UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോള്‍ പമ്പുകളുടെ സമരം തുടരുന്നു; ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം മാറ്റി

പമ്പുടമകളുമായി ചര്‍ച്ച നടത്താമെന്ന് പെട്രോളിയം കമ്പനികള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താല്‍ക്കാലികമായി മാറ്റിവച്ചത്‌

കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം തുടരുന്നു. കമ്മിഷന്‍ വര്‍ധന അടക്കം അപൂര്‍വചന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

ഇന്നലെ രാത്രി 12 മണി മുതല്‍ 24 മണിക്കൂറാണ് സമരം. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ വഞ്ചനാദിനം ആചരിക്കുകയാണെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പമ്പുകള്‍ അടച്ചുപൂട്ടിയുള്ള സമരത്തോട് സഹകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പമ്പുകള്‍ അടച്ചിട്ടുള്ള സമരത്തിന് മുന്നോടിയായി പത്താം തിയതി കമ്പനികളില്‍ നിന്നും ഇന്ധനമെടുക്കാതെ പമ്പുകള്‍ പ്രതിഷേധിച്ചിരുന്നു. സമരത്തിന്റെ രണ്ടാംഘട്ടമായാണ് ഇന്ന് വഞ്ചനാദിനം ആചരിക്കുന്നത്.

അതേസമയം ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താല്‍ക്കാലികമായി മാറ്റിവച്ചു. വരുന്ന ബുധനാഴ്ച പമ്പുടമകളുമായി ചര്‍ച്ച നടത്താമെന്ന് പെട്രോളിയം കമ്പനികള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്. തീരുമാനം താല്‍ക്കാലികമായി മാറ്റിവയ്ക്കുകയാണെന്ന് മഹാരാഷ്ട്ര പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉദയ് ലോദ് വ്യക്തമാക്കിയിട്ടുണ്ട്.

മാഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പമ്പുടമകളാണ് ഈ ഞായറാഴ്ച മുതല്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ 20,000ത്തോളം പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ലെന്നായിരുന്നു തീരുമാനം.

ലാഭവിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള പെട്രോള്‍ പമ്പുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുമ്പോഴാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനികള്‍ അറിയിച്ചത്. ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പ് അടച്ചിടാനുള്ള നീക്കത്തിനെതിരെ പെട്രോളിയം മന്ത്രാലയം രംഗത്തെത്തിയിരുന്നു. പമ്പ് അടച്ചിടുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ആഴ്ചയിലൊരിക്കല്‍ ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം എണ്ണ സംരക്ഷിക്കുന്നതിനെക്കുറിച്ചാണെന്നും പമ്പുകള്‍ അടച്ചിട്ടല്ല അത് നടപ്പാക്കേണ്ടതെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍