UPDATES

യാത്ര

പിച്ചാവരം; കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു കൊച്ചുവള്ളത്തില്‍….

പ്രവീണ്‍ വട്ടപ്പറമ്പത്ത്  

നാഷണല്‍ ജ്യോഗ്രഫിയിലും ഡിസ്‌കവറി ചാനലിലുമൊക്കെ കണ്ട് പരിചയിച്ച ഒരു ദൃശ്യത്തിനെ ഒന്ന് പുനരാവിഷ്‌കരിക്കണമെന്ന് ഒരിക്കലെങ്കിലും മനസ്സില്‍ തോന്നാത്തവരുണ്ടാവുമോ? നിബിഡമായ വനാന്തരങ്ങള്‍ക്കുള്ളിലൂടെയൊഴുകുന്ന ഇടുങ്ങിയ ഒരു നദിയിലൂടെ ഒരു കൊച്ചുവള്ളത്തില്‍ യാത്രചെയ്യുക! അങ്ങനെയൊരു ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ഒന്ന് സന്ദര്‍ശിക്കേണ്ട സ്ഥലമാണു പിച്ചാവരം.

ചോളസാമ്രാജ്യത്തിന്റെ ഹൃദയഭൂമികയില്‍ തന്നെയാണു പിച്ചാവരത്തിന്റേയും സ്ഥാനം. ചിദംബരനാഥന്റെ നടയില്‍ നിന്നും പതിനാറുകിലോമീറ്റര്‍ മാത്രം ദൂരെയുള്ള മനോഹരമായ തീരത്തിനെത്തേടി എത്തുന്നവര്‍ പൊതുവേ കുറവാണ്. ചിദംബര ദര്‍ശനം കഴിഞ്ഞ് പിച്ചാവരം തേടി ഞങ്ങളിറങ്ങിയപ്പോള്‍ അധികം ബോര്‍ഡുകളൊന്നും വഴികാട്ടിയായി റോഡില്‍ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വഴി ചോദിക്കേണ്ടി വന്നു. പ്രധാന പാതയില്‍ നിന്നും പിച്ചാവരത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതോടെ മനോഹരമായ ഒരു തീരദേശഗ്രാമത്തിന്റെ ഭംഗി തെളിഞ്ഞ് തുടങ്ങി. കുറെ മുന്നോട്ട് പോയപ്പോള്‍ റോഡിനു കുറുകെ രണ്ടുപേര്‍ കയര്‍ കെട്ടി തടഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിര്‍ത്തിയപ്പോള്‍ ഒരു അമ്പത് രൂപയുടെ ടോള്‍ബില്ലും കൊണ്ട് ഒരാള്‍ വന്നു, പിച്ചാവരം കണ്ടല്‍പ്രദേശത്തേക്കുള്ള പ്രവേശനപാസ് ആണ്. ചുറ്റുപാടും കണ്ടല്‍ വനങ്ങളുടെ ദൃശ്യങ്ങള്‍ പ്രകടമായിത്തുടങ്ങിയതോടെ ഞങ്ങള്‍ ലക്ഷ്യത്തിലേക്കടുത്തു എന്നു മനസ്സിലായി.

തമിഴ്‌നാട് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണു പിച്ചാവരം കണ്ടല്‍ക്കാടുകളിലെ പ്രവേശനം നിയന്ത്രിക്കുന്നത്. അവിടെ പാര്‍ക്കിങ്ങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ടിക്കറ്റ് എടുക്കാന്‍ നടന്നു. അവിടെ തന്നെ നല്ലൊരു വാച്ച് ടവര്‍ ഉണ്ട്. ചെറിയ ഒരു ഫീസ് കൊടുത്താല്‍ പിച്ചാവരം കണ്ടല്‍ക്കാടുകളുടെ ഒരു വിഹഗവീക്ഷണം തരപ്പെടുത്താം. കണ്ടല്‍ക്കാടുകള്‍ നിരന്ന് കിടക്കുന്നത് കരയില്‍ നിന്ന് തന്നെ നമുക്ക് കാണാം.

ആയിരത്തി ഒരുനൂറോളം ഹെക്റ്ററില്‍ വ്യാപിച്ച് കിടക്കുന്ന ബൃഹത്തായ പ്രദേശമാണു പിച്ചാവരം കണ്ടല്‍വനങ്ങള്‍. ജൈവസമ്പത്താല്‍ സമൃദ്ധമായ ഇവിടെ, വളരെ വിരളമായ കണ്ടല്‍ വര്‍ഗങ്ങള്‍ വളരുന്നുണ്ട്. പക്ഷി നിരീക്ഷകരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗമാണു പിച്ചാവരം. 177 വര്‍ഗങ്ങളിലുള്ള പക്ഷികള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

പലനിരക്കിലുള്ള ടിക്കറ്റുകള്‍ ഉണ്ട്. പോകുന്ന ദൂരം, യാത്രചെയ്യുന്ന സമയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണു നിരക്കുകള്‍. നാനൂറു രൂപ മുതല്‍ ആയിരത്തിയഞ്ഞൂറ് രൂപവരെയുള്ള നിരക്കുകള്‍ ഉണ്ട്. തുഴഞ്ഞ് പോകുന്ന ഒരു വഞ്ചിയുടെ രണ്ട് മണിക്കൂര്‍ ടിക്കറ്റെടുത്ത് ഞങ്ങള്‍ മൂവരും വഞ്ചിയിലേക്ക് കയറി. എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ തന്നിരുന്നു. കലങ്ങിയ വെള്ളത്തിലൂടെ ചെറിയ ഓളങ്ങളുണ്ടാക്കി ഞങ്ങളുടെ ബോട്ട്, ഗോപാല്‍ ചേട്ടന്‍ തുഴഞ്ഞു തുടങ്ങി. അല്‍പ്പം നീങ്ങിയപ്പോഴാണു മനസ്സിലായത്, ഈ ജലാശയത്തിന്റെ ആഴം വെറും നാലടിയില്‍ താഴെ മാത്രമാണ്. അതിനാല്‍ അപകടസാധ്യതയില്ല, അതോടെ ജാക്കറ്റുകള്‍ ഊരിമാറ്റി, എല്ലാവരും സ്വസ്ഥമായി. തീരദേശത്തെ ഉപ്പുരസമുള്ള കാറ്റ് വലിയ ശക്തിയില്ലാതെ വീശുന്നത് യാത്രക്ക് പറയത്തക്ക ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയിരുന്നില്ല.

കണ്ടല്‍ വനങ്ങള്‍ക്കരികില്‍ കുറച്ച് പേര്‍ ചെമ്മീനുകളെ വലവീശിപ്പിടിക്കുന്നുണ്ടായിരുന്നു. ഇവിടത്തുകാരുടെ ഒരു പ്രധാന വരുമാനമാര്‍ഗമാണ് ഇത്. കണ്ടല്‍ വനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന ആവാസവ്യവസ്ഥ നമുക്ക് നല്‍കുന്നത് അളവറ്റ സസ്യജീവജാലങ്ങളുടെ സ്വാഭാവികമായ സംരക്ഷണമാണ്. വെള്ളത്തിലേക്ക് വീണും, ചേര്‍ന്നും വലിയ ബോണ്‍സായ് മരങ്ങളെപ്പോലെ വളര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍വനങ്ങളെ ചേര്‍ന്ന് കൊണ്ട് വഞ്ചി നീങ്ങിത്തുടങ്ങി. ചെറിയ കമ്പുകളും വേരുകളും ഞങ്ങളുടെ ദേഹത്ത് സ്പര്‍ശിക്കുന്നുണ്ടായിരുന്നു.

ഇരുന്നൂറുരൂപ തന്നാല്‍ നിങ്ങളെ കണ്ടല്‍ വനങ്ങള്‍ക്കുള്ളിലൂടെ, പാക്കേജില്‍ പറഞ്ഞട്ടില്ലാത്ത വഴികളിലൂടെ കൊണ്ട് പോവാമെന്ന് വഞ്ചിക്കാരന്‍ ഗോപാല്‍ ചേട്ടനൊരു ഓഫര്‍ തന്നു. ഞങ്ങള്‍ സമ്മതിച്ചു. യാത്ര അതിന്റെ ഏറ്റവും മനോഹരമായ ഭാഗത്തിലേക്ക് കടന്നു. കഷ്ടിച്ച് ഒരു വഞ്ചിക്ക് കടന്ന് പോകാന്‍ മാത്രം സാധിക്കുന്ന ചെറിയ ചാലുകള്‍, അപ്പുറവും ഇപ്പുറവും കായലിലേക്ക് പടര്‍ന്ന്, നീണ്ട് കിടക്കുന്ന കണ്ടല്‍ മരങ്ങള്‍. മുന്നോട്ട് പോവുന്തോറും പല കൊമ്പുകളും നമ്മളുടെ ശരീരത്തില്‍ തട്ടുന്നുണ്ടായിരുന്നു.

കണ്ടല്‍ വനങ്ങള്‍ക്കിടയില്‍ ചെറിയ തുരുത്തുകളുണ്ട്. അവിടെ വേണമെങ്കില്‍ നമുക്കിറങ്ങി വിശ്രമിക്കാം. മിക്കതുരുത്തുകളിലും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കിടപ്പുണ്ടായിരുന്നു. യാത്രകളും പ്രകൃതിഭംഗിയും ആസ്വദിക്കണമെങ്കില്‍ മദ്യത്തിന്റെ ലഹരിയില്ലാതെ സാധിക്കില്ല എന്ന തരത്തില്‍ പരിണാമം സംഭവിച്ച ഒരു സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കോടമഞ്ഞിറങ്ങുന്ന താഴ്‌വാരങ്ങളില്‍, സഹ്യന്റെ ഹൃദയത്തില്‍, പൂഞ്ചോലകളില്‍, പാറപ്പുറങ്ങളില്‍ അങ്ങനെ പ്രകൃതി നമുക്കായി ഒരുക്കി വച്ചിരിക്കുന്ന മനോഹാരിതയുടെ നെഞ്ചില്‍ മദ്യപിക്കാനുള്ള സങ്കേതം മാത്രം കണ്ടെത്താന്‍ കഴിയുന്നവനായി നാം മാറിക്കഴിഞ്ഞു.

പുറം ലോകവുമായി പ്രത്യക്ഷത്തില്‍ വലിയ ബന്ധമില്ലാതെ, നിബിഢമായ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ, വിവിധങ്ങളായ പക്ഷികളെ നിരീക്ഷിച്ചുകൊണ്ട് വളരെ സാവധാനം ഒരു കുഞ്ഞു വള്ളത്തില്‍ ഏതാനും മണിക്കൂര്‍; പിച്ചാവരം നമുക്ക് കാത്തുവയ്ക്കുന്നതിതാണ്. തുരുത്തുകളും, ചാഞ്ഞ് നില്‍ക്കുന്ന കണ്ടല്‍ മരങ്ങളും, പലതരത്തിലുള്ള പക്ഷികളും, ചെറിയ മണല്‍തിട്ടകളും ഒക്കെ നാഷണല്‍ ജ്യോഗ്രഫിയിലും മറ്റും കണ്ട് ശീലിച്ച ചില പ്രോഗ്രാമുകളെ അനുസ്മരിപ്പിക്കും.

കരയിലേക്ക് അടുത്തുകൊണ്ടിരുന്ന വഞ്ചിയില്‍ ഇരുന്ന് അകന്ന് പോയിക്കൊണ്ടിരുന്ന കണ്ടല്‍ വനങ്ങളെ നോക്കിയിരുന്നു. പ്രകൃതിയിലെ ക്ഷോഭങ്ങള്‍ക്ക് പ്രകൃതിയുടെ സംരക്ഷണകവചം. ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ഇത്തരം കണ്ടലുകള്‍ വികസനത്തിന്റെ പേരുപറഞ്ഞെത്ര നശിപ്പിച്ചു കാണും ! അല്ലെങ്കിലും വിരോധാഭാസങ്ങളാല്‍ സങ്കീര്‍ണമാണിന്ന് ലോകം . മണ്ണില്‍ ജീവിച്ച് മരിച്ചവന്റെ തലമുറകള്‍ക്ക് തലചായ്ക്കാനിടത്തിനുവേണ്ടി ഭരണാധികാരികളുടെ കാല്‍ച്ചുവട്ടില്‍ സമരപരമ്പരകള്‍ക്കിറങ്ങേണ്ടിവരുമ്പോള്‍, വിള കൊയ്തും കയ്യേറിയും വെട്ടിപ്പിടിച്ചും വളര്‍ന്നവന്റെ കാല്‍ക്കല്‍ സാഷ്ടാംഗപ്രണാമത്തിനായി ഭരണകൂടങ്ങള്‍ വരിയിലുമാണു.

മനോഹരമായ, വിരളമായ ഒരു അനുഭവം പകര്‍ന്ന് തന്ന പിച്ചാവരത്തിനോട് യാത്ര പറഞ്ഞ്, ഞങ്ങള്‍ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി …

(മലയാളം ബ്ലോഗര്‍‌.  കൊച്ചിയില്‍ ഐടി പ്രൊഫഷണല്‍‌ ആയി ജോലി ചെയ്യുന്നു. യാത്രികന്‍‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവീണ്‍ വട്ടപ്പറമ്പത്ത്

പ്രവീണ്‍ വട്ടപ്പറമ്പത്ത്

യാത്രികന്‍‌, ബ്ലോഗര്‍‌. ഐടി പ്രൊഫഷണല്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍