UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം: പിടിയിലായ അയല്‍വാസിക്ക് രേഖാ ചിത്രവുമായി സാമ്യം

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലപാതക കേസില്‍ കണ്ണൂരില്‍ പിടിയിലായയാള്‍ക്ക് പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. കണ്ണൂരിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ തൃശൂരില്‍ ചോദ്യം ചെയ്തു വരികയാണ്. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്ക് കയറിയത്.

ദളിതര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ രേഖാമൂലം ജില്ലാ കളക്ടറേയും ആര്‍ഡിഒയേയും അറിയിക്കണമെന്ന ചട്ടം പൊലീസ് പാലിച്ചില്ലെന്നും കേസില്‍ പൊലീസിന് വന്‍വീഴ്ച സംഭവിച്ചതായും വിലയിരുത്തലുണ്ട്.

അതേസമയം പ്രതിയെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതു പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തിനിടയില്‍ ജിഷയുടെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേസിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. കേരളത്തെ നടുക്കിയ ഈ സംഭവത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അറിയിച്ചു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം തേടും.

മുഖ്യമന്ത്രിയുടെ വാഹനം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനായില്ല.

പെരുമ്പാവൂരില്‍ സന്ദര്‍ശനം നടത്തിയ വിഎസ് അച്യുതാനന്ദന് പൊലീസിന് എതിരെ ആഞ്ഞടിച്ചു. ദേശീയ വനിത കമ്മീഷന്‍ ജിഷയുടെ വീട് സന്ദര്‍ശിച്ച് തെളിവെടുക്കും. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ജിഷയുടെ കൊലപാതകം സിപിഐ രാജ്യസഭയിലുന്നയിച്ചു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് ഇടപെടാമെന്നും ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ പറഞ്ഞു.

കേസില്‍ ഇപ്പോള്‍ ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

കഴിഞ്ഞ മാസം 28-നാണ് കുറുപ്പംപടി കനാല്‍ പുറമ്പോക്ക് ഭൂമിയിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജിഷയുടെ അമ്മയ്ക്ക്‌ വീടു വയ്ക്കാന്‍ അഞ്ചു സെന്റ് സ്ഥലവും മൂന്ന് ലക്ഷം രൂപയും നല്‍കുമെന്ന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷിതമായ വീടെന്ന ജിഷയുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ കെ ടി റബീബുള്ള പറയുന്നു.

ജിഷയോടുള്ള ആദര സൂചകമായും അധികാര വര്‍ഗത്തിന്റെ കണ്ണ് തുറക്കുവാനും വേണ്ടി ഇന്ന് രാത്രി എട്ടു മണിക്ക് വീടുകളുടെ ഗേറ്റിന് മുന്‍വശത്തും റോഡുകളിലും പൊതു സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍