UPDATES

അയോധ്യ തര്‍ക്കം; മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള പ്രാദേശിക ധാരണകള്‍ക്കു തിരിച്ചടി

അഴിമുഖം പ്രതിനിധി

ബാബറി മസ്ജിദ്-രാംജന്‍മഭൂമി പ്രശ്‌നം പ്രാദേശികമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. അയോദ്ധ്യയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുണ്ടാക്കുന്ന ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിന്റെ അനുമതി ഒപ്പുകള്‍ പലതും വ്യാജമായി നിര്‍മ്മിക്കപ്പെട്ടതോ അല്ലെങ്കില്‍ ഭീഷണിയിലൂടെ നേടിയെടുത്തതോ ആണെന്ന ആരോപണം ശക്തമാവുകയാണ്. 

2010 ല്‍ വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി പുലക് ബാസുവിന്റെ നേതൃത്വത്തിലുണ്ടാക്കിയ അയോദ്ധ്യ വിവാദ് നാഗരിക് സമിതിയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പ്രദേശത്തുള്ള ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും 10,000 ത്തിലേറെ ഒപ്പുകള്‍ ഇവര്‍ ശേഖരിച്ചുവെന്നാണ് അവകാശപ്പെടുന്നത്. 

വിവാദഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗത്തുള്ള അവകാശം മുസ്ലീങ്ങള്‍ ഉപേക്ഷിക്കണമെന്നും കോടതി അനുവദിച്ച് നല്‍കിയിരിക്കുന്ന മൂന്നില്‍ ഒന്ന് ഭാഗത്ത് പുതിയ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്നും പകരം ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്തുനിന്നും ദൂരെ മാറി പുതിയ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കാം എന്നുമുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശമാണ് ജസ്റ്റിസ് ബസു നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ ഇത് പ്രാദേശികമായി ഉരുത്തിരിഞ്ഞ് വന്നതാണെന്നാണ് ബസുവിന്റെ അവകാശവാദം.

ഈ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ക്ക് അനുകൂലമായി 10,502 ഒപ്പുകളാണ് സമിതി ശേഖരിച്ചിരിക്കുന്നത്. ഇതില്‍ 3,000 മുസ്ലീങ്ങള്‍ ഒപ്പിട്ടുണ്ടെന്നാണ് സമിതി അവകാശപ്പെടുന്നത്. ഇത് പ്രദേശത്തിന്റെ റിസീവര്‍ കൂടിയായ ഫയിസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ സൂര്യ പ്രകാശ് മിശ്രയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുസ്ലീങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഒപ്പുകള്‍ പലതും വ്യാജമാണെന്നും ബാക്കിയുള്ളവ ഭീഷണിപ്പെടുത്തി നേടിയെടുത്തതാണെന്നും അയോദ്ധ്യ-ഫയിസാബാദ് മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും, പ്രശ്‌നം പ്രാദേശികമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് ജസ്റ്റിസ് ബസുവിന്റെ നിലപാട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍