UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയെ രക്ഷിച്ച അഴിമതിക്കു നന്ദി

Avatar

ടീം അഴിമുഖം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലോകത്തെ വലിയ സാമ്പത്തിക ശക്തികളെ പിടിച്ചുലച്ച ബാങ്കിംഗ് പ്രതിസന്ധിയില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടാന്‍ സഹായിച്ചത് എന്താണ്? ചെറിയ അഴിമതികള്‍! പറയുന്നത് ലോക ബാങ്ക് മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവാണ്. രാജ്യത്തിന്റെ അഴിമതി പാരമ്പര്യം ഇന്ത്യയെ രൂക്ഷമായ ബാങ്കിംഗ് പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

ബസുവിനെ പോലെ ഒരാളില്‍ നിന്നും ഇത്തരമൊരു വാദം അസാധാരണവും അപ്രതീക്ഷിതവുമാണെങ്കിലും An Economist in the Real World എന്ന തന്റെ പുതിയ പുസ്തകത്തില്‍ അദ്ദേഹം പറയുന്നത് ‘സാമ്പത്തിക ശാസ്ത്രം ഒരു ധര്‍മനിഷ്ഠയുടെ വിഷയമല്ല’ എന്നാണ്.

കള്ളപ്പണത്തിന്റെ- നികുതി അധികാരികളില്‍ നിന്നും മറച്ചു വയ്ക്കുന്ന നിയമപരമല്ലാത്ത പണം- വ്യാപക ഉപയോഗം ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയെ തടയുന്ന പ്രതിരോധശക്തിയെ സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

കഴിഞ്ഞ ദശാബ്ദത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മറ്റു ലോക രാജ്യങ്ങളിലെ പോലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും ഒരു കുമിള പോലെയാണ് കാണപ്പെട്ടിരുന്നത്. 2008 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ വിസ്മയകരമായ ഒമ്പത് ശതമാനം എന്ന തോതിലായിരുന്നു സാമ്പത്തിക രംഗം വളര്‍ന്നു കൊണ്ടിരുന്നത്.

എന്തിനെറെ, ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചുരുങ്ങിയത് ഭാഗികമായെങ്കിലും ഇന്ധനമായത് നാടകീയമായ ഭവന/കെട്ടിട നിര്‍മ്മാണ രംഗത്തെ കുതിപ്പായിരുന്നു. 2002-നും 2006-നുമിടയില്‍ ഭൂമി വിലകളില്‍ 16 ശതമാനമായിരുന്നു വാര്‍ഷിക വളര്‍ച്ച. ശരാശരി വരുമാനങ്ങളേക്കാള്‍ മുന്നിലായിരുന്ന ഈ വളര്‍ച്ച യുഎസിനേക്കാള്‍ വേഗത്തിലുമായിരുന്നു.

ഇന്ത്യയില്‍ വ്യത്യസ്തമായി ഭവിച്ചത് ‘യുക്തിസഹമല്ലാത്ത ഈ സമൃദ്ധി’ ദുരന്തത്തില്‍ കലാശിച്ചില്ല എന്നതാണ്. ബാങ്കിംഗ് മേഖലയിലുടനീളം വ്യാപക പ്രതിസന്ധി ഉണ്ടാക്കുന്ന തിരിച്ചടവ് ഉറപ്പില്ലാത്ത ലോണുകള്‍ ഇവിടെ ഉണ്ടായിരുന്നില്ല. ലോകത്ത് മിക്കയിടത്തും സംഭവിച്ചത് ഇതാണ്. അപ്പോള്‍ ഉയരുന്ന വലിയ ചോദ്യം എന്തു കൊണ്ട് ഇന്ത്യയില്‍ ഇത്തരം ലോണുകള്‍ പ്രശ്‌നമുണ്ടാക്കിയില്ല എന്നതാണ്.

ഇന്ത്യയുടെ കേന്ദ്ര ബാങ്ക് സമര്‍ത്ഥമായി ചില മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഈ ചോദ്യത്തിനുള്ള ഒരു പ്രധാന ഉത്തരം ആ കള്ളപ്പണമാണെന്നും ബസു കൂട്ടിച്ചേര്‍ക്കുന്നു.

ലോകത്ത് മിക്കയിടത്തും വസ്തു വാങ്ങാനായി ചെലഴിക്കുന്ന വില പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ലിസ്റ്റ് ചെയ്തത് തന്നെയായിരിക്കും. ഇന്ത്യയില്‍ അങ്ങനെ അല്ല.

ഇവിടെ വീടു വാങ്ങുന്ന ഇടപാടില്‍ വലിയൊരു ഭാഗം പണമിടപാടായാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി 1000 രൂപാ നോട്ടാണെന്നതിനാല്‍ വീടു വാങ്ങാന്‍ വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒരു പെട്ടി നിറയെ കാശുമായി വരുന്നത് അത്ര അസാധാരണമല്ല. ഇത് നമുക്ക് സുപരിചിതമല്ലെ? പരസ്യമായി നാം ഇതു സമ്മതിക്കില്ലെങ്കിലും യാഥാര്‍ത്ഥം ഇതു തന്നെയാണ്.

ഈ ഇടപാട് എങ്ങനെ എന്ന് നേക്കാം. ഉദാഹരണമായി, വില്‍പ്പനയ്ക്കു വച്ച ഒരു വീട് കണ്ട് ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ അതിന് ഒരു വിലയിടുന്നു. ഇവിടെ നൂറു രൂപ നിശ്ചിയിക്കാം. ഇവിടെ വില്‍പ്പനക്കാരന്‍ നിങ്ങളോട് ഒരാവശ്യം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അതായത് പകുതി പണം, 50 രൂപ നിയമപരമായ വൈറ്റ് മണിയായി നല്‍കാനും ബാക്കി പണം കാഷായി വേണമെന്നും ആവശ്യപ്പെട്ടേക്കാം. ഈ കാഷ് ഇടപാടിനെയാണ് നാം ഇന്ത്യക്കാര്‍ കള്ളപ്പണം എന്നു വിളിക്കുന്നത്. ഇത് സാധാരണ നടക്കുന്ന ഇടപാടാണ്.

ഇതുവഴി വില്‍പ്പനക്കാരന് വലിയൊരു ശതമാനം നികുതി ഭാരം ഒഴിവാക്കാന്‍ കഴിയുന്നു. വാങ്ങുന്നവനും ഇതു ഗുണകരമാണ്. വസ്തു വില എത്രത്തോളം താഴുന്നുവോ അത്രത്തോളം വസ്തു നികുതി നിരക്കിലും ഇളവ് ലഭിക്കുന്നു.

ഇതില്‍ നിന്നും വ്യക്തമായ മറ്റൊരു കാര്യം കൂടിയുണ്ട്. ലോകത്തെ മറ്റിടങ്ങളില്‍ നിന്നും ഭിന്നമായി ഇന്ത്യക്കാരുടെ ഭവനവായ്പകള്‍ സ്വന്തം വസ്തുവിന്റെ യഥാര്‍ത്ഥ്യ മൂല്യത്തേക്കാള്‍ താരതമ്യേന ചെറിയ വായ്പകളാണ്.

യുഎസിലും യുകെയിലുമെല്ലാം വസ്തു വിപണിയില്‍ വലിയ കുതിപ്പുണ്ടായപ്പോള്‍ ബാങ്കുകള്‍ വസ്തു വിലയുടെ 100 ശതമാനവും ഭവന വായ്പയായി നല്‍കുന്നത് സാധാരണയായിരുന്നു. ചില ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അധിക ചെലവുകള്‍ക്കായി 110 ശതമാനം വരെ കൂട്ടി വായ്പ നല്‍കാനും തയാറായിരുന്നു. ഇതു കാരണമാണ് വികസിത രാജ്യങ്ങളില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ വസ്തു വിലകളോടൊപ്പം വലിയ ബാങ്കുകളും കൂപ്പുകുത്താനിടയായത്.

ഇതിനു വിപരീതമായി ഇന്ത്യയില്‍ ഭവന വായ്പകള്‍ നല്‍കുന്നത് വീടിന്റെ മുറപ്രകാരമുള്ള വിലയ്ക്ക് അനുസരിച്ചാണ്. അതായത് ബസു പറയുന്നു, 100 രൂപ മൂല്യമുള്ള ഒരു വീട് സാധാരണ വാങ്ങുന്നത് 50 രൂപയോ അതില്‍ കറവോ ഉള്ള ഭവന വായ്പയിലാണ്.

അതു കൊണ്ടു തന്നെ ഇന്ത്യയില്‍ വിലയിടിവ് ഉണ്ടായപ്പോഴും ഭൂരിഭാഗം ബാങ്കുകളും പരുക്കുകളില്ലാതെ വസ്തു മൂല്യത്തിനുള്ളില്‍ തന്നെ സുരക്ഷിതരായിരുന്നു. ലോകത്ത് മറ്റിടങ്ങളിലെല്ലാം വലിയ പ്രശ്‌നമായ തിരിച്ചു ലഭിക്കാത്ത വായ്പാ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞതും അത്‌കൊണ്ടാണ്.

ഇന്ത്യയും മാന്ദ്യം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അത് ആഗോള മാന്ദ്യത്തിന്റെ അനന്തരഫലമെന്നോണം യാദൃശ്ചികമായി സംഭവിച്ചതായിരുന്നു. ഏതെങ്കിലും ദേശീയ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമായിരുന്നില്ല. 2009-നും 2011-നുമിടയില്‍ എട്ടു ശതമാനത്തോളം വളര്‍ച്ചയിലേക്ക് തിരിച്ചെത്തി ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറിത്തുടങ്ങുകയും ചെയ്തു.

ചെറിയ അഴിമതികളെ ബസു പിന്തുണയ്ക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. അസുഖകരമായ ഒരു രോഗത്തിന്റെ സ്വാധീനവുമായി ഇതിനെ അദ്ദേഹം താരതമ്യപ്പെടുത്തുകയാണ്. ഈ രോഗത്തിന് ഒരു പക്ഷേ ഗുണകരമായ അനന്തരഫലങ്ങളുണ്ടായേക്കാം. എങ്കിലും ഒരു രോഗിയായി തുടരാന്‍ ആരും ആഗ്രഹിക്കില്ലല്ലോ.

സമര്‍ത്ഥമായും സവിശേഷമായും അഴിമതിയെ പിഴുതെറിയാന്‍ മൗലികമായ ഒരു രീതി രൂപപ്പെടുത്തിയ പ്രശസ്തനാണ് ബസു. കോഴയെ നിയമപരമാക്കുക എന്നതായിരുന്നു അത്.

ഏതാനും വര്‍ഷം മുമ്പ്, അദ്ദേഹം ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. കോഴ നല്‍കുന്നവരേയും വാങ്ങുന്നവരേയും ക്രിമനല്‍ നടപടിക്ക് വിധേയരാക്കുന്നതിനു പകരം കോഴ വാങ്ങുന്നവരെ മാത്രം നിയമപരമായി ശിക്ഷിക്കുക എന്നതായിരുന്നു അത്. ഇത് ലളിതമായ ഒരു മാറ്റമാണെങ്കിലും ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തെ ഇത് മൗലികമായി തന്നെ മാറ്റുന്നു.

അതായത്, കോഴയും കൈക്കൂലിയും നല്‍കുന്നവര്‍ മേലില്‍ തങ്ങളുടെ ഹീനകൃത്യം ഒരു രഹസ്യമാക്കി തന്നെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കോഴ വാങ്ങുന്നവരുമായി പങ്കിടേണ്ട. നിയമനടപടികളുടെ ഭീഷണി ഇല്ലാതാകുന്നതോടെ കോഴ നല്‍കുന്നവര്‍ക്ക് അഴിമതിയെ തുറന്നുകാട്ടാന്‍ പ്രേരണയും ലഭിക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ തന്റെ ആശയം ഇതുവരെ മുഖ്യധാരാ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയില്ല എന്നും ബസു പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍