UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി മുറിവുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായവരെയാണ്‌ പൊലീസ് പിടികൂടിയിട്ടുള്ളത്. ഇവരെ  പെരുമ്പാവൂര്‍ ഡിവൈ എസ് പി ഓഫീസില്‍ എത്തിച്ചു. ഇവരെ മുഖം മറച്ചാണ് ഓഫീസിലെത്തിച്ചത്.

ഐജിയുടെ നേതൃത്വത്തില്‍ ഇരുവരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നുവെന്ന് ഡിജിപി അറിയിച്ചു. കൊച്ചി റേഞ്ച് ഐജിയോട് റിപ്പോര്‍ട്ടും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരാളാണ് കൊലപാതകം നടത്തിയതെന്നും ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ പ്രതികളാണെന്ന് പറയാനാകില്ലെന്നും ഐജി മഹിംപാല്‍ യാദവ് പറഞ്ഞു. പ്രതിയെ കണ്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മോഡല്‍ സംഭവമാണെന്ന് പറയാനാകില്ല. കൂട്ടമാനഭംഗം നടന്നിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പട്ടിക ജാതി ഗോത്ര കമ്മീഷന്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് മന്ത്രിക്ക് ജിഷയുടെ അമ്മ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍  പ്രവേശിക്കാനായില്ല. ജിഷയുടെ കുടുംബത്തിനുള്ള സഹായം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജിഷയുടെ കൊലപാതകിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വവും സര്‍ക്കാരിനും രാഹുല്‍ ഗാന്ധിക്കും എതിരെ രംഗത്തെത്തി. എന്തുകൊണ്ട് സംഭവത്തില്‍ അന്വേഷണം വൈകിപ്പിച്ചുവെന്ന് ചോദിച്ച ബിജെപി നേതാവ് മീനാക്ഷി ലേഖി രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിഷ കൊല്ലപ്പെട്ടത്. എന്നാല്‍ നാല് ദിവസം കഴിഞ്ഞിട്ടും പൊലീസിന് കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം പൊലീസിന് എതിരെ ഉയര്‍ന്നിരുന്നു. ജിഷയും അമ്മയും പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ കൂലി വേലയ്ക്ക് പോയിരുന്ന സമയത്താണ് ജിഷ കൊല്ലപ്പെട്ടത്. സംഭവം പുറത്തറിയുന്നത് അവര്‍ രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴുമാണ്.

ജിഷയുടെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നു അമ്മ വെളിപ്പെടുത്തി. വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന് സമീപവാസി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അന്വേഷണമുണ്ടായില്ലെന്നും മകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് എമ്പാടും ജിഷയുടെ കൊലപാതകത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ജിഷയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം 5.30-ന് തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നിന്ന് രാജ് ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കമ്മീഷണര്‍ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.

എറണാകുളത്ത് കാലടിയില്‍ നിന്ന് സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പെരുമ്പാവൂരിലേക്ക് പ്രകടനം നടത്തി.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ജീവിക്കാന്‍ പറ്റാത്ത നാടായി സംസ്ഥാനം മാറിയെന്ന് സിപിഐഎം നേതാവ് പികെ ശ്രീമതി പറഞ്ഞു. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അസോസിയേഷന്‍ ദേശീയ ട്രഷറര്‍ കൂടിയായ ശ്രീമതി. ജിഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അപലപനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍