UPDATES

ബൈന ആര്‍ നാഥ്

കാഴ്ചപ്പാട്

ബൈന ആര്‍ നാഥ്

പ്രവാസം

ജീവിതം കൊണ്ട് മുറിവേറ്റവര്‍

ഗള്‍ഫിലെ തൊഴില്‍ മേഖലയെക്കുറിച്ച്‌ പറയുമ്പോള്‍ മാറ്റി നിര്‍ത്താനാവാത്ത ഒരു ജനതയാണ് ഫിലിപ്പൈന്‍സുകാ൪. ചെറുകിട ഷോപ്പുകളിലെ സെയില്‍സ് മുതല്‍ വന്‍കിട മാളുകളിലെ കാഷ്കൌണ്ടെറുകളില്‍വരെ കൂടുതലായും നമുക്ക് കാണാനാവുക ഫിലിപ്പിനികളെയാണ്. അതില്‍ കൂടുതലും സ്ത്രീകള്‍തന്നെ. പ്രായമെത്രയയാലും പതിനാറ്, പതിനെഴിനപ്പുറം തോന്നിക്കാത്ത സുന്ദരി പെണ്‍കുട്ടികളാണ് അവരെല്ലാം. ഒരുക്കത്തിലെയും ആഭരണങ്ങളിലെയും ലാളിത്യം അവരുടെ സൌന്ദര്യം കൂട്ടുന്നു. സത്യസന്ധതയും തികഞ്ഞ വൃത്തിബോധവും സൌന്ദര്യവുമാണ് ജോലിമേഖലയില്‍ അവരെ കൊണ്ടുവരാനുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ ജോലിസ്ഥാപനങ്ങള്‍ക്കുപോലും അലങ്കാരമായി മാറുന്ന തരത്തിലുള്ള ഒരോമനത്തം. കസ്റ്റമേഴ്സിനെ  ആകര്‍ഷിക്കാനായി നിര്‍ത്തിയിരിക്കുന്ന പ്രതിമകള്‍ക്ക് ജീവന്‍ വെച്ചതുപോലെ തോന്നും അവരെ കാണുമ്പോള്‍. 

ഇങ്ങനെയൊക്കെയാണെങ്കിലും, റോസാപ്പൂ പോലുള്ള ഫിലിപ്പിനികളുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവിടെയും കാണാം മൂര്‍ച്ചയുള്ള മുള്ളുകളും അതേറ്റുണ്ടായ ഒരുപാട് മുറിവുകളും.  നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമെല്ലാം ജോലി തേടി പ്രവാസികളായി വിദേശങ്ങളില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. (അവരുകൂടെയോ അല്ലെങ്കില്‍ ഫാമിലി വിസയിലോ എത്തുന്നവരാണ് സ്ത്രീകളില്‍ കൂടുതലും.) സ്വന്തം നാട്ടില്‍  അവദിക്കാലം മാത്രമേ താമസിക്കാന്‍ പറ്റാറുള്ളൂ എങ്കിലും അവര്‍ക്കവിടെ  കുടുംബമുണ്ട്. ഭാര്യയും മക്കളും അച്ഛനമ്മമാരുമെല്ലാം അടങ്ങുന്ന ഒരു കുടുംബം ഓരോ ഗള്‍ഫ്‌കാരനേയും കാത്ത് ജന്മനാട്ടില്‍ കഴിഞ്ഞുകൂടുന്നുണ്ട് .അതില്‍, എല്ലാം സഹിക്കാനും ഭര്‍ത്താവിന്‍റെ സമീപ്യമില്ലാതിരുന്നിട്ടും ഒരു കുറവും വരുത്താതെ കുട്ടികളെ വളര്‍ത്തിവലുതാക്കി നല്ല വഴികളിലേക്ക് നയിക്കാനുമുള്ള ഭാര്യമാരുടെ കഴിവ് കുറച്ചു കാണിക്കാനാവില്ല. സാമ്പത്തിക സ്രോതസ്സായി പ്രവാസിയായ ഗൃഹനാഥനുണ്ടെങ്കിലും സ്ത്രീയാണവിടെ കുടുംബത്തിന്‍റെ നെടുംതൂണായി മാറുന്നത്.    

സ്വന്തം യൌവനവും സ്വപ്നങ്ങളുമെല്ലാം അവരും  മാറ്റിനിര്‍ത്തുകയാണ്. പ്രവാസിയുടെ ദുഖങ്ങളിലും ദുരിതങ്ങളിലും പങ്കുചേരുമ്പോഴും, പക്ഷേ പലരും കാണാതെ പോകുന്നു ഈ ‘ഗള്‍ഫ്‌ വിധവ’കളുടെ  ജീവിതം. അച്ഛനും അമ്മയും ഒത്തുചേര്‍ന്നു നയിക്കേണ്ടുന്ന ഒരു കുടുംബത്തെ ഒറ്റയ്ക്ക് നയിക്കേണ്ടി വരുന്നതിന്‍റെ റിസ്ക്‌. എത്രത്തോളം ത്യാഗം അവരേറ്റെടുക്കുന്നു  എന്നതിനെപ്പറ്റിയൊന്നും ആരും ചിന്തിക്കാറില്ല. ഈ ഒരവസ്ഥ മറിച്ച് ചിന്തിച്ചാല്‍ എങ്ങിനെയിരിക്കും? ഭാര്യ വിദേശത്ത് ജോലിക്ക് പോകുകയും ഭര്‍ത്താവ് കുട്ടികളെയും നോക്കി നാട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന ഒരവസ്ഥ എത്രത്തോളം പ്രായോഗികമാവും. അതിന്‍റെ ഉദാഹരണമാണ് അല്ലെങ്കില്‍ ബാലിയാടുകളാണ് ഫിലിപ്പിന്‍ പെണ്‍കുട്ടികളുടെ ജീവിതം എന്ന് വേണമെങ്കില്‍ പറയാം. 

രണ്ടു വ൪ഷം കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രം നാട്ടിലുണ്ടാവുന്ന ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു സ്വന്തം ജീവിതം ബലി കൊടുക്കാന്‍ ഏതു പുരുഷന്മാരാണ് മുന്നിട്ടിറങ്ങുക. അതുകൊണ്ട് തന്നെ അവര്‍ കൂടുതല്‍പേരും അവിവാഹിതകളാണ്. അച്ഛനമ്മമാരുടെയും സ്വയം നിലനില്‍പ്പിന്റെയും അനിവാര്യഘടകമായ ജോലി തേടി ചെറുപ്രായത്തിലെ കടല്‍ കടന്ന അവര്‍ക്ക് പിന്നെ ഒരു തിരിച്ചുപോക്ക് അസാധ്യമാവുന്നു. ചിലര്‍ക്ക് കുടുംബമില്ലെങ്കിലും തങ്ങള്‍ക്കു സ്വന്തമായൊരു കുഞ്ഞെങ്കിലും വേണമെന്ന ആഗ്രഹമുണ്ട്.വിദേശത്ത് വെച്ച് തന്നെ ഇഷ്ടമുള്ള ബോയ്‌ ഫ്രണ്ട്നോടോത്ത് അവര്‍ ആ ആഗ്രഹം സാധ്യമാക്കുന്നു. രണ്ടു മാസത്തെ ലീവിന് നാട്ടില്‍ പോകുമ്പോള്‍ പ്രസവവും കഴിഞ്ഞു കുഞ്ഞിനെ നാട്ടില്‍ അച്ഛനമ്മമാരേയോ മുത്തശ്ശിമാരേയോ ഏല്‍പ്പിച്ചു അവര്‍ തിരിച്ചു വരുന്നു. പിന്നെയും രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ലീവുദിനങ്ങള്‍…മക്കളെ ഓമനിച്ചു കൊതിതീരാതെയുള്ള പിന്മടക്കം, അവിടെ അച്ഛന്റെയോ അമ്മയുടെയോ സ്നേഹമോ സാമീപ്യമോ കിട്ടാതെ വളരുന്ന കുട്ടികള്‍ ….ഒന്നാലോചിച്ചാല്‍ എത്രയേറെ ക്ലേശഭരിതമാമാണ് അവരുടെയൊക്കെ ജീവിതങ്ങള്‍ ….

സാമൂഹിക ജീവിത സാഹചര്യങ്ങള്‍ കൊണ്ടാവാം ഒരു പക്ഷേ അവരുടെ സ്വകാര്യജീവിതവും മിക്കതും കുത്തഴിഞ്ഞത് തന്നെ. വാരാന്ത്യ ഒഴിവുദിനങ്ങളില്‍ ജീവിത സുഖം തേടിയെത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കുമെല്ലാം അവരെ കൂട്ടിക്കൊണ്ടു പോവാം. ശരീരവും മനസ്സും ആരുമായും പങ്കുവേക്കപ്പെടുന്നതില്‍ അവര്‍ക്ക് കുറ്റബോധമോ പാശ്ചാത്തപമോ ഇല്ല. കിട്ടുന്ന പണത്തില്‍ മാത്രമല്ല അതിനു വേണ്ടി പങ്കുവെക്കപ്പെടുന്ന നിമിഷങ്ങളിലും അവര്‍ ആനന്ദം കണ്ടെത്തുന്നു. അതില്‍ രണ്ടു കൂട്ടരും തുല്യരായത് കൊണ്ടാവുമോ എന്നറിയില്ല, വേശ്യയെന്ന ഒരു വാക്കിനിവിടെ പ്രസക്തിയില്ല. ജോലി കഴിഞ്ഞാല്‍ പിന്നെയുള്ള സമയം ബോയ്ഫ്രണ്ടിന്‍റെ കൂടെ കറങ്ങാന്‍ പോവുക. പരമാവധി ജീവിതം ആസ്വദിക്കുക. എല്ലാ തരത്തിലും. ഇതൊക്കെ ആണവരുടെ ജീവിതം. മാറി മാറി വരുന്ന ബോയ്ഫ്രണ്ട്, ഗേള്‍ഫ്രണ്ട് ബന്ധങ്ങളിലും ആര്‍ക്കും പരാതികളില്ല. ഫിലിപ്പിനി പെണ്‍കുട്ടികളെ സ്നേഹിച്ചു കല്യാണം കഴിച്ചു ജീവിതത്തില്‍ ഒപ്പം കൂട്ടുന്ന പ്രവാസികളെയും കാണാം. അതില്‍ മലയാളികളുമുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും ചിലര്‍ അങ്ങനെയും നന്നായി ജീവിക്കുന്നു.

ഇനി ഫിലിപ്പിന്‍സിന്‍റെ ഭൂപ്രകൃതിയിലേക്കൊന്നു പോകാം. പസഫിക് സമുദ്രത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു കൂട്ടം ദ്വീപുകള്‍ ചേര്‍ന്ന്‍, ഏഷ്യാ ഭൂഖണ്ഡത്തിന്‍റെ തെക്കുകിഴക്കായി നിലകൊള്ളുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. കൂടുതലും തീരപ്രദേശമാണ്. ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ഭൂകമ്പത്തിനുമെല്ലാം സാധ്യതയേറെയുള്ള പ്രദേശം കൂടിയാണിത്. അതുകൊണ്ട് തന്നെ പ്രകൃതിദുരന്തങ്ങളുണ്ടായാലും വലിയ നഷ്ടങ്ങള്‍ വരാന്‍ സാധ്യതയില്ലാത്ത രീതിയിലുള്ള കൊച്ചുവീടുകളാണ് മിക്കതും. കടല്‍തീരങ്ങളിലെ മരം കൊണ്ടും ബാംബൂകൊണ്ടും ഉണ്ടാക്കിയെടുത്ത വീടുകളാണ് കൂടുതലും. കുടുംബത്തിലെ എല്ലാവര്‍ക്കും തന്നെ ഒരേ സമയം കിടന്നുറങ്ങാന്‍ പോലും അവിടെ സൌകര്യമില്ല. മീന്‍പിടുത്തവും മറ്റുമാണ് സാധാരണക്കാരുടെ പ്രധാന വരുമാനമാര്‍ഗം. ആണ്‍കുട്ടികള്‍  പലരും പകല്‍ കിടന്നുറങ്ങി രാത്രി വീടൊഴിഞ്ഞു പോകുന്നു. രാത്രിയിലാണ് പെണ്മക്കള്‍ക്കും അച്ഛനമ്മമാര്‍ക്കും കിടന്നുറങ്ങാനുള്ള ഊഴം. അങ്ങനെ എത്രയെത്ര വിചിത്രജീവിതങ്ങളാണ് നാമറിയുന്നതും അതിലേറെ അറിയാത്തതുമായി നമുക്ക് ചുറ്റിലുമുള്ളത്.

ഭൂതവും ഭാവിയുമില്ലാത്തവര്‍ക്ക് ജീവിക്കാന്‍ ഈ വര്‍ത്തമാനകാലം മാത്രം . ഇന്നുകളില്‍ ജീവിക്കുകയെന്ന ജീവിതകല ഇവരുടെ ജീവിതത്തില്‍ എത്രമാത്രം പ്രായോഗികമാണെന്ന് നമുക്ക് കണ്ടറിയാന്‍ പറ്റും. അതിന്‍റെ ആനന്ദം അവരുടെ മുഖങ്ങളില്‍ വായിച്ചറിയാം. ടെന്‍ഷനുകള്‍ ഉള്ളിലൊതുക്കി വെച്ചതാണോ അതോ വലിച്ചു പറിച്ചെറിഞ്ഞുകളഞ്ഞതാണോ എന്നറിയില്ല. ഇന്നിന്‍റെ നിമിഷങ്ങളില്‍ ചിരിച്ചുകളിക്കുന്ന ഒരു ഡാന്‍സിംഗ് ഡോളുപോലെ ഓരോ ഫിലിപ്പിന്‍പെണ്‍കുട്ടിയും, നമ്മളിലും   ആഹ്ലാദവും കൌതുകവുമുണര്‍ത്തുന്നു .

ബൈന ആര്‍ നാഥ്

ബൈന ആര്‍ നാഥ്

പ്രവാസ എഴുത്തുകാരിയാണ് ബൈന. ഇപ്പോള്‍ ബഹറിനില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍