UPDATES

സിനിമ

പിക്കറ്റ് 43: മോഹന്‍ലാല്‍ ഈ സിനിമയുടെ ഐശ്വര്യം

Avatar

ഷഫീദ് ഷെറീഫ്

രാജ്യാതിര്‍ത്തികള്‍ക്കും, മതസാമുദായിക പ്രഹസനങ്ങള്‍ക്കുമപ്പുറത്തുള്ള മനുഷ്യസ്‌നേഹമാണ് ‘പിക്കറ്റ് 43’ യെന്ന് ലളിതമായി പറയാം.  കീര്‍ത്തിചക്ര മുതല്‍ കുരുക്ഷേത്രവരെയുളള തട്ടുപൊളിപ്പന്‍ പട്ടാള സിനിമകളില്‍ നിന്നു വഴിമാറി നടക്കാന്‍ ശ്രമിക്കുകയാണ് മേജര്‍ രവി ഈ ചിത്രത്തിലൂടെ. അത്യതികം ഗൗരവമുള്ള വിഷയത്തെ സമര്‍ത്ഥമായും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയും അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നു തന്നെ പറയാം. സിനിമ രണ്ടു വ്യക്തിയുടെ സൗഹൃദമാണെങ്കിലും അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആഭ്യന്തര പ്രശ്‌നങ്ങളടക്കം ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്.

മലയാള സിനിമക്ക് അത്ര സുപരിചിതമല്ലാത്ത വാഗ അതിര്‍ത്തിയുടെ ദൃശ്യാവതരണത്തിലാണ് ചിത്രം തുടങ്ങുന്നതെങ്കിലും കാശ്മീര്‍ തന്നെയാണ് കഥാഭൂമിക. ഇന്ത്യ-പാക് പട്ടാള കഥയും രണ്ടു പട്ടാളക്കാരുടെ ജീവിത കഥയും അധികം കല്ലുകടിയില്ലാതെ മിശ്രണം ചെയ്യാന്‍ സംവിധായകന്സാധിച്ചിട്ടുണ്ട്. മുന്‍ ചിത്രങ്ങളിലെപ്പോലെ വലിയ തോതിലുള്ള രാജ്യസ്‌നേഹാവതരണമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇടയ്ക്കിടക്ക് പ്രേക്ഷകന്റെ ദേശസ്നേഹവികാരത്തെ ഉണര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.

തീവ്രവാദി നുഴഞ്ഞുകയറ്റത്തിന് സാധ്യത കൂടുതലുളള പിക്കറ്റ് 43 എന്ന ഇന്ത്യന്‍ ബങ്കറില്‍ എത്തുന്ന ഹരീന്ദ്രനെന്ന പൃഥ്വിരാജ് കഥാപാത്രവും, തൊട്ടടുത്ത് പാക് ബങ്കറിലുള്ള മുഷറഫ് എന്ന ജാവേദ് ജാഫ്രി കഥാപാത്രവും തമ്മിലുള്ള തീവ്രമായ സൗഹൃദമാണ് ചിത്രം. ഇന്ത്യന്‍ അതിര്‍ത്തിലേയ്ക്ക് നുഴഞ്ഞുകയറുന്ന തീവ്രവാദികളെ ഹരീന്ദ്രനും മുഷറഫും ചേര്‍ന്ന് പ്രതിരോധിക്കുന്ന രംഗം യഥാര്‍ത്ഥത്തില്‍ ഇരുരാജ്യങ്ങളുടെയും ശത്രുക്കള്‍ തീവ്രവാദികളാണെന്ന രാഷ്ട്രീയമാണ് മേജര്‍ രവി മുന്നോട്ടുവയ്ക്കുന്നത്. മുഷറഫിന്റെ ഉപകഥയില്‍ പറയുന്ന പാകിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥയെ മലാലയുടെ അനുഭവങ്ങളുമായികൂട്ടിവായിക്കാവുന്നതാണ്. തീവ്രവാദി അക്രമണത്തിനുശേഷം പാക് ബങ്കറിലുള്ള മുഷറഫിന്റെ അവസ്ഥ അറിയാനുള്ള ഹരീന്ദ്രന്റെ നിസഹായതയും, വെടിയേറ്റു കിടക്കുന്ന മുഷറഫ് ഹരീന്ദ്രനെ സല്യൂട്ട് ചെയ്യുന്നത്, മേലുദ്യോഗസ്ഥനോടും പിക്കറ്റ് 43 യിലേക്ക് പോസ്റ്റിംഗ് ചോദിച്ചുവാങ്ങുന്നതും, തീവ്രവാദിയായ തന്റെ അനുജന്റെ ശവംപോലും കാണാന്‍ തയ്യാറാകാത്ത അമ്മയെപ്പറ്റി മുഷറഫ് പറയുന്നതുമായ രംഗങ്ങള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുക തന്നെ ചെയ്യും. മേജര്‍ രവി സിനിമകളിലെ പതിവു കാഴ്ചകളായ അവധിയ്ക്കു നാട്ടില്‍ എത്തുന്ന പട്ടാളക്കാരന്‍, നാട്ടിലെ സുഹൃത്തുക്കള്‍, ഗ്രാമജീവിതം തുടങ്ങി പലതും പിക്കറ്റ് 43 യിലും കാണാം. 

തീവ്രമായ വികാര പ്രകടനങ്ങളില്‍ പൃഥ്വിരാജും ലളിതമായ അഭിനയ ശൈലിയിലൂടെ ജാവേദ് ജാഫ്രിയും തങ്ങളുടെ പ്രകടനങ്ങള്‍ മികച്ചതാക്കി. രഞ്ജിപണിക്കര്‍ ആവുന്നത്ര കൈയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജോമോന്‍. ടി. ജോണ്‍ കാശ്മീരിന്റെ ദൃശ്യങ്ങളെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. റെക്‌സ് വിജയന്റെ പശ്ചാത്തലസംഗീതം സിനിമയെ സമ്പന്നമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മുന്‍കാല സിനിമകളില്‍ നിന്നു ലഭിച്ച തിരിച്ചടികള്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാണ് മേജര്‍ രവി ‘പിക്കറ്റ് 43’ യെ തീയേറ്ററിലെത്തിച്ചതെന്നു തീര്‍ച്ച. അധികം വലിച്ചു നീട്ടാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ അവതരിപ്പിച്ചതിനെ അഭിനന്ദിക്കേണ്ടതായിട്ടുണ്ട്. പണംമുടക്കി തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകന് ഒന്നേമുക്കാല്‍ മണിക്കൂര്‍ ആസ്വദിപ്പിക്കുന്ന, പ്രേക്ഷകന്റെ പോക്കറ്റടിക്കാത്ത സിനിമയാണ് പിക്കറ്റ് 43. 

വാല്‍ക്കഷ്ണം: സിനിമയുടെ തുടക്കവും ഒടുക്കവും സാക്ഷാല്‍ മോഹന്‍ലാലിന്റെ വിവരണമുള്‍പ്പെടുത്തിയതും, ബങ്കറിലെ ചുവരില്‍ രജനീകാന്തിനോടൊപ്പം മോഹന്‍ലാലിന്റെ ചിത്രം കാണിക്കുന്നതും മേജര്‍ രവിയെന്ന കടുത്ത മോഹന്‍ലാല്‍ ആരാധകനെയാണ് കാട്ടുന്നത്. ‘മോഹന്‍ലാല്‍ ഈ സിനിമയുടെ ഐശ്വര്യം’ എന്നു തുടക്കത്തില്‍ എഴുതിക്കാട്ടുന്നതായിരുന്നു ഇതിലും നല്ലത്.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍