UPDATES

വിദേശം

ഉമ്രാന്‍ ദഖ്‌നീശിന്റെ ചിത്രം വൈറലായി; പക്ഷേ, സിറിയയില്‍ യുദ്ധം അവസാനിക്കുന്നില്ല

Avatar

ഇഷാന്‍ തരൂര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

പൊടിപടലത്തില്‍ മുങ്ങി രക്തമൊലിക്കുന്ന മുഖവുമായി ഒരു സിറിയന്‍ ബാലന്‍ ആംബുലന്‍സിനുള്ളില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ചിത്രം ഇതിനകം ഏവരും കണ്ടിരിക്കും. ഞെട്ടിത്തരിച്ച് മൂകനായി ഇരിക്കുന്ന അവന്റെ മുഖം ഇപ്പോള്‍ അവന്റെ രാജ്യം അനുഭവിക്കുന്ന കെടുതികളുടേയും തകര്‍ച്ചയുടേയും നേര്‍ചിത്രമായി മാറിയിരിക്കുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ലോക നേതാക്കള്‍ പരാജയപ്പെട്ടെന്നതിനു അടയാളമായി ഈ ചിത്രത്തിലേക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ലോക നേതാക്കളുടെ കൂടി ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്തും പ്രചരിക്കുന്നു.

അലെപ്പോയിലെ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കപ്പെട്ട ഉമ്രാന്‍ ദഖ്‌നീശ് എന്ന ബാലന്‍ ജീവനോടെ ഇരിക്കുന്നു എന്നു മാത്രമാണ് ശുഭകരമായ വാര്‍ത്ത. അവന്റെ അച്ഛനമ്മമാരും സഹോദരങ്ങളും ജീവിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അവന്റെ നഗരത്തെ തരിപ്പണമാക്കിയ യുദ്ധവും സംഘര്‍ഷവും അടുത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ല എന്നത് അശുഭകരമായ വാര്‍ത്ത തന്നെ. ഹൃദയ ഭേദകമായ ഉമ്രാന്റെ ചിത്രത്തിനുമപ്പുറം അവനെ പോലെ ആംബുലന്‍സിന്റെ സീറ്റിലെങ്കിലും ഒന്നിരിക്കാനോ കാമറയിലൂടെ ലോകത്തെ തിരിച്ചൊന്നു നോക്കാനോ പോലും കഴിയാതെ നിരവധി കുഞ്ഞുങ്ങളുടെ കഥകളുമുണ്ട്.

മുമ്പും നമുക്കിങ്ങനെ ഒരു അനുഭവമുണ്ടായി. കഴിഞ്ഞ വര്‍ഷം എലന്‍ കുര്‍ദിയുടെ ചേതനയറ്റ ശരീരം ഒരു തുര്‍ക്കി ബീച്ചില്‍ ഉറങ്ങിക്കിടക്കുന്ന ചിത്രം, സിറിയിലെ അഭയാര്‍ത്ഥി പ്രതിസന്ധിയും ഭീകരതയും ദൈന്യതയും മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പുറംലോകത്തെ പ്രേരിപ്പിക്കുമെന്ന് നാം കരുതിയിരുന്നു. എന്നാല്‍ ലോകത്തൊട്ടാകെ ഖേദവും വിലാപവും ഉയര്‍ന്നു കേട്ടുവെന്നല്ലാതെ ഒന്നും സംഭവിച്ചില്ല.

കുര്‍ദി മുങ്ങി മരിച്ചതിനു ശേഷമുള്ള മാസങ്ങളില്‍ യൂറോപ്പിലൊട്ടാകെ തീവ്രവാദ ഭീതിയും സാമൂഹിക കൂടിക്കലരലിനോടുള്ള മുറുമുറുപ്പും കാരണം അഭയം തേടിയെത്തിയ സിറിയക്കാരോടുള്ള ശത്രുതാ മനോഭാവം കുടുതല്‍ വളരുകയാണ് ഉണ്ടായത്. തകര്‍ന്നു തരിപ്പണമായ കൊബാനെ എന്ന തന്റെ സ്വന്തം നഗരത്തിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്ന കുര്‍ദിയുടെ അച്ഛന്‍ ആ സമയത്തിന്റെ ഫലശൂന്യതയ്ക്ക് മികച്ച ദഷ്ടാന്തമായി മാറുകയാണുണ്ടായത്.

ദഖ്‌നീശിന്റെ അതിജീവനം നേരില്‍ പകര്‍ത്താന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിയായത് അലെപ്പോയിലെ ഇടതടവില്ലാത്ത ആക്രമണങ്ങള്‍ക്കും മരണങ്ങള്‍ക്കുമാണ്.

‘നിരവധി കുട്ടികളെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് രക്ഷിച്ചെടുക്കുന്നത് ഞാന്‍ കണ്ടെങ്കിലും ഈ കുട്ടി അവന്റെ നിശ്കളങ്കത കൊണ്ട് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നു പോലും അറിഞ്ഞിരുന്നില്ല. അവന്‍ കൈ കൊണ്ട് മുഖം തടവിയപ്പോള്‍ കയ്യില്‍ ചോരയാണ് കണ്ടത്. തനിക്കെന്താണ് സംഭവിച്ചതെന്നു പോലും അവന്‍ അറിഞ്ഞിരുന്നില്ല,’ ദഖ്‌നീശിന്റെ വൈറലായ വീഡിയോ ഷൂട്ട് ചെയ്ത മുസ്തഫ അല്‍ സറൂത് ഗാര്‍ഡിയനോട് പറയുന്നു.

‘ഓരോ ദിവസവും ബോംബാക്രമണങ്ങള്‍ക്കിരയാക്കപ്പെടുന്ന കുട്ടികളാണിത്. ഇതൊരു വേറിട്ട കാഴ്ചയല്ല. റഷ്യയുടേയും സിറയയുടേയും വ്യോമാക്രമണങ്ങളുടെ ഫലമാണിത്. ലോകം നോക്കി നില്‍ക്കെ അലെപ്പോയിലെ സാധാരണ ജനങ്ങള്‍ക്കു നേരെ അവര്‍ മാറി മാറി ബോംബാക്രമണം നടത്തുന്നു. സിറയന്‍ നഗരങ്ങളിലെ ദശലക്ഷക്കണക്കിന് കുട്ടികളുടെ ഒരു പ്രതീകമാണ് ഈ ബാലന്‍,’ സറൂത് പറയുന്നു.

അലെപ്പോയില്‍ വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ റഷ്യന്‍ വ്യോമസേനയുടെ പിന്‍ബലത്തില്‍ സിറിയന്‍ സര്‍ക്കാര്‍ നിര്‍ത്താതെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സേനയും വിമത വിഭാഗങ്ങളും കുര്‍ദിഷ് മിലീഷ്യകളും ഇസ്ലാമിക് സ്റ്റേറ്റും അടങ്ങുന്ന വൃന്ദങ്ങള്‍ ഈ നഗരത്തിലും സമീപ പ്രദേശങ്ങളിലും പോരടിച്ചു കൊണ്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളെയാണ് ഈ സിറിയന്‍ ആഭ്യന്തര യുദ്ധം കൊന്നുകളഞ്ഞത്. 2011-ല്‍ യുദ്ധം തുടങ്ങിയതു മുതല്‍ ഇതുവരെ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മനുഷ്യരാണ് കൊല്ലപ്പെട്ടത്.

ഔചിത്യ ബോധം കാരണം കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കുറച്ചു മാത്രമെ പ്രചരിപ്പിക്കപ്പെടുന്നുള്ളൂ. എന്നാല്‍ ഇത് മറച്ചുവക്കാന്‍ പാടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. അതുപോലെതന്നെ എല്ലാ സിറിയക്കാരേയും പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിറിയന്‍ സര്‍ക്കാരിന്റെ ക്രൂരതകളും. അസദ് ഭരണകൂടത്തിന്റെ ജയിലുകളില്‍ നടന്ന പീഡനങ്ങളുടെ കണക്കുകളടങ്ങുന്ന ഒരു റിപ്പോര്‍ട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പീഡനങ്ങളെ അതിജീവിച്ച നിരവധിപേരില്‍ നിന്നും തെളിവെടുത്ത് തയാറാക്കിയ ഈ റിപ്പോര്‍ട്ട് പറയുന്നത് 2011 മാര്‍ച്ചു മുതല്‍ ഏതാണ്ട് 17,723 പേര്‍ സിറിയന്‍ സര്‍ക്കാര്‍ കസ്റ്റഡിയില്‍ മരിച്ചുവെന്നാണ്. സര്‍ക്കാര്‍ അനുകൂല സേനയും എതിര്‍ സേനകളും യുദ്ധകുറ്റം ചെയ്തിട്ടുണ്ടെന്നാണ്. ഫെബ്രുവരിയിലെ യുഎന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് പറയുന്നത്. 

ഒരു കാലത്ത് സിറിയയുടെ വാണിജ്യ തലസ്ഥാന നഗരിയായിരുന്ന അലെപ്പോ ഇന്ന് രാജ്യത്തിന്റെ ദുരന്തപൂര്‍ണമായ തകര്‍ച്ചയുടേയും അതുപോലെ  ഒരിക്കലും ഒന്നിപ്പിക്കാന്‍ കഴിയാത്ത ഭിന്നതകളാല്‍ രൂപപ്പെടുന്ന ഭാവിയുടേയും ഒരു ചിത്രം അവതരിപ്പിക്കുന്നു. അസദ് ഭരണകൂടത്തെ അനുകൂലിക്കുന്നവരുടെ കയ്യിലുള്ള നഗരത്തിന്റെ പടിഞ്ഞാറ് ഭാഗം വിമത കേന്ദ്രങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. സാധാരണക്കാരായ സിറിയക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ യുദ്ധഭൂമിയില്‍ എന്നും ഭയചകിതരായാണ് കഴിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍