UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

ദ്രാവിഡമണ്‍ട്രം

പി കെ ശ്രീനിവാസന്‍

പെപ്‌സിയും കോക്കും പ്രതിക്കൂട്ടില്‍; തമിഴ്നാട് അടുത്ത ‘ജെല്ലിക്കെട്ടി’നോ?

കേരളത്തിലെ കോളക്കമ്പനികളുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലും മറ്റും നടന്ന ജനമുന്നേറ്റമാണ് ഈ സന്ദര്‍ഭത്തില്‍ പലരും അനുസ്മരിക്കുന്നത്.

ജലക്ഷാമവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എന്നും തമിഴ്‌നാടിന്റെ അഭിവാജ്യഘടകങ്ങളാണ്. ഒരു പക്ഷേ ജലത്തിന് വേണ്ടി പോരടിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയിലായിരിക്കും തമിഴകം. അയല്‍സംസ്ഥാനങ്ങളുമായി മാത്രമല്ല, തമിഴ്‌നാടിന്റെ തന്നെ പ്രദേശങ്ങള്‍ തമ്മില്‍പ്പോലും പലപ്പോഴും ജലത്തിന് വേണ്ടിയുള്ള കിടമത്സരങ്ങള്‍ പതിവാണ്. എന്നാല്‍ തങ്ങളുടെ നദിയിലെ വെള്ളം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിച്ച് കോടികള്‍ തട്ടുന്ന വിദേശ കുത്തകകള്‍ക്കെതിരെയാണ് ഇപ്പോള്‍ തമിഴകം ഒത്തൊരുമിച്ചിരിക്കുന്നത്. പെപ്‌സിയും കൊക്ക കോളയും ബഹിഷ്‌കരിക്കാനുള്ള വ്യാപാരി സംഘടനകളുടെ ആഹ്വാനം പച്ചപിടിച്ച ലക്ഷണമാണ്. ചെറുകിട കച്ചവടക്കാര്‍ പെപ്‌സിയുടേയും കൊക്ക കോളയുടേയും വില്‍പ്പന നിര്‍ത്തലാക്കിക്കഴിഞ്ഞു. ഇതുവഴി 1400 – 1500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ആറായിരത്തിലധികം ബിസിനസ് സ്ഥാപനങ്ങളും ഒന്നര ദശലക്ഷം അംഗങ്ങളുമുള്ള തമിഴ്‌നാട് വണികര്‍ സംഘങ്ങളിന്‍ പേരമൈപ്പ് (ടിഎന്‍വിഎസ്പി) എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാരി വ്യവസായി പ്രസ്ഥാനമാണ് പെപ്‌സിയും കൊക്കകോളയും ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 70 ശതമാനം അംഗങ്ങളും പുതിയ ഓര്‍ഡറുകള്‍ നല്‍കിയിട്ടില്ലെന്ന് സംഘടന അവകാശപ്പെടുന്നു. പല കടകളും ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു- ‘പെപ്‌സി ഇല്ല, കോള ഇല്ല’. എന്നാല്‍ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്റ്റാറന്റുകളും ടിഎന്‍വിഎസ്പിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 2000 കോടിയുടെ ശീതളപാനീയ വിപണിയാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ പ്രാദേശിക ബ്രാന്‍ഡുകളുടെ പങ്കാകട്ടെ 600 കോടി മാത്രവും.

സംസ്ഥാനത്തിന്റെ പല പ്രശ്‌നങ്ങളും ഉയര്‍ന്ന് പൊന്തിയ വേദിയായിരുന്നു മറീനാ ബീച്ചില്‍ ആരംഭിച്ച ജെല്ലിക്കെട്ട് പ്രതിക്ഷേധം. വിദ്യാസമ്പന്നരായ യുവാക്കള്‍ നടത്തിയ ആ നിശബ്ദസമരമുറ തമിഴകത്തെ മൊത്തത്തില്‍ ആവേശം കൊള്ളിക്കുന്നതായിരുന്നു. കാവേരി പ്രശ്‌നം അവരുടെ പട്ടികയില്‍ ഒന്നായിരുന്നു. വിദേശ കുത്തക കമ്പനികള്‍ അവരുടെ കന്നുകാലികളെ ഇറക്കുമതി ചെയ്ത് തനത് കന്നുകാലികളുടെ വംശത്തെ തകര്‍ക്കുന്നു എന്നതായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആരോപണം. ജെല്ലിക്കെട്ടിനെ കോടതിയില്‍ എതിര്‍ത്ത പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റെ് ഓഫ് അനിമല്‍സ് (പി ഇ ടി എ) എന്ന സംഘടനയെ നിരോധിക്കണമെന്നാണ് ജെല്ലിക്കെട്ടുവാദികള്‍ ആവശ്യപ്പെട്ടിരുന്നത്. അമേരിക്ക ആസ്ഥാനമായുള്ള മൃഗസ്‌നേഹികളുടെ ഈ സംഘടനക്കെതിരെ കര്‍ക്കശ നിലപാടാണ് ജെല്ലിക്കെട്ട് അനുകൂലികള്‍ കൈക്കൊണ്ടത്. ഇപ്പോള്‍ പെപ്‌സി- കൊക്ക കോള ബഹിഷ്‌കരണ നീക്കത്തിലും ഈ അമേരിക്കന്‍ വിരുദ്ധ നിലപാടാണ് പ്രകടമായിരിക്കുന്നത്.

തെക്കന്‍ തമിഴ്‌നാട്ടിലെ നദികളില്‍ നിന്ന് പെപ്‌സി, കൊക്ക കോള കമ്പനികള്‍ ജലമെടുക്കുന്നത് തടയണമെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ തിരുനെല്‍വേലി ജില്ല കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡി എ പ്രഭാകരന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ വെള്ളമെടുപ്പ് താല്‍ക്കാലികമായി കോടതി നിര്‍ത്തിവയ്ക്കുകയും ചെയ്തു. പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന താമരഭരണി നദി, തിരുനെല്‍വേലി, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഗംഗൈക്കോണ്ടം വില്ലേജിലെത്തുന്ന നദിയില്‍ നിന്നാണ് വന്‍തോതില്‍ ജലചൂഷണം നടക്കുന്നതെന്നും അത് തടയണമെന്നുമായിരുന്നു അസോസിയേഷന്‍ നല്‍കിയ പരാതിയിലെ ആവശ്യം. രണ്ട് കമ്പനികള്‍ ദിവസവും മൂന്ന് ദശലക്ഷം ലിറ്റര്‍ നദീജലം ഊറ്റിയെടുത്ത് കൃഷിക്കാരെ വഴിയാധാരമാക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്ക് നദീജലം ഉപയോഗിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയും അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് കമ്പനികളും നദീജലം ഉപയോഗിക്കുമ്പോള്‍ പെപ്‌സി, കൊക്കകോള എന്നീ രണ്ട് കമ്പനികള്‍ക്കെതിരെ മാത്രം കേസ് കൊടുത്തതിന്റെ കാരണമെന്തെന്നായി കോടതി. നദിയില്‍ ആവശ്യമായ ജലമുണ്ടെന്നും മിച്ചമുള്ള ജലമാണ് പെപ്‌സി, കൊക്ക കോള കമ്പനികള്‍ക്ക് കൊടുക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞതോടെ കഴിഞ്ഞ ദിവസം ഡിവിഷന്‍ ബഞ്ച് കേസ് തള്ളിക്കളഞ്ഞു.

താമരഭരണിയില്‍ നിന്ന് കടലിലേക്ക് ഒഴുകി പാഴായിപ്പോകുന്ന ജലമാണ് കമ്പനികള്‍ക്ക് നല്‍കുന്നതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും കോടതി സ്വീകരിച്ചിരുന്നു. കൊക്കകോള കമ്പനിയിലെ പഴയ ലീഗല്‍ വിങ്ങില്‍ ഉണ്ടായിരുന്ന ഡിഎ പ്രഭാകരന്‍ മുന്‍ വൈരാഗ്യം തീര്‍ക്കാനാണ് പിഐഎല്‍ ഫയല്‍ ചെയ്തതെന്നും കോടതി കണ്ടെത്തിയിരുന്നു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികളെ കെട്ടുകെട്ടിക്കാനുള്ള ഇത്തരം നീക്കങ്ങളെ കോടതി വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല, ജലദൗര്‍ലഭ്യം ഉണ്ടാകുന്നത് കണ്ടെത്തി ജലശേഖരണം തടയാന്‍ സര്‍ക്കാരിന്റെ കീഴില്‍ സിപ്‌കോട്ട് എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ എഴുപത് വര്‍ഷമായി താമരഭരണിയില്‍ നിന്ന് കടലിലേക്ക് ഒഴുകിപ്പോകുന്ന ജലം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും കോടതി കണ്ടെത്തിയത് പെപ്‌സി, കൊക്ക കോള കമ്പനികള്‍ക്ക് ആശ്വാസമായി.

എന്നാല്‍ കഴിഞ്ഞ ദിവസം കോടതിവിധിക്കെതിരെ പ്രതിക്ഷേധക്കാര്‍ രംഗത്ത് വന്നു. അവര്‍ താമരഭരണ നദിയില്‍ ഇറങ്ങി നിന്നാണ് തങ്ങളുടെ പ്രതിക്ഷേധം പ്രകടിപ്പിച്ചത്. കേസ് കൈകാര്യം ചെയ്തവരുടെ പിടിപ്പുകേടാണ് കോടിതിയുടെ പ്രതികൂലമായ വിധിക്ക് കാരണമായതെന്ന് അവര്‍ ആരോപിച്ചു. വരള്‍ച്ച മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ മൊത്തത്തില്‍ കഷ്ടപ്പെടുകയാണ്. അത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാതെ പെപ്‌സി, കൊക്ക കോള കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിക്ഷേധക്കാര്‍ ആരോപിക്കുന്നത്.

തമിഴ്‌നാട്ടില്‍ മാത്രം നേരിട്ട് രണ്ടായിരത്തോളം പേര്‍ക്കും നേരിട്ടല്ലാതെ അയ്യായിരം പേര്‍ക്കും തൊഴില്‍ നല്‍കുന്ന കമ്പനികളാണ് പെപ്‌സിയും കൊക്ക കോളയുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ബിവറേജസ് അസോസിയേഷന്‍ (ഐബിഎ) താമസിയാതെ പ്രസ്താവനയുമായി രംഗത്ത് വന്നു. രണ്ട് ലക്ഷത്തോളം റീട്ടെയില്‍ കച്ചവടക്കാര്‍ പെപ്‌സി, കൊക്ക കോള കമ്പനികളെക്കൊണ്ട് ജീവിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ അവകാശത്തെ വെല്ലുവിളിക്കുന്നതാണ് പെപ്‌സി – കൊക്കകോള ബഹിഷ്‌കരണ തീരുമാനമെന്നും കേന്ദ്രസര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ നയത്തിന് വിരുദ്ധമാണിതെന്നും ഐബിഎ കുറ്റപ്പെടുത്തി.

എന്നാല്‍ വിദേശകുത്തക കമ്പനികളെ പുറത്താക്കി ഇന്ത്യന്‍ കമ്പനികളുടെ ശീതള പാനീയങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. കാളിമാര്‍ക്ക് പോലുള്ള കമ്പനികള്‍ മുന്നോട്ടുവന്നത് ഉദാഹരണം. ഇതിനിടയിലാണ് വ്യാപാരി സംഘടനകളുടെ പെപ്‌സി, കൊക്കകോള ബഹിഷ്‌കരണ നിലപാടിനെതിരെ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രംഗത്ത് വന്നത്. ജനാധിപത്യ രാജ്യത്ത് എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും അതിന് പ്രതിബന്ധമുണ്ടാകുമ്പോള്‍ കരിഞ്ചന്തയിലേക്കും അഴിമതിയിലേക്കും വഴി തുറക്കുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. എന്തായാലും വിദേശ കുത്തകകളായ പെപ്‌സി, കൊക്കകോള കമ്പനികള്‍ക്കെതിരെയുള്ള ജനവികാരം ശക്തി പ്രാപിക്കുകയാണ്. കേരളത്തിലെ കോളക്കമ്പനികളുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലും മറ്റും നടന്ന ജനമുന്നേറ്റമാണ് ഈ സന്ദര്‍ഭത്തില്‍ പലരും അനുസ്മരിക്കുന്നത്. ജെല്ലിക്കെട്ടുവാദികളുടെ നിലപാട് കര്‍ക്കശമാകുകയാണെങ്കില്‍ പെപ്‌സി, കൊക്കകോള വിരുദ്ധ സമരമുറക്ക് പുതിയ മാനങ്ങള്‍ കൈവരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍