UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭയമോ പീഡയോ കൂടാതെ ഞങ്ങള്‍ക്ക് പഠിക്കണം; ഗവര്‍ണ്ണറോട് വിദ്യാര്‍ത്ഥിനികള്‍

Avatar

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും സര്‍വ്വകലാശാല ശിക്ഷാ നടപടികളും അവസാനിപ്പിക്കാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയുടെ പൂര്‍ണ്ണ രൂപം. 

ബഹു: ജസ്റ്റിസ് (Rtd) ശ്രീ.പി.സദാശിവം
ബഹു:ചാന്‍സലര്‍, കോഴിക്കോട് സര്‍വ്വകലാശാല & കേരള ഗവര്‍ണര്‍
രാജ്ഭവന്‍
തിരുവനന്തപുരം

ബഹുമാനപ്പെട്ട സര്‍,

ഞങ്ങളില്‍ ഭൂരിഭാഗം പേരെയും ദോഷകരമായി ബാധിക്കുന്ന കോഴിക്കോട് സര്‍വ്വകലാശാല സെനറ്റിന്റെ നിയമവിരുദ്ധവും അന്യായവുമായ ഒരു തീരുമാനം അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അങ്ങയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്,  സര്‍വ്വകലാശാല വളപ്പിലെ സുരക്ഷയില്ലായ്മ, സാമൂഹ്യവിരുദ്ധരുടെ തുടര്‍ച്ചയായ പീഡനങ്ങള്‍ എന്നിവയെക്കുറിച്ച് കോഴിക്കോട് സര്‍വ്വകലാശാലയിലെ 555 വിദ്യാര്‍ത്ഥിനികള്‍ ഒരു പരാതി തന്ന കാര്യം അങ്ങ് ഓര്‍മ്മിക്കുമല്ലോ. കടുത്ത ആശങ്കയിലായിരുന്ന അവസ്ഥയില്‍ ഞങ്ങള്‍ അതേ പരാതി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു. സെനറ്റിന്റെ ഇന്നത്തെ (19/12/2015) യോഗത്തില്‍ ചാന്‍സലര്‍ക്കും ചീഫ് ജസ്റ്റിസിനും അത്തരമൊരു പരാതി അയച്ചതിന്റെ പേരില്‍ 6 വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഞങ്ങളുടെ പേര് ശരിക്കുള്ള പ്രമേയം വായിച്ചപ്പോള്‍ അതിലുണ്ടായിരുന്നു എന്നു യോഗത്തില്‍ പങ്കെടുത്ത സെനറ്റ് അംഗങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. (നടപടിക്രമങ്ങളുടെ ദൃശ്യ, ശബ്ദരേഖകള്‍ പരിശോധിച്ചോ പങ്കെടുത്ത അംഗങ്ങളില്‍ നിന്നോ ഇത് ഉറപ്പുവരുത്താവുന്നതാണ്) കോഴിക്കോട് സര്‍വ്വകലാശാല First Statutes, 1977 പ്രകാരം ഏതെങ്കിലും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതോ, അല്ലെങ്കില്‍ ഏതെങ്കിലും നിയമ ട്രിബ്യൂണലിന്റെയോ, നിയമാനുസൃതമുള്ള അധികാരകേന്ദ്രത്തിന്റെയോ മുന്നിലുള്ള വിഷയത്തിലോ ഒരു പ്രമേയവും സെനറ്റില്‍ എടുക്കാന്‍ പാടില്ല. ഇതിന്റെ വെളിച്ചത്തില്‍ ഈ പ്രമേയം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് കാണാനാകും. കാരണം അത് ഞങ്ങളെ പേരെടുത്ത് പറയുന്നു, ഞങ്ങള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു, ബഹുമാനപ്പെട്ട ചാന്‍സലര്‍, വിവിധ പരാതി പരിഹാര/റാഗിങ് വിരുദ്ധ/ വനിതാ സമിതികളുടെ പരിഗണനയിലുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്നു. പേരുകള്‍ ശരിക്കുള്ള പ്രമേയത്തിലുണ്ടെങ്കിലും പിന്നീട് മാധ്യമങ്ങള്‍ക്ക് നല്കിയ പകര്‍പ്പില്‍നിന്നും  നീക്കിയത്  ശ്രദ്ധിക്കേണ്ടതാണ്. ഏതൊക്കെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് നടപടിയെടുക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇതിലൊപ്പിട്ട എല്ലാവരേയും ബാധിക്കുന്ന വിഷയമാണിത്.

ഞങ്ങളെ പീഡിപ്പിക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികളുമായി സര്‍വ്വകലാശാല അധികൃതര്‍ ഒത്തുകളിക്കുന്നതായി ഞങ്ങള്‍ സംശയിക്കുന്നു എന്നു മുന്‍ പരാതിയില്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സംശയം ശരിയാണെന്നാണ് സെനറ്റ് തീരുമാനം തെളിയിക്കുന്നത്. പീഡിപ്പിക്കുന്നവരെയല്ല മറിച്ച് പീഡനത്തിനെതിരെ പരാതി നല്‍കുന്ന വിദ്യാര്‍ത്ഥിനികളെ  ശിക്ഷിക്കാനാണ് സര്‍വ്വകലാശാലയുടെ ഉന്നത സമിതി തീരുമാനിച്ചെന്നത് അങ്ങേയറ്റത്തെ ദുരന്തമാണ്.

സ്ത്രീകളുടെ എല്ലാ പരാതികളെയും നിശബ്ദമാക്കാന്‍ ലക്ഷ്യമിട്ടുള്ള സ്ത്രീ-വിരുദ്ധ നയങ്ങളുടെയും ലിംഗ വിവേചനത്തിന്റെയും രൂക്ഷമായ രൂപമാണിതെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഇത്  ഞങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനും, ഞങ്ങളെ പീഡിപ്പിച്ച സാമൂഹ്യവിരുദ്ധശക്തികളെ സംരക്ഷിക്കാനുമുള്ള  ഒരു ശ്രമമായതുകൊണ്ട്, ഈ വിഷയത്തില്‍ ഇടപെടണമെന്നും, പ്രമേയം റദ്ദാക്കുന്നു എന്നു ഉറപ്പ് വരുത്തണമെന്നും ഇത്തരമൊരു നിയമവിരുദ്ധ നടപടിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അങ്ങയോട് വിനയത്തോടെ ആവശ്യപ്പെടുന്നു.

ഈ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക്  ഭയമോ പീഡയോ കൂടാതെ ഈ സര്‍വകലാശാല വളപ്പില്‍ ജീവിക്കാനും പഠിക്കാനും കഴിയുമെന്ന് സര്‍വ്വകലാശാലയുടെ പരമാധികാരി എന്ന നിലക്ക് അങ്ങ് ഉറപ്പുവരുത്തണമെന്ന് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ, 
   
അനുപമ ഡി എസ്
കൃഷ്ണവേണി ടി എ
അയിഷാബി പി
ഷഹാന വി എ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍