UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തേയിലത്തോട്ടങ്ങളില്‍ വിഷമഴ പെയ്യുമ്പോള്‍

Avatar

എം കെ രാമദാസ്

‘മുന്‍കരുതലുകളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയാണ് ഞങ്ങള്‍ തേയില തോട്ടങ്ങളില്‍ രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ഇങ്ങനെയാണ്. 9 ഇനം കെമിക്കല്‍സ് വെള്ളത്തില്‍ കലക്കിയാണ് തേയില ചെടികളില്‍ തളിക്കുന്നത്. മാംഗനീസ്, പൊട്ടാസ്യം. നൈട്രജന്‍, യൂറിയ, എന്നിവയെല്ലാം ചേര്‍ത്തുള്ള ഒരു മിശ്രിതമാണ് തളിക്കുന്നത്. വിഷാംശമുള്ള കെമിക്കല്‍സിനൊപ്പം കീടനാശിനിയും കളനാശിനിയും തോട്ടങ്ങളില്‍ ഉപയോഗിക്കും. കൈകൊണ്ടാണ് വലിയ ബാരലുകളില്‍ മിശ്രിതമം ഉണ്ടാക്കുക. 200 ലിറ്റര്‍ വരെ കൊള്ളുന്ന ബാരലുകളായിരിക്കും ഇവ. കണ്ണട, ഗ്ലൗസ്, മാസ്‌ക്, എന്നീ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണം എന്നാണ് വ്യവസ്ഥയെങ്കിലും കമ്പനി അതൊന്നും നല്‍കാറില്ല. ബാരലുകളില്‍ കെമിക്കല്‍സ് കലക്കുന്നവരുടെ കാഴ്ച്ച തന്നെ ഇല്ലാതാവും. ശ്വാസം മുട്ടലും തലവേദനയും വിഷം തളിക്കുന്ന സമയത്തെല്ലാം ഉണ്ടാകും.’ മാനന്തവാടി തേറ്റമല പാരിസണ്‍ തേയിലത്തോട്ടത്തിലെ സൂപ്പര്‍വൈസറായ രവീന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു. ഇന്നലെ രാവിലെ മരുന്ന് കലക്കിയവരും തളിച്ചവരുമായ 6 തൊഴിലാളികള്‍ക്ക് വിറയലും ശ്വാസതടസ്സവും തലവേദനയും കാഴ്ച്ചമങ്ങലും ഉണ്ടായതിനെ തുടര്‍ന്ന് മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

‘കളനാശിനി തളിക്കുന്നതിനിടെ ഈയിടെ ഒരു തൊഴിലാളി കുഴഞ്ഞുവീണു. കലക്കിയ മിശ്രിതം വലിയ ഓസ് ഉപയോഗിച്ച് തളിക്കുന്നവരുടെ സമീപത്ത് എത്തിക്കണം. സ്‌പ്രേയറിലേക്ക് മാറ്റുന്നവര്‍ക്കും തളിക്കുന്നവര്‍ക്കുമെല്ലാം അസ്വസ്ഥത അനുഭവപ്പെടും. നിരന്തരമായി ആവശ്യപ്പെട്ടിട്ടും കമ്പനി സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാറില്ല. ഇല്ലെന്ന് പറയില്ലെങ്കിലും സ്വയം വാങ്ങിക്കോളൂ എന്നാവും മിക്കപ്പോഴും മറുപടി.  തേയിലതോട്ടത്തില്‍ തൊഴിലാളിയോടൊപ്പം നില്‍ക്കുന്ന സൂപ്പര്‍വൈസറായ എനിക്കും ഇതേ അവശത ഉണ്ട്. പലപ്പോഴും തൊഴിലാളികളെ നിര്‍ബന്ധിച്ചാണ് ഈ പണി ചെയ്യിക്കുക. ഈ ജോലിയില്ലാതെ ജീവിക്കാനാവില്ലെന്ന് കരുതിയാണ് തൊഴിലാളികള്‍ പണിക്കു വരുന്നത്. മറ്റൊരു തൊഴിലും ഇവര്‍ക്കറിയില്ല. തലമുറകളായി തേയിലത്തോട്ടങ്ങളില്‍ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്ക് മറ്റ്  പണികള്‍ കണ്ടെത്താനുള്ള കഴിവുമില്ല’  രവീന്ദ്രന്‍ പറഞ്ഞു. 

തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ മാരകരോഗം ബാധിച്ച നിരവധി പേരുണ്ട്. ശ്വാസതടസ്സം, ആസ്തമ, കാഴ്ച്ചവൈകല്യം, അസ്ഥി തേയ്മാനം, വിട്ടുമാറാത്ത തലവേദന, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാണ്. മാരക വിഷാംശമുള്ള കീട-കളനാശിനികള്‍ നേരിട്ട് ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്കൊപ്പം തേയില ഇല നുള്ളുന്ന സ്ത്രീകളും രോഗികളാണ്. മഴ പെയ്യുന്നതോടെ കൂടുതല്‍ ഇലകള്‍ വളരുന്നതിനുവേണ്ടിയാണ് വളം സ്പ്രേ ആയി നല്‍കുന്നത്. ഇതേ ഇലകള്‍ തന്നെ ചായപ്പൊടി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതും പതിവാണ്.

വയനാട് ജില്ലയില്‍ കാന്‍സര്‍ ബാധിതരായവര്‍ കൂടുതലുള്ള പ്രദേശമാണ് തേയിലത്തോട്ടം ഉള്‍പ്പെടുന്ന തവിഞ്ഞാല്‍. തവിഞ്ഞാലിലെ വയലുകളില്‍ വ്യാപകമായി കൃഷി ചെയ്യുന്ന വാഴയ്ക്ക് ഉപയോഗിക്കുന്ന രാസവളവും കീടനാശിനികളും പ്രദേശത്തെ ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനപ്പെടുത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ കടും കൃഷിക്കെതിരെ വ്യാപക ബോധവല്‍ക്കരണ ശ്രമവും നടന്നുവരുന്നു. എന്നാല്‍ എസ്റ്റേറ്റുകളില്‍ കാലങ്ങളായി തുടരുന്ന വിഷകീട, കളനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. എസ്റ്റേറ്റ് തൊഴിലാളികളുടെ ഇടയിലും കാന്‍സര്‍ രോഗികള്‍ ധാരാളമുണ്ട്. അശാസ്ത്രീയമായ രാസവളപ്രയോഗവും കളകീടനാശിനി ഉപയോഗവും തൊഴിലാളികളെ  നിത്യരോഗികളാക്കി മാറ്റുകയാണ്. ഇങ്ങനെ രോഗികളാക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ ചികിത്സ നല്‍കാനും  എസ്റ്റേറ്റ് ഉടമകള്‍ തയ്യാറാകുന്നില്ല. തേയിലയുടെ വിലക്കുറവ് ചൂണ്ടികാണിച്ച് തൊഴിലാളികള്‍ക്കുള്ള ചികിത്സാനുകൂല്യങ്ങളാണ് ആദ്യം നിഷേധിക്കുക. എസ്റ്റേറ്റിന് അകത്ത് താമസിക്കുന്നവരും തൊഴിലാളികളും മാത്രമല്ല സമീപപ്രദേശത്ത് കഴിയുന്നവരും ദുരിതം ഏറ്റുവാങ്ങുന്നവരാണ്. മലഞ്ചെരിവുകളില്‍ വളരുന്ന തേയിലച്ചെടിക്ക് പ്രയോഗിക്കുന്ന മാരകവിഷം അവിടെ നിന്ന് ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളിലൂടെ ജനവാസ കേന്ദ്രങ്ങളിലും എത്തുന്നു എന്നത് അതിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തേയിലത്തോട്ടങ്ങള്‍ ആരംഭിച്ച വയനാട് ജില്ലയിലെ മേപ്പാടി, മുപ്പയിനാട് , വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലും സമാനജീവിത സാഹചര്യങ്ങളാണ് ഉള്ളത്. മേപ്പാടി പഞ്ചായത്ത് 2003 ല്‍ നടത്തിയ ആരോഗ്യസര്‍വ്വേയില്‍ ഗുരുതര വൈകല്യമുള്ള 500 ഓളം പേരെ കണ്ടെത്തിയിരുന്നു. മാനസിക വൈകല്യങ്ങള്‍, ക്രമരഹിത അവയവ വളര്‍ച്ച, തുടങ്ങിയ രോഗങ്ങളാണ് മുഖ്യമായും ഇവിടെ കണ്ടത്. ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന വൈകല്യത്തിനും രാസവള കീടനാശിനികള്‍ കാരണമായെന്ന് വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്.

 

പാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മേപ്പാടിക്കടുത്ത് അരപ്പറ്റയില്‍ തൊഴിലാളികളുടെ മാനസികവൈകല്യമുള്ള കുട്ടികള്‍ക്കായി  ആശ്വാസംകേന്ദ്രം നടത്തുന്നുണ്ട്. ഇവിടെ അമ്പതോളം കുട്ടികള്‍ ദിനവും എത്തുന്നുണ്ട്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍