UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഭിന്നശേഷിക്കാര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്

തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിക്കാരായാലും ദേശീയഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും എഴുന്നേല്‍ക്കാന്‍ കഴിയുന്ന എല്ലാവരും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഭിന്നശേഷിക്കാര്‍ അവര്‍ക്ക് സാധ്യമായത് പോലെ ശരീര ചലനം നിയന്ത്രിച്ച് ദേശീയഗാനത്തോട് ആദരവ് പുലര്‍ത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശം. മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കാഴ്ചയ്ക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കണമെന്നാണ് വിശദീകരിക്കുന്നത്.

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ കേള്‍വിക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ സ്‌ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. പൂര്‍ണമായും ബുദ്ധിവൈകല്യമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നില്ല. അല്‍പ്പമെങ്കിലും ബുദ്ധിവികാസമുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എഴുന്നേറ്റ് നില്‍ക്കാന്‍ വേണ്ട പരിശീലനം നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മാനസിക പ്രശ്‌നമുള്ള പലര്‍ക്കും പുറമേക്ക് പ്രശ്‌നങ്ങള്‍ കാണാനുണ്ടായെന്ന് വരില്ല. അതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിയറ്റര്‍ അധികൃതര്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്നും സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കൈമാറിയ മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പില്‍ പറയുന്നു.

തിയറ്ററുകളിലും മറ്റും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവിമാര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 14ന് കേസില്‍ അടുത്ത വാദം കേള്‍ക്കുമ്പോള്‍ മാര്‍ഗനിര്‍ദേശം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍