UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമര കേരളത്തില്‍ കുറെ കുട്ടികള്‍ ഇടപെട്ടപ്പോള്‍; ഒരു ഓട്ടത്തിന്റെയും നേട്ടത്തിന്റെയും കഥ

Avatar

കെ.പി.എസ്. കല്ലേരി

ഒരു വര്‍ഷം മുന്‍പായിരുന്നു അത്. വ്യത്യസ്തമായൊരു സമരമുറയായിരുന്നു അവര്‍ നടത്തിയത്. അരനൂറ്റാണ്ടിലേറെക്കാലമായി അവഗണനയില്‍ കഴിയുന്ന കേരളത്തിലെ ഏക ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിനുവേണ്ടി കോഴിക്കോടു മുതല്‍ തിരുവനന്തപുരം വരെ ഓടുക. അതും ദിവസങ്ങളോളം. വിദ്യാഭ്യാസരംഗത്തെ നിരവധി ആവശ്യങ്ങള്‍ക്കായി ഇവിടുത്തെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന നിരവധിയായ സമരങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മാര്‍ച്ചും ഉപരോധവും ഹര്‍ത്താലും കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തല്ലിത്തകര്‍ക്കലുമടക്കം അനേകായിരം സമരങ്ങള്‍ക്ക് മുണ്ടശ്ശേരിമാഷുടെ വിദ്യാഭ്യാസകാലം മുതലിങ്ങോട്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ കോഴിക്കോട്ടെ ഫിസിക്കല്‍ എഡുക്കേഷന്‍ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയതുപോലൊരു സമരം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയണം. 

അവര്‍ ആരുടേയും വഴി തടഞ്ഞില്ല, എവിടേയും അക്രമം അഴിച്ചുവിട്ടില്ല, ഒരു വിദ്യാഭ്യാസ ഡയറക്ടറെപ്പോലും മുറിക്കുള്ളില്‍ പൂട്ടിയിട്ടില്ല. കരി ഓയില്‍ ഒഴിച്ചില്ല. എന്നിട്ടും അരനൂറ്റാണ്ടിലേറെക്കാലമായി നടക്കാതിരുന്ന കാര്യം ഒറ്റ ഓട്ടത്തിലൂടെ അവര്‍ നേടിയെടുത്തു. പുതിയ കോഴ്‌സും അധ്യാപക-അനധ്യാപക തസ്തികകളുമെല്ലാം അനുവദിച്ചുകൊടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഈ കുട്ടികളേയെല്ലാം സര്‍ക്കാര്‍വക ഫ്രീയായി ട്രെയിന്‍ ടിക്കറ്റ് നല്‍കി തിരുവനന്തപുരത്തുകൊണ്ടുപോയി സകലമാന മന്ത്രിമാരുടേയും എംഎല്‍എമാരുടേയുമെല്ലാം സാന്നിധ്യത്തില്‍ പൊന്നാടണയിച്ച് ആദരിക്കുക. പറ്റുമെങ്കില്‍ മുഖ്യമന്ത്രിക്കൊപ്പമിരുന്നൊരു ഉച്ചഭക്ഷണവുമാവാം. ഉമ്മന്‍ചാണ്ടി മുഖ്യന് വേണമെങ്കില്‍ അത് തന്റെ ജനകീയ മുഖ്യമന്ത്രി പരിവേഷത്തിന് മേമ്പൊടിയായി സ്വീകരിക്കുകുയും ചെയ്യാം. പക്ഷെ അവരുടെ നേട്ടം അവരുടെ പോരാട്ടത്തിന്റെ ഫലം മാത്രമാണെന്ന് ആരും മറന്നുപോകരുത്. അത് ഏതെങ്കിലും സര്‍ക്കാരിന്റേയോ ഉദ്യോഗസ്ഥരുടേയോ ഔദാര്യമായി കാണുകയോ വിലയിരുത്തുകയോ അരുത്. 

കേവലം ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിന് രണ്ട് കോഴ്‌സുകളും പത്ത് തസ്തികകളും അനുവദിക്കപ്പെട്ടത് ഇത്രവലിയ മഹാസംഭവമാക്കണോ എന്ന് ഇത് വായിക്കുന്ന ആരെങ്കിലും സംശയിച്ചേക്കാം. കാരണം സമരമെന്നാല്‍ തച്ചുടച്ചുള്ളതാണെന്നും അവകാശങ്ങളെന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് കാശുകൊടുത്ത് നേടിയെടുക്കേണ്ടതാണെന്നും ധരിച്ചുവെച്ചിരിക്കുന്ന സാമൂഹിക പാശ്ചാത്തലത്തില്‍ കുറച്ച് വിദ്യാര്‍ഥികള്‍ ആര്‍ക്കും ഉപദ്രവങ്ങളൊന്നുമുണ്ടാക്കാതെ നടത്തിയൊരു സമരത്തിലൂടെ അവരുടെ ഭാവിക്കപ്പുറത്ത് ഒരു കോളജിന്റെ നിര്‍ണായകമായ വളര്‍ച്ചയ്ക്കുള്ള ആവകാശങ്ങള്‍ നേടിയെടുത്തിട്ടുണ്ടെങ്കില്‍ അത് നാളെ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കായ വിദ്യാര്‍ഥികള്‍ക്കും അവരെ നയിക്കുന്ന സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെല്ലാം മാതൃകയാക്കാവുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഇങ്ങനെ ഒരു കുറിപ്പില്‍ തെറ്റേതും കാണാനില്ല.

കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് കേരളത്തിലെ ഏക ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 1957ലാണ് തുടക്കം. സംസ്ഥാനത്തെ ഏക ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജായിട്ടുകൂടി  ഇവിടെ ഇക്കാലമത്രയും ഉണ്ടായിരുന്നത് രണ്ടേ രണ്ട് കോഴ്‌സുകള്‍. ടിടിസിക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (സിപിഎഡ്) കോഴ്‌സും (140 കുട്ടികള്‍) ഡിഗ്രി കഴിഞ്ഞാല്‍ ചേരുന്ന ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സും (ബിപിഎഡ്-40 കുട്ടികള്‍). നാഴികയ്ക്ക് നാല്‍പതുവട്ടവും കേരളത്തിലെ കായിക രംഗത്തെ ഉദ്ധരിക്കുമെന്ന് പറഞ്ഞു നടക്കുന്ന സംസ്ഥാനത്തെ ഭരണകര്‍ത്താക്കളോ രാഷ്ട്രീയക്കാരോ ഇങ്ങനെ ഒരു കോളജിനെ കണ്ടെന്നുനടിച്ചതുപോലുമില്ല. കോഴിക്കോട്ടെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെടണമെങ്കില്‍ അവിടുത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊന്നും കോഴിക്കോട്ട് വോട്ടുമില്ല. പിന്നെങ്ങനെ കാര്യങ്ങള്‍ നേരേ ചൊവ്വേ നടക്കും. 

നിലവിലുള്ള രണ്ട് കോഴ്‌സുകളില്‍ ഒന്ന് കോളെജ് വരുമ്പോഴുള്ളത്. രണ്ടാമത്തേത് നിരന്തര മുറവിളികള്‍ക്കൊടുവില്‍ 2007ല്‍ അനുവദിച്ചത്. സംസ്ഥാനത്തെ നിരവധി സ്വകാര്യ കോളെജുകള്‍ക്ക് കോഴ്‌സുകള്‍ വാരിക്കോരി കൊടുക്കുമ്പോഴായിരുന്നു സര്‍ക്കാരിന്റെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളെജിന് മാത്രം ഈ ദുര്‍ഗതി. അതുകൊണ്ടാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി മീറ്റുകളില്‍ കഴിവ് തെളിയിച്ച് മെറിറ്റ് ലിസ്റ്റില്‍ കായിക അധ്യാപക രംഗത്തേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികള്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തയ്യാറായത്.

അര്‍ഹതപ്പെട്ട കോഴ്‌സുകള്‍ അനുവദിക്കുക, ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം വിദ്യാരംഭ ദിനത്തിലാണ് തിരുവനന്തപുരത്തേക്ക് ഓടിയത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെല്ലാം സമാന മനസ്‌കരായ വിദ്യാര്‍ഥികളും സാമൂഹിക സംഘടനകളും നല്‍കിയ സ്വീകരണങ്ങള്‍ ഇവരുടെ സമരത്തെ അവഗണിക്കാനാവാത്തവിധം വാര്‍ത്തകള്‍ക്ക് ഇടം നല്‍കി. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെത്തിയ അവര്‍ മുഖ്യമന്ത്രി വകുപ്പ് മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ് തുടങ്ങിവര്‍ക്കെല്ലാം നിവേദനങ്ങള്‍ സമര്‍പിച്ചു. എന്നിട്ടും തീരുമാനമാവാന്‍ ഒരു വര്‍ഷം കിടന്നു എങ്കില്‍ അതിനുകാരണം കുട്ടികള്‍ക്ക് പിന്നില്‍ അവരുടെ രക്ഷിതാക്കളും അധ്യാപകരുമല്ലാതെ മറ്റൊരു രാഷ്ട്രീയ സംഘടനകളും ഇല്ലായിരുന്നു എന്നതുതന്നെയാണ്. 

എങ്കിലും ഈ വര്‍ഷത്തെ വിദ്യാരംഭ ദിനത്തിന് മുന്‍പ് തന്നെ അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.  പ്ലസ്ടു കഴിഞ്ഞ ശേഷം ചേരാന്‍ കഴിയുന്ന നാലു വര്‍ഷത്തെ ബിപിഎഡ് ഇന്റഗ്രേറ്റഡ് കോഴ്‌സ്, ബിപിഎഡ് കഴിഞ്ഞാല്‍ ചേരാന്‍ കഴിയാവുന്ന പിജി കോഴ്‌സായ എംപിഎഡ് എന്നിവയാണ് ഇപ്പോള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളെജിന് അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഇവിടുണ്ടായിരുന്ന ബിപിഎഡ് കോഴ്‌സ് ഡിഗ്രി കഴിഞ്ഞ ശേഷം ചേരുന്ന ഒരു വര്‍ഷത്തെ കോഴ്‌സാണ്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ബിപിഎഡ് ഇന്റഗ്രേറ്റഡ് കോഴ്‌സ് പ്ലസ്ടുവിനുശേഷം ചേരാവുന്ന നാലു വര്‍ഷത്തെ കോഴ്‌സാണ്. ഈ രണ്ട് കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കും ചേരാവുന്നതാണ് പുതുതായി അനുവദിച്ച എംപിഎഡ്. കൂടാതെ എഴ് അസി.പ്രൊഫസര്‍മാരുടേയും ഒരു ക്ലര്‍ക്ക്, ഒരു ലൈബ്രേറിയന്‍, ഒരു മേട്രന്‍ തുടങ്ങി പത്ത് പോസ്റ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം അടുത്തമാസം ആദ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ചേര്‍ന്ന് നടത്താനാണ് ഇവരുടെ തീരുമാനം.

 

*Views are personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍