ആറേഴുകൊല്ലം റസിഡന്റ് ഡോക്ടറായാണ് ജോലി ചെയ്തത്. സര്‍ജറിയിലും പ്ലാസ്റ്റിക് സര്‍ജറിയിലും മറ്റും. ഇതര രാജ്യങ്ങളിലെല്ലാം ഇതൊരു ജോലികൂടിയാണ്. നമ്മുടെ നാട്ടിലും ജോലി ചെയ്യുന്നു. പക്ഷേ ലേബലോ, പി.ജി.വിദ്യാര്‍ത്ഥി. എം.എസ്. സെന്‍ട്രല്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെയ്തതിനാല്‍ മാന്യമായ ശമ്പളവും വാങ്ങിയാണ് പണിതത്. മൂന്നുകൊല്ലത്തിനു ശേഷം പരീക്ഷ എഴുതി പാസ്സായി. പിന്നീട് കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ട്രെയിനിയായി ജോലി ചെയ്യുന്നത്. സ്റ്റൈപ്പന്‍ഡ് എന്ന പേരില്‍ കുറച്ച് കാശ് തരും. തുലോം തുച്ഛം. മിക്കവരും കല്യാണം കഴിഞ്ഞ് കുട്ടികളും ആയവരാണ്. ജീവിക്കാന്‍ കാശില്ല. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പി.ജി.പരിശീലനമായ ഡിപ് എന്‍ ബി (Dip NB അഥവാ DNB) ട്രെയിനികളുടെ കാര്യമാണ് തീരെ പരിതാപകരം. പ്രതിഫലമേ ഇല്ല. ചുമ്മാ പണി ചെയ്‌തോണം.
(ഇപ്പോ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇതേ ട്രെയിനി വേല ചെയ്യണമെങ്കില്‍ കോടിക്കണക്കിന് തലവരി അങ്ങോട്ടു കൊടുക്കണം. കാശുകൊടുക്കാതെ ഡോക്ടര്‍മാരുടെ സേവനവും കിട്ടും; കോടികള്‍ കാശായി ഇങ്ങോട്ടും കിട്ടും. അതവിടെ നില്‍ക്കട്ടെ).
എന്റെ സുഹൃത്ത് സജീവനും മറ്റു കുറേ പേരും ഇതിലൊക്കെ അമര്‍ഷം ഉള്ളവരാണ്. തിരുവനന്തപുരത്തുപോയി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ തലവനായ ഒരു ഡോക്ടര്‍ ഉണ്ടല്ലോ; അദ്ദേഹത്തെ കണ്ടാലോ? അങ്ങേരല്ലേ ഇതൊക്കെ നിശ്ചയിക്കുന്നത്? അദ്ദേഹത്തിന്റെ തൊട്ടുമുകളിലാണ് ആരോഗ്യമന്ത്രിയും മറ്റും ഇരിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ലേ?
ഒരു ദിവസം ഡയറക്ടറുടെ ഓഫീസിലേക്ക് വെച്ചടിച്ചു. അവിടെ ചെന്നപ്പോള്‍ ഡയറക്ടര്‍ ഇല്ല.
”എന്താണ് കാര്യം?” നാരായണന്‍ കുട്ടി ചോദിച്ചു.
”എന്നോട് പറഞ്ഞാല്‍ മതി.”
ഇതുപോലുള്ള പല സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. മെഡിക്കല്‍ ഡയറക്ടറുടെ ഓഫീസ്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസ്, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ്, ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ഓഫീസ് തുടങ്ങി പലതും. ഇതിന്റെയൊക്കെ മേധാവികളുടെ പേരിലാണ് ഓഫീസ്. ഈ മേധാവികള്‍ എങ്ങനെ ഇവിടെ കയറിപ്പറ്റുന്നു?
മെഡിക്കല്‍ കോളേജ് സര്‍വീസില്‍ ലെക്ചറര്‍ ആയി കയറണം. എം.ബി.ബി.എസ്. കഴിഞ്ഞ് ഉടന്‍ – ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ തന്നെ (പറ്റുമെങ്കില്‍). ഇത്രയും മാത്രം മതി. പിന്നെ ഒക്കെ ഭാഗ്യം പോലെ. സര്‍വീസ് ക്വാട്ടയില്‍ എം.ഡി.യോ എം.എസോ കഴിഞ്ഞ് അസിസ്റ്റന്റ്, അസോസിയേറ്റ്, പ്രൊഫസര്‍ അങ്ങിനെ ഒഴുക്കിനനുസരിച്ച് നീങ്ങണം. സ്വയം എന്തെങ്കിലും ചെയ്ത് ആളാവാനൊന്നും നോക്കരുത്. പിന്നെ വകുപ്പു മേധാവി, വൈസ് പ്രിന്‍സിപ്പാള്‍, പ്രിന്‍സിപ്പാള്‍, അങ്ങനെ നമ്മുടെ പ്രായവും സീനിയോറിറ്റിയും അനുസരിച്ച് നീങ്ങും. സമുദായം, ക്വാട്ട എല്ലാം പ്രധാനം തന്നെ. അവസാനം പെന്‍ഷന്‍ പ്രായമെത്തി വിരമിച്ചില്ലെങ്കില്‍ ആ കസേരയില്‍ ചെന്നെത്തും – മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ ഒരു ഡോക്ടറിനു ചെന്നെത്താന്‍ പറ്റുന്ന ഏറ്റവും ഉന്നതിയില്‍. പെന്‍ഷന്‍ പറ്റുന്നതുവരെ അവിടെ തുടരാം.
സജീവന്‍ നാരായണന്‍കുട്ടിയോട് കാര്യങ്ങള്‍ പറഞ്ഞു. നാരായണന്‍കുട്ടിക്ക് പരമപുച്ഛം. അയാള്‍ എല്‍.ഡി.ക്ലാര്‍ക്ക് ആയി കയറി മെഡിക്കല്‍ ഉന്നതരംഗത്തെ പരമോന്നത ഓഫീസിന്റെ ഉന്നതശ്രംഗത്തില്‍ സൂപ്രണ്ടന്റ് ആയി വിരാജിക്കുന്ന ആളാണ്. പത്തുമുപ്പതുകൊല്ലമായി ഇതേ ഓഫീസില്‍ എത്രയെത്ര ഡോക്ടര്‍മാരെ കണ്ടിരിക്കുന്നു. അദ്ദേഹത്തിന് അവരെയെല്ലാം പരമപുച്ഛമാണ്. കൂര്‍മ്മബുദ്ധിയുടെ കാര്യത്തില്‍ ആരും നാരായണന്‍കുട്ടിയുടെ നാലയലത്ത് വരില്ല. പിന്നെങ്ങനെയൊ ഡോക്ടര്‍മാരായി. സര്‍ക്കാരിന്റെ ഔദാര്യങ്ങള്‍ക്കുവേണ്ടി ഓഛാനിച്ചുകൊണ്ട് കയറിവരും. സ്ഥലം മാറ്റം, സീനിയോറിറ്റി, വിജിലന്‍സ് കേസ്, സര്‍വീസ് ബുക്ക്, കണ, കൊണ എന്നെല്ലാം പറഞ്ഞ്. ഇപ്പോഴിതാ പുതിയൊരെണ്ണം – സ്റ്റൈപ്പന്‍ഡ് കൂട്ടണമത്രെ – ഹാഹാഹാ. വിദ്യാര്‍ത്ഥികള്‍ക്ക് ശമ്പളമോ? സര്‍ക്കാരിനെവിടെന്നാണിതിനൊക്കെ കാശ്?
”അതൊന്നും നടക്കുന്ന കേസല്ല.” അദ്ദേഹം മൊഴിഞ്ഞു. സജീവനും നാരായണന്‍കുട്ടിയും തമ്മില്‍ കശപിശയായി.
”ഇയാളോടൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഡയറക്ടര്‍ വരട്ടെ. കാണിച്ചുകൊടുക്കാം.”
ആഴ്ചകള്‍ കഴിഞ്ഞു. ഡയറക്ടര്‍ ഉള്ളപ്പോള്‍ വീണ്ടും പോയി. കുറേ ബുദ്ധിമുട്ടിയെങ്കിലും കാണാന്‍ പറ്റി. വന്ദ്യവയോധികനായ ഡോക്ടര്‍. നമ്മുടെ പ്രശ്‌നങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും ആശ്വാസമായി.
അദ്ദേഹം പ്രശ്‌നങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടു.
”ഓഹോ. ആഹാ. അതുശരി.”
സ്റ്റൈപ്പന്‍ഡും ഡി.എന്‍.ബിക്കാര്‍ക്ക് അതില്ലാത്തതും ഒന്നും അയാള്‍ക്കറിഞ്ഞുകൂടാ.
”നാരായണന്‍കുട്ടീ.” അദ്ദേഹം വിളിച്ചു. അയാള്‍ പാഞ്ഞെത്തി.
”ഈ പിള്ളാരുടെ കാര്യം പഠിച്ചോ നാരായണന്‍കുട്ടീ.” അദ്ദേഹത്തിന്റെ വാക്കുകളില്‍ വാത്സല്യം തുളുമ്പി. ഞങ്ങളോടോ അതോ നാരായണന്‍കുട്ടിയോടോ?
”അതൊന്നും നടക്കില്ല സര്‍. സെക്ഷന്‍ 456/16. പിന്നെ 2/2001. സര്‍ക്കാര്‍ സര്‍ക്കുലര്‍. സാര്‍ മറന്നുപോയോ?” ഡയറക്ടറുടെ വട്ടക്കണ്ണടവച്ച കണ്ണുകളില്‍ കണ്‍ഫ്യൂഷന്‍ വന്നു നിറഞ്ഞു.
”ഞാനൊന്നു പഠിക്കട്ടെ. നിങ്ങള്‍ രണ്ടു മാസം കഴിഞ്ഞ് വരൂ. ഞാന്‍ ഒരു മാസമേ ആയുള്ളു ഇവിടെ ചാര്‍ജ്ജെടുത്തിട്ട്. ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു. ഓഫീസ് കാര്യങ്ങള്‍ അറിഞ്ഞുകൂടാ.”
രണ്ടു മാസം കഴിഞ്ഞപ്പോള്‍ സജീവന്‍ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഡയറക്ടര്‍ ഹൃദയാഘാതം വന്ന് ലീവിലാണെന്നാണ് സര്‍വീസ് അവസാനിക്കാറായതിനാല്‍ ഇഷ്ടം പോലെ അവധി ബാക്കിയുണ്ടത്രേ.
ഒന്നു രണ്ടു മാസം കഴിഞ്ഞ് വീണ്ടും വിദ്യാര്‍ത്ഥികളും ഡയറക്ടറും മുഖാമുഖം ഇരുന്നു. സജീവന്‍ ചൂടായി. കുറേ അതുമിതും പറഞ്ഞു. ”ഇതൊക്കെ ഒന്നു ശരിയാക്കണം എന്ന് സാറിനില്ലേ. പ്രശ്‌നങ്ങളൊക്കെ സാറിനറിയാവുന്നതാണല്ലോ. ഇതെല്ലാം അഴിച്ചു പണിയണം സാറെ.”
സാര്‍ പറഞ്ഞു:
”മോനേ വല്ല ഏടാകൂടവും ഒപ്പിച്ച് പെന്‍ഷന്‍ വെള്ളത്തിലാക്കാതെ ശിഷ്ടകാലം കഴിക്കണം. ഈ ഒരാഗ്രഹം മാത്രമേ എനിക്കു ബാക്കിയുള്ളു. പിന്നൊരു കാര്യം. ഞാന്‍ അടുത്തയാഴ്ച വിരമിക്കും. പിന്നെ വീട്ടില്‍ വിശ്രമജീവിതം. ഇനി അടുത്ത ഡോക്ടര്‍ വരും. അയാളോട് പറഞ്ഞാല്‍ മതി എല്ലാം.”
‘പ്ലിംഗ്’ എന്നൊരു ശബ്ദം എല്ലായിടത്തും പരന്നു. ‘ശശി’ എന്ന രണ്ടക്ഷരങ്ങള്‍ സജീവന്റെ നെറ്റിയാകുന്ന സ്‌ക്രീനില്‍ തെളിഞ്ഞു. കര്‍ട്ടന്‍. കരഘോഷം.
അടുത്തയിടെ പത്രത്തില്‍ ഒരു കാര്യം വായിച്ചപ്പോഴാണ് ഇതെല്ലാം ഓര്‍ത്തത്. അമേരിക്ക എന്ന മഹാരാജ്യത്ത് ‘സര്‍ജന്‍ ജനറല്‍’ എന്ന ഒരു പദവിയുണ്ട്. അവിടുത്തെ പൊതു ആരോഗ്യരംഗത്ത് ഒരു ഡോക്ടര്‍ക്ക് എത്താവുന്നതിന്റെ പരമാവധി ഉയരത്തിലുള്ള ഒരു ഔദ്യോഗിക പദവിയാണ് അത്. പ്രസിഡന്റ് ആണ് ആളെ നിശ്ചയിക്കുന്നത്. ജനപ്രതിനിധി സഭയായ സെനറ്റിന്റെ അംഗീകാരവും വേണം. വളരെ വിലയേറിയതും പദവിയുള്ളതുമായ പോസ്റ്റ് ആണ്. നാലു വര്‍ഷത്തേക്കാണ് നിയമനം. പ്രകടനം തൃപ്തികരമാണെങ്കില്‍ കാലാവധി നീട്ടി കിട്ടും. എട്ടും പത്തും കൊല്ലം ഭരിച്ചവരുണ്ട്. വിരമിക്കേണ്ടി വന്നാല്‍ തിരിച്ചു മുമ്പു ജോലി ചെയ്തിരുന്ന പോസ്റ്റിലേക്ക് തിരിച്ചുപോകണം.
ഇക്കഴിഞ്ഞ കൊല്ലം ഡിസംബറില്‍ ഒരിന്ത്യന്‍ വംശജനായ ഡോക്ടറെയാണ് ബാരക്ക് ഒബാമ സര്‍ജന്‍ ജനറലാക്കിയത്. വിവേക് മൂര്‍ത്തി എന്നു പേരായ അദ്ദേഹത്തിന് മുപ്പത്തെട്ട് വയസ്സേ ഉള്ളു.
ഇതാണ് അമേരിക്കക്കാര്‍ക്ക് വിവരമില്ലെന്ന് പറയുന്നത്. മൊട്ടയില്‍ നിന്ന് വിരിയുന്നതിന് മുമ്പ് ഓരോരുത്തരെ പിടിച്ച് വലിയ വലിയ പദവികളിലിരുത്തും. വയസ്സന്‍മാരെയൊന്നും ഒരു ബഹുമാനവുമില്ല. പ്രവര്‍ത്തനം അവലോകനം, സംവിധാനത്തില്‍ എന്തൊക്കെ നല്ല കാര്യങ്ങള്‍ കൊണ്ടുവന്നു എന്നു നോക്കല്‍, ഈ ജാതി തൊന്തരവുകളും. ഒടുക്കത്തെ കാലാവധി നീട്ടികൊടുക്കല്‍. കാശും ബന്ധങ്ങളും ഒന്നും വിലപ്പോവില്ല. വെറും വെള്ളരിക്കാപ്പട്ടണം.
നമ്മുടെ മേലധികാരികള്‍ പെന്‍ഷന്‍ പ്രായം ആവുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ഓരോ പദവികളില്‍ എത്തുന്നതിനാല്‍ ഞൊടിയിടയില്‍ ഓഫീസിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കും. പെട്ടെന്നു തന്നെ ചറപറാ പ്രവര്‍ത്തക്കും. അതിവേഗം ബഹുദൂരം സഞ്ചരിച്ച ശേഷം മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കും. ആഹാ, എന്തു നല്ല രീതി. ഉടനെ അടുത്തയാള്‍ക്ക് ചാന്‍സ് കിട്ടുമല്ലോ. സമത്വസുന്ദര സംവിധാനം. പൊതുജനം സ്വാഹ.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍
https://www.youtube.com/