UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുമ്പാവൂരില്‍ പോലീസിന്റെ പേക്കൂത്ത് ആര്‍ക്ക് വേണ്ടി? ഹസ്ന ഷാഹിദ സംസാരിക്കുന്നു

Avatar

ഹസ്ന ഷാഹിദ

എഫ്ബി കൂട്ടായ്മയുടെ ഭാഗമായാണ് ഞങ്ങള്‍ രാവിലെ 11 മണിയോടെ പ്രതിഷേധമാരംഭിച്ചത്. ജിഷയുടെ കേസ് അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ പോലീസ് സേനയില്‍ നിന്ന് തന്നെ പുറത്താക്കുക എന്നതായിരുന്നു ആവശ്യം. തുടര്‍ന്ന് റോഡ്‌ ബ്ലോക്ക്‌ ചെയ്യുകയുണ്ടായി. ആ സമയം നാട്ടുകാര്‍ എന്ന വ്യാജേന ചില പോലീസുകാര്‍ പ്രകോപനപരമായി സംസാരിച്ചു.

ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകരുത് എന്നതിനാല്‍ ഞങ്ങള്‍ സമരം ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. നൂറോളം വരുന്ന പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി വൈ എസ് പി ഓഫീസ് ഉപരോധിക്കുകയും ഡി വൈ എസ് പിയെ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വൈകിട്ട് നാലു മണി വരെ ഓഫീസിനു മുന്‍പില്‍ത്തന്നെ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അത്രയും സമയമായിട്ടും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടാവാഞ്ഞതിനെത്തുടര്‍ന്ന് സ്ത്രീകള്‍ എല്ലാവരും കൂടി സ്റ്റേഷനിലേക്ക് കയറി. അവിടെവച്ച് ലാത്തിച്ചാര്‍ജ്ജ് ഉണ്ടാവുകയും മൂന്നു പേര്‍ ആശുപത്രിയിലാവുകയും ചെയ്തു. ഞങ്ങള്‍ ആറുമണി വരെ അവിടെ ഇരുന്നു. അപ്പോഴേക്കും ഡി വൈ എസ് പി വന്നു. ഇക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. എനിക്ക് ഉത്തരവാദിത്വമില്ല. നിങ്ങള്‍ ഇവിടെ ഇരുന്നോ, എസ് പിയ്ക്ക്  ഒക്കെ വേറെ ഡ്യൂട്ടിയുണ്ട്. പ്രധാനമന്ത്രി വരുന്നുണ്ട് എന്നൊക്കെ പറഞ്ഞിട്ട് പോവുകയും ചെയ്തു. പിന്നീട്, നിങ്ങള്‍ ഇത് കഴിയുമ്പോള്‍ പൊക്കോ. ഞങ്ങള്‍ ഇതിലൊന്നും ചെയ്യാന്‍ പറ്റില്ല എന്നും പറയുകയുണ്ടായി.

കുറച്ചു സമയത്തിനു ശേഷം ഡി വൈ എസ് പി കുറച്ചു വനിതാ പോലീസുകാരുമായി എത്തുകയും നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോവുകയാണ് എന്ന് അറിയിച്ചു. അതോടെ ഞങ്ങള്‍ മുദ്രാവാക്യം വിളിക്കാനാരംഭിച്ചു.

പിന്നീട് നടന്നത് ക്രൂരമായ മര്‍ദ്ദനമായിരുന്നു. പോലീസ് വാനിലേക്കു കൊണ്ടു  പോകുന്ന വഴിയും അതിനുള്ളില്‍ വച്ചും ഞങ്ങളെ തല്ലിച്ചതയ്ക്കുകയായിരുന്നു. വനിതാ പോലീസ് തന്നെ എല്ലാവരെയും കഴുത്ത് പിടിച്ചു ഞെരിക്കുകയും കൈകളില്‍ ക്ഷതമേല്‍പ്പിക്കാനുമാരംഭിച്ചു. പിന്നീട്  വാനിലെ സീറ്റിനടിയിലേക്ക് ലാത്തി കൊണ്ട് നാഭിയിൽ കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഡ്രസ് വലിച്ച് കീറുകയും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് വേഷം മാറി പെണ്ണുങ്ങളുടെ കൂടെ കൂടിയതല്ലേടാ എന്നും പോലീസ് ചോദിച്ചു. കേസ് ചാർജ്ജ് ചെയ്തതിന് ശേഷം പ്രതിഷേധം ശകതമായതോടെ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.

ഗുരുതരമായി നട്ടെല്ലിന് പരിക്കേറ്റ വനിതപ്രവര്‍ത്തക സുജ ഭാരതിയടക്കം പത്തോളം പേര് ആശുപത്രിയിലാണ്. സാരമായ പരിക്കുകള്‍ ഉള്ളവര്‍ ഡിസ്ചാര്‍ജ് ചെയ്തു.

പക്ഷേ ജിഷയ്ക്ക് നീതി ലഭ്യമാക്കാനുള്ള പ്രക്ഷോഭം ഇതുകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല.  

 

(ഹസ്നയുമായി സംസാരിച്ചു തയാറാക്കിയത്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍