും അവനാണിത് ചെയ്തിരിക്കാന്‍ സാധ്യതയെന്നു പറയുന്നവരുമുണ്ട്. നിര്‍ഭയ പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ നാം കണ്ടെത്തിയ കുറ്റം രാത്രിയില്‍ ഇറങ്ങി നടന്നതായിരുന്നു. ധരിച്ചിരുന്ന വസ്ത്രവും ഒരു പെണ്‍കുട്ടിക്ക് സംഭവിക്കുന്ന അപകടത്തിന് അവള്‍ തന്നെ ചെയ്ത തെറ്റായി നാം കണ്ടെത്തും. ഇവിടെ പകലാണ് ക്രൂരത നടന്നത്. അപ്പോള്‍ കണ്ടെത്തിയ കുറ്റമാണ് അവള്‍ ആരെയൊ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണെന്ന്. ഇത്രമേല്‍ ക്രൂരമായി കൊലചെയ്യപ്പെടാനായി അവള്‍ ആരെയോ ക്ഷണിച്ചു വരുത്തുകയായിരുന്നത്രേ! ഇരയുടെ പരിശുദ്ധി പരിശോധിക്കാനാണല്ലോ മലയാളി പൊതുബോധം സമയം ചെലവഴിക്കുന്നത്.

ആ പൊതുബോധത്തെ നേര്‍വഴിക്കു നടത്താന്‍ മെനക്കെടേണ്ടതില്ല. മറിച്ച് ഇവിടെ ആവശ്യം നീതിയാണ്. ക്രൂരമായ ബലാത്സംഗം നടന്നിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ അന്നുപോലും ബലാത്സംഗ ശ്രമം നടന്നിട്ടുള്ളതായി സംശയം എന്നാണ് പൊലീസ് പറഞ്ഞു നടന്നത്. യാതൊരു തെളിവും കിട്ടാതെ പ്രതി അന്യസംസ്ഥാനക്കാരനാണെന്നും നിഗമനം നടത്തിക്കളഞ്ഞു. ആ പെണ്‍കുട്ടിയുടെ മൂക്കും മുലകളും മുറിച്ചു കളഞ്ഞു എന്ന കാര്യവും രഹസ്യമാക്കി വയ്ക്കാന്‍ പൊലീസ് ശ്രമിച്ചു. അതായത് ചെറ്റക്കുടിലിലെ ഒരു ദളിത് പെണ്‍കുട്ടിയുടെ ജീവനും മാനത്തിനും എങ്ങനെ വേണമെങ്കിലും മറുപടി പറയാമെന്ന ധിക്കാരം പൊലീസ് കാണിച്ചു. ഇത് പൊലീസിന്റെ ഗൂഢാലോചയാണ്. പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നല്ല, ഇത്രമേല്‍ ഭീകരമായൊരു കൊലപാതകത്തിന്റെ ഉത്തരവാദികളെ പിടികൂടാന്‍ ശ്രമിക്കാതെ നിയമത്തിനെതിരെ നടത്തുന്ന ഗൂഢാലോചന.

ആ ഗൂഢാലോചന പൊളിക്കണം. ആ പെണ്‍കുട്ടിക്ക് നീതികിട്ടണം. അതോടൊപ്പം ഈ നാട്ടിലെ എല്ലാ സ്ത്രീകള്‍ക്കും. അതിനായി സമൂഹം ഒരുമിച്ച് നില്‍ക്കണം.

(അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് മായ കൃഷ്ണന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍