UPDATES

വിദേശം

നിങ്ങള്‍ കരയുന്നോ? ആരാണ് നമ്മുടെ കുഞ്ഞുങ്ങളെ കൊന്നത്?- കടുത്ത വിമര്‍ശനവുമായി പാക് ദിനപത്രം

Avatar

ടീം അഴിമുഖം

എന്തുകൊണ്ടാണ് പാകിസ്ഥാന്‍ തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണാകുന്നതെന്നും അരാഷ്ട്രീയ, സൈനിക, പൗരസമൂഹത്തിന് പെഷവാറിലെ സ്‌കൂളില്‍ കുരുതി കൊടുക്കപ്പെട്ട 132 നിഷ്‌കളങ്കരായ കുരുന്നുകളുടെ രക്തം കഴുകിക്കളയാന്‍ എന്തുകൊണ്ട് സാധിക്കില്ല എന്നുമുള്ള കടുത്ത ചോദ്യമാണ് പാകിസ്ഥാനിലെ നേഷന്‍ ദിനപത്രം മുഖപ്രസംഗത്തില്‍ ചോദിക്കുക്കുന്നത്. അത് ഇവിടെ വായിക്കാം. 

ഈ രാജ്യത്തിന്റെ രൂപീകരണത്തിന് ശേഷം പാകിസ്ഥാന് ജീവിക്കേണ്ടിവന്ന ഏറ്റവും കടുത്ത ദിവസങ്ങളില്‍ ഒന്നായിരുന്നു 2014 ഡിസംബര്‍ 16. ദേശാന്തരങ്ങളില്‍ അവര്‍ണനീയമായ വേദനയ്ക്കും മന:സ്താപത്തിനും കാരണമായ ഈ ദേശീയ ദുരന്തം അത്രവേഗം ആരും മറക്കില്ല. മറക്കാനും പാടില്ല. മുല്ല ഫസലുല്ല നയിക്കുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്റെ ഒരു വിഭാഗമായ ജമാഅത്-ഉല്‍-അഹ്രാറിന്റെ ഒമര്‍ ഖൊറാസാനി എന്നറിയപ്പെടുന്ന ജമാഅത്-ഉല്‍ അഹ്രാറിന്റെ മുഹമ്മദ് ഖൊറാസാനി സ്‌കൂളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞു. വടക്കന്‍ വസീറിസ്ഥാനില്‍ തുടരുന്ന സൈനിക ആക്രമണത്തിനുള്ള മറുപടിയെന്നാണ് ഈ ആക്രമണത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ മിലിറ്റന്‍റ് കമാന്‍റര്‍ വിശേഷിപ്പിച്ചത്.

ഇത്തരമൊരു സമയത്ത് സര്‍ക്കാരിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് ചിലര്‍ പറയുന്നു. ഇത്തരം ഒരു ദുരന്തം ഏകത്വം ആവശ്യപ്പെടുന്നുണ്ടെന്നും വിമര്‍ശനങ്ങള്‍ ആ ലക്ഷ്യം നേടാന്‍ സഹായിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, സത്യത്തിനെതിരെ സംസാരിക്കാന്‍ തീരുമാനിക്കുന്നതിലൂടെ ഒരു പൊതുസമ്മതിയും സൃഷ്ടിക്കാന്‍ സാധിക്കില്ല, ഒരു തെറ്റും തിരുത്താനാവില്ല, ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കില്ല. സത്യം ഇതാണ്: നമ്മുടെ കുട്ടികള്‍ നേരിട്ട പൈശാചികതയ്ക്ക് ഉത്തരവാദികള്‍ രാഷ്ട്രീയ, സൈനിക നേതൃത്വം മുതല്‍ ഈ രാജ്യത്തെ പൊതുജനങ്ങള്‍ വരെയുള്ള നമ്മള്‍ ഓരോരുത്തരുമാണ്.

പ്രധാമന്ത്രി നവാസ് ഷെറീഫ്, തീവ്രവാദത്തിനെതിരായി അഭിപ്രായം സ്വരൂപിക്കുന്നതിനായി അങ്ങയുടെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങയുടെ അനുവാദമില്ലാതെയാണ് ഷര്‍ബ്-ഇ-അസ്ബ് നടപടികള്‍ ആരംഭിച്ചത്. മത-രാഷ്ട്രീയ നാഥനില്ലാത്ത നിലയിലും അത് ഇപ്പോഴും തുടരുന്നു. നമ്മുടെ യുവാക്കളുടെ മനസില്‍ വിഷം കുത്തിവയ്ക്കുകയും അവരെ മതഭ്രാന്തന്മാരാക്കുകയും ചെയ്യുന്നതിന് സെമിനാരികള്‍ക്ക് സൗദി നല്‍കുന്ന പണത്തിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു. അവരെ അഴികളിലാക്കുന്നതിന് പകരം പഞ്ചാബ് സര്‍ക്കാര്‍ വിഭാഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അതിനുള്ള പാരിതോഷികമായി അവര്‍ നിങ്ങളെ ആക്രമിക്കുന്നില്ല എന്ന് മാത്രമല്ല, നിങ്ങളെ പിന്തുണച്ച് റാലികള്‍ നടത്തുകയും ചെയ്യുന്നു.

ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍, മുഖ്യധാരയില്‍ നിന്നുകൊണ്ട് സ്ഥിരതയോടെ താലിബാനെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ അനുയായിയാണ് നിങ്ങള്‍. നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന പ്രവിശ്യയുടെ തലസ്ഥാനത്ത് 132 കുട്ടികള്‍ അരുംകൊല ചെയ്യപ്പെട്ടിട്ടും താലിബാനെ കുറ്റപ്പെടുത്താനുള്ള ധൈര്യം സംഭരിക്കാന്‍ നിങ്ങള്‍ക്കായില്ല. നിങ്ങളുടെ സഹജീവികള്‍ ദാരുണമായി കൊല്ലപ്പെടുമ്പോഴും അയഥാര്‍ത്ഥവും അജ്ഞത നിറഞ്ഞതുമായ കണക്കുകള്‍ നിരത്തി വിഷലിപ്തമായ കഥകള്‍ മെനയുന്നതിലൂടെ നിങ്ങള്‍ ഈ രാജ്യത്തോട് വലിയ അന്യായമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.

സൈനിക മേധവി ജനറല്‍ റാഹീല്‍ ഷെറീഫ്, ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും, തീവ്രവാദികളുമായിട്ടുള്ള പോരാട്ടത്തില്‍ നിരവധി ധീര സൈനികര്‍ കൊല്ലപ്പെട്ടിട്ടും രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നില്ല. കിഴക്കന്‍ വസീറിസ്ഥാനില്‍ കറുത്ത താലിബാനെതിരെ സൈന്യം നടപടി സ്വീകരിക്കുന്ന സമയത്ത് തന്നെ ക്വറ്റയില്‍ അഫ്ഗാന്‍ താലിബാന്‍, ജമാഅത്-ഉദ്-ദാവ തുടങ്ങിയ ജിഹാദി, വിഭാഗീയ സംഘടനകള്‍ക്ക് താങ്കള്‍ സംരക്ഷണം നല്‍കുന്നു. പതിറ്റാണ്ടുകളായി രാജ്യം വിതച്ചതാണ് അതിപ്പോള്‍ കൊയ്യുന്നത്.

പൗരന്മാരെ, വൃത്തികെട്ട സത്യം ഒഴിവാക്കുന്നതിനായി നിങ്ങള്‍ ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ അഭയം തേടുന്നു. ഉപാധികളില്ലാതെ സ്പഷ്ടവും വ്യക്തവുമായി തീവ്രവാദത്തിനെതിരെ അണിനിരക്കാന്‍ നിങ്ങളെ തടയുന്നതെന്താണ്?

ആരെയും ശകാരിക്കുകയും നിരുത്സാഹപ്പെടുത്തുകയോ അല്ല ഇവിടെ ലക്ഷ്യം. മറിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി, നമ്മുടെ രാജ്യത്തിന് വേണ്ടി യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാനും നയങ്ങളില്‍ യുക്തമായ മാറ്റം വരുത്താനുമുള്ള ഒരു അന്തഃരീക്ഷം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സത്യം അതൊന്നു മാത്രമേ നമ്മെ സ്വതന്ത്രരാക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍