UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റ ഫ്രെയിമിലെ ചിന്ത എന്ന വെല്ലുവിളി

Avatar

സിബി പുല്‍പ്പള്ളി

ഫോട്ടോഗ്രാഫി എന്ന് പറയുമ്പോള്‍ ഓര്‍മ്മവരിക ക്യാമറയില്ലാത്ത കാലത്തെക്കുറിച്ചാണ്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അലഞ്ഞു തിരിയുന്ന യൗവനത്തിന്റെ ആരംഭകാലങ്ങള്‍. എന്നാല്‍ സ്‌കൂള്‍ പഠനകാലത്ത് തന്നെ അയല്‍വാസിയും സുഹൃത്തുക്കളുമായ ചില ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുടെ അടിസ്ഥാന സാങ്കേതിക പാഠങ്ങള്‍ എനിക്ക് പറഞ്ഞ് തന്നിരുന്നു. അന്ന് 36 mm ക്യാമറകളുടെ ശൈശവകാലം.

സ്‌കൂളില്‍ വര്‍ക്ക് എക്‌സ്പീരിയന്‍സില്‍ ഫോട്ടോഗ്രാഫി ഒരു മത്സര ഇനമായിരുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി 1/20 (One Twenty) ക്യാമറയുടെ ഉപയോഗവും ഡാര്‍ക്ക്‌റൂം ജോലികളും ഞാന്‍ പഠിച്ചിട്ടുണ്ടായിരുന്നു. അവധികാലങ്ങളില്‍ സ്റ്റുഡിയോയില്‍ ചിലവഴിക്കും. കൂടാതെ ഒഴിവു സമയങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരെ സഹായിക്കാന്‍ പോകും, പ്രിത്യേകിച്ച് വരുമാനം ഒന്നും ഉണ്ടായിട്ടല്ല. അന്ന് ഈ ഉപകരണത്തോടും അതില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങളോടുമുള്ള ആകര്‍ഷണം, പിന്നെ സമയം ചിലവഴിക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗവും ചിലര്‍ എന്തെങ്കിലും ഒന്നു തന്നാല്‍ ആയി അത്രമാത്രം.

പൂനയില്‍ പോയി സിനിമാട്ടോഗ്രാഫി പഠിക്കണമെന്ന് അതിയായ ഒരു ആഗ്രഹം ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളും മറ്റും ആ ചിന്തയില്‍ നിന്നും വളരെവേഗം പിന്തിരിപ്പിക്കുകയും ചെയ്തു. അങ്ങനെ കോളേജ് പഠനവും പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അലഞ്ഞു തിരിയലുകളുടെ കാലം. അന്ന് സ്വന്തമായി ഒരു ഓട്ടോഫോക്കസ് ക്യാമറപോലും കയ്യെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ്. മാത്രമല്ല ഒരു ഫോട്ടോഗ്രാഫറാകുകയാണോ എന്റെ നിയോഗമെന്നുപോലും ഞാന്‍ ഉറപ്പിച്ചിട്ടുമില്ല.

കൃഷി പ്രധാന വരുമാനമാര്‍ഗ്ഗമായ വയനാട്ടിലെ പുല്‍പ്പള്ളിയില്‍  കുരുമുളകിന്റെ പ്രൗഡമായകാലം. അന്നത്തെ കൃഷിപ്പണിക്കാര്‍ രാവിലെ അടുത്തുള്ള ചായക്കടയില്‍ എത്തും ചിലര്‍ ചൂടുചായ കുടിച്ച് പത്രപാരായണവുമായി ഇരിക്കും. ചിലര്‍ ബീഡിയും പുകച്ച് ആലോചനയില്‍ മുഴുകും, ചിലര്‍ സംവാദങ്ങളില്‍ ഏര്‍പ്പെടും സമകാലീക രാഷ്ട്രീയമോ, കൃഷിയോ, വ്യക്തിപരമോ ആകാം ഈ സംവാദങ്ങള്‍.

രാവിലത്തെ തണുപ്പിന് ആശ്വാസമേകാനെന്നോണം നേര്‍ത്ത സൂര്യകിരണങ്ങള്‍ അവരില്‍ പതിയുന്നുണ്ടാവും. (അന്നത്തെ ചായക്കടകള്‍ കാറ്റും വെളിച്ചവും കടക്കുന്ന വിധമുള്ള മുളയും കച്ചിയും ഉപയോഗിച്ചുള്ളവയായിരുന്നു). പുകവലിച്ചിരിക്കുന്ന ചിന്താമഗ്നമായ ഒരു കൃത്രിമത്വവുമില്ലാത്ത ദാരിദ്ര്യത്തിന്റെ നിഴല്‍പ്പാടുകളുള്ള മുഖങ്ങളെ ഞാന്‍ നിരീക്ഷിക്കും.ക്യാമറയുണ്ടെങ്കില്‍ ഇതെല്ലാം ഒപ്പിവെക്കേണ്ടതാണല്ലോ എന്ന് ആലോചിക്കും. 

അതിനുമുന്‍പും ഫോട്ടോകള്‍ എടുക്കുമായിരുന്നെങ്കിലും എടുക്കാനാവാത്ത ഈ മുഖങ്ങളാണ് എന്നിലെ ഞാന്‍ തിരിച്ചറിയുന്ന ആദ്യത്തെ ഛായാഗ്രാഹകന്‍. എടുക്കാത്തവ എടുത്തതിനെക്കാള്‍ ഉത്തമം ആകുമോ എന്ന് എനിക്കറിയില്ല. എന്നാലും ആ മുഖങ്ങളുടെ വേട്ടയാടല്‍ ഇന്നും എന്നെ പിന്തുടരുന്നു. ഈ കാഴ്ചകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിന്റെ ബലമാകാം ഇന്നും കൃത്രിമത്വം തീണ്ടാത്ത മുഖങ്ങളിലേക്ക് (അഭിനയിക്കാനറിയാവുന്ന ഒരേയൊരു ജീവിയാണല്ലോ മനുഷ്യന്‍) ക്യാമറ തിരിക്കുവാനും ആത്മാവിഷ്‌കാരം നടത്തുവാനും അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയാനും എനിക്ക് ബലമായത്.

തുടക്കത്തില്‍ പൂവ്, പൂമ്പാറ്റ, പക്ഷി, മൃഗങ്ങള്‍ ഇവയുടെ ഫോട്ടോകള്‍ എടുക്കുന്നതില്‍ ക്യാമറ ആദ്യമായി കൈയിലെത്തുന്നതുപോലെ താത്പ്പര്യം എനിക്കുമുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നവര്‍ ഒരിക്കലും മോശക്കാരുമല്ല. അങ്ങനെ അവസരം കിട്ടിയാല്‍ അത് ഞാന്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ അതിനുവേണ്ടി മാത്രം ഞാന്‍ സമയം ചിലവഴിക്കാറില്ല. എന്റെ വഴി അതല്ല. മനുഷ്യര്‍… മനുഷ്യരാണ് എന്റെ എക്കാലത്തെയും വിഷയം.

എന്നാല്‍ ചിന്തകളെ ആവിഷ്‌കരിക്കുക എഴുത്തിലോ, ചിത്രകലയിലോ പോലെ അത്ര എളുപ്പമല്ല നിശ്ചല ഛായാഗ്രഹണത്തില്‍. ചലച്ചിത്രത്തില്‍ ഒരുകൂട്ടം ഫ്രെയിമുകള്‍ ഉള്ളതിനാല്‍ അത് കുറച്ചുകൂടി എളുപ്പമാകുന്നു. ഇത് ഒറ്റ ചിത്രം മാത്രം. ഒരു ഫ്രെയിം. അതിലൂടെ ചിന്തകളെ ആവിഷ്‌കരിക്കണം. പത്ര ഫോട്ടോഗ്രാഫിയില്‍ ഒരു സംഭവത്തിന്റെ ഫോട്ടോയാണ് എടുക്കേണ്ടത്. അത് വാര്‍ത്തയ്ക്ക് മൂര്‍ച്ചകൂട്ടുന്നു. ചില വാര്‍ത്തകള്‍പോലും വായിക്കേണ്ട, ഫോട്ടോ കണ്ടാല്‍തന്നെ കാര്യം വ്യക്തമാകും. വാര്‍ത്തകള്‍ അതിന്റെ വിശദീകരണങ്ങള്‍ മാത്രമാണ് താനും.

എന്നാല്‍ ചിന്തകളെ ആവിഷ്‌കരിക്കാന്‍ ഒരാള്‍ മാധ്യമമായി നിശ്ചലഛായാഗ്രഹണത്തെ തിരഞ്ഞെടുക്കുമ്പോള്‍ അതൊരു വലിയ വെല്ലുവിളിതന്നെയാണ്. അത് കൈകള്‍ക്ക് വഴങ്ങാന്‍ കാലങ്ങളുടെ അനുഭവപരിചയവും, കഠിനാധ്വാനവും ആവശ്യമായി വരുന്നു. ഇതൊരു കഠിന പരീക്ഷണകാലഘട്ടം കൂടിയാണ്. പ്രത്യേകിച്ചും മനുഷ്യര്‍ അവന്റെ വിഷയമാകുമ്പോള്‍. അതിന് ഒരു നിശ്ചല ഛായാഗ്രാഹകന് ഒരു ഉറച്ച സാമൂഹ്യ കാഴ്ചപ്പാടും അവഗാഹവും ആവശ്യമാണ്. പ്രത്യേകിച്ചും ഒരു മനുഷ്യകുലത്തിന്റെയോ വര്‍ഗ്ഗങ്ങളുടെയോ ചിത്രം പകര്‍ത്തുമ്പോള്‍ അവരുടെ ചരിത്രവും സംസ്കാരവും എത്ര മാത്രം അറിയുന്നുവോ അത്രമാത്രം ആഴത്തില്‍ ആയിരിക്കും ആ ചിത്രങ്ങളും.

(പ്രമുഖ ഫോട്ടോഗ്രാഫറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍