UPDATES

ഓഡിയോ ക്ലിപ്പുകള്‍ ഇനിയും വരും; സര്‍ക്കാരിനെ വെട്ടിലാക്കുന്നത് പൊലീസോ?

ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമെന്ന് ആരോപണം; മന്ത്രിമാരുടെയും ഭരണകക്ഷി എംഎല്‍എമാരുടെയും ഫോണ്‍സംഭാഷണങ്ങള്‍ പുറത്തുവരുമെന്ന മുന്നറിയിപ്പ് സര്‍ക്കാരിനു കിട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനു പിന്നില്‍ പൊലീസ് സഹായം ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എല്ലാം ഫോണ്‍ ചോര്‍ത്തുന്നതായി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. ഇപ്പോള്‍ ഒരു മന്ത്രിയുടെ രാജിയിലേക്കു വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ ഫോണ്‍ ചോര്‍ത്തല്‍ പരാതി ആരോപണമല്ല, വാസ്തവം തന്നെയാണെന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

കോട്ടയം ജില്ലയില്‍ വ്യാപകമായി ഫോണ്‍ ചോര്‍ത്തല്‍ നടന്നിരുന്നു. ഏതാണ്ട് 27 ഓളം നേതാക്കന്മാരുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തിയത്, അതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്നു. ഈ കാര്യമാണ് ഞാന്‍ നിയമസഭയില്‍ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രി അത് കാര്യമാക്കിയെടുത്തില്ല. മുഖ്യമന്ത്രി തന്നെ ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നിടത്ത് എങ്ങനെയാണു നടപടിയെടുക്കാന്‍ പറയുന്നത്? അനില്‍ അക്കര എംഎല്‍എ ചോദിക്കുന്നു.

പൊലീസിനെ ഉപയോഗിച്ചും ബിഎസ്എന്‍എല്ലിലെ പാര്‍ട്ടി അനുഭാവികളായ ജീവനക്കാരെ ഉപയോഗിച്ചും ആണ് ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നത്. പൊലീസിന്റെ തലപ്പത്തുള്ളവര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വരെ ഫോണ്‍ സംഭാഷണങ്ങള്‍ ഉപയോഗിക്കുകയണ്. സുരക്ഷയുടെ ഭാഗമായി ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം കിട്ടുന്ന മറ്റു സംഭാഷണങ്ങളും പൊലീസ് ഉപയോഗിക്കുകയാണ്. പൊലീസിന്റെ മേല്‍ സര്‍ക്കാരിന് നിയന്ത്രണം ഇല്ലാതായിരിക്കുന്നു. ലോക്‌നാഥ് ബെഹ്‌റ എന്ന ഡിജിപി ഉള്ളിടത്തോളം കാലം അതങ്ങനെ തന്നെയായിരിക്കും. പിണറായി സര്‍ക്കാരില്‍ നരേന്ദ്ര മോദി നടത്തിയ അപ്പോയ്ന്‍മെന്റ് ആണു ബെഹ്‌റ- അനില്‍ അക്കര അഴിമുഖത്തോടു പറഞ്ഞു.

അനില്‍ അക്കരയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ എ കെ ശശീന്ദ്രന്‍ വിഷയത്തില്‍ സര്‍ക്കാരിനു തന്നെ ബോധ്യപ്പെട്ടതായാണ് വിവരം. അതുകൊണ്ടാണു മംഗളം ചാനല്‍ പുറത്തുവിട്ട ഫോണ്‍സംഭഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനെ ഒഴിവാക്കി ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറെടുത്തതെന്നും അറിയുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍സംഭാഷണങ്ങള്‍ ഉന്നതകേന്ദ്രങ്ങള്‍ വഴി പൊലീസ് ചോര്‍ത്താറുണ്ടെന്നും ഇതിനിടയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാരുടെ ഇക്കിളി സംഭാഷണങ്ങളും പൊലീസ് ശേഖരിച്ചുവച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മംഗളത്തിനു കിട്ടിയ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത അത്തരത്തില്‍ ഒന്നായിരിക്കാമെന്നും കരുതുന്നു. ചാനലിനു പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന വിവരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഉണ്ടെന്നു കേള്‍ക്കുന്നു. എ കെ ശശീന്ദ്രനെ കുടുക്കിയത് മന്ത്രിയുടെ സുരക്ഷാചുമതലയില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണോ എന്ന സംശയവും ഇതിനൊപ്പം ഉയര്‍ന്നിട്ടുണ്ട്. ഈ സംശയങ്ങള്‍ എല്ലാം കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തില്‍ സാധിക്കില്ലെന്ന ബോധ്യമാണ് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലേക്ക് തിരിയാനും സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

മന്ത്രി ഹണിട്രാപ്പില്‍ കുടുങ്ങിയതായിരിക്കാമെന്ന നിഗമനത്തിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ മന്ത്രിയെ കുടുക്കാനുള്ള തന്ത്രങ്ങള്‍ നാളുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നെങ്കിലും ഈ വിവരം കണ്ടെത്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിനു കഴിയാതെ പോയത് എന്തുകൊണ്ടാണെന്നതും സംശയം ജനിപ്പിക്കുന്നു. എന്നാല്‍ വിവരങ്ങള്‍ കിട്ടിയിട്ടും അതു പുറത്തുവിടാതിരുന്നതാണെന്നും ആക്ഷേപമുണ്ട്.

ഈ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ചീത്തപ്പേര് ഉണ്ടാക്കി വയ്ക്കുന്നത് പൊലീസ് ആണെന്ന വിമര്‍ശനം ആദ്യം മുതല്‍ ഉണ്ട്. ഇപ്പോള്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം കൂടി ചൂടുപിടിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്റെ അസ്വസ്ഥതകള്‍ ഏറുകയാണ്. പാര്‍ട്ടിയും ഇക്കാര്യത്തില്‍ പരോക്ഷമായിട്ടാണെങ്കിലും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നുണ്ട്. പൊലീസിനെ ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാകുമെന്നാണു സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലും ഉണ്ടായ വിമര്‍ശനം.

വേറെയും മന്ത്രിമാരുടെയും ഭരണകക്ഷി എംഎല്‍എമാരുടെയും ഫോണ്‍സംഭാഷണങ്ങള്‍ തിരിച്ചടിയുണ്ടാക്കുന്നവിധം പുറത്തുവരുമെന്ന മുന്നറിയിപ്പും സര്‍ക്കാരിനു കിട്ടിയിട്ടുണ്ട്. കൊല്ലത്തു നിന്നുള്ള ഒരു എംഎല്‍എയുടെ അനധികൃത സ്വത്തിന്റെയും ആലപ്പുഴയില്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന കേസിന്റെയും ഫോണ്‍ സംഭാഷണ തെളിവുകള്‍ ചില കേന്ദ്രങ്ങളില്‍ പൊലീസ് വഴി എത്തിയിട്ടുണ്ടെന്നും ഒത്തുതീര്‍പ്പുകള്‍ നടന്നില്ലെങ്കില്‍ എ കെ ശശീന്ദ്രന്‍ വിഷയം പോലെ ആ തെളിവുകളും പുറത്തുവരുമെന്നുമാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഒപ്പം സിപിഎമ്മിനെയും കൂടുതല്‍ കുഴപ്പത്തിലാക്കുന്ന വിഷയങ്ങള്‍ ഇനിയും സംഭവിക്കാമെന്നു തന്നെയാണു സൂചനകള്‍. അതിനു തടയിടാന്‍ പെലീസിനെ പൂര്‍ണമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുമോ എന്നതാണ് ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍