UPDATES

ബോബി ചെമ്മണ്ണൂരിന്റെ കാരുണ്യമല്ല, നീതിയാണ് ഇസ്മായിലിന്റെ കുടുംബത്തിനു വേണ്ടത്

അഴിമുഖം പ്രതിനിധി

ബോബി ചെമ്മണ്ണൂരിന്റെ കാരുണ്യം ഇസ്മയിലിന്റെ കുടുംബത്തിന് വേണ്ട. അവര്‍ക്ക് വേണ്ടത് നീതിയാണ്. സ്വയം കത്തിയെരിഞ്ഞ ഒരു മനുഷ്യന് അത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതിന് കാരണക്കാരായവരെ നിയമത്തിലൂടെ ശിക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. കുടിശ്ശികയുള്ള പണം എഴുതി തള്ളാമെന്ന ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനത്തിനു കൈകൊടുക്കാതെ ബോബിയേയും ജ്വല്ലറി ജീവനക്കാരെയും പ്രതിയാക്കി കേസ് എടുക്കണമെന്നാവിശ്യപ്പെട്ട് ഇസ്മായിലിന്റെ കുടുംബം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിപക്ഷനേതാവിനും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറിക്കും ഇതേ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് തിരൂര്‍ താഴേപ്പാലത്തുള്ള ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍വച്ച് ഇസ്മിയില്‍ അത്മഹത്യക്ക് ശ്രമിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് ഇസ്മയില്‍ പിറ്റേദിവസം ഞായറാഴ്ച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മരണപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്വര്‍ണ്ണംവാങ്ങിയ വകയിലെ കുടിശ്ശിക തുക തിരികെയടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ജ്വല്ലറിയുടെ ഭാഗത്ത് നിന്ന് കടുത്ത മാനസികപീഢനവും ഭീഷണിയും ഇസ്മായിലും കുടുംബവും നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്മായില്‍ ആത്മഹത്യ ചെയ്യുന്നത്.

പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇസ്മിയിലിന്റെ ഭാര്യ പറയുന്നത്, മകളുടെ വിവാഹാവിശ്യത്തിനായി വാങ്ങിയ സ്വര്‍ണ്ണത്തിന്റെ വകയില്‍ കുടിശ്ശികയായി ഉണ്ടായിരുന്ന രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ തിരികെ വാങ്ങാനായി ആറു തവണ ജ്വല്ലറിക്കാര്‍ തങ്ങളുടെ വീട്ടില്‍ വന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായി എന്നാണ്. മകളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലെത്തിപോലും സ്ത്രീകളടങ്ങുന്ന സംഘം സമൂഹത്തിനു മുന്നില്‍ മാനക്കേടുണ്ടാക്കുന്ന വിധം പണം തിരികെ ആവശ്യപ്പെടുകയുണ്ടായി. സ്ത്രീകള്‍ മാത്രമുള്ള സമയത്തുപോലും ഭീഷണിയുമായി ജീവനക്കാര്‍ വന്നിരുന്നുവെന്നും പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാല്‍ പണം തിരികെയടക്കാന്‍ ഒരുമാസം കൂടി സാവകാശം ചോദിച്ചിരുന്നു. സ്വര്‍ണ്ണം നല്‍കുന്നതിന് ഈടായി ബ്ലാങ്ക് ചെക്ക്, ബ്ലാങ്ക് മുദ്രപത്രങ്ങളും ജ്വല്ലറിക്കാര്‍ വാങ്ങിവച്ചിരുന്നു.

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ആത്മഹത്യക്ക് പിന്നില്‍

തീര്‍ത്തും അപമാനിതനായി മാറിയ സാഹചര്യത്തിലാണ് മനംനൊന്ത് തന്റെ ഭര്‍ത്താവ് മരണപ്പെടാനുണ്ടായ സാഹചര്യം ഉണ്ടായതെന്നും തന്റെ ഭര്‍ത്താവ് മരിക്കാന്‍ ഇടയായ സാഹചര്യം സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനും ജീവനക്കാര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

തന്റെ ഭര്‍ത്താവിന്റെ മരണം സംഭവിച്ചശേഷം ജ്വല്ലറി ഉടമകളുടെ ഭാഗത്തുനിന്നു യാതൊരുവിധ സഹായവും പൊലീസിന്റെ ഭാഗത്തു നിന്ന് നിയമനടപടികളോ ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം ഇസ്മായിലിനെതിരെ ജ്വല്ലറിയുടെ ഭാഗത്തു നിന്ന് നല്‍കിയ പരാതിയിന്മേല്‍ ആത്മഹത്യാശ്രമം, അതിക്രമിച്ചു കയറല്‍, അഞ്ഞൂറുരൂപയുടെ കാര്‍പ്പറ്റ് കത്തിനശിച്ച വകയിലുണ്ടായ നാശനഷ്ടം എന്നീകുറ്റങ്ങള്‍ ചുമത്തി തിരൂര്‍ പൊലീസ് കേസ് എടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ പരാതി ലഭിച്ചിട്ടില്ല എന്നകാരണത്താല്‍ ഇസ്മായില്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട യാതൊരു അന്വേഷണത്തിനും തിരൂര്‍ പൊലീസ് തയ്യാറായിട്ടില്ലായിരുന്നു. പരാതി നല്‍കി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പൊലീസ് സ്റ്റേഷനുമായി ആദ്യം ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി നേരിട്ട് അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഫോര്‍വേഡ് ചെയ്ത് കിട്ടിയതാണെന്നുമാണ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുള്ളൂവെന്നുമാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍